മോഹന്‍ലാലിന്റെ അച്ഛന്‍


ഒരു സിനിമയ്‌ക്കാവശ്യമായ സംഘര്‍ഷമുണ്ട്‌, അച്ഛനും മകനും തമ്മിലുള്ള ബന്ധത്തില്‍। ബാലേട്ടന്‍ കണ്ടുകൊണ്ടിരിക്കെ ഇങ്ങനെയൊരു വാചകമാണ്‌ മനസില്‍ തോന്നിയത്‌. രണ്ടാമതോ മൂന്നാമതോ ആണ്‌ ടി.വിയില്‍ ഇത്‌ കാണുന്നത്‌. ഓരോ കാണലും പുതിയ കാണലാണ്‌ എന്നു വേണമെങ്കില്‍ പോസ്‌റ്റ്‌ മോഡേണ്‍ ശൈലിയില്‍ തട്ടിവിടാം. ആദ്യം കാണുമ്പോള്‍ രസിച്ചിരുന്ന്‌്‌ കാണുകയാണ്‌. രണ്ടാമത്‌ ഇങ്ങനെയും.
അനുസരണയും നിഷേധവും കലര്‍ന്നതാണ്‌ അച്ഛന്‍- മകന്‍ ബന്ധം. എല്ലായ്‌പ്പോഴും സംഘര്‍ഷഭരിതവുമാണ്‌. സ്വന്തമായി ഒരു വഴി വേണം എന്നാഗ്രഹിക്കുന്നവര്‍ക്ക്‌ പലപ്പോഴും അച്ഛന്റെ ഇഛകളെ തിരസ്‌കരിക്കേണ്ടി വരും. ഈ ഒരു തിരസ്‌കാരത്തെ ആസ്വദിക്കുന്നതോടൊപ്പം തന്നെ അച്ഛന്റെ ശാഠ്യങ്ങളെ നാം തിരിച്ചറിയുകയും ചെയ്യും. പക്ഷേ എന്തു ചെയ്യാം അങ്ങനെയങ്ങ്‌ അനുസരിക്കാവാനാവില്ല. അച്ഛന്‍-മകന്‍ ബന്ധം മനോഹരമായി പറഞ്ഞ പല സിനിമകളിലും മകനായി മോഹന്‍ലാല്‍ ഉണ്ടായിരുന്നു എന്നതാണ്‌ ബാലേട്ടന്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌. കിരീടം, ചെങ്കോല്‍, സ്‌ഫടികം, നരസിംഹം, ബട്ടര്‍ഫ്‌ളൈസ്‌॥അങ്ങനെ കുറെ സിനിമകള്‍.

അച്ഛന്‍ എപ്പോഴും നിലവിലുള്ള രീതികള്‍ക്ക്‌ വിധേയനായി മകന്‍ ഉന്നതസ്ഥാനത്തെത്തണമെന്ന്‌ ആഗ്രഹിക്കുകയായിരിക്കും. കിരീടത്തില്‍ അങ്ങനെയാണല്ലോ, താന്‍ ജോലി ചെയ്യുന്ന പോലീസില്‍ മകന്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ ആകണമെന്നാണ്‌ അച്ഛന്‍ തിലകന്‍ ആഗ്രഹിക്കുന്നത്‌. അത്‌ അദ്ദേഹത്തിന്റെ അബോധത്തിലെ ആഗ്രഹ സാക്ഷാത്‌കാരത്തിനു വേണ്ടിയുള്ള ഒരു ത്വരയായിരിക്കാം. പോലീസ്‌ മേധാവികളുടെ ആട്ടും തുപ്പും കൊണ്ട്‌ സര്‍വീസ്‌ കാലം കഴിച്ച ഒരു കോണ്‍സ്‌റ്റബിള്‍ മകനിലൂടെ അധികാരം പിടിച്ചെടുക്കണമെന്നാഗ്രഹിക്കുന്നത്‌ തെറ്റാണെന്ന്‌ ഒറ്റ നോട്ടത്തില്‍ തോന്നണമെന്നില്ല.

'നരസിംഹ'ത്തിലും അങ്ങനെ തന്നെ. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വിധി പറഞ്ഞ്‌ വിരമിച്ച ജഡ്‌ജിക്ക്‌ പലപ്പോഴും നായാന്യായങ്ങള്‍ നിശ്ചയിക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ അംശം നഷ്ടപ്പെട്ടുപോകുന്നുവെന്ന്‌ തോന്നുക സ്വാഭാവികം. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തില്‍ നീതിന്യായങ്ങള്‍ തീരുമാനിക്കുന്ന ഒരധികാരിയാകണം എന്ന്‌്‌ അയാള്‍ക്കും ആഗ്രഹിക്കാം. മകന്‍ സിവില്‍ സര്‍വീസ്‌ എഴുതി കളക്ടറായാല്‍ അദ്ദേഹത്തിന്റെ ആഗ്രഹം നടക്കുമായിരിക്കും. ബട്ടര്‍ഫ്‌ളൈസില്‍ ആണെങ്കില്‍ വീട്‌ അച്ഛന്‍ പ്രധാനമന്ത്രിയായ ഒരു രാജ്യമാണ്‌. ബജറ്റ്‌ തീരുമാനിക്കുന്നതും ക്രമസമാധാനം നിയന്ത്രിക്കുന്നതും കക്ഷി തന്നെ.

