നിശബ്ദമായ് കരയുന്നച്ഛന്‍

ഇത്തവണത്തെ കാന്‍ മേളയില്‍ മഹമത്ത് സാലെഹ് ഹാറുണിന്റെ ഗ്രിര്‍ഗ്രിസ് എന്ന സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു സിനിമയാണ് എ സ്‌ക്രീമിങ് മാന്‍

കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍മാത്രമുള്ള രാജ്യമാണ് മധ്യആഫ്രിക്കയിലെ ചാഡ്. സുഡാന്‍, ലിബിയ, കാമറൂണ്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നടുവിലാണ് ഈ രാജ്യം. നേരത്തെ ഫ്രഞ്ച് കോളനിയായിരുന്നു. അന്തര്‍ദേശീയതലത്തിലേക്ക് ഇവിടെ നിന്ന് പൊതുവെ അധികം സിനിമകളൊന്നും എത്താറില്ല. ആഭ്യന്തരയുദ്ധം കാരണം സിനിമാ ചിത്രീകരണം താരതമ്യേന ശ്രമകരമാണിവിടെ. വിമതരുടെ ആക്രമണം കാരണം ചാഡിലെ ജീവിതം സംഘര്‍ഷഭരിതമാണ്. 2010-ലെ കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് ജൂറി അവാര്‍ഡ് നേടിയ 'എ സ്‌ക്രീമിങ് മാന്‍' ഈ പ്രശ്‌നങ്ങള്‍ പശ്ചാത്തലമാക്കിയ സിനിമയാണ്. സംവിധായകനായ മഹമത് സാലിഹ് ഹാറൂണ്‍ ചാഡിലെ മാത്രമല്ല, ആഫ്രിക്കയിലെ തന്നെ മികച്ച സംവിധായകനാണ്.

ഒരു നീന്തല്‍ക്കുളത്തിന്റെ പശ്ചാത്തലത്തില്‍ ആദം (യൂസഫ് ദിജാറോ)എന്ന അച്ഛന്റെയും അബ്ദെല്‍ (ദിയുക് കോമ) എന്ന മകന്റെയും ബന്ധത്തിന്റെ കഥ പറയുന്നതാണ് സ്‌ക്രീമിങ് മാന്‍. അച്ഛന്‍ ആദം ഹോട്ടലിന്റെ ഭാഗമായ നീന്തല്‍ക്കുളത്തിന്റെ മാനേജറാണ്. മകന്‍ സഹായിയും. സിനിമയില്‍ നീന്തല്‍ക്കുളം തിരഞ്ഞെടുത്തതിന് കാരണമുണ്ട്. കടലില്‍ നിന്ന് വളരെ അകലെയാണ് ചാഡ്. ആഫ്രിക്കയുടെ മൃതഹൃദയം എന്നാണ് ഈ രാജ്യത്തെ വിളിക്കുന്നത്. മണല്‍ക്കാറ്റുവീശുന്ന മരുഭൂമിയിലേതിന് സമാനമായ കാലാവസ്ഥയാണിവിടെ. അവിടെ ഒരു നീന്തല്‍ക്കുളത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ചാഡ് എന്നത് ഒരു തണ്ണീര്‍ത്തടമാണ്. അതിന്റെ പേരാണ് രാജ്യത്തിനും.

ആദം 1965-ല്‍ മധ്യആഫ്രിക്കയിലെ നീന്തല്‍ ചാമ്പ്യനായിരുന്നു. ചാമ്പ്യന്‍ എന്നാണ് നാട്ടുകാര്‍ അയാളെ വിളിക്കുന്നത്. ഇപ്പോള്‍ പ്രായം അമ്പതുകഴിഞ്ഞു. നീന്തല്‍ക്കുളത്തില്‍ അച്ഛനും മകനും മുങ്ങിനിന്ന് മത്സരിക്കുന്ന രംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ആദ്യകളിയില്‍ അച്ഛനാണ് ജയിച്ചത്. ഒന്നുകൂടെ നോക്കണമെന്ന് അബ്ദെലിന് വാശി. അങ്ങനെ രണ്ടാമതും മുങ്ങി. പക്ഷേ ഇക്കുറി മകന്‍ വെള്ളത്തില്‍ നിന്ന് നിവരുന്നതിനുമുമ്പേ അയാള്‍ക്ക് പൊങ്ങേണ്ടിവന്നു. മകന്‍ ജയിച്ചു. അത് അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നു. ആദ്യതവണ ഞാന്‍ തോറ്റുതന്നതാണെന്ന് മകന്റെ കമന്റും.

