ഓര്‍മകള്‍; തിണ- നെയ്‌തല്‍

(പൂങ്കാവ്‌ പുരാണം-രണ്ടാം ഭാഗം)
1

പ്രവാസിയായി തുടരുന്നതുകൊണ്ടാകണം നാടിന്‌ ഇപ്പോള്‍ വല്ലാത്ത സൗന്ദര്യമുണ്ടെന്ന്‌ തോന്നിത്തുടങ്ങുന്നത്‌. അന്യനാകുമ്പോഴാണ്‌ സൗന്ദര്യം അറിയുക. നാട്ടിലെത്തിയാല്‍ പണ്ട്‌ കളിച്ചുമടുത്ത വഴികള്‍ നടന്നു തീര്‍ക്കാന്‍ പോലും പറ്റാതെയായി. എങ്കിലും വഴികളിലൂടെ ഏകാകിയായ്‌ അങ്ങനെ...

2. ഇതിലേ നടക്കുമ്പോഴാണ്‌ ഓര്‍മകള്‍ എന്ന വാക്കിന്‌ വല്ലാത്ത ഭംഗിയുണ്ടെന്ന്‌ തോന്നുന്നത്‌. തെങ്ങിന്‍കൂട്ടത്തിനു നടുവിലെ തീരെ ആകര്‍ഷകമല്ലാത്ത വീട്‌ ഇപ്പോള്‍ പ്രിയപ്പെട്ടതായി തോന്നുന്നു. അശ്വതിയാണ്‌ എന്ത്‌ രസമാണ്‌ ഇവിടെയിരിക്കാന്‍ എന്നു പറഞ്ഞത്‌. ഈ തോട്ടിന്‍ കരയിലിരിക്കാന്‍ അവള്‍ക്ക്‌ ഭയങ്കര ഇഷ്ടമായിരുന്നു.











3.ഇവിടെ ഇരിക്കാവുന്ന ഒരു കല്‍പടവുണ്ട്‌. പണ്ട്‌ ഇത്‌ കടവായിരുന്നു. അപ്പുറത്തെ കര മാട്ടൂലാണ്‌. ഇവിടെ നിന്ന്‌ 10 മിനിറ്റ്‌ തുഴഞ്ഞാല്‍ മാട്ടൂലെത്താം. ബസിന്‌ പോയാല്‍ മുക്കാല്‍ മണിക്കൂറെങ്കിലും വേണം. എന്റെ വല്യച്ഛനായിരുന്നു ഇവിടെ കടത്തുകാരന്‍. അന്ന്‌, കുറെ മാഷന്മാര്‍ മാട്ടൂല്‍ സ്‌കൂളിലേക്ക്‌ തോണിയില്‍ പോകും.
4. തോണിക്ക്‌ ഇരുവശത്തുമായി ഘടിപ്പിച്ച രണ്ടു പങ്കായമുണ്ടാകും, ഇത്‌ യാത്രക്കാര്‍ തന്നെ വലിക്കണം. ഇപ്പോള്‍ ആരും ഇതുവഴി യാത്രയില്ല. വല്യച്ഛന്‍ കടത്തുമതിയാക്കി കുറെക്കാലം മീന്‍പിടിക്കാന്‍ പോയിരുന്നു. ഇപ്പോള്‍ തീരെ വയ്യ.













5.ഒരു വൈകുന്നേരം ഞങ്ങള്‍ ഇവിടെയിരിക്കുകയായിരുന്നു. ഇളയച്ഛന്റെ രണ്ടു ചെറിയ ആണ്‍കുട്ടികളുമുണ്ട്‌. അശ്വതി വെറുതെ കുട്ടികളെ കരയിക്കും. ശബ്ദം സഹിക്കാതായപ്പോഴാണ്‌ ഞാന്‍ അവള്‍ക്കുനേരെ കൈയോങ്ങിയത്‌. പെട്ടെന്ന്‌ എന്റെ കണ്ണിലേക്ക്‌ നോക്കി വല്ലാത്ത ഭാവത്തോടെ അവള്‍ പറഞ്ഞു-എനിക്കറിയാം നിനക്കെന്നെ അടിക്കാനാവില്ലെന്ന്‌. പെണ്ണുങ്ങള്‍ എത്രപെട്ടെന്നാണ്‌ നമ്മളെ നിരായുധനാക്കുന്നത്‌!











