ട്വന്റി20-മൂന്നാമത്തെ കളിയാട്ടം

1.ക്രിക്കറ്റും കാര്‍ഷിക സമൂഹവും
വീല്‍ഡിലെ ആട്ടിടയരായ കുട്ടികള്‍ കളിച്ചു തുടങ്ങിയതു വരെ മൂന്നു കാലഘട്ടങ്ങളിലൂടെ ക്രിക്കറ്റ്‌ കടന്നു പോയിട്ടുണ്ട്‌. കാര്‍ഷിക വ്യവസ്ഥയുടെ ചിഹ്നങ്ങള്‍ പേറുന്ന വ്യവസായ പൂര്‍വഘട്ടം, ആധുനികസംസ്‌കാരം തീവ്രമായ വ്യവസായ മുതലാളിത്തത്തിന്റെ ഘട്ടം, ആഗോളവത്‌കരണത്തിന്റെയും ബഹുരാഷ്ട്രീയതയുടെയും കാലം. സാമ്പത്തിക സാമൂഹ്യ പശ്ചാത്തലങ്ങള്‍ക്ക്‌ അനുസൃതമായി ക്രിക്കറ്റിന്‌ രൂപാന്തരണം സംഭവിച്ചിട്ടുണ്ട്‌.

അതില്‍ അവസാനത്തേതാണ്‌ ട്വന്റി20. പ്രഭുക്കന്മാര്‍ക്കിടയിലാണ്‌ തുടക്കവും വികാസവുമെങ്കിലും 16ാം നൂറ്റാണ്ടില്‍ ഇംഗ്‌ളണ്ടിലെ ആട്ടിടയന്മാര്‍ക്കിടയിലാണ്‌ ക്രിക്കറ്റിന്റെ ഉത്ഭവം എന്ന വാദം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.
തെക്കു പടഞ്ഞാറന്‍ ഇംഗ്‌ളണ്ടിലെ കെന്റിനും സസെക്‌സിനുമിടയിലെ മരങ്ങളാല്‍ സമൃദ്ധമായ വീല്‍ഡ്‌ പ്രദേശത്തെ കൂട്ടികളുടെ കളിയായാണ്‌ ക്രിക്കറ്റിന്റെ രംഗപ്രവേശം. കൃഷിക്കാരുടെയും ലോഹപ്പണിക്കാരുടെയും പ്രദേശമായിരുന്നു ഇത്‌. ആട്ടിന്‍ തോലില്‍ പൊതിഞ്ഞ മരക്കഷണമായിരുന്നു അന്നത്തെ ബോള്‍. ഇതിന്റെ പരിഷ്‌കൃത രൂപമാണ്‌ ഇന്നത്തെ സ്‌റ്റിച്ച്‌ ബോള്‍.

ഇടയക്കുട്ടികള്‍ ഉപയോഗിച്ചിരുന്ന വടി തന്നെ ബാറ്റും ഇരിപ്പിടമോ മരങ്ങളോ വിക്കറ്റുമായി ഉപയോഗിച്ചു. പൊതുവെ ആണ്‍കുട്ടികളുടെ കളിയായിരുന്നു ക്രിക്കറ്റ്‌ അക്കാലത്ത്‌. 1597-ല്‍ സറെയിലെ ഗില്‍ഡ്‌ ഫോര്‍ഡിലെ റോയല്‍ ഗ്രാമര്‍ സ്‌കൂളിന്റെ ഉടമസ്ഥതാ തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ്‌ ക്രിക്കറ്റിനെക്കുറിച്ചുള്ള ആദ്യ പരാമര്‍ശമുള്ളത്‌.