ലളിതമായ ഇതിവൃത്തത്തിന്റെ ആഖ്യാനവും അങ്ങനെതന്നെയാണ്. ഹോട്ടല്‍ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയാണ്. 30 വര്‍ഷമായി അവിടെ കുക്കായിരുന്ന ദാവീദിനെ അധികൃതര്‍ പറഞ്ഞുവിട്ടു. ആദമിനെ പറഞ്ഞുവിട്ടില്ല. പകരം ഇനി ഗേറ്റ് കാവല്‍ക്കാരന്റെ പണി ചെയ്താല്‍ മതിയെന്നുപറഞ്ഞു ഉടമായ വാങ്. കുളത്തില്‍ ജോലിക്ക് രണ്ടുപേരുടെ ആവശ്യമില്ല. അതുകൊണ്ട് അബ്ദെലിന് ചുമതല കൊടുത്തു. പിരിച്ചുവിടുന്നതുപോലെ തന്നെയാണ് അത്. ചാഡിലെ ആദ്യത്തെ നീന്തല്‍ക്കുളം പരിപാലകനായിരുന്നു അയാള്‍. മാത്രമല്ല, നീന്തല്‍ക്കുളം എന്നാല്‍ ആദമിന്റെ ജീവിതം തന്നെയാണ്. അതാണ് അയാളില്‍ നിന്ന് എടുത്തുമാറ്റിയത്.
ഇതോടെ അബ്ദെലിനോട് അച്ഛന് അല്‍പം നീരസം തോന്നി. അല്ല അയാളെ അത് ഉലയ്ക്കുക തന്നെ ചെയ്തു. ഇതിനിടെ ഡിസ്ട്രിക്ട് ചീഫ് എന്നുവിളിക്കുന്ന ഉദ്യോഗസ്ഥന്‍ മകനെ പട്ടാളസേവനത്തിന് അയക്കാന്‍ ആവശ്യപ്പെടുന്നു. വിമതര്‍ക്കെതിരായ യുദ്ധത്തിനായി സംഭാവനയൊന്നും അയാള്‍ കൊടുത്തിട്ടില്ല. ആ ആലോചനയുടെ കുരുക്കില്‍ അയാള്‍ വീഴുകതന്നെ ചെയ്തു. മകനെ ഒരു ദിവസം പട്ടാളക്കാര്‍ വന്ന് പിടിച്ചുകൊണ്ടുപോയി. നീന്തല്‍ക്കുളത്തിന്റെ ചുമതല അയാള്‍ക്ക് തിരിച്ചുകിട്ടി. ഇതിനിടെ അബ്ദെലിനെ തേടി കാമുകി ദിജനേബ (ദിജനേബ കോണ്‍) എത്തുന്നു. അവള്‍ ഗര്‍ഭിണിയുമാണ്. അവളെ ഉമ്മ വീട്ടില്‍ താമസിപ്പിക്കുകയും ചെയ്യുന്നു. അതോടെ ആദത്തിനെ കുറ്റബോധം വേട്ടയാടാന്‍ തുടങ്ങി. മകനെ തിരികെ കൊണ്ടുവരുന്നതിനെ കുറിച്ച് അയാള്‍ ആലോചിച്ചു തുടങ്ങി. അതാണ് പിന്നീടുള്ള കഥ.

