സബ്‌ എഡിറ്റര്‍മാര്‍ ഫുട്‌ബോളിലെ ഫോര്‍വേഡുകളെപ്പോലെയാണ്‌


പലപ്പോഴും തോന്നിയിട്ടുണ്ട്‌. സബ്‌ എഡിറ്റര്‍മാര്‍ ഫുട്‌ബോളിലെ ഫോര്‍വേഡുകളെപ്പോലെയാണ്‌. റിപ്പോര്‍ട്ടര്‍മാര്‍ തരുന്ന വാര്‍ത്ത പന്താണ്‌. അത്‌ മനോഹരമായി പ്ലേസു ചെയ്യുന്നവരാണ്‌ സബ്‌എഡിറ്റര്‍മാര്‍. എന്നാല്‍ പന്തുകിട്ടിയില്ലെങ്കിലും കളി ജയിപ്പിക്കാന്‍ കഴിയണം എന്നതാണ്‌ ഫോര്‍വേഡുകളുടെ വെല്ലുവിളി. തോറ്റാല്‍ പഴിമുഴുവന്‍ ഇക്കൂട്ടര്‍ക്കായിരിക്കും.

ഒരു വേള കോച്ചുവരെ ഫോര്‍വേഡിനെ കുറ്റപ്പെടുത്തും. മൊത്തം കളി മോശമായിരുന്നുവെന്ന്‌ അദ്ദേഹത്തിന്‌ തന്നെ അറിയാമെങ്കിലും.
വാര്‍ത്തയില്‍ വരുന്ന പിശകുകള്‍ പരിശോധിച്ച്‌ ശരിപ്പെടുത്തേണ്ടത്‌ അവരാണ്‌. പിറ്റേന്ന്‌ പിഴവ്‌ വന്നാല്‍ പഴി മുഴുവന്‍ കേള്‍ക്കേണ്ടതും അവര്‍ തന്നെ. എന്നാല്‍ നല്ല പാസുകള്‍ തിരിച്ചറിഞ്ഞ്‌ മനോഹരമായി ഫിനിഷ്‌ ചെയ്യുന്ന പോലെതന്നെ അര്‍ഹമായ വാര്‍ത്തകള്‍ക്ക്‌ ആവശ്യമായ പരിഗണന കൊടുക്കാനാകാത്തതും അയാളുടെ പരാജയമാണ്‌.
പൊതുവെ പത്രപ്രവര്‍ത്തനം കൊണ്ട്‌ കാര്യമായി ഒന്നും നേടാത്തവരാകുന്നു സബ്‌ എഡിറ്റര്‍മാര്‍. റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ പകലാണ്‌ പലപ്പോഴും ജോലി. രാത്രി ജോലി അവരുടെ ജീവിതത്തെ അപഹരിക്കുന്നില്ല. എന്നാല്‍ സബ്‌ എഡിറ്റര്‍മാര്‍ക്ക്‌ മിക്കവാറും രാത്രിയാകും ജോലി. രാത്രി തിരിച്ചെത്തുന്ന സ്ഥലമാണ്‌ വീട്‌ എന്നാണെങ്കില്‍ പത്രസ്ഥാപനമാണ്‌ സബ്‌ എഡിറ്റര്‍ക്ക്‌ വീട്‌. ജോലി കഴിഞ്ഞ്‌ അയാള്‍ ഉറങ്ങാന്‍ പോകുമ്പോഴേക്കും ഭാര്യ ജോലിക്ക്‌ പോകാന്‍ തയാറായിരിക്കും.

കുട്ടികള്‍ ഉണര്‍ന്ന്‌ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങിയിരിക്കും. അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യുന്നതുകൊണ്ട്‌ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ അത്രയൊന്നും കിട്ടുന്നില്ല. അലസമായ സായാഹ്നങ്ങള്‍ അന്യമായവരാണ്‌ ഇവര്‍. എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവനാണ്‌ എഴുത്തുകാരന്‍ എന്ന്‌ മുമ്പ്‌ പറഞ്ഞത്‌ സബ്‌ എഡിറ്ററെ കുറിച്ചായിരിക്കണം. എല്ലാ അര്‍ഥത്തിലും. വാര്‍ത്തയെ സംബന്ധിച്ചാണെങ്കില്‍ റിപ്പോര്‍ട്ടര്‍ ഉറങ്ങിപ്പോയാലും സബ്‌ എഡിറ്റര്‍ ജാഗ്രതയിലായിരിക്കണം. വാര്‍ത്തയ്‌ക്കിടയില്‍ പതിയിരിക്കുന്ന അപകടങ്ങളെ പട്ടിയുടെ ഘ്രാണശക്തിയോടെ തിരിച്ചറിയുന്നത്‌ അയാളാണ്‌.
സാധാരണ ഗതിയില്‍ രാത്രിജോലിക്കുണ്ടാകുന്ന റിപ്പോര്‍ട്ടര്‍മാരുടെ എണ്ണം ഒന്നോ രണ്ടോ ആയിരിക്കും. എന്നാല്‍ ശരാശരി 15 സബ്‌ എഡിറ്റര്‍മാരെങ്കിലും രാത്രി ജോലിക്കുണ്ടാകും.
വാര്‍ത്തയോടൊപ്പം പേരുവരുന്നതിനാല്‍ റിപ്പോര്‍ട്ടര്‍മാരെ പലപ്പോഴും വായനക്കാര്‍ക്ക്‌ അറിയാനാകും.

