ദേശീയപാതയിലെ കാസ്റ്റ് ത്രില്ലര്‍


നവദീപ് സിങ്ങിന്റെ 'എന്‍.എച്ച് 10' എന്ന ചിത്രത്തെ അങ്ങനെ വിളിക്കാം-കാസ്റ്റ് ത്രില്ലര്‍. വേഷം എന്നര്‍ഥത്തിലുള്ള cast അല്ല, ജാതി എന്ന caste തന്നെ. ബോളിവുഡില്‍ മാത്രമേ ഇങ്ങനെയൊരു ചലച്ചിത്ര ജനുസിനെ നിര്‍മിക്കാനാകൂ. മുന്നൂറും മുന്നൂറ്റമ്പതും രൂപ കൊടുത്ത് മള്‍ട്ടിപ്ലക്‌സുകളിലിരുന്ന് പിസയും ബര്‍ഗറും കൊക്ക കോളയും കഴിച്ച് സിനിമ കാണുന്ന ബോളിവുഡ് പ്രേക്ഷകരുടെ മുന്നിലേക്ക് ത്രില്ലറില്‍ പൊതിഞ്ഞ് ഇട്ടുകൊടുത്ത ഇന്ത്യന്‍ ജാതിയാഥാര്‍ഥ്യങ്ങളാണ് ഈ ചിത്രം. വെറുമൊരു ത്രില്ലര്‍ എന്ന രീതിയില്‍ കാണേണ്ടവര്‍ക്ക് അങ്ങനെയും കാണാം. പക്ഷേ രണ്ടാംവായനയില്‍ പൊങ്ങിവരുന്ന യാഥാര്‍ഥ്യങ്ങളെ തമസ്‌കരിക്കാന്‍ കാഴ്ചക്കാരനാകില്ല തന്നെ.

സെന്‍സര്‍ കോംപ്രമൈസുകള്‍ക്ക് വഴങ്ങാത്തതിന്റെ പേരിലാണ് 'എന്‍.എച്ച് 10' എന്ന സിനിമ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ദൃശ്യങ്ങളിലും സംഭാഷണങ്ങളിലുമായി 30 കട്ടുകളാണ് പുതിയ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചത്. പഹലാജ് നിഹലാനിയുടെ നേതൃത്വത്തിലുള്ള ബോര്‍ഡിനുള്ളില്‍ തന്നെ ചിത്രത്തിന്റെ സെന്‍സറിങ്ങിനെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടായി. ബോര്‍ഡിലെ മറ്റൊരംഗമായ ഡോ.ചന്ദ്രപ്രകാശ് ദ്വിവേദി മുറിച്ചുമാറ്റലിനെതിരെ വാര്‍ത്താവിതരണ മന്ത്രിക്ക് തുറന്ന കത്തെഴുതി. 'കുത്തി(പെണ്‍പട്ടി)' പോലുള്ള വാക്കുകള്‍ പ്രയോഗിക്കുന്നത് സ്ത്രീ ശാക്തീകരണത്തിന് വിഘാതമാകുമെന്നായിരുന്നു നിഹലാനിയുടെ കണ്ടെത്തല്‍. ഒരിടത്ത് പെണ്‍കുട്ടിയെ തേവിടിശ്ശി എന്നര്‍ഥത്തില്‍ രന്തി എന്നുവിളിക്കുന്നതും മ്യൂട്ട് ചെയ്തു. അവസാനം ഒമ്പത് കട്ടുകളും നല്ലൊരു എ സര്‍ട്ടിഫിക്കറ്റുമായാണ് സിനിമ പുറത്തിറങ്ങിയത്. എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാനൊന്നും ഇതിന്റെ പിന്നണിക്കാര്‍ നിന്നില്ല. എങ്കിലും സിനിമ റിലീസ് ചെയ്ത ആദ്യയാഴ്ച തന്നെ ചിത്രം 19 കോടി രൂപ  കലക്ട് ചെയ്തു. ബോക്‌സ് ഓഫീസില്‍ ഇത്രയും കളക്ട് ചെയ്യുന്ന നായികാ പ്രാധാന്യമുള്ള സിനിമകളില്‍ മുന്‍പന്തിയിലാണ് 'എന്‍.എച്ച്. 10.' 14 കോടി മുതല്‍മുടക്കിയ ചിത്രം ഇതിനകം മുപ്പതുകോടി രൂപയിലധികം കളക്ട് ചെയ്തുകഴിഞ്ഞു.


