പത്രപ്രവര്‍ത്തകന്റെ പ്രതിസന്ധി



(നീരജ് മഹാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍ ദി ഹൂട്ട് എന്ന വെബ്‌സൈറ്റില്‍ എഴുതിയ കുറിപ്പിന്റെ ഏകദേശ പരിഭാഷയാണിത്. 
അദ്ദേഹം ജിഫയല്‍സ് എന്ന വൈബ്മാസിക നടത്തുന്നുണ്ട്.)

എല്ലാ പത്രങ്ങളും നടത്തുന്നത് ലാഭമുണ്ടാക്കാനാണ്. ഫുള്‍ സ്റ്റോപ്പ്. ആദരിക്കപ്പെടാന്‍ വേണ്ടി ഞാന്‍ ഒന്നും നടത്തുന്നില്ല. അങ്ങനെ ചെയ്യുന്ന നിമിഷം, എന്നെ പുറത്താക്കി ആരെങ്കിലും എന്റെ സ്ഥാനത്തേക്ക് കടന്നുവരും എന്നാണ് ഞാന്‍ കരുതുന്നത്-റൂപര്‍ട്ട് മര്‍ഡോക്ക് ജീവചരിത്രകാരനായ വില്യം ഷാ ക്രോസിനോട് പറഞ്ഞത്.

ഇത് നമ്മളോട് ഒരു ചോദ്യം ഉന്നയിക്കുകയാണ്: എന്താണ് പത്രത്തിന്റെ പ്രാഥമികമായ ലക്ഷ്യം, അറിയിക്കലോ, പണമുണ്ടാക്കലോ?

ഇന്ന് പല സ്ഥാപനങ്ങളുടെയും വാര്‍ത്താ പ്രക്രിയയുടെ പ്രാഥമികമായ ലക്ഷ്യം പണമുണ്ടാക്കലോ മറ്റെന്തെങ്കിലും തിരിച്ചുകിട്ടലോ ആണ്. അതൊരു 'പണംവാങ്ങി വാര്‍ത്ത'യാകാം, പരസ്യമാകാം, എം.പിയുടെ നാമനിര്‍ദേശമാകാം, അല്ലെങ്കില്‍ അനുകൂലമായ മറ്റെന്തിലുമാകാം. വാര്‍ത്താവ്യവഹാരം ലാഭകരമാക്കുന്നതിന്റെ ഭാഗമായി വാര്‍ത്ത തന്നെ പച്ചയായും വിവേചനമില്ലാതെയും കൈമാറ്റം ചെയ്യാനോ കച്ചവടം ചെയ്യാനോ ഉള്ള ചരക്കായി മാറിയിട്ടുണ്ട്. ഒപ്പം വാര്‍ത്തയുടെ മൂല്യങ്ങള്‍ക്കും സദാചാരത്തിനും അതിന്റെ വൈകാരികതയ്ക്കും എല്ലാം മാറ്റം വന്നു.

ജനങ്ങള്‍ എന്തുപറയും എന്നെല്ലാമുള്ള കാര്യങ്ങള്‍ മറന്നേക്കൂ..പത്രങ്ങളുടെ പ്രാഥമികവും മുന്‍ഗണന നല്‍കേണ്ടതുമായ ലക്ഷ്യം അതിജീവനമാണ്. ഓര്‍മിക്കേണ്ട കാര്യം എന്താണെന്നുവെച്ചാല്‍ മരിച്ച മനുഷ്യര്‍ ഒരു കഥപറയില്ലെന്നതുപോലെ നിലനില്‍ക്കാത്ത ഒരു പത്രം എങ്ങനെ വാര്‍ത്ത കൊടുക്കും എന്നതാണ്-പേരു വെളിപ്പെടുത്താനാകാത്ത ഒരു പത്ര പ്രസാധകന്റെ അഭിപ്രായമാണിത്.

ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും മേയര്‍ സ്ഥാനത്തേക്കും തിരിഞ്ഞെടുപ്പു നടന്ന സമയത്ത് അധികം പരസ്യങ്ങളൊന്നുമില്ലാത്ത ചെറുപത്രങ്ങള്‍ പോലും ആയിരക്കണക്കിന് എക്ട്രാ കോപ്പികള്‍ അടിച്ചത് ഒരുദാഹരണമാണ്. ഈ സമയത്താണ് മത്സരാര്‍ഥിക്ക് പബ്ലിസിറ്റി കിട്ടേണ്ട സമയം എന്നതിനാല്‍ ചില പത്രങ്ങള്‍ 'പണംവാങ്ങി വാര്‍ത്ത' എന്ന സംവിധാനം സ്ഥാപനവത്കരിക്കപ്പെട്ട രീതിയില്‍ തന്നെ നടത്തി, സ്ഥാനാര്‍ഥികളില്‍ നിന്ന് കോളം സെന്റീമീറ്റര്‍ നിരക്കില്‍ പണം വാങ്ങി. ദിവസവും വന്‍തുക കൊടുക്കാന്‍ പറ്റാത്തവര്‍ പോലും ഒരു ചെറിയ പടമോ വാര്‍ത്തയോ പത്രങ്ങളില്‍ ഉറപ്പാക്കി, ദിവസം ആയിരം കോപ്പിയെങ്കിലും വാങ്ങിക്കൊള്ളാം എന്ന ധാരണയില്‍. തീര്‍ച്ചയായും ഇത് പത്രപ്രവര്‍ത്തനമല്ല.

വാര്‍ത്തയ്ക്ക് വിശുദ്ധിയുണ്ടായിരുന്ന ഭൂതകാലത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ല. മറ്റു പല തൊഴിലുകളിലും ഉള്ളതിനേക്കാള്‍ വേതനം കുറവായിരുന്നു. മൂല്യങ്ങളോടും സദാചാരത്തോടും വിട്ടുവീഴ്ച ചെയ്യാതെ പത്രപ്രവര്‍ത്തനം നടത്തുകയും ജീവിക്കാന്‍ വേണ്ടി അധിക ജോലികള്‍ ചെയ്യുകയും ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ ഇപ്പോഴുമുണ്ട്. വാര്‍ത്ത എന്നതിന് ഒരു പരിവേഷമുണ്ടായിരുന്നു. പത്രങ്ങള്‍ മറ്റു ബിസിനസുകള്‍ പോലെയായിരുന്നില്ല. പത്രപ്രവര്‍ത്തനത്തിന് ഒരു പരിവര്‍ത്തന ദൗത്യമുണ്ടായിരുന്നു.

എണ്‍പതുകളുടെ മധ്യം വരെ കാര്യങ്ങള്‍ ഇന്നത്തേതിനേക്കാള്‍ ഏറെ ഭേദമായിരുന്നു. ഖദര്‍ജുബയും കോലാപ്പൂരി ചെരിപ്പുമിട്ടുനടക്കുന്ന ചിത്രമായിരുന്നു അക്കാലത്ത് ജേണലിസ്റ്റുകള്‍ക്കുണ്ടായിരുന്നത്. ആദര്‍ശവാദമായിരുന്നു കൂടുതലും. മൂല്യങ്ങള്‍ക്ക് ഇടിവുണ്ടായിരുന്നെങ്കിലും വളരെ ചുരുക്കം പേരെ മാത്രമേ അത് ബാധിച്ചിരുന്നുള്ളൂ. ഭൂരിപക്ഷംപേരും സമൂഹത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു.