59 കാരനായ ജോണ്‍ ഡെറെക്‌ താന്‍ കുട്ടിക്കാലത്ത്‌ ഈ സ്‌്‌ഥലത്ത്‌ ക്രിക്കറ്റ്‌ കളിച്ചിരുന്നതായി പറഞ്ഞിരുന്നു. 1622ല്‍ സസെക്‌സിലെ രണ്ടുപേരെ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാതെ ക്രിക്കറ്റ്‌ കളിച്ചതിന്‌ വിചാരണ നടത്തിയതായും പരാമര്‍ശമുണ്ട്‌. കാര്‍ഷിക സമൂഹത്തിന്റെയും ഫ്യൂഡല്‍ വ്യവസ്ഥയുടെയും കാലത്താണ്‌ ക്രിക്കറ്റ്‌ രൂപം കൊണ്ടത്‌. പൊതുവെ ആ കാലത്തിന്റെ സാംസ്‌കാരികമായ പ്രത്യേകതകള്‍ ക്രിക്കറ്റിനുണ്ട്‌. ഉപരിവര്‍ഗത്തിനുണ്ടായ നീണ്ട ഒഴിവുനേരങ്ങള്‍ക്കനുസൃതമായാണ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പോലുള്ള രൂപങ്ങള്‍ ഉണ്ടായത്‌. ആദ്യകാലത്ത്‌ ഒരു ടീമിലെ മൂഴുവന്‍ പേരും ഔട്ടാവുന്നതുവരെ എറിയണമായിരുന്നു.
2.ദേശീയതയുടെ ഉദയം
ക്രിക്കറ്റിലെ ദേശീയതയുടെ കടന്നുവരവാണ്‌ രണ്ടാം ഘട്ടം. മാത്രമല്ല, വ്യവസായവത്‌കൃത-മുതലാളിത്ത സമൂഹം രൂപപ്പെട്ടതോടെ ക്രിക്കറ്റിന്റെ ദൈര്‍ഘ്യവും ഘടനയും സംബന്ധിച്ച്‌ കര്‍ശനമായ നിയമങ്ങളുണ്ടായി. 19ാം നൂറ്റാണ്ടാവുമ്പോഴേക്കും കൊളോണിയലിസത്തിന്റെ ഭാഗമായി, ബ്രിട്ടീഷ്‌ ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനിയോടൊപ്പം ഇന്ത്യയിലും വെസ്റ്റ്‌ ഇന്‍ഡീസിലും ക്രിക്കറ്റ്‌ എത്തിയിരുന്നു.

1844-ല്‍ ആണ്‌ യു.എസ്‌.എയും കാനഡയും തമ്മില്‍ ന്യൂയോര്‍ക്കില്‍ ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരം നടത്തുന്നത്‌. രാജ്യങ്ങള്‍ക്കിടയില്‍ ക്രിക്കറ്റുകളിക്കാനായുള്ള യാത്രകള്‍ തുടങ്ങുന്നതും ഇക്കാലത്താണ്‌. 1859-ല്‍ ആണ്‌ വടക്കേ അമേരിക്കയിലേക്ക്‌ പോയി ആദ്യത്തെ ക്രിക്കറ്റ പര്യടനത്തിന്‌ തുടക്കമിട്ടത്‌.
1862-ല്‍ ഇവര്‍ ആസ്‌ട്രേലിയയിലേക്കും പോയി.

1877-ല്‍ ഇംഗളണ്ടും ആസ്‌ടേലിലയയും തമ്മിലാണ്‌ ആദ്യത്തെ ടെസ്‌റ്റ്‌ മത്സരം നടന്നത്‌. 1882-ല്‍ ആഷസ്‌ പരന്വര തുടങ്ങി. രണ്ടുരാജ്യങ്ങള്‍ക്കിടയില്‍ ഏകദിന-ടെസ്റ്റ്‌ മത്സരങ്ങള്‍ക്കായുള്ള പര്യടനം അതിന്റെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ടതാണ്‌. ക്രിക്കറ്റിനായി നാം 14 വര്‍ഷത്തോളം പാകിസ്‌താനിലേക്ക്‌ പോയിരുന്നില്ല. രാജ്യങ്ങളുടെ ബന്ധങ്ങള്‍ ഇണക്കിച്ചേര്‍ക്കുന്നതിലും ക്രിക്കറ്റിന്‌ വന്‍ പ്രാധാന്യമുണ്ട്‌. ദക്ഷിണാഫ്രിക്ക ഏറെക്കാലം ക്രിക്കറ്റില്‍ നിന്ന്‌ വിലക്കപ്പെട്ടത്‌ ആ രാജ്യത്ത്‌ വംശീയത തുടര്‍ന്നതിന്റെ പേരിലാണ്‌.പരിമിത ഓവര്‍ ക്രിക്കറ്റിന്റെ വരവാണ്‌ ക്രിക്കറ്റിനെ മറ്റു രാജ്യങ്ങളില്‍ ജനകീയമാക്കിയത്‌.

ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ വേതനം നല്‍കി അവരെ തൊഴിലാളികളായി അംഗീകരിക്കപ്പെട്ടതും ഇക്കാലത്താണ്‌. അതേ സമയം, തൊഴിലിനുള്ള പ്രതിഫലത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളില്‍ നിന്ന്‌ കളിക്കാര്‍ വിട്ടുനില്‍ക്കുന്നുവെന്ന്‌ കാണാം. ഇതിനെ മറികടക്കുന്ന ഒരു പരിവേഷം ക്രിക്കറ്റ്‌ താരങ്ങള്‍ക്കുണ്ടായിരുന്നു. പഴയ മുതലാളിത്തിന്റെ ഒരു സ്വഭാവമായിരുന്നു ഇത്‌. എല്ലാ തൊഴിലുകള്‍ക്കും കേവലം ഉപജീവനോപാധി എന്നതിലപ്പുറം തൊഴിലിനെ മഹത്വവത്‌കരിക്കുന്ന ഒരു പരിവേഷം കൂടി നിര്‍മിച്ചു നല്‍കുക. കളിയില്‍ തന്നെ എല്ലാ കളിക്കാരും ഒരേ പോലെയല്ല. ചില കളിക്കാര്‍ അമാനുഷ കഴിവുകളുള്ള വീരന്മാരെപ്പോലെ പരിഗണിക്കപ്പെടുന്നു. ഈ പരിവേഷത്തിന്‌ ട്വന്റി20 യുടെ വരവോടെ അന്ത്യമായി.

3.ട്വന്റി 20 എന്ന ഉത്സവം

ഏകദിന ക്രിക്കറ്റിന്റെ ചില വിമര്‍ശനങ്ങളെ മറികടന്നാണ്‌ ട്വന്റി 20 എന്ന കളിരൂപം ആസ്വാദകര്‍ക്കിടയിലേക്ക്‌ കടന്നു വരുന്നത്‌. ക്രിക്കറ്റിന്‌ നേരത്തെയുണ്ടായിരുന്ന അനുഷ്‌ഠാനപരതയും പരിവേഷങ്ങളും ഇതിലില്ല. ക്രിക്കറ്റിന്റെ മുഖ്യ ആനന്ദമായ ബൗണ്ടറി-സിക്‌സര്‍ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇതിലെ രസം. പരമാവധി റണ്‍ സ്‌കോറര്‍ ചെയ്യുകയാണ്‌ ഇതിലെ ആഘോഷം. അതെ സമയം റണ്‍ വാരിക്കൂട്ടുന്ന ബാറ്റ്‌സ്‌മാന്റെ ഉത്‌പാദന ശേഷിയെ തകര്‍ത്ത്‌ അയാളെ ഗാലറിയിലേക്ക്‌ പറഞ്ഞയക്കുന്ന ബോളറുടെ കഴിവിന്‌ ഈ കളിയില്‍ അധികം പ്രാധാന്യമില്ല. അയാള്‍ക്ക്‌ പല സ്‌പെല്ലുകളിലായി ഉറഞ്ഞാടാനുള്ള സാധ്യത ട്വന്റി20 അനുവദിക്കുന്നില്ല. അത്‌ ഏകദിന ക്രിക്കറ്റിന്റെ ഫോക്‌ലോറാണ്‌.

ട്വന്റി ട്വന്റിയില്‍ പെട്ടെന്ന്‌ എറിഞ്ഞ്‌ തീര്‍ക്കാവുന്ന നാല്‌ ഓവര്‍മാത്രമേ ഒരാള്‍ക്ക്‌ കിട്ടൂ. അതായത്‌ താരം എന്നതിലുപരി റണ്‍ അടിച്ചൂ കൂട്ടാനുള്ള ഒരാളുടെ മികവാണ്‌ കളി മിടുക്കിനെ നിശ്ചയിക്കുന്നത്‌. റണ്‍ ഉത്‌പാദനമാണ്‌ കളിയിലെ പ്രധാന ലക്ഷ്യം. ഇവിടെ വീര പരിവേഷമുള്ള ഒരു താരത്തേക്കാള്‍ ക്രിക്കറ്റ്‌ എന്ന തൊഴിലില്‍ ഉള്ള ഒരാളുടെ മികവിനാണ്‌ സ്ഥാനം.

