അറിയൂ, ഋതുഭംഗികള്‍

ഋതുക്കള്‍ ഭൂമിയെ പ്രണയിക്കുന്നതെങ്ങനെയെന്ന്‌ കണ്ടിട്ടുണ്ടോ? എങ്കില്‍ ഇവിടെ വരൂ, കാണുക. മണ്ണില്‍ വസന്തവും വര്‍ഷവും വേനലും തീര്‍ക്കുന്ന ഭാവവിസ്‌മയങ്ങള്‍. ഇടവപ്പാതിയില്‍ പുതുമുളകളാല്‍ പച്ചപ്പട്ടിട്ട്‌ കുളിര്‍ത്തുനില്‍ക്കും. മഴയുടെ പ്രണയവും പരിഭവവും ഇവിടെ നിന്നറിയാം. കര്‍ക്കടകവും ചിങ്ങവുമെത്തിയാല്‍ നെല്ലിപ്പൂക്കള്‍ മെയ്യിലണിഞ്ഞ നീലാംബരി. ഹേമന്തമെത്തിയാല്‍ കാറ്റില്‍ പുല്‍ത്തിരകളിളകുന്ന സ്വര്‍ണക്കടല്‍. വേനലില്‍ ഉടലാകെ തീപിടിച്ചെരിയുന്ന സര്‍പ്പസുന്ദരി. ഓരോ കാലത്തും എത്തുന്നവര്‍ക്ക്‌ മാടായിപ്പാറയൊരുക്കുന്ന വൈവിധ്യത്തിന്റെ ഭാവപ്പകര്‍ച്ചകള്‍.

അത്‌ കണ്ണിന്‌ ഇമ്പമുള്ള വിരുന്ന്‌. ഇനി ഇതു കൂടി കാണുക. ധാതുസമ്പുഷ്ടമായ പാറയുടെ ഒരരികിലൂടെ കാര്‍ന്നുതിന്നുന്ന ഒരു പുണ്ണ്‌. മണ്ണുമുഴുവന്‍ കുഴിച്ചെടുത്തിട്ട്‌ അന്യനാട്ടിലെ അങ്ങാടിയില്‍ കൊണ്ടുവിറ്റ്‌ ലാഭം എന്നു പറഞ്ഞ്‌ കണക്കെഴുതുന്ന വികസന പ്രിയന്മാരുടെ സമ്മാനം. മാടായിപ്പാറയിലെ ഉണങ്ങാത്ത മുറിവ്‌. ചൈനാക്‌ളേ കമ്പനിയുടെ ഖനനം മൂലം കുടിവെള്ളവും സൈ്വരജീവിതവും നഷ്ടപ്പെട്ടവരുടെ കണ്ണീര്‌ ചോരയായ്‌ കിനിയുന്നുണ്ട്‌ ഈ ചുവന്ന മുറിവില്‍. ഇനി വികസനം എന്ന വാക്കുകേള്‍ക്കുമ്പോള്‍ അവരെന്താണാവോ വിചാരിക്കുക?

`കോട്ടക്കുന്നാ'ക്കരുത്‌ പ്ലീസ്‌
മണ്ണില്‍ ഓര്‍മകള്‍ വീണുകിടക്കുന്നുണ്ട്‌ എന്നു പറഞ്ഞാല്‍ അത്‌ ഏറ്റവും അര്‍ഥവത്താകുന്ന സ്ഥലമാണ്‌ മാടായിപ്പാറ. ചവിട്ടിനില്‍ക്കുന്ന ഓരോ സ്ഥലത്തിനും ഓരോ ചരിത്രമുണ്ട്‌. ടിപ്പുവിന്റെയും കോലത്തുരാജാവിന്റെയും സൈന്യങ്ങള്‍ ഏറ്റുമുട്ടിയത്‌ ഇപ്പോള്‍ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്ന പാളയം ഗ്രൗണ്ടിലാണ്‌. കോട്ടകള്‍ ഒരുപാടുണ്ട്‌ ഇവിടെ. അതിലൊന്നാണ്‌ പുരാവസ്‌തുവകുപ്പ്‌ പുനരുദ്ധരിക്കാന്‍ ശ്രമിച്ച്‌ പാതിയില്‍ ഉപേക്ഷിച്ചുപോയ തെക്കിനാക്കീല്‍ കോട്ട. എവിടെ നിന്നോ പഴയകെട്ടിടം പൊളിച്ചപ്പോള്‍ കിട്ടിയ കല്ലുപയോഗിച്ച്‌ `പൗരാണികത്വ'ത്തോടെ ഈ കോട്ട കെട്ടി ചിലര്‍ ലക്ഷങ്ങള്‍ വാങ്ങിപ്പോയത്‌ അടുത്തിടെയാണ്‌. കോലത്തിരി രാജാവിന്റെ പടനായകനായ മുരിക്കഞ്ചേരി കേളുവിന്റെ കോട്ടയുമുണ്ടായിരുന്നു പാറയുടെ പടിഞ്ഞാറുഭാഗത്ത്‌. മുമ്പ്‌ ഇവിടെവെച്ചായിരുന്നു കര്‍ക്കടകത്തെയ്യങ്ങള്‍ പുറപ്പെട്ടിരുന്നതെന്ന്‌ പ്രദേശവാസികള്‍ ഓര്‍ക്കുന്നു. ഈ കോട്ട ചൈനാക്‌ളേ കമ്പനി തുരന്നെടുത്തു കുഴിച്ചിട്ടുപോലും. ഇനി വിനോദസഞ്ചാരവും വികസനവുമൊക്കെ ആസൂത്രണം ചെയ്യുമ്പോള്‍ ഉള്ള കോട്ടകള്‍ കൂടി തകരുമോ? ഇടിച്ചുനിരപ്പാക്കി സൗന്ദര്യവത്‌കരണമെന്ന പേരില്‍ പുല്ലും വെച്ചുപിടിപ്പിച്ച്‌ `കോട്ടക്കുന്ന്‌' എന്ന്‌ പേരിട്ടേക്കുമോ?