ഹിന്ദിസിനിമ മാറിയെന്നതിന്റെ ഉദാഹരണമാണ് 'എന്‍.എച്ച് 10' എന്ന പേര്. ഡല്‍ഹിയില്‍ നിന്ന് ഹരിയാണ വഴി പഞ്ചാബിലെ പാകിസ്താന്‍ അതിര്‍ത്തിയില്‍ അവസാനിക്കുന്ന പാതയാണ് എന്‍.എച്ച്. 10. ദേശീയപാത എന്ന പേരിനുതന്നെയുണ്ട് രാഷ്ട്രീയ സൂചനകള്‍. ദേശത്തെ എത്രത്തോളം പ്രതിനിധീകരിക്കുന്നുണ്ട് ഈ ദേശീയപാതകള്‍. ആണിനെയും പെണ്ണിനെയും ഒരേ രീതിയിലാണോ ഈ പാതകള്‍ സ്വീകരിക്കുന്നത്? അതിലൂടെയുള്ള രാത്രിയാത്രകള്‍ ഇരുകൂട്ടര്‍ക്കും പ്രാപ്യമാകുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ ബോളിവുഡ് ചോദിച്ചുതുടങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ, ഇംതിയാസ് അലിയുടെ 'ഹൈവേ' എന്ന ചിത്രവും പെണ്ണിന്റെ സ്വാതന്ത്ര്യത്തെയും യാത്രകളെയും കുറിച്ചുള്ളതായിരുന്നു. വിദേശരാജ്യങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിനോദയാത്രകള്‍ ബോളിവുഡ് ഉപേക്ഷിച്ചു തുടങ്ങിയെന്നതാണ് കൗതുകകരമായ കാര്യം. കേവലം സാമ്പത്തികമാന്ദ്യം എന്നുമാത്രം പറഞ്ഞ് അതിനെ തള്ളിക്കളയേണ്ടതില്ല. ദേശീയപാതകളിലൂടെ വന്‍നഗരങ്ങളുടെ ഓരങ്ങളിലേക്കും ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കും അവര്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നു. ദക്ഷിണേന്ത്യന്‍ യാത്രകളില്‍ നിന്ന് 'ചെന്നൈ എക്‌സ്പ്രസും' 'മദ്രാസ് കഫെ'യും പിറക്കുന്നു. വടക്കുകിഴക്കില്‍ നിന്ന് 'മേരികോമി'നെ കണ്ടെത്തുന്നു. 'ബദ്‌ലാപുരി'ലും 'ബസന്ത്പുര'യിലും അവര്‍ എത്തുന്നു. 'ഹൈവേ'യും യാത്ര ചെയ്തത് പഞ്ചാബിലും ഹിമാചലിലും കശ്മീരിലും ഉള്ള ഗ്രാമങ്ങളിലൂടെയാണ്. എന്‍.എച്ച് 10 എന്ന ചിത്രവും അങ്ങനെയൊരു യാത്രയാണ്. ഡല്‍ഹിയുടെ ഉപഗ്രഹ നഗരം എന്നറിയപ്പെടുന്ന ഗുഡ്ഗാവില്‍ നിന്ന് ഹരിയാണയിലെ ഗ്രാമജീവിതത്തിലേക്കൊരു യാത്ര. അതിനിടയില്‍ സംഭവിക്കുന്ന ഉദ്വേഗജനകമായ ചില സംഭവങ്ങളാണ് ചിത്രം.