ഐ.പി.എല്‍ ലേലത്തില്‍ സച്ചിന്‍, ദ്രാവിഡ്‌, ഗാംഗുലി എന്നിവരേക്കാള്‍ തുക ധോണി നേടിയത്‌ ഓര്‍ക്കുക. ഇത്‌ ആഗോളവത്‌കരണകാലത്തെ തൊഴിലിന്റെ സ്വഭാവം കൂടിയാണ്‌. വിഗ്രഹങ്ങളെക്കാള്‍ അത്‌ ചെറുപ്പക്കാരുടെ ഊര്‍ജത്തെ അടിസ്ഥാനമാക്കിയാണ്‌ നിലനില്‍ക്കുന്നത്‌.ദേശീയത എന്ന ആശയത്തിന്റെ തകര്‍ച്ചയാണ്‌ മറ്റൊരു സവിശേഷത. ഐ.പി.എല്‍. എന്ന ക്ലബ്‌ ക്രിക്കറ്റാണ്‌ ട്വന്റി 20യുടെ ആധിപത്യത്തിനും സ്വീകാര്യതയ്‌ക്കും പ്രധാന അടിസ്ഥാനമായത്‌. രാജ്യങ്ങള്‍ക്ക്‌ സ്വന്തമായി, അല്ലെങ്കില്‍ പ്രാദേശിക സംസ്‌കാരത്തെ അടിസ്ഥാനമാക്കി രൂപം കൊണ്ടിരുന്ന ടീം സങ്കല്‍പത്തെ ഇത്‌ അട്ടിമറിച്ചു. ദേശങ്ങള്‍ക്കിടയിലെ അതിര്‍ത്തിയെ അപ്രസക്തമാക്കുന്ന രീതിയില്‍ വിവിധ രാജ്യങ്ങളിലെ കളിക്കാര്‍ ഒരുമിച്ചു കളിക്കുന്ന രീതിയായി. ആഗോള സമ്പദ്‌ വ്യവസ്ഥയുടെ ഒരു സ്വഭാവമായ ഭൂഖണ്ഡങ്ങള്‍ക്കിടയിലെ മൂലധനത്തിന്റെയും തരക്കിന്റെയും ഒഴുക്കുപോലെ ഭൂഖണ്ഡങ്ങള്‍ക്കിടയിലെ വിഭവശേഷിയുടെയും ഒഴുക്ക്‌ ട്വന്റി 20യില്‍ ഉണ്ട്‌.

കാള്‍ സെന്ററുകളിലും മറ്റും ഈ രീതി ഇപ്പോള്‍ തുടരുന്നുണ്ടല്ലോ. അതായത്‌ സമകാലിക തൊഴില്‍ സംസ്‌കാരത്തിന്റെ ശീലങ്ങളെ സ്വായത്തമാക്കുന്നതാണ്‌ ട്വന്റി20 എന്ന കായിക രൂപം.കളിയിലേക്കുള്ള സ്വകാര്യ മൂലധനത്തിന്റെ കടന്നു വരവാണ്‌ മറ്റൊന്ന്‌.
2003-ല്‍ ഇംഗ്‌ളണ്ടിലെ കൗണ്ടിയിലാണ്‌ ട്വന്റി 20യുടെ പിറവിയെങ്കിലും ഇത്‌ ജനപ്രിയത നേടിയത്‌ ഐ.പി.എല്ലിന്റെ വിജയത്തോടെയാണ്‌. അതിനുമുമ്പോ മുന്‍ നായകന്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ സീ ടിവിയാണ്‌ ഇന്ത്യയില്‍ ഈ ആശയം മുന്നോട്ടുവെച്ചത്‌. ഒരു സ്വകാര്യ സംരംഭം എന്ന നിലയിലാണ്‌ ഇതിനെക്കുറിച്ചുള്ള ആദ്യചര്‍ച്ചകള്‍ നടന്നത്‌. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള-ഒരു പൊതുമേഖലാ സ്ഥാപനംപോലെ പ്രവര്‍ത്തിക്കുന്ന- ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ(ബി.സി.സി.ഐ)യുടെ ചട്ടക്കൂടുകളെ മറികടക്കുന്നതായിരുന്നു ഇതിലെ മൂലധന സംവിധാനം. ആ സന്ദര്‍ഭത്തിലാണ്‌ ബി.സി.സി.ഐ തന്നെ ക്രിക്കറ്റ്‌ ക്ലബുകള്‍ രൂപവത്‌കരിച്ച്‌ ടൂര്‍ണമെന്റിനൊരുങ്ങിയത്‌. ഇതില്‍ തന്നെ കളിക്കാരുടെ മേലുള്ള നിയന്ത്രണം ക്ലബുകള്‍ക്കുവേണ്ടി പണം മുടക്കുന്ന സംരംഭകര്‍ക്കാണ്‌.