ശരിക്കും ഒരു ഏകാധിപത്യഭരണം. അനുസരിക്കാത്തയാള്‍ വീട്ടിനു പുറത്താണ്‌. പക്ഷേ ഈ അച്ഛന്‍മാരുടെ ഒരു പ്രശ്‌നം അവര്‍ ജീവിച്ച മേഖലയ്‌ക്കുള്ളില്‍ നിന്നു മാത്രമേ കാര്യങ്ങള്‍ നോക്കിക്കാണൂ എന്നതാണ്‌. ഉദാഹരണത്തിന്‌ സ്‌ഫടികത്തിലെ തോമസ്‌ മാഷിന്‌ വിത്തൗട്ട്‌ മാത്തമാറ്റിക്‌സ്‌ വേള്‍ഡ്‌ ഈസ്‌ ബിഗ്‌ സീറോയാണ്‌. കണക്കില്ലാതെ ആളുകള്‍ ഇവിടെ ജീവിക്കുന്നില്ലേ. പരിമിതമായ ഈ ലോകബോധത്തെ തകര്‍ത്ത്‌ വിശാലമാക്കേണ്ട കടമ മക്കള്‍ക്കുണ്ട്‌. അതുകൊണ്ട്‌ നിഷേധം അല്ലെങ്കില്‍ അനുസരണക്കേട്‌ എന്നത്‌ ലോകത്തെ വിശാലമാക്കുന്ന പ്രക്രിയയാണ്‌. മിക്കവാറും എല്ലാ സിനിമകളിലും മകന്റെ ഭാഗത്തായിരിക്കും പ്രേക്ഷകര്‍ ഉണ്ടാകുക. അച്ഛന്‍ പലപ്പോഴും അധികാരത്തിന്റെ പ്രതിനിധി-നഷ്ടപ്പെടുന്ന അധികാരത്തെ മകനിലൂടെ തിരിച്ചുപിടിക്കണമെന്നുള്ളയാള്‍.
ആ അധികാര സങ്കല്‍പത്തിലേക്ക്‌ അതിനു പുറത്തുള്ള വ്യക്തികളെയും മൂല്യങ്ങളെയും നാം കൂട്ടിക്കൊണ്ടു വരികയാണ്‌ മക്കള്‍. ഇങ്ങനെ യാന്ത്രികമായി പറയേണ്ട ഒന്നല്ല അച്ഛന്‍-മകന്‍ ബന്ധം. അതിന്‌ തീവ്രമായ വൈകാരിക സ്‌പര്‍ശം വരുന്നുവെന്നാണ്‌ ഈ മോഹന്‍ലാല്‍ സിനിമകളുടെ പ്രത്യേകത.എന്താ ഇന്ദുചൂഡന്റെ ഫ്യൂച്ചര്‍ പ്ലാന്‍? എന്ന ആ ചോദ്യമുണ്ടല്ലോ..തിലകനാണ്‌ അച്ഛനെ മനോഹരമായി അവതരിപ്പിക്കുന്ന നടന്‍. തിലകനെ വെല്ലാന്‍ മോഹന്‍ലാല്‍ ശ്രമിക്കുമ്പോള്‍ മകനും ജോര്‍. എത്ര അവിസ്‌മരണീയമായ മുഹുര്‍ത്തങ്ങള്‍ തിലകനും മോഹന്‍ലാലും ചേര്‍ന്ന്‌ ഉണ്ടാക്കിയിട്ടുണ്ട്‌. 'ഇങ്ങനെ കൃഷിയൊക്കെയായി' എന്ന നിഷേധത്തില്‍ എന്തൊക്കെ അച്ഛനോട്‌ പറയുന്നു? നിങ്ങളുടെ കോടതിക്കും കണക്കുപുസ്‌തകത്തിനും പുറത്ത്‌ നമ്മെ ഊട്ടുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു ജനതയുണ്ട്‌ എന്ന്‌ ഒരര്‍ഥമില്ലേ.

