പൂങ്കാവ്‌ പുരാണം-1

(ഞാന്‍ എന്റെ നാടിനെ സ്‌നേഹിക്കുന്നു)
കിട്ടേട്ടന്റെ ചായക്കടയാണ്‌ പൂങ്കാവിന്റെ സാംസ്‌കാരിക കേന്ദ്രം, അന്നും ഇന്നും। ചായക്കട എന്നുവച്ചാല്‍ വെറും ചായക്കടയല്ല। അനാദി സാധനങ്ങളുടെ വില്‍പനയുമുണ്ട്‌। യാദൃഛികമോ അല്ലാതെയോ ആകാം കടയോട്‌ ചേര്‍ന്ന കെട്ടിടത്തില്‍ എപ്പോഴും ഒരു സാംസ്‌കാരിക കേന്ദ്രമുണ്ട്‌। അങ്ങനെയൊരു പേരിലല്ല അത്‌ അറിയപ്പെടുന്നതെങ്കിലും। മുമ്പ്‌ ചായക്കടയ്‌ക്ക്‌ തെക്കോട്ടു മുഖമുണ്ടായിരുന്ന കാലത്ത്‌ നവശക്തി ക്ലബാണ്‌ അതില്‍ പ്രവര്‍ത്തിച്ചിരുന്നത്‌। എണ്‍പതുകളിലാണ്‌ അത്‌।

അന്ന്‌ ആധുനികന്മാരായ, ഇളയച്ഛനടക്കമുള്ള ഒരുകൂട്ടം ചെറുപ്പക്കാരായിരുന്നു അതിലുണ്ടായിരുന്നത്‌। കാരംസും ചീട്ടും കളിക്കുന്നതിനപ്പുറം എന്തെങ്കിലും സാംസ്‌കാരിക പ്രവര്‍ത്തനം അവര്‍ നടത്തിയിരുന്നോ ആവോ? എങ്കിലും ഒരു വിനോദകേന്ദ്രമെന്ന നിലയില്‍ ക്ലബില്‍ മിക്കവാറും ആളുണ്ടാകും। ചായകുടിക്കാന്‍ വരുന്നവര്‍ തന്നെയാവും മിക്കവാറും ഇവിടെ കളികളിലേര്‍പ്പെടുക। തൊഴിലില്ലായ്‌മ രൂക്ഷമായിരുന്ന അക്കാലത്ത്‌ ഇത്തരം കേന്ദ്രങ്ങളില്ലായിരുന്നെങ്കില്‍ ചെറുപ്പക്കാര്‍ വല്ലാതെ അസ്വസ്ഥരായേനെ। അങ്ങനെ വേണം ക്ലബുകളുടെ നിലനില്‍പിനെ കാണാന്‍. ക്ലബുണ്ടായിരുന്നതുകൊണ്ടല്ല, കിട്ടേട്ടന്റെ ചായപ്പീടിക സാംസ്‌കാരിക കേന്ദ്രമെന്നു പറഞ്ഞത്‌.
അക്കാലത്ത്‌ പല പ്രധാന പരിപാടികളും നടന്നിരുന്നത്‌ കടയുടെ പരിസരത്താണ്‌.

ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ തെരുവുനാടകം എത്തിയതായിരുന്നു അത്തരത്തില്‍ എന്റെ ഓര്‍മയിലുള്ള ഒന്ന്‌. പൂങ്കാവ്‌ പോലുള്ള ചെറിയ സ്ഥലത്തുപോലും പരിഷത്തിന്റ സാന്നിധ്യമുണ്ടായിരുന്നു എന്നതായിരുന്നു പ്രധാന കാര്യം. ഇന്ന്‌ പരിഷത്ത്‌ എന്ന സംഘടനയെ പൂങ്കാവുകാര്‍ക്ക്‌ പരിചയപ്പെടുത്തേണ്ടിവരും. നഗരത്തിലും അധികാരത്തിലും അഭിരമിക്കുന്ന സംഘടനയായി പരിഷത്ത്‌. അന്ന്‌്‌ അവര്‍ അവതരിപ്പിച്ച ഒരു തെരുവുനാടകം ഇപ്പോഴും മറന്നിട്ടില്ല.

