വീട്ടിലേക്കുള്ള വഴി












1. പണ്ട്‌ പോര്‍ച്ചുഗീസുകാരുടെ സ്ഥലമാണെന്നു പറഞ്ഞല്ലോ. ഇവിടെ ഏതു വേനലിലും വറ്റാത്ത ഒരു ജൂതക്കുളമുണ്ട്‌. മാടായിപ്പാറയുടെ അരികുകളില്‍ പറങ്കിമാവുകള്‍ നട്ടുപിടപ്പിച്ചത്‌ ഇവരാണ്‌. പാറയുടെ മുകളില്‍ തന്നെ ദീനസേവന സഭയുടെ അനാഥ മന്ദിരവുമുണ്ട്‌. പഴയങ്ങാടി ഭാഗത്തെ ചരിവിലാണ്‌ പ്രസിദ്ധമായ മാടായിപ്പള്ളി. 12ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണിത്‌. മാടായി കോളേജിന്റെ ഭാഗത്ത്‌ പഴയ വ്യാപാരശാലയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്‌.














2.വെറും വിവരണങ്ങള്‍ക്കപ്പുറത്ത്‌ പറങ്കിമാവിന്റെ ചോട്ടിലെ നട്ടുച്ചകള്‍ക്ക്‌ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കാമത്തിന്റെയും അവിഹിതത്തിന്റെയും ലഹരിയുടെയും കഥകള്‍ പറയാനുണ്ടാകും.











3. ഈ പാറയുടെ അപ്പുറത്തുകാണുന്നത്‌ ഏഴിമലയാണ്‌. ഏഴിമലയ്‌ക്ക്‌ ഉയരം കൂടുതലുണ്ട്‌. മാടായിപ്പാറ ചെറിയകുന്നാണ്‌. പഴയങ്ങാടിയുടെ അടുത്ത സ്ഥലം ചെറുകുന്ന്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.














4.കോലത്തുരാജാവായ ഉദവര്‍മന്റെ ആസ്ഥാനമായിരുന്നു ഇവിടെ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ യുദ്ധം നടന്ന സ്ഥലം പാളയം ഗ്രൗണ്ട്‌ എന്ന പേരില്‍ ഇവിടെയുണ്ട്‌. വാദിഹുദയുടെ മുന്നിലുള്ള ഗ്രൗണ്ടാണിത്‌. കോലത്തുരാജാവിന്റെ സദസ്യനായിരുന്നു ചെറുശ്ശേരി. കൃഷ്‌ണഗാഥ നമ്മുടെ വടക്കന്‍ മലയാളത്തിന്റെ ലാളിത്യം ഉള്‍ക്കൊള്ളുന്നത്‌ ഇതുകൊണ്ടാണ്‌. ഇന്ന്‌ എല്ലായിടത്തും രാമായണമാസം ആചരിക്കുന്നെങ്കിലും പയ്യന്നൂരിലും പരിസരത്തും കൃഷ്‌ണപ്പാട്ട്‌ വായനയുമുണ്ട്‌.









5.പരിസ്ഥിതി പരമായി അപൂര്‍വം സസ്യ ജന്തുജാലങ്ങളുള്ള സ്ഥലമാണ്‌ മാടായിപ്പാറ. 250 ഓളം ചിത്രശലഭങ്ങളെ ജന്തുശാസ്‌ത്രജ്ഞനും നാട്ടുകാരനുമായ ജാഫര്‍ പാലോട്ട്‌ ഇവിടെ കണ്ടെത്തിയിരുന്നു.

ദളിത്‌ വിഭാഗങ്ങള്‍ ഏറെയുള്ള സ്ഥലം കൂടിയാണ്‌ മാടായിയും പരിസരവും. പുലയരുടെ ദൈവമായ കാരിഗുരുക്കള്‍ പുലിവേഷം മറിഞ്ഞ്‌ ദൈവക്കരുവായ കഥ തുടങ്ങുന്നത്‌ മാടായിക്കാവിലാണ്‌.

6. പ്രകൃതിയുമായി ബന്ധപ്പെടുത്തിയതാണ്‌ മാടായിക്കാവിലെ ആരാധനാക്രമം. വേനലിന്റെ അവസാനത്തിലെ സംക്രമകാലത്ത്‌ ഇവിടെ കലശോത്സവമുണ്ട്‌. മാടായിക്കാവിലെ കലശത്തിന്‌ മഴ പെയ്യുമെന്നാണ്‌ ഞങ്ങളുടെ വിശ്വാസം. കര്‍ക്കടകത്തില്‍ ആധിയും വ്യാധിയുമകറ്റാന്‍ മാരിത്തെയ്യങ്ങളും ഇവിടെ കെട്ടിയാടാറുണ്ട്‌.







7.പാറയുടെ ഒരു ഭാഗത്ത്‌ ഖനനമുണ്ടായിരന്നു-ചൈനാക്‌ളേ. മാന്തി മാന്തി പാറതന്നെ ഇല്ലാതാകാന്‍ തുടങ്ങിയപ്പോഴാണ്‌ നാട്ടുകാര്‍ ഇടപെട്ട്‌ അത്‌ നിര്‍ത്തിയത്‌. ഇന്ന്‌ ഇതിന്റെ ഓരോ ഭാഗത്തും വ്യക്തികളുടെ മണ്ണുമാന്തലുണ്ട്‌.

Comments