ഇക്കാലമത്രയും റിപ്പോര്‍ട്ടര്‍മാര്‍ക്കും പ്രസാധകര്‍ക്കും പത്രാധിപര്‍ക്കും പ്രത്യേകം വ്യക്തിത്വമുണ്ടായിരുന്നു. പത്രമുടമ അയാളുടെ ബിസിനസ് വര്‍ധിപ്പിക്കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. ജേണലിസ്റ്റുകള്‍ക്ക് പത്രാധിപരുമായിട്ടായിരുന്നു ബന്ധം. എല്ലാവര്‍ക്കും അറിയാവുന്ന ഒരലിഖിത നിയമമുണ്ടായിരുന്നു: പത്രമുടമയെയും പത്രത്തിനെയും ഒഴിവാക്കി എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് ചെയ്യാം. രാഷ്ട്രീയക്കാര്‍ക്കും ഗുണ്ടകള്‍ക്കും എതിരെ എഴുതാനും വിലക്കുണ്ടായിരുന്നില്ല.

പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. ഒന്നുകില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ പ്രസിദ്ധീകരണമോ വാര്‍ത്താ ചാനലോ വാങ്ങും. അല്ലെങ്കില്‍ പത്രാധിപരോ പത്രമുടമയോ രാഷ്ട്രീയത്തിലിറങ്ങും. രാഷ്ട്രീയക്കാര്‍ പത്രമുടമയോ എഡിറ്ററോ ആയാല്‍ പത്രപ്രവര്‍ത്തകന്‍ ആകെ ആശയക്കുഴപ്പത്തിലാകും. ആരാണ് ശത്രു ആരാണ് മിത്രം എന്നൊക്കെ തിരിച്ചറിഞ്ഞേ തീരു..ഇതിനിടയിലെ അതിര്‍വരമ്പുകള്‍ മാഞ്ഞുതുടങ്ങി. ഒരുകാര്യം ഉറപ്പാണ്. പാലുതരുന്ന കൈയില്‍ കടിക്കാനാവില്ല. പറ്റുമോ?

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് പുതിയൊരു പ്രവണത കണ്ടത്. ഇന്ത്യന്‍ പോസ്റ്റ്, ദി ഇന്‍ഡിപ്പെന്‍ഡന്റ് തുടങ്ങിയ പുതിയ പത്രങ്ങള്‍ തുടങ്ങുകയും പഴയ സണ്‍ഡേ ഒബ്‌സര്‍വര്‍, സണ്‍ഡേ മെയില്‍ എന്നിവ പൂട്ടുകയും ചെയ്തു. സണ്‍ഡേ ഒബ്‌സര്‍വറിന്റെ അശ്വിന്‍ ഭായി ഷായും സണ്‍ഡേ മെയിലിന്റെ പ്രമോദ് കപൂറും എല്ലാം പരമ്പരാഗത പത്രപ്രവര്‍ത്തനത്തില്‍ വിജയകരമായി ചെയ്‌തെങ്കിലും വിപണിയില്‍ പരാജയമായിരുന്നു. ഇക്കാലത്താണ് പത്രകൈമാറ്റങ്ങള്‍ അധികവും നടന്നത്. പുതിയ മാനേജ്‌മെന്റിനും ഉടമകള്‍ക്കും പത്രം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളായിരുന്നു. അതോടെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി.