ഗുരുവും കുറെ ശിഷ്യന്മാരുമുള്ളതായിരുന്നു നാടകം. ഒരു ദിവസം ഗുരു ശിഷ്യന്മാരോട്‌ ഒരു ചോദ്യം ചോദിച്ചു-ചത്ത മീനിനെ ഒരു പാത്രത്തിലെ വെള്ളത്തിലിട്ടപ്പോള്‍ അതിലെ വെള്ളം കവിയുന്നതായി കാണുന്നു. എന്നാല്‍ ജീവനുള്ള മീനിനെ ഇട്ടപ്പോള്‍ വെള്ളം കവിഞ്ഞില്ല. എന്തുകൊണ്ടാണിത്‌? ശിഷ്യന്മാരോട്‌ പിറ്റേന്ന്‌ ഉത്തരം കണ്ടെത്തി വരാന്‍ പറഞ്ഞു. പിറ്റേന്ന്‌ കുറേപ്പേര്‍ പല ന്യായങ്ങളും പറഞ്ഞു.

എന്നാല്‍ അവരിലൊരാള്‍ അടുത്തുള്ളയാളോട്‌ പതുക്കെ ഇങ്ങനെ പറഞ്ഞു-ചത്ത മീനിട്ടപ്പോഴും ജീവനുള്ള മീനിട്ടപ്പോഴും വെള്ളം കവിയുന്നുണ്ട്‌. അടുത്തിരുന്നയാള്‍ ഇതുറക്കെ ഗുരുവിനോടായി വിളിച്ചുപറഞ്ഞു. ഗുരു അയാളെ അഭിനന്ദിക്കുകയും ചെയ്‌തു. സത്യം കണ്ടെത്തിയാല്‍ മാത്രം പോരാ, അത്‌ വിളിച്ച്‌ പറയാനുള്ള തന്റേടം കൂടി വേണം. ഒരുപാടു സന്ദേശങ്ങളുള്ള നാടകമായിരുന്നു അത്‌. ഇപ്പോഴും ഓര്‍ത്തിരിക്കുന്നു എന്നു പറയുമ്പോള്‍ അത്‌ ജീവിതത്തിലുണ്ടാക്കിയ ബോധത്തെക്കുറിച്ച്‌ പറയേണ്ടല്ലോ.

അതുപോട്ടെ നമ്മള്‍ പറഞ്ഞുവന്നത്‌ പൂങ്കാവിനെക്കുറിച്ചാണല്ലോ?
മുമ്പ്‌ കോണ്‍ഗ്രസിന്റെ കിലോമീറ്റര്‍ നീളമുള്ള ഒരു പദയാത്ര പൂങ്കാവിലെ വയല്‍വരമ്പിലൂടെ കടന്ന്‌ മുട്ടിലിലേക്ക്‌ പോയതും ഓര്‍മയിലുണ്ട്‌. വെള്ളത്തൊപ്പിയും ഖദര്‍ വസ്‌ത്രവുമായി അങ്ങ്‌ വടക്ക്‌ ശാന്തിവനത്തില്‍ അന്തിയുറങ്ങും നേതാവേ॥എന്ന മുദ്രാവാക്യവുമായി എത്രപേരാണ്‌ പോയത്‌.