വിജയ്‌ മല്യയുടെ ബാംഗ്‌ളൂര്‍ റോയല്‍ ചാലഞ്ചേര്‍സ്‌, ഇന്ത്യാ സിമന്റ്‌സിന്റെ ചെന്നൈ സൂപ്പര്‍കിങ്‌സ്‌, ഡെക്കാന്‍ ക്രോണിക്കിളിന്റെ ഡെക്കാന്‍ ചാര്‍ജേഴ്‌സ്‌, ജി.എം.ആര്‍.ഹോള്‍ഡിങ്‌സിന്റെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌, പ്രീതി സിന്റയുടെ പഞ്ചാബ്‌ കിങ്‌സ്‌ ഇലവന്‍ ഇങ്ങനെ പോകുന്നു ടീമുകളുടെ ഉടമസ്ഥത. ക്രിക്കറ്റ്‌ ടീമുകളുടെ സ്വകാര്യ ഉടമസ്ഥത എന്നത്‌ പുതിയ സംഭവമാണ്‌.

ടൂര്‍ണമെന്റിന്റെ വിജയത്തോടെ മറ്റു രാജ്യങ്ങളില്‍ മുതല്‍ മുടക്കാന്‍ സംരംഭകര്‍ ഇറങ്ങിയിട്ടുണ്ട്‌. ചുരുങ്ങിയത്‌ എട്ടു മണിക്കൂറെങ്കിലും ഉണ്ടായിരുന്ന ആസ്വാദന സമയം രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ വരെയായി ചുരുങ്ങിയതാണ്‌ മറ്റൊരു പ്രത്യേകത.

ഇന്ത്യന്‍ തൊഴില്‍ രംഗത്ത്‌ സ്വകാര്യ കമ്പനികളും മറ്റ്‌ ഏജന്‍സികളും തുറന്ന അവസരങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഇത്തരമൊരു മാറ്റം. കൂടാതെ സര്‍ക്കാര്‍ തന്നെ തൊഴിലുറപ്പു പോലുള്ള പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി. നേരത്തെ ക്രിക്കറ്റ്‌ ആളുകളെ തൊഴിലെടുക്കാതെ മടിയന്‍മാരാക്കുന്നു എന്ന വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ പത്തു ശതമാനത്തോളം പേര്‍ തൊഴില്‍ രഹിതരായ രാജ്യത്ത്‌്‌ ഇതിന്‌ കാഴ്‌ചക്കാരുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌.

ഈ കാഴ്‌ചക്കാര്‍ കൂടി ഇല്ലാതാകുന്നു എന്നു വേണം ആസ്വാദന സമയം കുറഞ്ഞ ട്വന്റി 20 യുടെ വരവിനെ കാണേണ്ടത്‌. ഇന്ത്യന്‍ തൊഴില്‍ രംഗത്തുണ്ടായ മാറ്റത്തിന്റെ ഭാഗം കൂടിയായി ഈ രൂപത്തെ കാണണം.

Comments

Anonymous said…
സമകാലിക തൊഴില്‍ സംസ്‌കാരത്തിന്റെ ശീലങ്ങളെ സ്വായത്തമാക്കുന്നതാണ്‌ ട്വന്റി20 എന്ന കായിക രൂപം.കളിയിലേക്കുള്ള സ്വകാര്യ മൂലധനത്തിന്റെ കടന്നു വരവാണ്‌ മറ്റൊന്ന്‌. 2003-ല്‍ ഇംഗ്‌ളണ്ടിലെ കൗണ്ടിയിലാണ്‌ ട്വന്റി 20യുടെ പിറവിയെങ്കിലും ഇത്‌ ജനപ്രിയത നേടിയത്‌ ഐ.പി.എല്ലിന്റെ വിജയത്തോടെയാണ്‌. അതിനുമുമ്പോ മുന്‍ നായകന്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ സീ ടിവിയാണ്‌ ഇന്ത്യയില്‍ ഈ ആശയം മുന്നോട്ടുവെച്ചത്‌