പത്രപ്രവര്‍ത്തന വ്യവസായത്തില്‍ കാര്യങ്ങള്‍ മാറുമ്പോള്‍തന്നെ പുറത്തും ഒരുപാടുമാറ്റങ്ങളുണ്ടായി. ജനങ്ങള്‍ക്കിടയിലിറങ്ങാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും അങ്ങനെയൊരു സങ്കല്പവും എല്ലാ പാര്‍ട്ടികളിലും ഉണ്ടായി എന്നത് അതിലൊരു ഉദാഹരണമായി പറയാവുന്നതാണ്. ജനപിന്തുണയ്ക്കപ്പുറം ഉപജാപങ്ങളുടെയും വിലപേശലുകളുടെയും ഉത്പന്നമാണ് ഇത്തരം രാഷ്ട്രീയക്കാര്‍. തങ്ങളുടെ പരിപാടികള്‍ക്ക് പ്രചാരണം ലഭിക്കാനും തിരഞ്ഞെടുപ്പില്‍ വിജയിക്കാനും ജനപിന്തുണനേടിയെടുക്കാനും അവര്‍ക്ക് ബഹുജന മാധ്യമങ്ങള്‍ ആവശ്യമായി വന്നു. രാഷ്ട്രീയം മാധ്യമ പരിപാലനത്തിന്റെ (മീഡിയ മാനേജ്‌മെന്റ്) ഒരനുബന്ധം മാത്രമായി. ഇതോടെ രാഷ്ട്രീയക്കാരന്റെ പ്രസ്താവനകളും പത്രക്കുറിപ്പുകളും കടന്നുപോകാനുള്ള ഒരു ഉപാധി മാത്രമായി പത്രപ്രവര്‍ത്തകര്‍ മാറി. അതോടെ രാഷ്ട്രീയപാര്‍ട്ടികളെയും രാഷ്ട്രീയക്കാരെയും ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഉപകരണമായി പത്രപ്രവര്‍ത്തനം. ഇത് രാഷ്ട്രീയക്കാരും ബിസിനസുകാരും മാധ്യമ ഉടമസ്ഥരായി മാറുന്ന പ്രവണത ഉറപ്പിച്ചു. ഇതോടെ പത്രപ്രവര്‍ത്തനത്തില്‍ ചില പ്രവണതകളുണ്ടായി.

1.ജേണലിസ്റ്റുകള്‍ കടലാസുപുലികളായി

എന്തുകൊണ്ടാണ് പത്രപ്രവര്‍ത്തകരെ കടലാസുപുലികള്‍ എന്നുവിളിക്കുന്നതെന്ന് അത്ഭുതപ്പെടുന്നുണ്ടോ? ഓഫീസിനുപുറത്ത് ലോകത്തിനു മുന്നില്‍ അവര്‍ പുലികളെപ്പോലെ അലറും, എന്തും ചെയ്യാന്‍ കഴിവുണ്ടെന്ന് അവകാശപ്പെടും. പക്ഷേ ഓഫീസിലേക്ക് മടങ്ങിയെത്തിയാല്‍ അവര്‍ ഒരുപദ്രവവും ഇല്ലാത്ത പൂച്ചകളാകും. അവര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശമ്പളം തരുന്ന മേധാവി പറയുന്നത് ചെയ്താല്‍ മതി.

2.പത്രപ്രവര്‍ത്തകര്‍ ഉത്പാദനക്ഷമതയില്ലാത്ത ബാധ്യതയായി

മുമ്പ് നന്നായി വാര്‍ത്തയെഴുതുന്നയാളായിരുന്നു നല്ല ജേണലിസ്റ്റ്. അയാള്‍ സ്ഥാപനത്തിന് അഭിമാനമായിരുന്നു. എന്നാല്‍ ഇന്ന് ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ എന്തുനേട്ടമുണ്ടായി എന്നതുമാത്രമാണ് ആളുകളെ അളക്കാനുള്ള മാനദണ്ഡം. അതുകൊണ്ട് നല്ല സ്റ്റോറികള്‍ കൊടുക്കുന്ന ഒരു ജേണലിസ്റ്റിന് യാതൊരു അസ്തിത്വവും ഉണ്ടാകില്ല. അയാളുടെ നേട്ടങ്ങള്‍ക്ക് സാമ്പത്തികമാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു മൂല്യവും ഇല്ല എന്നതിനാല്‍. അതേ സമയം, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവുകള്‍, സര്‍ക്കുലേഷന്‍ എക്‌സിക്യൂട്ടിവുകള്‍ തുടങ്ങി കമ്പനിയുടെ ബിസിനസ് വര്‍ധിപ്പിക്കുന്ന വിഭാഗങ്ങള്‍ക്ക് നല്ല പരിചരണം ലഭിക്കും. ഭാഷാപത്രങ്ങളില്‍ ഇത് പരിതാപകരമായ അവസ്ഥയിലാണ്. ജേണലിസ്റ്റുകള്‍ ഗ്ലോറിഫൈഡ് പി.ആര്‍.ഒ.മാരുടെയോ മാനേജ്‌മെന്റിന്റെ ഉദ്യോഗസ്ഥ പ്രതിനിധിയുടെയോ അവസ്ഥയിലേക്ക് മാറുകയാണ്.