ഇന്ന്‌ പൂങ്കാവില്‍ മഷിയിട്ടുനോക്കിയാലേ ഒരു കോണ്‍ഗ്രസുകാരനെ കണ്ടെത്താനാകൂ. ഉള്‍നാടായതുകൊണ്ട്‌ നേതാക്കളും അവരുടെ പര്യടനത്തില്‍ പൂങ്കാവിനെ ഉള്‍പ്പെടുത്താറില്ല. ലക്ഷംവീട്ടിലെ വേദിയില്‍ ഉച്ചയ്‌ക്കെത്തുമെന്ന്‌ പറഞ്ഞ നേതാവിനെ അര്‍ധരാത്രിയോളം ഞങ്ങള്‍ കാത്തിരുന്നിട്ടുണ്ടെന്ന കാര്യം അവരും മറന്നുപോയി. അത്‌ ഓര്‍മപ്പെടുത്തിയത്‌ മൂന്നുപ്രാവശ്യം തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക്‌ ജയിച്ചയാളെ രണ്ടുവട്ടം തോല്‍പിച്ചായിരുന്നു. ഓര്‍മകളില്ലാതാവുമ്പോള്‍ നിങ്ങളുടെ കരുത്തുചോര്‍ന്നുപോകുമെന്ന്‌ പാഠപുസ്‌തകത്തിലൂടെ പഠിപ്പിക്കേണ്ടതില്ല.

നമ്മള്‍ പറയുന്നത്‌ സംസ്‌കാരത്തെക്കുറിച്ച്‌,കിട്ടേട്ടന്റെ ചായക്കടയില്‍ പിന്നെയുമുണ്ടായിരുന്നു വിശേഷം. സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മകള്‍ അയവിറക്കി ഓരോന്നു പറഞ്ഞുകൊണ്ടിരുന്ന കുഞ്ഞപ്പയേട്ടന്‍ പതിവായി കടയില്‍ വന്നിരിക്കും. കുഞ്ഞപ്പയേട്ടന്‍ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. ഐ.എന്‍.എയില്‍ പ്രവര്‍ത്തിച്ചതിന്‌ അദ്ദേഹം പെന്‍ഷനും വാങ്ങിയുരുന്നു. അങ്ങനെയാണെങ്കിലും ഗാന്ധിയോട്‌ അദ്ദേഹത്തിന്‌ ആരാധനയായിരുന്നു. അക്കാലത്ത്‌ നാട്ടുപ്രമാണിമാര്‍ ബ്രീട്ടീഷുകാരെ സുഖിപ്പിക്കാന്‍ വയലില്‍ പണിയെടുക്കുന്നവരെക്കൊണ്ട്‌ ഗാന്ധിയെന്താക്കി, മാന്തിപ്പുണ്ണാക്കി എന്ന്‌ മുദ്രാവാക്യം വിളിപ്പിച്ചിരുന്നുവത്രെ.

ഗാന്ധിയെന്നു പറയുമ്പോള്‍ കുഞ്ഞപ്പയേട്ടന്റെ പല്ലില്ലാത്ത രൂപമാണ്‌ എനിക്ക്‌ ഓര്‍മവരിക. എന്നാല്‍ അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഓര്‍മകള്‍ സമാഹരിക്കാനോ രേഖപ്പെടുത്തി വയ്‌ക്കാനോ നാട്ടില്‍ ആളുണ്ടായില്ല. മരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കാനും. ശരിക്കും പറഞ്ഞാല്‍ കടയുടമയായ കിട്ടേട്ടനും ഒരു സാംസ്‌കാരിക പ്രവര്‍ത്തകനാണ്‌. തൊണ്ണൂറുകഴിഞ്ഞ അദ്ദേഹത്തോളം പ്രായം ചായക്കടയ്‌ക്കുമുണ്ടാകും. ഇത്രയും കാലം പൂങ്കാവിലെ ജനങ്ങള്‍ക്ക്‌ ഒരുമിച്ചിരിക്കാനും വര്‍ത്തമാനം പറയാനും സൗകര്യമൊരുക്കിയിട്ട്‌ അധികമൊന്നും അദ്ദേഹം നേടിയിട്ടില്ല. മലയാളിക്ക്‌ പൊതുജീവിതം ഒരുക്കുന്നതില്‍ ചായക്കുള്ള പങ്ക്‌ ഇതുവരെ ആരും പഠനവിധേയമാക്കിയിട്ടില്ല.ചായക്കടയില്‍ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക്‌ കൗതുകമാകുന്ന ഒരു കാര്യമുണ്ടായിരുന്നു. പീടികയുടെ ഓലത്തട്ടിയില്‍ വിവിധ ടാക്കീസുകളിലെ സിനിമാ പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ടാകും. വെള്ളിയാഴ്‌ചയാണ്‌ സിനിമ മാറുക.