6.അക്കരെ കാണുന്ന കരയില്ലെ, അതാണ്‌ മാട്ടൂല്‍. അതിനപ്പുറം കടലാണ്‌.










7.തോണിയാത്ര നല്ല രസമാണ്‌. ചില വേനല്‍ക്കാലങ്ങളില്‍ പുഴയില്‍ നല്ല കാറ്റുണ്ടാകും. അന്നേരം തിരകള്‍ ആളുയരത്തില്‍ പൊങ്ങും. തോണി ആടിയുലയും. പേടിയാകും. എന്നാലും വല്യച്ഛന്‍ മെലിഞ്ഞ കൈ കൊണ്ട്‌ തുഴഞ്ഞ്‌ അക്കരെയെത്തിക്കും.












8.സംഘസാഹിത്യത്തില്‍ നെയ്‌തല്‍ എന്നു വിളിക്കുന്നതാണ്‌ തിണ. കടല്‍ പ്രദേശം. മീന്‍ പിടിത്തമാണ്‌ പ്രധാന തൊഴില്‍. മീന്‍തിന്നി പക്ഷികളും ഉണ്ടാകും. കൊക്ക്‌, മീന്‍കൊത്തി, പിന്നെ കടല്‍പക്ഷികള്‍..ഞങ്ങളുടെ അയല്‍വാസിയായ സജീവന്‌ സ്വന്തമായി തോണിയുണ്ട്‌. അതിലാണ്‌ മീന്‍ പിടിക്കാന്‍ പോകുക. വലയുമുണ്ട്‌. ചെറുപ്പത്തില്‍ വല്യച്ഛന്റെ മക്കളെല്ലാവരും കൂടി രാവിലെ ഞണ്ടു പിടിക്കാന്‍ പോകും. വേലിയിറക്ക സമയത്ത്‌ തോട്ടില്‍ വെള്ളമുണ്ടാകില്ല. അന്നേരം അറ്റം വളഞ്ഞ ഇരുമ്പുകമ്പിയുമായി ഞണ്ടിന്റെ മാളങ്ങളില്‍ കുത്തിനോക്കും. ഒരു സഞ്ചി നിറയെ ഞണ്ടുമായാണ്‌ അവര്‍ വരിക. കൈപ്പാട്ടിലെ ചളിയില്‍ പുതഞ്ഞ്‌ കറുത്ത ഷൂസുപോലെയുണ്ടാകും അവരുടെ കാലുകളില്‍. അവര്‍ കൊണ്ടു വരുന്ന ഞണ്ടുകള്‍ ചിലവയുടെ പുറംതോട്‌ ഉറച്ചിട്ടുണ്ടാകില്ല. ഞങ്ങള്‍ അതിനെ പഞ്ഞിഞണ്ട്‌ എന്നു പറയും. അവയ്‌ക്ക്‌ കടിക്കാനാവില്ല. ഞങ്ങള്‍ കുട്ടികള്‍ക്ക്‌ വളരെ ഇഷ്ടമായിരുന്നു ഈ ഞണ്ടിനെ.













കുട്ടിക്കാലത്ത്‌ ഈ അണക്കെട്ട്‌ എനിക്ക്‌ ഭയങ്കര പേടിയായിരുന്നു. അണക്കെട്ടിന്റെ നടുവിലൂടെ നോക്കിയാല്‍ താഴേക്ക്‌ വിള്ളലുണ്ട്‌. ഇതിലൂടെ വീണുപോകുമെന്നായിരുന്നു എന്റെ പേടി. പിന്നീടൊരിക്കല്‍ അശ്വതിയുമായി ഞാനിവിടെ നില്‍ക്കുമ്പോള്‍ അവള്‍ ചോദിച്ചു-ഇപ്പോള്‍ ഞാനിവിടെ നിന്ന്‌ താഴേക്ക്‌ വീണാല്‍ നീയെന്തുചെയ്യും? എനിക്കൊന്നും ചെയ്യാനാവില്ല. നീന്തലറിയില്ല. മാത്രമല്ല, വീണാല്‍ അപ്പോതന്നെ ചത്തുപോകുമെന്നുറപ്പാണ്‌. ആരെയെങ്കിലും വിളിച്ചുകൊണ്ടുവന്ന്‌ തപ്പിനോക്കണം. പാതി കളിയായും കാര്യമായുമാണ്‌ ഞാന്‍ പറഞ്ഞത്‌. ഞാനാണ്‌ വീഴുന്നതെങ്കിലോ? അവളോടു ചോദിച്ചു-"ഞാനും വെള്ളത്തിലേക്ക്‌ ചാടും. നീയില്ലാതെ വീട്ടിലേക്ക്‌ ഞാന്‍ പോകില്ല." അങ്ങനെയാണ്‌ അവളെന്നെ കീഴടക്കുന്നത്‌.