എന്നാല്‍ സബ്‌ എഡിറ്റര്‍മാര്‍ വിരമിക്കും വരെ ജീവിച്ചിരിക്കുന്നു എന്ന്‌ ഒരു വായനക്കാരന്‍ പോലും അറിയാറില്ല. പിന്നെ എന്താണ്‌ നേട്ടം?
സ്വന്തം കഷ്ടപ്പാടുകള്‍ മറച്ചുവെച്ചുകൊണ്ട്‌ മറ്റുള്ളവരുടെ പ്രശ്‌നങ്ങളെക്കുറിച്ചെഴുതുന്നവരാകുന്നു പത്രപ്രവര്‍ത്തകര്‍ എന്നൊരു അഭിപ്രായം തുറന്നു പറയുന്നതില്‍ ഇപ്പോള്‍ പലര്‍ക്കും അത്രയൊന്നും സങ്കോചം തോന്നുന്നില്ല.
വീട്ടില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ വരുന്ന ഫോണ്‍കോളുകള്‍ സങ്കോചമില്ലാതെ അറ്റന്‍ഡു ചെയ്യാനുള്ള കഴിവ്‌ ഇല്ലെങ്കില്‍ പലപ്പോഴും ജീവിതം അവതാളത്തിലാകും. ജോലിയും വീട്ടുകാര്യവും ഒരുമിച്ചുകൊണ്ടുപോകാനുള്ള ശേഷിയില്ലാത്തവര്‍ക്ക്‌ ജീവിതത്തിന്റെ കണക്കെടുപ്പില്‍ നഷ്ടങ്ങള്‍ മാത്രമേ ബാക്കിയുണ്ടാകൂ. അതിനെ മഹത്വല്‍ക്കരിക്കാന്‍ ത്യാഗത്തിന്റെ പരിവേഷങ്ങള്‍ അവര്‍തന്നെ ഉണ്ടാക്കും.
ജോലി എന്ന നിലയില്‍ കല്ലുകെട്ടുന്നവരില്‍ നിന്നോ ഓട്ടോ ഓടിക്കുന്നവരില്‍ നിന്നോ വലിയ വ്യത്യാസമൊന്നും ഇല്ലാത്തതാണ്‌ പത്രപ്രവര്‍ത്തനം.

കല്ലുകെട്ടുന്നയാള്‍ കെട്ടിയ വീടിന്‌ സ്വന്തം പേരിടാത്ത പോലെ പേജുകെട്ടിയുണ്ടാക്കുന്ന സബ്‌ എഡിറ്ററും പേജിന്‌ പേരിടുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ടര്‍ അങ്ങനെയല്ല. എഴുതുന്ന വാര്‍ത്തയോടൊരപ്പം സ്വന്തം പേരടിച്ചുവരണമെന്നാഗ്രഹിക്കുന്നയാളാണ്‌. വര്‍ഗവഞ്ചകന്‍. സിനിമയില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും പേ
സിനിമകളില്‍ പത്രപ്രവര്‍ത്തകന്‍ എന്നു പറഞ്ഞ്‌ അവതരിപ്പിക്കുന്നത്‌ പലപ്പോഴും റിപ്പോര്‍ട്ടര്‍മാരെയാണ്‌. സബ്‌ എഡിറ്റര്‍മാരെക്കുറിച്ച്‌ കാര്യമായി എടുത്ത ഏതെങ്കിലും സിനിമകളുണ്ടോ? ഉണ്ടെങ്കില്‍ അതില്‍ കോമഡിക്ക്‌ ഏറെ സാധ്യതകളുണ്ടാകും.
റിപ്പോര്‍ട്ടര്‍ അയാള്‍ എഴുതുന്ന വാര്‍ത്തകളുടെ വിശദാംശങ്ങളാണ്‌ കൂടുതല്‍ അറിയുന്നതെങ്കില്‍ സബ്‌ എഡിറ്റര്‍മാര്‍ എല്ലാ വാര്‍ത്തകളും വായിക്കുന്നവരാണ്‌. അബദ്ധങ്ങള്‍, തമാശകള്‍, അത്ഭുതങ്ങള്‍ എന്തൊക്കെയാണ്‌ ഈ ഡെസ്‌കില്‍ എത്തുന്നത്‌. ഇവ പരസ്‌പരം പങ്കുവെക്കാനും പലപ്പോഴും ശ്രമിക്കും. ഇതാണ്‌ ഡെസ്‌കിലെ ജോലി വിരസമല്ലാതാക്കുന്നത്‌.

Comments

Viju V V said…
വീട്ടില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ വരുന്ന ഫോണ്‍കോളുകള്‍ സങ്കോചമില്ലാതെ അറ്റന്‍ഡു ചെയ്യാനുള്ള കഴിവ്‌ ഇല്ലെങ്കില്‍ പലപ്പോഴും ജീവിതം അവതാളത്തിലാകും. ജോലിയും വീട്ടുകാര്യവും ഒരുമിച്ചുകൊണ്ടുപോകാനുള്ള ശേഷിയില്ലാത്തവര്‍ക്ക്‌ ജീവിതത്തിന്റെ കണക്കെടുപ്പില്‍ നഷ്ടങ്ങള്‍ മാത്രമേ ബാക്കിയുണ്ടാകൂ. അതിനെ മഹത്വല്‍ക്കരിക്കാന്‍ ത്യാഗത്തിന്റെ പരിവേഷങ്ങള്‍ അവര്‍തന്നെ ഉണ്ടാക്കും.