അനുശോചന തൊഴിലാളി യൂണിയന്‍

രണ്ടുകാര്യങ്ങള്‍ കേരളത്തില്‍ വളരെ അത്യാവശ്യമാണ്‌-ഒന്ന്‌ ഒരു അനുശോചന തൊഴിലാളി യൂണിയന്‍. ആരെങ്കിലും മരിച്ചുകഴിഞ്ഞാല്‍ ഒന്നനുശോചിക്കാതെ ഉറക്കം വരാത്ത ചിലരുണ്ട്‌. അനുശോചിക്കുക മാത്രമല്ല, അത്‌ പത്രത്തില്‍ വരികയും വേണം.
കാഞ്ഞങ്ങാട്ടെ ഒരു ക്ലബ്‌ ചെസ്‌ കളിക്കാരന്‍ ബോബ്‌ ഫിഷര്‍ മരിച്ചപ്പോള്‍ വരെ അനുശോചിച്ചിട്ടുണ്ട്‌. അല്ലാതെ ഒരു സമാധാനം കിട്ടില്ല. കാഞ്ഞങ്ങാട്ട്‌ മലയിടിഞ്ഞ്‌ മൂന്നുപേര്‍ മരിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ഒരു എം.എല്‍.എ പത്ര ബ്യൂറോയിലേക്ക്‌ വിളിച്ചു-സംഭവം ശരിയോണോന്നറിയാന്‍. എന്നിട്ടു പറഞ്ഞു-എന്റെ അനുശോചനം കൂടി ഒന്നു കൊടുത്തേക്കണേ എന്ന്‌.
കാസര്‍കോട്‌ നിന്ന്‌ ആ സമയം ഒരു നേതാവു പോലും അനുശോചിച്ചിരുന്നില്ല. അങ്ങനെയാണിവര്‍. വലിയ സങ്കടമൊന്നും വേണ്ട. അനുശോചിച്ചവരുടെ കൂട്ടത്തില്‍ പേരുകാണുമ്പോള്‍ ഒരു സന്തോഷം.
ഇതിനാണ്‌ അനുശോചന തൊഴിലാളി യൂണിയന്‍.
സംസ്ഥാനതലത്തില്‍ ഒരു കമ്മിറ്റി വേണം. പ്രമുഖരായ ആളുകള്‍ മരിച്ചാല്‍ സംസ്ഥാന കമ്മിറ്റി അനുശോചനക്കുറിപ്പ്‌ ഇറക്കിയാല്‍ മതി. ജില്ലാതലത്തില്‍ ആള്‍ക്കാര്‍ മരിക്കുമ്പോള്‍ ജില്ലാകമ്മിറ്റി കുറിപ്പിറക്കട്ടെ. വ്യക്തിപരമായി കൊടുക്കുമ്പോള്‍ പത്രത്തില്‍ ചിലപ്പോള്‍ വരണമെന്നില്ല. എല്ലാവരുടെയുമൊന്നും അനുശോചനം കൊടുക്കാന്‍ കഴിഞ്ഞെന്നു വരില്ല.
അങ്ങനെയുള്ളവര്‍ക്ക്‌ സംഘടനയുടെ വാര്‍ത്ത വന്നുവെന്നെങ്കിലും ആശ്വസിക്കാം. ആരെങ്കിലും മരിച്ചാല്‍ അപ്പോള്‍ തന്നെ യോഗം ചേരണം-അനുശോചനയോഗം. ചിലപ്പോള്‍ കമല സുരയ്യ മരിക്കുമ്പോള്‍ അനുശോചിക്കണമെന്നു തോന്നിയ ക്ലബുകാരൊക്കെയുണ്ടാകും. അങ്ങനെയുള്ളവര്‍ക്ക്‌ സംഘടനയില്‍ അംഗമായി സംസ്ഥാനകമ്മിറ്റിയുടെ കുറിപ്പുവരുമ്പോള്‍ അതു ഞങ്ങളുടെ കൂടി കുറിപ്പാണ്‌ എന്ന്‌ ആശ്വസിക്കാമല്ലോ.
നാട്ടുകാര്‍ മരിക്കുമ്പോള്‍ ലോക്കല്‍ ആള്‍ക്കാര്‍ക്കും അവസരം കിട്ടുമല്ലോ. അനുശോചനം അര്‍ഹിക്കുന്നവര്‍ക്ക്‌ എന്തെങ്കിലും മാനദണ്ഡം തയാറാക്കാം.
കൂടുതല്‍ അനുശോചനങ്ങള്‍ നടത്തുന്ന കമ്മിറ്റികള്‍ക്ക്‌ വേണമെങ്കില്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കാം. മറ്റൊന്ന്‌ ധര്‍ണയ്‌ക്കും സമരത്തിനും വേണ്ടിയാണ.്‌ അത്‌ അടുത്ത ബ്‌ളോഗില്‍...

Comments

Viju V V said…
രണ്ടുകാര്യങ്ങള്‍ കേരളത്തില്‍ വളരെ അത്യാവശ്യമാണ്‌-ഒന്ന്‌ ഒരു അനുശോചന തൊഴിലാളി യൂണിയന്‍. ആരെങ്കിലും മരിച്ചുകഴിഞ്ഞാല്‍ ഒന്നനുശോചിക്കാതെ ഉറക്കം വരാത്ത ചിലരുണ്ട്‌. അനുശോചിക്കുക മാത്രമല്ല, അത്‌ പത്രത്തില്‍ വരികയും വേണം. കാഞ്ഞങ്ങാട്ടെ ഒരു ക്ലബ്‌ ചെസ്‌ കളിക്കാരന്‍ ബോബ്‌ ഫിഷര്‍ മരിച്ചപ്പോള്‍ വരെ അനുശോചിച്ചിട്ടുണ്ട്‌. അല്ലാതെ ഒരു സമാധാനം കിട്ടില്ല.