ചിത്രത്തിലെ ബന്ധങ്ങളുടെ ഊഷ്മളതയുള്ള ദൃശ്യങ്ങള്‍  കുറച്ചുകാലമെങ്കിലും മനസ്സില്‍ മായാതെ നില്‍ക്കും. തണ്ണിമത്തന്‍ മുറിക്കുന്ന എക്‌സ്ട്രീം ക്ലോസ് അപ്പ് ദൃശ്യത്തില്‍ തുടങ്ങി ആദവും മറിയവും ചുണ്ടുകള്‍ കൊണ്ട് വത്തക്കാ കഷണങ്ങള്‍ പങ്കുവെക്കുന്ന വല്ലാത്ത വശ്യതയുള്ള ഒരു രംഗമുണ്ട് ഇതില്‍. ജോലിമാറ്റം അറിയിച്ചതിനുശേഷം മറിയത്തിന്റെ അപ്പുറവുമിപ്പുറവും നിലത്തിരുന്ന് ആദവും അബ്ദെലും ഭക്ഷണം കഴിക്കുന്നതാണ് വേറൊന്ന്. നല്ല രുചിയുള്ള ഭക്ഷണമുണ്ടാക്കിയിട്ടും എന്താണ് നിങ്ങള്‍ ഒന്നും മിണ്ടാത്തത് എന്നാണ് മറിയത്തിന്റെ ചോദ്യം. എന്നും പാചകത്തെ പുകഴ്ത്താറുള്ള ഭര്‍ത്താവും ഒന്നും പറയുന്നില്ല. നിഷ്‌കളങ്കയായ ഒരു വീട്ടമ്മയാണവര്‍. തന്നോട് ദേഷ്യത്തിലാണെന്നറിഞ്ഞിട്ടും അച്ഛന് വെള്ളം പകര്‍ന്നുകൊടുത്തിട്ടേ അബ്ദെല്‍ കഴിക്കാനിരുന്നുള്ളൂ. അവന്റെ രീതികള്‍ അങ്ങനെയാണ്. ഡിജിറ്റല്‍ ക്യാമറയില്‍ അവന്‍ ഓരോ ദിവസവും അച്ഛന്റെ ഫോട്ടോ എടുക്കും. നീയെന്തിനാണ് എല്ലാ ദിവസവും എന്റെ ഫോട്ടോ എടുക്കുന്നത് എന്ന് ഒരിക്കല്‍ ആദം ചോദിച്ചു. ഞാന്‍ ജീവിക്കുന്നതിന്റെ തെളിവുകളാണ് ഇവ എന്നാണ് അബ്ദെലിന്റെ മറുപടി. അച്ഛനും മകനും തമ്മില്‍ അത്രയ്ക്ക് സൗഹൃദമുണ്ട്. ആ സ്‌നേഹത്തിന്റെ ഏറ്റവും തീവ്രമായ പ്രകടനമാണ് ചിത്രത്തിന്റെ അവസാനഭാഗം.

ദിജനേബ സ്‌ക്രീനിലെത്തുന്നതാണ് ചിത്രത്തിലെ മനോഹരമായ മറ്റൊരു ദൃശ്യം. തെരുവിലൂടെ അലക്ഷ്യമായി എന്തുനിരാശാഭരിതമായാണ് അവള്‍ കാമുകനെ തേടി വരുന്നത്. സ്‌നേഹവും സഹാനൂഭൂതിയും ആത്മബന്ധങ്ങളും ഇല്ലാതാവുന്ന പുതിയ തൊഴില്‍ സംസ്‌കാരത്തോടുള്ള വിമര്‍ശനവും ചിത്രം കരുതിവെക്കുന്നുണ്ട്. പിരിച്ചുവിടപ്പെട്ട കുക്ക് ദാവീദ് ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ആസ്പത്രിയില്‍ കിടക്കുമ്പോള്‍ ആദം കാണാനെത്തുന്നുണ്ട്. നമുക്ക് ഏറ്റവും ആവശ്യമുള്ള സമയമാവുമ്പോഴേക്കും ഹൃദയം അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും അങ്ങനെയാണ് അയാള്‍ പറയുന്നത്. ജോലി നഷ്ടം അയാളെ അത്രയേറെ തളര്‍ത്തിയിട്ടുണ്ട്. എങ്ങനെയാണ് ഒരാള്‍ക്ക് തന്റെ പാചകക്കാരനെ പിരിച്ചുവിടാനാകുക? പാചകം എന്നാല്‍ സ്‌നേഹത്തിന്റെ പ്രവൃത്തിയല്ലേ എന്നാണ് ദാവീദ് ചോദിക്കുന്നത്.