സിനിമ നിങ്ങള്‍ക്ക് കാണുകയോ കാണാതിരിക്കുകയോ ആകാം. അതിലെ ഒരു സസ്‌പെന്‍സ് ഇവിടെ വെളിപ്പെടുത്തുന്നുണ്ട്-ഇത് ദുരഭിമാനക്കൊല(ഓണര്‍ കില്ലിങ്)യെക്കുറിച്ചുള്ള ചിത്രമാണ്. അങ്ങനെയൊന്നിനെ കുറിച്ച് അറിയാത്തവര്‍ക്ക് അല്‍പം വിശദാംശങ്ങളും ഇതില്‍ നിന്ന് കിട്ടും. ഇത് നാം ജീവിക്കുന്ന സമൂഹത്തിന്റെ വര്‍ത്തമാന യാഥാര്‍ഥ്യം തന്നെയാണ്. ഈ സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും മറ്റൊരു ജാതിക്കാരനെ പ്രണയിച്ചുപോയതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്നതാണ് ഞെട്ടലോടെ കേള്‍ക്കേണ്ട കാര്യം. ഒരുവര്‍ഷത്തിലധികമെടുത്താണ് 'എന്‍.എച്ച് 10' എന്ന സിനിമ പൂര്‍ത്തിയാക്കിയത്. അതോടൊപ്പം മറ്റൊന്നു കൂടി കേള്‍ക്കൂ. കുറച്ചുമാസം മുമ്പ്, 2014 നവംബറില്‍, രാജ്യത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവയിലൊന്നായ ഡല്‍ഹി സര്‍വകലാശാലയില്‍ ബി.എ സംസ്‌കൃതം വിദ്യാര്‍ഥിയായ രാജസ്ഥാന്‍കാരിയെ പിതാവ് ശ്വാസംമുട്ടിച്ചുകൊന്നു-മറ്റൊരു ജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍.


സിനിമയെക്കുറിച്ച് സംവിധായകന്‍ നവദീപ് സിങ് പറയുന്നത് കേള്‍ക്കൂ-'പലതരം യാഥാര്‍ഥ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. നഗരങ്ങളിലെ യാഥാര്‍ഥ്യമല്ല, ഗ്രാമങ്ങളിലേക്ക്. നിര്‍ഭാഗ്യവശാല്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ സന്ദര്‍ഭത്തിലാണ് അവ കണ്ടുമുട്ടുന്നത്'. അതെ, ഗ്രാമത്തിന്റെയും നഗരത്തിന്റെയും ജീവിതങ്ങള്‍ കണ്ടുമുട്ടുന്നതാണ് ഈ ചിത്രം. ഗുഡ്ഗാവ് എന്ന മില്ലേനിയം സിറ്റിയില്‍ ജോലി ചെയ്യുന്നവരാണ് മീര(അനുഷ്‌ക ശര്‍മ)യും അര്‍ജുനും(നീല്‍ ഭൂപാളം). ചിത്രത്തിലെ ഇന്‍സ്‌പെക്ടര്‍ പറയുന്നതുപോലെ 'ഈ നഗരം വളര്‍ന്നുകൊണ്ടിരിക്കുന്ന ആണ്‍കുട്ടിയാണ്.' അതിന് ചില കൃസൃതികളൊക്കെയുണ്ടാകും. നഗര ജീവിതത്തിന്റെ വ്യാകുലതകള്‍ വേറെയാണ്. ഏതുനിമിഷവും ആക്രമിക്കപ്പെടാമെന്നൊരു അരക്ഷിത ബോധത്തിലാണ് അവര്‍ ജീവിക്കുന്നത്. മീരയും അതില്‍ നിന്ന് വ്യത്യസ്തയല്ല. ഹാന്‍ഡ് ബാഗില്‍ തോക്കുകൊണ്ടു നടക്കുകയും സമയബോധമില്ലാത്ത ജോലിക്കൊടുവില്‍ നിശാപാര്‍ട്ടികളിലേക്ക് എടുത്തെറിപ്പെടുകയും ചെയ്യുന്ന കോര്‍പറേറ്റ് പ്രൊഫഷണല്‍ ക്ലാസിന്റെ പ്രതിനിധി. നൈറ്റ് പാര്‍ട്ടികളിലെ ആനന്ദങ്ങള്‍ക്കിടയില്‍ കയറിവരുന്ന ബോസിന്റെ ഔചിത്യമില്ലാത്ത കോളുകളും സഹപ്രവര്‍ത്തകരുടെ അസൂയ മറച്ചുപിടിച്ച അഭിനന്ദനങ്ങളും എല്ലാം അതിലുണ്ട്.