സംരക്ഷിക്കണം ജീവജലം
വേനലിലും നിറഞ്ഞുനില്‍ക്കുന്ന കുളങ്ങളേറെയുണ്ട്‌ മാടായിപ്പാറയില്‍. വടുകുന്ദ തടാകവും ജൂതക്കുളവും ആണ്‌ അതില്‍ പ്രധാനം. മാടായിക്കാവിനടുത്തും ലക്ഷം വീട്‌ കോളനിക്കടുത്തും ഓരോ കുളങ്ങളുണ്ട്‌. പുരാതനവും ചരിത്രപ്രാധാന്യമുള്ളതുമായ വടുകുന്ദ തടാകത്തിന്റെ നിലനില്‍പുതന്നെ ഖനനം മൂലം അപകടത്തിലാണെന്ന്‌ സൂചനകളുണ്ട്‌. കമ്പനിക്കുള്ളില്‍ കുറച്ചുകാലം മുമ്പ്‌ ഉണ്ടായ ഉറവ തടാകത്തില്‍ നിന്ന്‌ പുറപ്പെടുന്നതാണെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പൂരോത്സവത്തിന്‌ മാടായിക്കാവിലമ്മയുടെ നീരാട്ട്‌ ഈ തടാകത്തിലാണ്‌.
മഴപെയ്യുന്ന വെള്ളം അരികിലേക്ക്‌ കിനിഞ്ഞിറങ്ങുന്നതുകൊണ്ടാണ്‌ മാടായിപ്പാറയുടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ കാര്യമായ വരള്‍ച്ചയില്ലാത്തത്‌. കിണറുകള്‍ നിറഞ്ഞുനില്‍ക്കുന്നത്‌. പ്രദേശത്തെ കാര്‍ഷിക ജീവിതത്തെ നിയന്ത്രിക്കുന്നതും ഈ കുന്നുകളാണ്‌. എന്നാല്‍ ഖനനത്തിന്റെ സമീപ പ്രദേശങ്ങളിലെ കാര്യം വ്യത്യസ്‌തമാണ്‌. മിക്കവാറും കിണറുകളിലെ വെള്ളത്തിന്‌ മഞ്ഞനിറമാണ്‌. കുടിക്കാന്‍ കൊള്ളില്ല. ഇവിടെ വെള്ളം ഒലിച്ചുവരുമ്പോള്‍ കുന്നും ഇടിയും. രണ്ടുവര്‍ഷം മുമ്പ്‌ ഇവിടെയുണ്ടായ മണ്ണിടിച്ചലില്‍ നിരവധി വീടുകള്‍ക്കു കേടുപറ്റിയിരുന്നു. കമ്പനി ഇപ്പോള്‍ ഖനനം നടത്തുന്ന ഭാഗത്ത്‌ വീടുകള്‍ അപകടഭീഷണിയിലാണ്‌. എത്ര സമരങ്ങളും പ്രതിഷേധങ്ങളും ഇതിന്റെ പേരില്‍ നടന്നു. വികസന പദ്ധതികള്‍ ഏറ്റവും ആദ്യം പരിഗണിക്കേണ്ടത്‌ ഇവരെയാണ്‌. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും അവരുടെ അടിസ്ഥാന ആവശ്യങ്ങളും പരിഗണിക്കപ്പെടുന്ന രീതിയിലുള്ള വികസനപദ്ധതികള്‍ വേണം ഇവിടെ നടപ്പാക്കാന്‍.