പോസ്‌റ്റര്‍ വെക്കുന്നവര്‍ക്ക്‌ അന്ന്‌ തിയറ്ററുടമകള്‍ പാസ്‌ കൊടുക്കും. അതുപയോഗിച്ച്‌ വെള്ളി, ശനി, ഞായര്‍ അല്ലാത്ത ദിവസങ്ങളില്‍ സൗജന്യമായി സിനിമ കാണാം. അക്കാലത്ത്‌ സിനിമ കാണാന്‍ അധികം കൊണ്ടു പോകാറില്ലെങ്കിലും നടന്മാരെയും സിനിമയെയും കുറിച്ച്‌ അറിയുന്നത്‌ ഇത്തരം പോസ്‌റ്ററുകളിലൂടെയാണ്‌. നാട്ടുകാരുടെ ജീവിതത്തെ സമൂഹവുമായി ബന്ധപ്പെടുത്തിയത്‌ കിട്ടേട്ടനും അദ്ദേഹത്തിന്റെ ചായക്കടയുമാണെന്ന്‌ പറയാം. ചായക്കടയുടെ മുഖം ഇപ്പോള്‍ കിഴക്കോട്ടായി. അതിനു ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഇപ്പോള്‍ നവശക്തിക്കുപകരം പൂങ്കാവ്‌ സാംസ്‌കാരിക വേദിയാണ്‌.

ക്ലബ്‌ എന്നു പറയുമ്പോള്‍ സായിപ്പിന്റെ ഒരു കള്ളുകുടി സഭയുടെ ഹാങ്‌ ഓവര്‍ ഉള്ളതുകൊണ്ടാകാം പുതുതലമുറ സാംസ്‌കാരിക വേദി എന്ന പേര്‌ സ്വീകരിച്ചത്‌.

സാംസ്‌കാരിക വേദിയുടെ ഒന്നാം വാര്‍ഷികത്തിന്‌ സിനിമാറ്റിക്‌ ഡാന്‍സ്‌ മത്സരമാണ്‌ സംഘടിപ്പിച്ചത്‌. പഴയ സാമൂഹ്യപ്രതിബദ്ധതയൊക്കെ തട്ടിപ്പാണെന്ന്‌ യുവതലമുറ പ്രഖ്യാപിച്ചു കഴിഞ്ഞു.സാംസ്‌കാരികവേദി എന്നൊക്കെ പറഞ്ഞ്‌ ഇങ്ങനെ നടക്കുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്‌-എന്താണ്‌ പൂങ്കാവിന്റെ സംസ്‌കാരമെന്ന്‌? തീയര്‍, പുലയര്‍, മുസ്ലിങ്ങള്‍ എന്നിങ്ങനെ മൂന്നു പ്രബല വിഭാഗങ്ങളാണ്‌ പ്രദേശത്തുള്ളത്‌. നിര്‍മാണമേഖലയിലും കൃഷിയിലുമാണ്‌ കൂടുതല്‍ പേരും ജോലിചെയ്യുന്നത്‌.