അതിലൊരു വാരാന്ത്യത്തില്‍ വന്‍നഗരത്തിന്റെ വിങ്ങലുകളില്‍ നിന്നും ചൊരുക്കുകളില്‍ നിന്നും രക്ഷപ്പെട്ട് അവരൊരു യാത്ര പുറപ്പെടുകയാണ്-ഹരിയാണയിലെ ബസന്ത്പുര എന്ന സ്ഥലത്തെ ലക്ഷുറി റിസോര്‍ട്ടിലേക്ക്. ബോസിന്റെ വിളിക്കിടെ നഷ്ടപ്പെട്ടുപോയ ഒരു ജന്മദിനാഘോഷ പാര്‍ട്ടിയുടെ പരിഹാരയാത്ര കൂടിയായിരുന്നു ഇത്. ആ യാത്രയ്ക്കിടെ അവരൊരു ധാബയില്‍ ഭക്ഷണം കഴിക്കാനായി നിര്‍ത്തുന്നു. അതിനിടയിലാണ് അവരൊരു കാഴ്ച കാണുന്നത്. ഗ്രാമീണനായ ഒരു ചെറുപ്പക്കാരനെ നാലഞ്ചുപേരടങ്ങുന്ന സംഘം മര്‍ദിക്കുന്നു. ചെറുപ്പക്കാരനൊപ്പം ഒരു പെണ്‍കുട്ടിയുമുണ്ട്. ഇരുവരെയും അവര്‍ ബലമായി കാറില്‍ പിടിച്ചുകൊണ്ടുപോകുന്നു. ഒരു റിയാലിറ്റി ഷോ കാണുന്നതുപോലത്തെ നിസംഗതയോടെ, ചെറുപ്പക്കാരനെ നിലത്തിട്ട് ചവിട്ടുന്നത് നിരവധി പേര്‍ കണ്ടുനില്‍ക്കുന്നുണ്ട്. നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഗ്രാമങ്ങളില്‍ ജീവിക്കുന്നവരോട് തോന്നുന്ന അധീശമനോഭാവം കൊണ്ടാവാം, അര്‍ജുന്‍ അക്രമികളിലൊരാളെ പിടിച്ചുവെക്കുന്നു. മുഖമടച്ച് അടിയാണ് തിരിച്ചുകിട്ടിയത്. അക്രമികള്‍ പെണ്‍കുട്ടിയെയും ചെറുപ്പക്കാരനെയും കൊണ്ടുപോകുകുയും ചെയ്തു.


കഥാപാത്ര രൂപവത്കരണത്തിലെയും സന്ദര്‍ഭ സൃഷ്ടിയിലെയും അതിസൂക്ഷ്മതയാണ് ചിത്രത്തിന്റെ എടുത്തുപറയേണ്ട സവിശേഷത. അടിയേറ്റ അര്‍ജുന് ഒരുമാനക്ഷയം തോന്നി. അത് മറികടക്കാന്‍ മീരയോട് സംസാരിക്കാന്‍ നില്‍ക്കാതെ അയാളുടെ എസ്.യു.വി അതിവേഗത്തില്‍ ഓടിക്കാന്‍ ശ്രമിക്കുകയാണ്. മറ്റുവാഹനങ്ങളെ വേഗം കൊണ്ട് മറികടന്ന് അയാള്‍ തന്റെ മാനക്ഷയത്തെ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ ഓടിച്ചുപോകുമ്പോഴതാ അക്രമികളുടെ നീല എസ്.യു.വി മറ്റൊരു റോഡിലൂടെ കടന്നുപോകുന്നു. മുമ്പുണ്ടായ ഇഛാഭംഗം ബാക്കി നില്‍ക്കുന്നതിനാലാകണം, അര്‍ജുന്‍ ആ വാഹനത്തിനു പിന്നാലെ വിട്ടു. അവരെ വിട്ടുകൂടാ. ഒരിടത്ത് വണ്ടി നിര്‍ത്തി തോക്കുമെടുത്ത് അയാളിറങ്ങി. പക്ഷേ ഇത് സീന്‍ വേറെയാണെന്ന് പെട്ടെന്ന് അയാള്‍ക്ക് മനസിലായി.