ഒരു ദിവസം അവള്‍ക്ക്‌ വെള്ളത്തിലറങ്ങണം. പക്ഷേ പേടിയാണ്‌. ഞാന്‍ കൈപിടിച്ച്‌ വെള്ളത്തിലേക്കിറങ്ങി. ആഴത്തിലേക്കെത്തുന്തോറും എന്റെ അരയില്‍ ചുറ്റിപ്പിടിച്ച അവളുടെ കൈകള്‍ മുറുകിവന്നു. അരയോളം വെള്ളത്തിലെത്തിയപ്പോള്‍ അവള്‍ പറഞ്ഞു-ഇനി പോകണ്ട.













പങ്കായമില്ലാത്ത ഒരു തോണി പോലെയാണ്‌ ഓര്‍മകള്‍...ഒരു ലക്ഷ്യവുമില്ലാതെ..ക്രമവൂമില്ലാതെ...













മുമ്പ്‌ ഈ ഭാഗത്തു വന്ന്‌ ഞങ്ങള്‍ ചൂണ്ടയിടുമായിരുന്നു. അണക്കെട്ടിനു വന്നാല്‍ വലിയ മീനുകള്‍ കിട്ടും. സ്‌കൂളില്‍ സമരമായാല്‍ രാവിലെ തന്നെ മണ്ണിര കിളച്ചെടുത്ത്‌ മഞ്ചക്ക്‌ എത്തും. മണ്ണിരയിട്ടാല്‍ ഏട്ടമത്സ്യം മാത്രമേ കിട്ടൂ. ഏട്ട കൊത്തുന്നത്‌ പ്രത്യേക തരത്തിലാണ്‌. ആദ്യം ഒന്നു മുട്ടും. മൂന്നാമതും മുട്ടുമ്പോള്‍ വലിച്ചോടും. അന്നേരമാണ്‌ ചൂണ്ട വലിക്കേണ്ടത്‌. പയത്തി, പിലോപ്പി മീനുകളും ഇതു പോലെ തന്നെ. കരിമീന്‍ വേറെയാണ്‌. ചെമ്മീന്‍ വേണം ഇര. മഞ്ചയുടെ പലകകള്‍ക്കിടയിലാണ്‌ ഉണ്ടാകുക. ഒഴുക്കില്ലാത്ത സ്ഥലങ്ങളില്‍. മൂട്ടുമ്പോള്‍ തന്നെ വലിച്ചില്ലെങ്കില്‍ ചൂണ്ടയില്‍ ഇരയുണ്ടാവില്ല. ചെമ്മീന്‍ വേണമെങ്കില്‍ പുഴയില്‍ നിന്ന്‌ തപ്പിയെടുക്കണം. പണ്ട്‌ നാട്ടിലെ സ്‌ത്രീകള്‍ പുഴയില്‍ ചെമ്മീന്‍ തപ്പാന്‍ പോകും. പുലയസ്‌ത്രീകളാണ്‌ തപ്പാന്‍ പോകുക. ഇവരുടെ കൈയില്‍ ഓലകൊണ്ടുമെടഞ്ഞ കുരിയ ഉണ്ടാകും. ഇത്‌ വായില്‍ കടിച്ചുപിടിച്ച്‌ രണ്ടു കൈകൊണ്ടും തപ്പും. ചെമ്മീന്‍ തടഞ്ഞാല്‍ തലയോടെ പിടിച്ച്‌ കൂരിയയില്‍ ഇടും. ചിലപ്പോള്‍ ഞണ്ടിന്റെ കടിയും കൊള്ളും.
ഏട്ടമുള്ളുകൊണ്ടു കുത്തിയാലാണ്‌ ഏറ്റവും വേദന. ചിലപ്പോള്‍ ചൂണ്ടയില്‍ പാമ്പുപോലുള്ള മലഞ്ഞിന്‍ കുടുങ്ങും. പിന്നെ ആ ചൂണ്ട ഉപയോഗിക്കാന്‍ കഴിയില്ല. കൂടുങ്ങി മറിഞ്ഞ്‌ അലാക്കാകും.













കണ്ടല്‍ക്കാടുകള്‍ നിറഞ്ഞു നില്‍ക്കുന്ന സ്‌ഥലത്താണ്‌ എന്റെ വീട്‌. അവിടെ പൊക്കുടനില്ല. നാട്ടുകാര്‍ തന്നെയാണ്‌ സംരക്ഷിക്കുക. ആരെങ്കിലും കണ്ടല്‍ മുറിക്കാന്‍ വന്നാല്‍ അക്കരെ നിന്ന്‌ ആരെങ്കിലും വിളിച്ചുകൂവും. ഞങ്ങള്‍ പശുവിന്‌ കൊടുക്കാന്‍ കണ്ടലിന്റെ ഇല പൊട്ടിക്കും. ചെറിയ ഉപ്പുരസമുള്ള ഉപ്പട്ടിയും പശുവിന്‌ ഇഷ്ടമാണ്‌.









തോട്ടുങ്കരയിലെ പുല്ലൂകളില്‍ മൂഴുവന്‍ ഉപ്പുപൊടിഞ്ഞിട്ടുണ്ടാകും. പണ്ട്‌ ഞ്‌ങ്ങളുടെ വീട്ടില്‍ പശുക്കളുണ്ടായിരുന്നു. രാവിലെ പറമ്പില്‍ കൊണ്ടുപോയി കൊട്ടാന്‍ എനിക്ക ഭയങ്കര മടിയായിരുന്നു. പിന്നെ വൈകിട്ട്‌ തിരികെ കൊണ്ടു വരികയും വേണം. ഇതിനിടയില്‍ കളിക്കാന്‍ പോകാന്‍ വരെ പറ്റില്ല. പോയാല്‍ വൈകും. തല്ലുറപ്പാണ്‌. പിന്നെ വലുതായപ്പോഴാണ്‌ ഇതിനൊരു കാലപനിക ഭംഗിയുണ്ടെന്ന്‌ തോന്നിത്തുടങ്ങിയത്‌. അന്നേരം പഴങ്കഥയിലെ കാലിച്ചെക്കനായി മുന്നിലും പിന്നിലും പശുക്കളുമായി ഞാനങ്ങനെ ഗമയില്‍ നടക്കും.

Comments

Viju V V said…
പ്രവാസിയായി തുടരുന്നതുകൊണ്ടാകണം നാടിന്‌ ഇപ്പോള്‍ വല്ലാത്ത സൗന്ദര്യമുണ്ടെന്ന്‌ തോന്നിത്തുടങ്ങുന്നത്‌. അന്യനാകുമ്പോഴാണ്‌ സൗന്ദര്യം അറിയുക. നാട്ടിലെത്തിയാല്‍ പണ്ട്‌ കളിച്ചുമടുത്ത വഴികള്‍ നടന്നു തീര്‍ക്കാന്‍ പോലും പറ്റാതെയായി. എങ്കിലും വഴികളിലൂടെ ഏകാകിയായ്‌
രജീവ് said…
വിജൂ,
ഗൃഹാതുരത്വമുണര്‍ത്തുന്ന കുറിപ്പുകളും ചിത്രങ്ങളും.
നന്നായിരിക്കുന്നു. മെയിലില്‍ വന്നതു ഒന്നും മനസ്സിലായില്ല. നല്ലൊരു ടെമ്പ്ലേറ്റിലേയ്ക്കു മാറ്റി ബ്ലോഗ് കുറച്ചുകൂടി മനോഹരമാക്കൂ.
എഴുത്തു തുടരുക, ആശംസകള്‍.
Anonymous said…
its beautiful man...really nostalgic.....
Anonymous said…
From the description, i undestand that the mail u send was attached
with nostalgic pics...
ican t see anything...plz forward me the pics
Viju V V said…
This comment has been removed by the author.
Anonymous said…
hi dear,

enne kothippikkukayan ee mail.nammude nadinde saundaryam ariyan,anubhavichariyan.......gulf vasy akanam.....kannillenkil kannind vilayariyam...

then very nice your mail......i expect again this type of mail from you.....
viju.kuwait
babu said…
viju etta,
sugam ennu karuthunnu..njanum oru pravasi anu.riyadhil anu.nannayirikkunnu. athilupariyayi ningalkku abhimanikkam karanam ithrayum sundharamaya oru sthalathnu ningal jeevichathu ennu.