ലൊക്കേഷന്‍ മാടായിപ്പാറ
ഇപ്പോള്‍ സിനിമാ-ടി.വി. നിര്‍മാതാക്കളുടെ ഇഷ്ടസങ്കേതമാണ്‌ മാടായിപ്പാറ. അലൈപായുതെ, തിലകം, പഴശ്ശിരാജ, വര്‍ഗം, ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌, മലര്‍വാടി ആര്‍ട്‌സ്‌ ക്ലബ്‌, പ്രിയപ്പെട്ട നാട്ടുകാരേ തുടങ്ങിയ സിനിമകളുടെ ഭാഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്‌. പ്രകൃതിഭംഗി തന്നെയാണ്‌ ചലച്ചിത്രപ്രവര്‍ത്തകരെ ഇവിടേക്ക്‌ ആകര്‍ഷിക്കുന്നത്‌. ആ ഭംഗി കൃത്രിമത്വത്തിലേക്ക്‌ മാറാതെ സൂക്ഷിക്കുകയാണ്‌ വേണ്ടത്‌.

കേളുനായനാരുടെ വാളും പോയി

മാടായിപ്പാറയിലെ ഖനനത്തിനിടെ നഷ്ടപ്പെട്ടവയില്‍ കോലത്തിരി രാജാവിന്റെ മന്ത്രിയായിരുന്ന മുരിക്കഞ്ചേരി കേളുവിന്റേതെന്നു കരുതുന്ന വാളും. ചരിത്രപുസ്‌തകങ്ങളില്‍ മാടായിക്കോട്ടയുടെ അധിപനായി വിശേഷിപ്പിക്കുന്ന കേളുവിന്റെ കോട്ടയും ഇതില്‍ തകര്‍ന്നിരുന്നുവെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. അടുത്തിടെ ഇറങ്ങിയ `ഉറുമി' എന്ന പൃഥ്വിരാജ്‌ ചിത്രത്തിലെ നായകകഥാപാത്രമായ `കേളുനായനാര്‍' മുരിക്കഞ്ചേരി കേളുവാണ്‌.
വടുകുന്ദ ശിവക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി മണ്‍തിട്ടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ അടുത്തകാലം വരെയുണ്ടായിരുന്നതുവെന്ന്‌ സ്ഥലവാസിയായ ഡി.ഗോവിന്ദന്‍ മാസ്‌റ്റര്‍ പറയുന്നു. ഈ ഭാഗത്ത്‌ ഗോപുരം പോലെ വളരെ ഉയര്‍ന്നാണ്‌ മണ്ണുണ്ടായത്‌. വാള്‍ കൂടാതെ ആയുധങ്ങളും ഇതിനുള്ളിലുണ്ടായിരുന്നു. ഇതുപോലെ മാടായിപ്പാറയുടെ കിഴക്കുഭാഗത്തും കോട്ടയുടെ അവശിഷ്ടങ്ങളുണ്ടായിരുന്നു. തെക്കിനാക്കില്‍ കോട്ട എന്നറിയപ്പെടുന്ന ഈ കോട്ട കഴിഞ്ഞവര്‍ഷമാണ്‌ പുരാവസ്‌തുവകുപ്പ്‌ പുനര്‍നിര്‍മിച്ചത്‌. എന്നാല്‍ ചൈനാക്‌ളേ കമ്പനിയുടെ ഖനനത്തിനിടെ മുരിക്കഞ്ചേരി കേളുവിന്റെ കോട്ട ഇടിഞ്ഞുപൊളിഞ്ഞു വീണു. ഇരുപതുവര്‍ഷത്തിനിടയിലാണ്‌ ഇത്‌ സംഭവിച്ചതെന്ന്‌ ഗോവിന്ദന്‍ മാസ്‌റ്റര്‍ പറയുന്നു.
ഇവിടെയുണ്ടായിരുന്ന കോട്ടയിലെ വാള്‍ എടുത്ത്‌ ചെറുപ്പത്തില്‍ താനടക്കമുള്ള കുട്ടികള്‍ കളിച്ചിരുന്നുവെന്ന്‌ മാടായി ഗ്രാമപഞ്ചായത്തംഗമായ മടപ്പള്ളി പ്രദീപന്‍ പറയുന്നു. അന്ന്‌ മുരിക്കഞ്ചേരി കേളുവിന്റെ വാള്‍ എന്നാണ്‌ മുതിര്‍ന്നവര്‍ അതിനെ വിശേഷിപ്പിച്ചിരുന്നത്‌. ഖനനത്തിനിടെ പൊളിഞ്ഞുപോയ കോട്ടയിലെ വാള്‍ മാത്രം കമ്പനിയിലെ ഒരു തൊഴിലാളി ഭദ്രമായി എടുത്തുവെച്ചതായി ഒരിക്കല്‍ തന്നോട്‌ പറഞ്ഞുവെന്നും പ്രദീപന്‍ വെളിപ്പെടുത്തുന്നു. തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന്‌ പേടിച്ച്‌ കമ്പനിയിലെ ജീവനക്കാരന്‍ ഇക്കാര്യം പുറത്തുപറഞ്ഞില്ല. പ്രതിഷേധം ഭയന്നും ഖനനത്തിന്‌ വിഘാതമാകുമെന്നും കരുതി കമ്പനി അധികൃതരും ഇക്കാര്യം മറച്ചുവെച്ചു. ഈ ഭാഗത്ത്‌ വേറെയും ചരിത്രസ്‌മാരകങ്ങളുണ്ട്‌. പഴയകാലത്ത്‌ ആനകളെ സ്വീകരിച്ചിരുന്ന സ്ഥലമായ ആനക്കല്ല്‌ ഇപ്പോള്‍ ഖനനത്തിന്റെ ഭീഷണിയിലാണ്‌. രണ്ടുപാറവീണുണ്ടായ ഗുഹയുമുണ്ട്‌ ഇവിടെ.
പാരമ്പര്യമായി കോലത്തിരി രാജാവിന്റെ മന്ത്രിസ്ഥാനം വഹിച്ചിരുന്നവരാണ്‌ മുരിക്കഞ്ചേരി കുടുംബക്കാര്‍. പല നാടന്‍ പാട്ടുകളിലും മുരിക്കഞ്ചേരി കുടുംബത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

