മഞ്ഞപ്രണയമേ....

മലയാളിക്ക്‌ പ്രിയപ്പെട്ട എത്ര വാക്കുകള്‍ മ എന്ന അക്ഷരത്തില്‍ തുടങ്ങുന്നുണ്ട്‌ അല്ലേ? മഴ, മഞ്ഞ്‌, മലയാളം, മഞ്ഞ അങ്ങനെ. മലയാളിയുടെ മനസിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന നിറം പലരും പറയുക ചുവപ്പെന്നാണ്‌. എന്റെ അഭിപ്രായത്തില്‍ അത്‌ മഞ്ഞയാണ്‌. നാം ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന അണിയാന്‍ ആഗ്രഹിക്കുന്ന ലോഹം-സ്വര്‍ണം മഞ്ഞയാണ്‌.

ഓണത്തിന്‌ പൂക്കളമിടാന്‍ വാങ്ങുന്ന ജമന്തിപ്പൂക്കളില്‍ ഏറെയും മഞ്ഞ. ചെണ്ടുമല്ലികയ്‌ക്കും മഞ്ഞ. മഞ്ഞളരയ്‌ക്കാത്ത കറിയുണ്ടോ നമുക്ക്‌? നാം ഏറ്റവും സന്തോഷിക്കുന്ന രാവിന്റെ നിറം എന്തായിരിക്കും. ഓര്‍മയില്ലേ? നഖക്ഷതങ്ങളിലെ ആ പഴയപാട്ട്‌. മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ട്‌ ചുറ്റി ഇന്നെന്റെ മുറ്റത്ത്‌ പൊന്നോണപ്പൂവേ നീ വന്നു...സന്തോഷത്തിന്റെയും സമൃദ്ധിയുടെയും കാലത്ത്‌ നമ്മുടെ മനസിന്‌ മഞ്ഞനിറം വരും.

അതുകൊണ്ടല്ലേ, വിഷുക്കണികാണാന്‍ നാം കൊന്നപ്പൂ വെക്കുന്നത്‌. കണിവെള്ളരി, നാണയം, കുലമാങ്ങ അങ്ങനെ എത്രയെത്ര മഞ്ഞകള്‍. അതുമാത്രമല്ല, ഓണക്കാലമാകുമ്പോഴേക്കും നമ്മുടെ നെല്‍വയലുകള്‍ വിളഞ്ഞ്‌ പൊന്‍ നിറമാകും. എന്തുഭംഗിയാണ്‌ നിറഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍ കാണാന്‍.
മഞ്ഞനിറം ഇഷ്ടപ്പെടുന്നവര്‍ പ്രത്യേക സ്വഭാവക്കാരായിരിക്കുമെന്നാണ്‌ മനശാസ്‌ത്രജ്ഞന്‍മാര്‍ പറയുന്നത്‌. ഫ്രോയ്‌ഡ്‌ പറയുന്നതുപോലെ മനോവികാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ വികാരസ്ഥിരീകരണം സംഭവിക്കുന്നവര്‍. ഇത്തരക്കാര്‍ കര്‍ക്കശ സ്വഭാവക്കാരായിരിക്കും. പിശുക്കുണ്ടാകും. ഭക്ഷണപ്രിയരായിരിക്കും. മദ്യപാനം, പുകവലി എന്നിവയില്‍ താല്‍പര്യം കൂടും. അങ്ങനെ അങ്ങനെ...

എം.എന്‍.വിജയന്‍ പറയുന്നതുപോലെ ഗുദരതിയില്‍ താല്‌പര്യമുള്ളവരായിരിക്കും....

Comments

Anonymous said…
This comment has been removed by a blog administrator.
Anonymous said…
ഓര്‍മയില്ലേ? നഖക്ഷതങ്ങളിലെ ആ പഴയപാട്ട്‌. മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ട്‌ ചുറ്റി ഇന്നെന്റെ മുറ്റത്ത്‌ പൊന്നോണപ്പൂവേ നീ വന്നു...സന്തോഷത്തിന്റെയും സമൃദ്ധിയുടെയും കാലത്ത്‌ നമ്മുടെ മനസിന്‌ മഞ്ഞനിറം വരും.
ഹായ്‌ പൂങ്കാവേ എന്തുപറയുന്നു
Viju V V said…
സന്തോഷത്തിന്റെ മഞ്ഞജീവിതം