3.എഡിറ്റര്‍ ഗ്ലോറിഫൈഡ് മാനേജറായി

പത്രാധിപര്‍മാര്‍ക്ക് പത്രങ്ങളുടെ ഉള്ളടക്കത്തില്‍ നിയന്ത്രണമുള്ള കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചില പത്രങ്ങളില്‍ പത്രാധിപന്മാര്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും അവര്‍ക്ക് പത്രങ്ങളുടെ കാര്യത്തില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം കുറയുകയും ചെയ്തു. പരസ്യമാനേജര്‍മാരാണ് വാര്‍ത്തയ്ക്ക് എത്ര സ്ഥലം മാറ്റിവെക്കണമെന്ന് തീരുമാനിക്കുന്നത്. പരസ്യങ്ങളും വാണിജ്യ വാര്‍ത്തകളും വെച്ചതിനുശേഷം മാത്രം. നല്ല പത്രത്തെക്കുറിച്ചുള്ള എഡിറ്ററുടെ കാഴ്ചപ്പാടും സര്‍ക്കുലേഷന്‍ മാനേജറുടെ കാഴ്ചപ്പാടും തമ്മില്‍ ഏറെ അന്തരമുണ്ട്.

4. പത്രപ്രവര്‍ത്തകര്‍ ആഘോഷിക്കപെടുന്നു

പണ്ട് പത്രപ്രവര്‍ത്തകര്‍ പിന്നണിയിലായിരുന്നു. പ്രശസ്തിയുടെ വലയത്തിലേക്ക് അവര്‍ വരാറില്ലായിരുന്നു. ഇന്ന് വാര്‍ത്തയുടെ അര്‍ഥം തന്നെ മാറുകയും പത്രപ്രവര്‍ത്തകര്‍ പ്രശസ്തിയുടെ വലയത്തില്‍ നില്‍ക്കുകയും ചെയ്യുന്നു.

5.പത്രപ്രവര്‍ത്തനമല്ല, മാധ്യമവ്യവസായം

വാര്‍ത്തകള്‍ എല്ലാ ഉത്പന്നങ്ങളെയും പോലെ നമ്മുടെ മുന്നില്‍ പൊതിഞ്ഞെത്തുന്ന ഒന്നാണ്. എങ്ങനെയും വിവരം ലഭിക്കുകയെന്നതാണ് ട്രെന്‍ഡ്. വാര്‍ത്ത കൈകാര്യംചെയ്യുന്ന രീതിയും മാറി. സദാചാരത്തേക്കാളും നൈതികതയെക്കാളും സെന്‍സേഷനലിസത്തിനാണ് പ്രാധാന്യം.

(അപൂര്‍ണം)

Comments

Viju V V said…
പത്രപ്രവര്‍ത്തന വ്യവസായത്തില്‍ കാര്യങ്ങള്‍ മാറുമ്പോള്‍തന്നെ പുറത്തും ഒരുപാടുമാറ്റങ്ങളുണ്ടായി. ജനങ്ങള്‍ക്കിടയിലിറങ്ങാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും അങ്ങനെയൊരു സങ്കല്പവും എല്ലാ പാര്‍ട്ടികളിലും ഉണ്ടായി എന്നത് അതിലൊരു ഉദാഹരണമായി പറയാവുന്നതാണ്.
pravaahiny said…
എല്ലാ പത്രങ്ങളും അവരുടെ ധര്‍മ്മം നിര്‍വഹിക്കുന്നുണ്ടോ