ഒടുവില്‍ കിട്ടിയത്‌: തൊഴിലാളി കമ്പനിയിലെടുത്തുവെച്ച വാള്‍ ഏറെക്കാലത്തെ വെയിലും മഴയുമേറ്റ്‌ തുരുമ്പുപിടിച്ച്‌ നശിച്ചു.

Comments

Viju V V said…
മാടായിപ്പാറയിലെ ഖനനത്തിനിടെ നഷ്ടപ്പെട്ടവയില്‍ കോലത്തിരി രാജാവിന്റെ മന്ത്രിയായിരുന്ന മുരിക്കഞ്ചേരി കേളുവിന്റേതെന്നു കരുതുന്ന വാളും. ചരിത്രപുസ്‌തകങ്ങളില്‍ മാടായിക്കോട്ടയുടെ അധിപനായി വിശേഷിപ്പിക്കുന്ന കേളുവിന്റെ കോട്ടയും ഇതില്‍ തകര്‍ന്നിരുന്നുവെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. അടുത്തിടെ ഇറങ്ങിയ `ഉറുമി' എന്ന പൃഥ്വിരാജ്‌ ചിത്രത്തിലെ നായകകഥാപാത്രമായ `കേളുനായനാര്‍' മുരിക്കഞ്ചേരി കേളുവാണ്‌.
വടുകുന്ദ ശിവക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി മണ്‍തിട്ടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ അടുത്തകാലം വരെയുണ്ടായിരുന്നതുവെന്ന്‌ സ്ഥലവാസിയായ ഡി.ഗോവിന്ദന്‍ മാസ്‌റ്റര്‍ പറയുന്നു.
Viju V V said…
ഇതു കൂടി വായിക്കൂ...
http://shivam-thanimalayalam.blogspot.com/2010/08/blog-post_4957.html#comment-form
keraladasanunni said…
കഷ്ടം. ചരിത്രം ഉറങ്ങുന്ന ഭൂമിയും വിറ്റ് കാശാക്കുന്നു. ഏവരുടേയും കണ്ണ് തുറപ്പിക്കുന്ന ലേഖനം.
Viju V V said…
എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ ആദ്യം ചെയ്യേണ്ടത്‌ ഓര്‍മകളുടെ അടയാളങ്ങള്‍ കുഴിച്ചുമൂടുക എന്നതാണ്‌