തോക്കിനും സിഗരറ്റിനും ഇടയിലെ സിനിമയാണിത്. ഇവ രണ്ടും നന്നായി ചിത്രത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മീര നന്നായി സിഗററ്റു വലിക്കുന്നയാളാണ്. അര്‍ജുന്‍ അവള്‍ക്ക് കൊടുക്കുന്ന ജന്‍മദിന സമ്മാനം ഒരു നല്ല ബ്രാന്‍ഡ് സിഗററ്റാണ്. സിഗററ്റ് ആലോചനയാണെങ്കില്‍ തോക്ക് ഒരു തീരുമാനമാണ്. രണ്ടുപേരുടെയും സ്വഭാവങ്ങള്‍ വെളിവാക്കാന്‍ ഈ രണ്ടു വസ്തുക്കള്‍ സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ചിത്രത്തിലെ വൈകാരികത അനുഷ്‌കയുടെ സിഗററ്റുവലിയിലൂടെയാണ് പലപ്പോഴും വെളിവാകുന്നത്. അതേസമയം വളരെ പെട്ടെന്ന് യുക്തിപൂര്‍വം തീരമാനമെടുക്കുന്ന കഥാപാത്രമാണ് മീരയുടേത്. നഗരത്തില്‍ രാത്രി തന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുന്ന നിമിഷം സ്തംഭിച്ചുപോകുന്ന മീര തൊട്ടടുത്ത നിമിഷം വാഹനം വേഗത്തില്‍ ഇരപ്പിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അവരുടെ മനസ്സാന്നിധ്യം അങ്ങനെയാണ്. അതേസമയം തോക്കെടുത്ത് അപകടത്തിലേക്ക് തുനിഞ്ഞിറങ്ങുന്ന അര്‍ജുനെ പിന്തിരിപ്പിക്കാന്‍ അവള്‍ വിവേകപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെറിയ ചെറിയ സംഭവങ്ങളിലൂടെ കഥാപാത്രത്തിന്റെ വ്യക്തിസവിശേഷതകള്‍ വെളിവാകുന്നുണ്ട്.


ഒറ്റ രാത്രിയിലാണ് സിനിമയുടെ കഥ നടക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകനെ കുറിച്ച് സിനിമ കാണുമ്പോള്‍ ഓര്‍ക്കാനിടയില്ല. ആനന്ദ് കണ്ണബിരാന്‍ ആണ് ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ മൂഡിനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് കണ്ണബിരാന്‍ ഒരുക്കിയത്. ഒരു ആക്ഷന്‍ ഹീറോയിന്‍ സിനിമ കൂടിയാണിത്. വിവേകമതിയായ യുവതിയില്‍ നിന്ന് വേട്ടക്കാരില്‍ നിന്ന് രക്ഷപ്പെടുന്ന സാഹസികതയിലേക്കും പ്രതികാര ദാഹിയായ ഭാര്യയിലേക്കും പരിവര്‍ത്തനം ചെയ്യുന്ന കഥാപാത്രം മനോഹരമാക്കാന്‍ നിര്‍മാതാക്കളിലൊരാള്‍ കൂടിയായ നായിക അനുഷ്‌കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തിരക്കഥ വായിച്ചയുടന്‍ ഈ ചിത്രം ഞാന്‍ നിര്‍മിക്കാം എന്നു വാഗ്ദാനം ചെയ്യുകയായിരുന്നു അനുഷ്‌ക. നായികയുടെ തമിഴ് പശ്ചാത്തലം വെളിവാക്കാനാണോ എന്നറിയില്ല ഒരു തമിഴ് പ്രണയവാചകത്തിലൂടെയാണ് ടൈറ്റിലിനുശേഷം ചിത്രം തുടങ്ങുന്നത്. അനുഷ്‌കയുടെ ബാംഗ്ലൂര്‍ പശ്ചാത്തലത്തിന്റെ ഇടപെടലുമാകാം. ചിത്രം യാഥാര്‍ഥ്യത്തിലെത്തിക്കുന്നതിന് പിന്നില്‍ അവരുടെ നല്ല പിന്തുണയുണ്ട്. സിനിമയുടെ സബ്സ്റ്റന്‍സില്‍ ഉറച്ചുനില്‍ക്കാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്നാണ് അനുഷ്‌ക ഇതെക്കുറിച്ച് പറഞ്ഞത്. എ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാവര്‍ക്കും കാണാനുള്ള സിനിമയല്ല ഇത്. ചില സിനിമകള്‍ ചിലര്‍ക്കുവേണ്ടിയുള്ളതാണ്-അതാണ് അവരുടെ നിലപാട്. മേരികോമിലൂടെ ശ്രദ്ധേയനായ ദര്‍ശന്‍ കുമാര്‍ ആണ് വില്ലന്‍സംഘത്തിന്റെ നായകനായ സത്ബീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നസറുദ്ദീന്‍ ഷായുടെ ശിഷ്യന്‍ എന്ന മേല്‍വിലാസത്തിന് അദ്ദേഹം കോട്ടംവരുത്തിയിട്ടില്ല. രവി ജങ്കാല്‍, സിദ്ദാര്‍ഥ് ഭരദ്വാജ്, ദീപ്തി നാവല്‍, താന്യ പുരോഹിത്, തുഷാര്‍ ഗ്രോവര്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.


