അങ്ങനെ അവരും ലോട്ടറിക്കാരായി

രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ലോട്ടറിയാണ്‌ ജനങ്ങള്‍ക്ക്‌ വാഗ്‌ദാനം ചെയ്യുന്നത്‌. മറ്റൊന്നും വാഗ്‌ദാനം ചെയ്യാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെ കൂട്ടമായി അവര്‍. ഭീരുത്വം കൂടിയാണ്‌ ഇത്‌. കൊടുത്ത വാക്ക്‌ നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങള്‍ അത്‌ ക്ഷമിക്കുമോ ഇല്ലയോ എന്നറിയാത്തവരുടെ ഭീതിയില്‍ നിന്നുടലെടുത്തത്‌. മനസറിയാനുള്ള ശേഷി നഷ്ടപ്പെട്ടുവെന്നു വേണം കരുതാന്‍. തരാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ നമ്മുടെ സുഹൃത്തിനോട്‌ അത്‌ തുറന്നു പറയില്ലെ, അതിനുള്ള ശേഷി ഇല്ലാതായിരിക്കുന്നു.
ഇപ്പോള്‍ സഹകരണ വകുപ്പും ബംബര്‍ ലോട്ടറിയുമായി രംഗത്തുവന്നിരിക്കുന്നു. സ്‌പോര്‍ട്‌സ്‌ ലോട്ടറി പോലെയല്ല, സഹകരണ സ്ഥാപനങ്ങളിലെ ഭാരവാഹികളും ജീവനക്കാരും വില്‍ക്കുന്ന ലോട്ടറി. ജനജീവിതവുമായി വളരെ അടുത്തുബന്ധമുള്ളവരാണ്‌ സഹകരണ ജീവനക്കാര്‍. മിക്കവാറും പേര്‍ക്ക്‌ വ്യക്തമായ രാഷ്ട്രീയബന്ധവും ഉണ്ട്‌. അവര്‍ നൂറുരൂപയ്‌ക്ക്‌ രണ്ടു കോടിയുടെ ലോട്ടറി സ്വപ്‌നവുമായി വീടുകളില്‍ കയറിച്ചെല്ലുകയെന്നാല്‍ വേറൊരു അവസ്ഥയാണ്‌.

ഇവരില്‍ പലരും പിരിവിനു വേണ്ടി വീടുകളില്‍ എത്തുന്നവരാണ്‌. അങ്ങനെ കയറിച്ചെല്ലുമ്പോള്‍ നല്ലൊരു ആവശ്യവും പറയാനുണ്ടാകും. സ്‌കൂള്‍ കെട്ടിട നിര്‍മാണമെന്നോ, മെഡിക്കല്‍ ക്യാമ്പെന്നോ, ചികിത്സാസഹായമെന്നോ ഒക്കെ. അപ്പോഴൊന്നും അവര്‍ ഒരു ലോട്ടറി സ്വപ്‌നം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടാവില്ല. അല്ലാതെ തന്നെ പണം കിട്ടുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്‌. ഈ നിമിഷം ഒരാവശ്യം വന്നാല്‍ പോലും പെട്ടെന്ന്‌ പണമുണ്ടാക്കാന്‍ ഇവര്‍ക്ക്‌ കഴിയും.
സഹകരണ ജീവനക്കാരും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള വ്യത്യാസം ഇതാണ്‌. ഒരിക്കലും ജനങ്ങളുടെ മുഖത്തുനോക്കി സംസാരിക്കേണ്ടി വരില്ല എന്ന്‌ ഉറപ്പുള്ളവര്‍ പെരുമാറുന്നത്‌ വേറൊരു രീതിയിലാണ്‌ എന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. കമ്പനികളില്‍ തൊഴിലാളികളെക്കൊണ്ട അമിതജോലി ചെയ്യിക്കാന്‍ മാനേജര്‍്‌മാര്‍ നേരിട്ടു പറയാറില്ല. അവര്‍ ഇടനിലക്കാരെക്കൊണ്ട്‌ കാര്യങ്ങള്‍ നടത്തും. രാഷ്ട്രീയക്കാര്‍ മാനേജര്‍മാരായി എന്നതാണ്‌ മാറ്റം. സര്‍ക്കസിലെ ഗില്‍ഡ്‌ മാസ്റ്റര്‍മാരോട്‌ മാര്‍ക്‌സ്‌ താരതമ്യപ്പെടുത്തിയ വര്‍ഗമായി അവര്‍.

Comments

Anonymous said…
For effective circulation of your blog, please leave at least one comment after the post.
Anonymous said…
ഒരിക്കലും ജനങ്ങളുടെ മുഖത്തുനോക്കി സംസാരിക്കേണ്ടി വരില്ല എന്ന്‌ ഉറപ്പുള്ളവര്‍ പെരുമാറുന്നത്‌ വേറൊരു രീതിയിലാണ്‌ എന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. കമ്പനികളില്‍ തൊഴിലാളികളെക്കൊണ്ട അമിതജോലി ചെയ്യിക്കാന്‍ മാനേജര്‍്‌മാര്‍ നേരിട്ടു പറയാറില്ല. അവര്‍ ഇടനിലക്കാരെക്കൊണ്ട്‌ കാര്യങ്ങള്‍ നടത്തും. രാഷ്ട്രീയക്കാര്‍ മാനേജര്‍മാരായി എന്നതാണ്‌ മാറ്റം. സര്‍ക്കസിലെ ഗില്‍ഡ്‌ മാസ്റ്റര്‍മാരോട്‌ മാര്‍ക്‌സ്‌ താരതമ്യപ്പെടുത്തിയ വര്‍ഗമായി.