ശരിക്കുപറഞ്ഞാല്‍ ഒരു കീഴാള സ്ഥലമാണ്‌. എന്നാല്‍ ഇതിനിടയിലേക്ക്‌ പലപ്പോഴും തീയരിലെ പഴയ തലമുറ കുലമഹിമയുടെ പേരു പറഞ്ഞുവരും. എന്നാല്‍ കളികളിലും മറ്റും പലപ്പോഴും പുലയര്‍ ആയിരിക്കും മുന്‍പന്തിയില്‍. കായികശക്തിയിലും അവര്‍ തന്നെയാണ്‌ മുന്നില്‍. തീയര്‍ കൂടുതലും രാഷ്ട്രീയാഭിമുഖ്യമുള്ളവരാണ്‌. എന്നാല്‍ ബുദ്ധിയെക്കാള്‍ വൈകാരികമായാണ്‌ ഇവര്‍ പലപ്പോഴും പാര്‍ട്ടിയെ സമീപിക്കുക. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരാണ്‌ ഇവര്‍. മുസ്ലിങ്ങള്‍ കൂടുതലും ഗള്‍ഫ്‌ പണത്തെ ആശ്രയിച്ച്‌ ജീവിക്കുന്നവരാണ്‌. തീയരിലും കുറെപ്പേര്‍ ഗള്‍ഫില്‍ പോയിട്ടുണ്ട്‌.പൂങ്കാവ്‌ എന്നാണ്‌ പേരെങ്കിലും പൂങ്കാവില്‍ കാവില്ല. മുസ്ലിം പള്ളി മാത്രമാണ്‌ മതവുമായി ബന്ധപ്പെട്ട ഏക സ്ഥാപനം.

രാത്രികളില്‍ വയതിന്റെ (മുസ്ലിം പ്രഭാഷണം) ശീലുകള്‍ കൊണ്ട്‌ പള്ളി രാത്രികളെ മുഖരിതമാക്കും. തീയര്‍ക്ക്‌ തൊട്ടടുത്ത പുന്നച്ചേരിയില്‍ സമുദായത്തിന്റെ വയല്‍ത്തിറയുണ്ട്‌. അവിടേക്ക്‌ തെയ്യത്തിന്‌ പുലയരും മുസ്ലിംകളും അടക്കം എണ്ണ കൊടുത്തയക്കും. അതുപോലെ മുസ്ലിങ്ങളുടെ പെരുന്നാളിന്‌ ഹിന്ദുവീടുകളിലും ബിരിയാണി എത്തും. പുങ്കാവില്‍ മൂന്നു ക്രിസ്‌ത്യന്‍ കുടുംബങ്ങളും ഉണ്ട്‌. പരിവര്‍ത്തിത ക്രൈസ്‌തവ വിഭാഗത്തില്‍ പെട്ടവരാണ്‌ ഇവര്‍.
ക്രിസ്‌ത്യാനികള്‍ കുറവാണെങ്കിലും താവത്തെ ഫാത്തിമ മാതാ പള്ളിയിലെ പെരുന്നാള്‍ എല്ലാവരും പങ്കെടുക്കുന്ന ഉത്സവമാണ്‌. പെരുന്നാളിന്റെ തലേന്നുള്ള പ്രദക്ഷിണമാണ്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടി. കാവുകളോ ക്ഷേത്രങ്ങളോ ഇല്ലാത്തത്‌ നാടിന്റെ സംസ്‌കാരത്തെയും സ്വാധീനിച്ചിട്ടുണ്ട്‌. രാമായണമോ കഥകളി പദങ്ങളോ ഒന്നും ഹൃദിസ്ഥമാക്കിയ ഒരാള്‍ പോലും ഈ പരിസരത്തെങ്ങും ഇല്ല.

(തുടരും)

Comments

Anonymous said…
For effective circulation of your blog, please leave at least one comment after the post.
Anonymous said…
hallo vijuyattan
i hope u r well by the by r u working with media i c u r blog all r nice some nustolgia feeling u no if really now miss my home town and beauty of villege any way keep in mailing and develop some bolg like this and remember to send dear
k by keep in mailing
Anonymous said…
nice articlein ur mail.thanks...........poonkav cherukunnile poonkav ano....................
Viju V V said…
athe cherukunnile poongave thanne....
babu said…
hai brother,

Thanks for a nice nostalgic feeling.The flow of the article is nice and feel it was happended in my village.."Swargathil njan poyalum ente nadin pookkalam....." thanks alot
vijesh said…
nice article