സ്വാമിമാരെ പിടിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം?

१)സ്വാമിമാരെ കുറ്റം പറയുന്നതിനു മുമ്പ്‌ ഞാന്‍ ഗന്ധര്‍വന്‍ എന്ന മലയാളം സിനിമ ഒന്നുകൂടി കാണുന്നത്‌ നന്നായിരിക്കും। ഗന്ധര്‍വനെ നാം യഥാര്‍ഥത്തില്‍ ഉള്ള ഒരു കഥാപാത്രമല്ലാതെ കൗമാരപെണ്‍കുട്ടിയുടെ ഭ്രമകല്‌പനയായി മാത്രം കാണാന്‍ തുടങ്ങുമ്പോള്‍ പദ്‌മരാജന്റെ സിനിമയ്‌ക്ക്‌ പുതിയ അര്‍ഥം ഉണ്ടാകും। ഓരോ പെണ്‍കുട്ടിയും ഒരു ഗന്ധര്‍വനെ കാംക്ഷിക്കുന്നുണ്ട്‌। ഈ ഒരു ആദിമ വിചാരമാകാം നാം സ്വാമിമാരില്‍ തേടുന്നുണ്ടാകുക। യാഥാര്‍ഥ്യത്തിന്റെ പരുക്കന്‍ മരുഭൂമികളില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ഭ്രമകല്‌പനകള്‍ നിര്‍മിക്കാനുള്ള മനുഷ്യമനസിന്റെ കൗതുകത്തെ സ്വാമിമാരോടുള്ള ആകര്‍ഷണവുമായി ചേര്‍ത്ത്‌ വച്ച്‌ വായിക്കണം। സദാചാരത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും ചതുരക്കള്ളികളില്‍ മാത്രം ജീവിച്ചിട്ട്‌ എന്തു നേടാനാണ്‌?
२)രാഷ്ട്രീയക്കാര്‍ക്ക്‌ സ്വാമിമാരെ പിടിക്കാനും അറസ്റ്റു ചെയ്യാനും എന്തവകാശമുണ്ട്‌। ഈ നാട്ടിലെ ജനങ്ങള്‍ക്ക്‌ നിമിഷനേരത്തേക്കെങ്കിലും ആശ്വാസം കൊടുക്കാനാകുന്ന എന്ത്‌ വിഭൂതിയാണ്‌ നിങ്ങളുടെ കൈയിലുള്ളത്‌। ഇത്രനാളും ഈ വിഡ്‌ഢികള്‍ തരിശിട്ട പ്രതീക്ഷയുടെ പാടങ്ങളിലാണ്‌ ആള്‍ദൈവങ്ങള്‍ വിത്തെറിഞ്ഞത്‌। ഒരുപക്ഷേ രാഷ്ട്രീയക്കാരേക്കാള്‍ ജനം ആള്‍ദൈവങ്ങളെ വിശ്വസിച്ചു തുടങ്ങുമോ എന്ന പേടിയാകാം ഇതൊക്കെ ചെയ്യുന്നതിന്റെ പിന്നില്‍। ഇതിനിടയില്‍ പഴയ യേശുക്രിസ്‌തുവിന്റെ ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ എന്തു മറുപടി പറയുമെന്ന്‌ ആലോചിക്കുന്നത്‌ നന്നായിരിക്കും। നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആരാണ്‌? രാഷ്ട്രീയത്തിന്റെ അധോലോകങ്ങളില്‍ ആരാണ്‌ റെയ്‌ഡ്‌ നടത്തുക? ഒരു പ്രകടനപത്രികയും ഇറക്കാതെ തെരഞ്ഞടുപ്പു വാഗ്‌ദാനങ്ങള്‍ നല്‍കാതെ വിളിച്ചുകൂട്ടുന്ന സ്വാമിമാരുടെ യോഗങ്ങളില്‍ എന്താണിത്ര ആള്‍ത്തിരക്ക്‌? ഒരു എം.എല്‍.എ വിളിച്ചാല്‍ 50 പേര്‍ കൂടി വരില്ലല്ലോ? ജനത്തിന്റെ പേരില്‍ ഓരോരുത്തര്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ക്കും അവര്‍ വളര്‍ത്തുന്ന വിദ്വേഷത്തിനും ഉള്ള മറുപടിയാണ്‌ ആള്‍ദൈവങ്ങളോടുള്ള സ്‌നേഹം. അതിനെ പരമ്പരാഗത ഋഷി സങ്കല്‌പവുമായി ബന്ധപ്പെടുത്തി കാണുന്നതുകൊണ്ടാണ്‌ പ്രശ്‌നം. ആധുനിക സമൂഹത്തിലെ ഒരു പ്രവണതയായി വിലയിരുത്താനും അതിനെ അംഗീകരിക്കാനും നമുക്ക്‌ കഴിയണം. ഒരു സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതില്‍ അവര്‍ക്കുള്ള പങ്ക്‌ കണക്കിലെടുക്കണം.

Comments

Anonymous said…
For effective circulation of your blog, please leave at least one comment after the post.