വീട്ടിലേക്കുള്ള വഴി-മാടായിപ്പാറയിലൂടെ















1.
മാടായിപ്പാറയില്‍ ഇപ്പോള്‍ കത്തുന്ന വേനലാണ്‌. പാറയിലെപുല്ലുകള്‍ പോലും കരിഞ്ഞുതുടങ്ങി. ഇപ്പോള്‍ ഇടക്കിടെ തീപിടിത്തമുണ്ടാകും. ഏക്കറുകണക്കിനാണ്‌ കത്തിത്തീരുക. പിന്നെ ഇഴജന്തുക്കളും മറ്റും ചത്ത മണമായിരിക്കും. പണ്ട്‌ പോര്‍ച്ചുഗീസുകാര്‍ ഇതിനെ ലാന്‍ഡ്‌ ഓഫ്‌ ബര്‍ണിങ്‌ ഫയര്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. എരിയുന്ന പുരം. എരിപുരം ഇതിന്റെ കീഴ്‌ഭാഗത്തുള്ള സ്ഥലമാണ്‌. ഇതിന്റെ ചരിവിലുള്ള മാടായി സ്‌കൂളില്‍ എഴുത്തുകാരനായ എന്‍.പ്രഭാകരന്‍ പഠിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ തീയൂര്‍ രേഖകള്‍ എന്ന നോവല്‍ എരിപുരത്തെക്കുറിച്ചാണത്രെ. എരിയുന്ന പുരം തന്നെ തീയുടെ ഊരും.

2. ഇതിന്റെ പടിഞ്ഞാറെച്ചരിവില്‍ വെങ്ങരയിലാണ്‌
എന്റെ ഇപ്പോഴത്തെ വീട്‌. പണ്ട്‌ അമ്മയുടെ വീട്ടില്‍ ഇതിലെ പോകുമ്പോള്‍ എന്റെയൊരു കൗതുക ഭൂമിയായിരുന്നു മാടായിപ്പാറ. വടുകുന്ദ ക്ഷേത്രവും തടാകവും എല്ലാം. ഇപ്പോള്‍ പലപ്പോഴും ബസ്‌ സ്‌റ്റോപ്പിലിറങ്ങാതെ പാറ തുടങ്ങുന്ന ഇടത്തുതന്നെ ഇറങ്ങി നടക്കാറാണ്‌ പതിവ്‌. ബസില്‍ പോയാല്‍ അതിന്റെയൊരു സൂഖം കിട്ടില്ല.

3. മാടായി കോളേജില്‍ വന്നതിനു ശേഷമാണ്‌ ഈ ഭൂമിയോട്‌ കുറച്ചധികം അടുപ്പം വന്നത്‌. അതിന്‌ കാരണമുണ്ട്‌.

4.പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രത്തിന്‌ നമ്മോട്‌ കുറെ കാര്യങ്ങള്‍ പറയാനാകും. വരണ്ടഭൂമിയിലെ ഈ ഒറ്റമരത്തെ പ്പോലെ. നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിലും സ്ഥലത്തിന്‌ പ്രധാന പങ്കുണ്ട്‌. പെയ്യുമ്പോള്‍ തീവ്രമായി തളിര്‍ക്കുന്ന മഴക്കാലവും ഒരുതുള്ളിയുടെ പ്രതീക്ഷപോലുമില്ലാത്ത വരണ്ട വേനലും കത്തുമ്പോള്‍ ഒന്നും ബാക്കിയാവാതെ എരിഞ്ഞുതീരലും ഇതിന്റെ സ്വഭാവമാണ്‌. നെയ്‌തല്‍ തീരങ്ങളിലെ ആളുകള്‍ വൈകാരികത കൂടുതലുള്ളവരാകുന്നത്‌ ഇത്‌ കൊണ്ടാകും. സംഘസാഹിത്യത്തില്‍ ഭൂപ്രദേശത്തെ അടിസ്ഥാനമാക്കിയാണല്ലോ ഉള്ളടക്കം നിര്‍ണയിക്കുന്നത്‌.


5. വടുകുന്ദ അമ്പലം മാത്രമല്ല, പ്രസിദ്ധമായ മാടായിക്കാവും ഇതിന്റെ ഒരരികിലുണ്ട്‌. ഉത്തരമലബാറിലെ ശാക്തേയ ആരാധനാകേന്ദ്രങ്ങളില്‍ പ്രമുഖമായ സ്ഥാനം ഇതിനുണ്ട്‌. മത്സ്യ മാംസങ്ങള്‍ ഭക്ഷിക്കുന്ന ഒറിയ ബ്രാഹ്മണരാണ്‌ ഇവിടെ പൂജ നടത്തുന്നത്‌. ചിക്കന്‍ പോക്‌സ്‌ പോലുള്ള രോഗങ്ങള്‍ വന്നാല്‍ മാടായിക്കാവില്‍ ദര്‍ശനം നടത്തണമെന്നത്‌ ഞങ്ങളുടെ ഒരു വിശ്വാസമാണ്‌. ഭഗവതി മാരിയും കുരിപ്പും വാരിയെറിയുന്നതാണല്ലോ വസൂരി. കണ്ണൂരിന്റെ പലഭാഗങ്ങളില്‍ നിന്നും ദിവസേന ആളുകള്‍ ഇവിടെയെത്തും.

Comments