ലോസ് ആഞ്ചലസിലെ സിനിമാ ബിരുദത്തിന്റെ പിന്‍ബലത്തിനപ്പുറം പ്രതിഭയും പ്രതിബദ്ധതയും മേളിക്കുന്ന സംവിധായകനാണ് താനെന്ന് നവദീപ് ഈ സിനിമയിലൂടെ ഉറപ്പിക്കുന്നുണ്ട്. 2007-ല്‍ ഇറങ്ങിയ 'മനോരമ സിക്‌സ് ഫീറ്റ് അണ്ടര്‍' ആയിരുന്നു അദ്ദേഹത്തിന്റെ  കന്നിച്ചിത്രം. പോളിഷ് സംവിധായകന്‍ റോമന്‍ പൊളാന്‍സ്‌കിയുടെ ചൈനടൗണ്‍ എന്ന ചിത്രത്തോട് കടപ്പാടുള്ള സിനിമയായിരുന്നു ഇത്. അഭയ് ഡിയോള്‍, റൈമ സെന്‍, ഗുല്‍ പനാഗ് എന്നിവര്‍ വേഷമിട്ട ചിത്രം ബോക്‌സ് ഓഫീസില്‍ ക്ലിക്ക് ആയില്ലെങ്കിലും ബോളിവുഡിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച ത്രില്ലറുകളിലൊന്നാണ് 'മനോരമ സിക്‌സ് ഫീറ്റ് അണ്ടര്‍'.

Comments

Viju V V said…
നവദീപ് സിങ്ങിന്റെ 'എന്‍.എച്ച് 10' എന്ന ചിത്രത്തെ അങ്ങനെ വിളിക്കാം-കാസ്റ്റ് ത്രില്ലര്‍. വേഷം എന്നര്‍ഥത്തിലുള്ള cast അല്ല, ജാതി എന്ന caste തന്നെ. ബോളിവുഡില്‍ മാത്രമേ ഇങ്ങനെയൊരു ചലച്ചിത്ര ജനുസിനെ നിര്‍മിക്കാനാകൂ. മുന്നൂറും മുന്നൂറ്റമ്പതും രൂപ കൊടുത്ത് മള്‍ട്ടിപ്ലക്‌സുകളിലിരുന്ന് പിസയും ബര്‍ഗറും കൊക്ക കോളയും കഴിച്ച് സിനിമ കാണുന്ന ബോളിവുഡ് പ്രേക്ഷകരുടെ മുന്നിലേക്ക് ത്രില്ലറില്‍ പൊതിഞ്ഞ് ഇട്ടുകൊടുത്ത ഇന്ത്യന്‍ ജാതിയാഥാര്‍ഥ്യങ്ങളാണ് ഈ ചിത്രം. വെറുമൊരു ത്രില്ലര്‍ എന്ന രീതിയില്‍ കാണേണ്ടവര്‍ക്ക് അങ്ങനെയും കാണാം. പക്ഷേ രണ്ടാംവായനയില്‍ പൊങ്ങിവരുന്ന യാഥാര്‍ഥ്യങ്ങളെ തമസ്‌കരിക്കാന്‍ കാഴ്ചക്കാരനാകില്ല തന്നെ.
സിനിമ കണ്ട പ്രതീതി ...



പിന്നെന്താ അടുത്ത പോസ്റ്റൊന്നും ഇല്ലാഞ്ഞേ???
IAHIA said…
" Werner said Liverpool was not wrong..>> But Chelsea was more suited to myself."