ടെലിവിഷനിലൂടെയല്ലാതെ ആഭ്യന്തരയുദ്ധത്തിന്റെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നില്ല. എങ്കിലും പശ്ചാത്തലത്തിലുള്ള വിമാനങ്ങളുടെ മുരള്‍ച്ചയിലൂടെയും വാര്‍ത്തകളിലൂടെയും പ്രേക്ഷകന് അത് മനസിലാകും. അവസാനഭാഗത്ത് ആളുകള്‍ പലായനം ചെയ്യുന്നതാണ് യുദ്ധത്തിന്റെ പ്രത്യക്ഷമായ ഒരു സൂചന. വരണ്ട മണലിന്റെ നിറമുള്ള ഫ്രെയിമുകളാണ് ചിത്രത്തിലുടനീളം. ഇതിനിടയില്‍ വികാരങ്ങള്‍ കൊണ്ടോ പച്ചപ്പുകൊണ്ടോ ചിത്രത്തിലൂടനീളം കുളിര്‍മയുടെ അനുഭവം നിറച്ചിട്ടുമുണ്ട്. ഒന്നരമണിക്കൂറുള്ള ചിത്രത്തിന്റെ തിരക്കഥയും ഹാറൂണിന്റേതുതന്നെയാണ്. അറബിയും ഫ്രഞ്ചുമാണ് ഭാഷ.


http://www.youtube.com/watch?v=8_rvfk5psbU

Comments

Viju V V said…
ഒരു നീന്തല്‍ക്കുളത്തിന്റെ പശ്ചാത്തലത്തില്‍ ആദം (യൂസഫ് ദിജാറോ)എന്ന അച്ഛന്റെയും അബ്ദെല്‍ (ദിയുക് കോമ) എന്ന മകന്റെയും ബന്ധത്തിന്റെ കഥ പറയുന്നതാണ് സ്‌ക്രീമിങ് മാന്‍. അച്ഛന്‍ ആദം ഹോട്ടലിന്റെ ഭാഗമായ നീന്തല്‍ക്കുളത്തിന്റെ മാനേജറാണ്. മകന്‍ സഹായിയും. സിനിമയില്‍ നീന്തല്‍ക്കുളം തിരഞ്ഞെടുത്തതിന് കാരണമുണ്ട്. കടലില്‍ നിന്ന് വളരെ അകലെയാണ് ചാഡ്. ആഫ്രിക്കയുടെ മൃതഹൃദയം എന്നാണ് ഈ രാജ്യത്തെ വിളിക്കുന്നത്. മണല്‍ക്കാറ്റുവീശുന്ന മരുഭൂമിയിലേതിന് സമാനമായ കാലാവസ്ഥയാണിവിടെ. അവിടെ ഒരു നീന്തല്‍ക്കുളത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ചാഡ് എന്നത് ഒരു തണ്ണീര്‍ത്തടമാണ്. അതിന്റെ പേരാണ് രാജ്യത്തിനും.
ajith said…
ഈ കുറിപ്പ് വായിച്ചപ്പോള്‍ സിനിമ ഒന്ന് കാണണമെന്ന് തീരുമാനിച്ചു
pravaahiny said…
കൊള്ളാം നന്നായി പറഞ്ഞു .