ഭദ്രന്‍ സ്‌ഫടികത്തിന്‌ പ്രതിസിനിമയായി 'ഉടയോന്‍്‌' എടുത്തപ്പോള്‍ അതിലെ പ്രധാന വിഷയം കൃഷിയായി. നിഷേധത്തോടൊപ്പം സ്‌നേഹവുമുണ്ടെന്നതാണ്‌ സിനിമയിലെ പ്രത്യേകത. എപ്പോഴും തോമസ്‌ മാഷിനെ നിഷേധിക്കുന്ന ആടുതോമ അവസാനം അച്ഛന്‍ ഒറ്റയ്‌ക്കാവുമ്പോള്‍ രക്ഷയ്‌ക്കെത്തുന്നു. നരസിംഹത്തിലാണെങ്കില്‍ അവസാനം സിവില്‍ സര്‍വീസില്‍ ഇന്ദുചൂഡന്‍ തിരിച്ചുപോകാന്‍ തീരുമാനിക്കുന്നു. അച്ഛന്റെ രണ്ടാം ബന്ധം അറിയാതിരിക്കാന്‍ അതിലെ മകളെ സ്വന്തം ചെലവില്‍ ഏറ്റെടുത്ത്‌ കല്യാണം കഴിപ്പിക്കുന്നു. അങ്ങനെ സ്‌നേഹവും നിരാസവും ഒരേ സമയം ആസ്വദിപ്പിക്കാന്‍ സാധ്യമാകുന്നതാണ്‌ ഈ എലമെന്റ്‌. സിനിമാ പഠനത്തില്‍ പ്രധാനമായ ഒരു വസ്‌തുതയായി ഇതിനെ കാണണം. തിരക്കഥകളുടെ വിജയത്തെ നിര്‍ണയിക്കാന്‍ കഴിവുള്ള ഒരു സംഭവം കൂടിയാണ്‌ ഇത്‌.

മോഹന്‍ലാലിന്റേതുമാത്രമല്ല, ദിലീപിന്റെ 'ഇഷ്ടം' ഈ വിഷയത്തിന്റെ മറ്റൊരു രീതിയിലുള്ള ട്രീറ്റമെന്റാണ്‌. ഇതില്‍ കര്‍ക്കശക്കാരനായ അച്ഛനില്ല. പകരം അച്ഛന്‍ കുസൃതികാട്ടുന്ന മകനെപ്പോലെയാണ്‌. പിതൃരൂപത്തിന്റെ അട്ടിമറിയാണ്‌ സിനിമയിലുള്ളത്‌. ഇതില്‍ മകനാണ്‌ ശാസനയുമായി എത്തുന്നത്‌. കര്‍ക്കര്‍ശക്കാരനായ അച്ഛനില്ലാത്തതുകൊണ്ട്‌ ഈ സിനിമയില്‍ സംഘര്‍ഷമില്ല, പകരം ഒരു സൗഹൃദത്തിന്റെ ഹൃദ്യതയാണ്‌ സിനിമയുടെ അന്തരീക്ഷത്തിലുടനീളം. ഈ ബന്ധം ഉപയോരപ്പെടുത്തിയ മറ്റൊരു ചിത്രമുണ്ട്‌. 'മേലേപ്പറന്വില്‍ ആണ്‍വീട്‌'. ഇതില്‍ മക്കളെല്ലാവരും അനുസരണക്കാരാണ്‌. പ്രായമായിട്ടും അച്ഛനെ ഭയന്നു കഴിയുന്ന മക്കളുടെ ചിത്രത്തില്‍ കോമഡിക്കാണ മുന്‍തൂക്കം.

നാട്ടുനടപ്പുകള്‍ക്ക്‌ വിരുദ്ധമായി കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ്‌ കോമഡിയുണ്ടാകുന്നത്‌. അതായത്‌ ചിത്രത്തില്‍ കോമഡിയുണ്ടാകുന്നത്‌ ഇവര്‍ നിഷേധം ഉപേക്ഷിച്ചതുകൊണ്ടാണ്‌. സംഘര്‍ഷമാണ്‌ സ്വാഭാവികം. പല സിനിമകളിലും അച്ഛനെ ഭയക്കുന്ന കഥാപാത്രങ്ങള്‍ കോമഡി കാരക്ടറുകളാണെന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടാകും.

Comments

Anonymous said…
For effective circulation of your blog, please leave at least one comment after the post.
Viju V V said…
അനുസരണയും നിഷേധവും കലര്‍ന്നതാണ്‌ അച്ഛന്‍- മകന്‍ ബന്ധം. എല്ലായ്‌പ്പോഴും സംഘര്‍ഷഭരിതവുമാണ്‌. സ്വന്തമായി ഒരു വഴി വേണം എന്നാഗ്രഹിക്കുന്നവര്‍ക്ക്‌ പലപ്പോഴും അച്ഛന്റെ ഇഛകളെ തിരസ്‌കരിക്കേണ്ടി വരും. ഈ ഒരു തിരസ്‌കാരത്തെ ആസ്വദിക്കുന്നതോടൊപ്പം തന്നെ അച്ഛന്റെ ശാഠ്യങ്ങളെ നാം തിരിച്ചറിയുകയും ചെയ്യും. പക്ഷേ എന്തു ചെയ്യാം അങ്ങനെയങ്ങ്‌ അനുസരിക്കാവാനാവില്ല. അച്ഛന്‍-മകന്‍ ബന്ധം മനോഹരമായി പറഞ്ഞ പല സിനിമകളിലും മകനായി മോഹന്‍ലാല്‍ ഉണ്ടായിരുന്നു എന്നതാണ്‌ ബാലേട്ടന്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌.