ബക്കറ്റ്‌ എന്ന രൂപകവും മഹാകവി പി.യും

പാര്‍ട്ടി വിപ്പുകള്‍ ലംഘിച്ചുകൊണ്ട്‌ കവിത വീണ്ടും സി.പി.എമ്മിലേക്ക്‌ തിരിച്ചുവരികയാണ്‌. 2007 ഏപ്രിലിലാണ്‌ കവിതയോടുള്ള സി.പി.എമ്മിന്റെ സമീപനം പ്രഖ്യാപിച്ചത്‌. ജനശക്തി വാരികയില്‍ കമ്യൂണിസ്റ്റുകള്‍ എന്ന കവിതയെഴുതിയ കെ.സി.ഉമേഷ്‌ ബാബുവിനെ സി.പി.എം. പുറത്താക്കി. 'നമുക്കെല്ലാം കാറായി, വീടായി, നമ്മുടെകുട്ടികള്‍ ഇംഗ്ലീഷ്‌ മീഡിയത്തിലായി, അവരെ സ്വാശ്രയ കോളേജിലയക്കുന്നതിനും പണം കൊടുത്ത്‌ ജോലി വാങ്ങുന്നതിനും ഉള്ള തുകകള്‍ വെവ്വേറെ എഫ്‌.ഡികളിലായി' എന്ന്‌ പോകുന്ന കവിത പാര്‍ട്ടി വിരുദ്ധമായി സ.പി.ശശി പ്രഖ്യാപിച്ചു.
മറ്റൊരു (മഹാകവി പി.) വിജയന്‍ ഇതെക്കുറിച്ച്‌ ആശയപരമായ വ്യക്തതയും വരുത്തി. ഇക്കാലത്ത്‌ കവിത കൊണ്ടൊന്നും പാര്‍ട്ടിയില്‍ ആളുകളെ നിര്‍ത്താം എന്നൊക്കെ പറയുന്നത്‌ മണ്ടത്തരമാണ്‌.
അതായിരുന്നു കവിതയെക്കുറിച്ചുള്ള സി.പി.എമ്മിന്റെ സാംസ്‌കാരിക നയം. സെക്രട്ടറി പറയുന്നതല്ലാതെ പിന്നെന്താണ്‌ നയം?

അന്ന്‌ എം.എന്‍.വിജയന്‍ വൈലോപ്പിള്ളിയെയും ഇടശ്ശേരിയെയും ഉദ്ധരിച്ച്‌ മാധ്യമം ആഴ്‌ചപ്പതിപ്പില്‍ എഴുതിയിരുന്നു. 'പുത്തന്‍ കലവും അരിവാളും' 'കുടിയൊഴിക്കലു'മൊക്കെയായിരുന്നുവല്ലോ ഒരു കാലത്ത്‌ കമ്യൂണിസ്‌റ്റ്‌ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നത്‌.
അടുത്തിടെ സംസ്ഥാന സെക്രട്ടറി തന്നെ നേരത്തെ പ്രഖ്യാപിച്ച നയത്തില്‍ നിന്ന്‌ വ്യതിചലിച്ചിട്ടുണ്ട്‌.
നവകേരളമാര്‍ച്ചിന്റെ സമാപനത്തില്‍ തിരുവനന്തപുരത്ത്‌ പിണറായി തന്നെ ഒരു കവിത ചൊല്ലി. ബക്കറ്റിലെ വെള്ളത്തില്‍ കടലിരമ്പം കോരിയെടുക്കാമെന്നുവച്ച കുട്ടിയെക്കുറിച്ച്‌. ഇനി കവിതയൊന്നും വായിച്ചിട്ടോ എഴുതിയിട്ടോ ഒന്നും കാര്യമില്ലെന്ന്‌ വിചാരിച്ചിരുന്ന കാവ്യാസ്വാദകര്‍ക്ക്‌ പെട്ടെന്ന്‌ ജീവന്‍ വന്നു. ചെല്ലിയ ഉറുദു കവിത പെട്ടെന്ന്‌ കണ്ടുപിടിച്ചു. ഇഖ്‌ബാലിന്റെതാണ്‌ കവിത.
ബക്കറ്റിലെ വെള്ളം എന്നത്‌ ഉപമയാണോ ഉത്‌പ്രേക്ഷയാണോ രൂപകമാണോ എന്ന്‌ നമ്മള്‍ കണ്ടുപിടിച്ചു.
ബക്കറ്റ്‌ ഒരു രൂപകമാണ്‌. കടലും വെള്ളവും രൂപകമാണ്‌. ശരിക്കും രൂപകാലങ്കാരം മാത്രമാണോ ഇതിലുള്ളതെന്നും ചര്‍ച്ചചെയ്യാവുന്നതാണ്‌.
എങ്കിലും കുറച്ചുദിവസത്തിനുശേഷം മറ്റൊരു കാവ്യാവലോകനം കൂടി നടന്നു. അത്‌ കമ്യൂണിസ്‌റ്റ്‌ മുഖ്യമന്ത്രിയായ വി.എസ്‌.അച്യുതാനന്ദന്റെ വകയാണ്‌. അര്‍ധരാത്രി സൂര്യനുദിച്ചാല്‍ പല വിശുദ്ധരുടെയും മുഖംമൂടികള്‍ വെളിച്ചത്താകും. അന്ന്‌ ബക്കറ്റിലെ വെള്ളത്തിന്‌ മറ്റൊരു കഥ പറയാനുണ്ടാകും-എന്ന്‌ അദ്ദേഹം വ്യാഖ്യാനിച്ചു. വ്യാഖ്യാതാ വേത്തി നോ കവി?അല്ലെങ്കിലും അധസ്ഥിത വര്‍ഗത്തിന്റെ വിമോചനം സ്വപ്‌നം കാണുന്ന ഏതു പ്രസ്ഥാനത്തിന്റെയും നേതാക്കള്‍ക്ക്‌ കവിത മനസില്‍ നിന്ന്‌ ഒഴിവാക്കാന്‍ പറ്റില്ല.
എന്തായാലും വെള്ളം കോരാന്‍ മാത്രമുള്ള ഒരു സാധനത്തിന്‌ അതിലുമപ്പുറം കാവ്യമൂല്യമുണ്ട്‌ എന്ന്‌ വെളിവായല്ലോ. അല്ലെങ്കിലും ബക്കറ്റിന്‌ കാവ്യചരിത്രത്തിലുള്ള സ്ഥാനം നിസാരമൊന്നുമല്ല.

ആധുനിക കാവ്യശാഖയുടെ പുഷ്‌കല കാലത്ത്‌ ആശാന്‍ വെള്ളം കോരി നില്‍ക്കുന്ന ചണ്ഡാലയുവതിയോട്‌ ദാഹജലം ആവശ്യപ്പെട്ട ബുദ്ധഭിക്ഷുവിനെ വരച്ചിട്ടില്ലേ. ആശാന്‍ എന്നാല്‍ വെളിയം ഭാര്‍ഗവനല്ല കേട്ടോ. സാക്ഷാല്‍ കുമാരനാശാന്‍. ആശയഗംഭീരന്‍.
ബക്കറ്റിന്‌ കക്കൂസിലാണ്‌ സ്ഥാനം എന്നാണ്‌ യുവകവി എം.സ്വരാജ്‌ എഴുതിയത്‌. യുവാക്കള്‍ അങ്ങനെയാണ്‌. യാഥാസ്ഥിതിക ബിംബങ്ങളെ തകര്‍ക്കുകയും നവീനമായ പരിപ്രേക്ഷ്യത്തില്‍ അതിനെ പ്രതിഷ്‌ഠിക്കുകയും ചെയ്യും. അതില്‍ രോഷത്തിന്റെ വിത്തുകള്‍ ഉണ്ടാകും.
എന്തായാലും കവികള്‍ക്ക്‌ പ്രതീക്ഷയുണ്ട്‌. സാമ്പത്തിക മാന്ദ്യം കാരണമാകും പാര്‍ട്ടിയില്‍ പുതിയ കവികളെ നിയമിക്കാന്‍ മിനക്കെടാത്തത്‌. പിന്നെ വെറ്ററന്‍ ആസ്വാദകരായ അഴീക്കോട്ടെ സഖാവ്‌ ഇപ്പോഴുണ്ടല്ലോ?
അതില്‍ കവിത അവസാനിച്ചുവെന്ന്‌ കരുതിയെങ്കില്‍ തെറ്റി. കാവ്യാവലോകനം തുടരുകയാണ്‌. മുമ്പ്‌ മൊണാലിസയുടെ ചിരി എന്തിന്റേതാണ്‌ എന്ന്‌ നാം ആലോചിച്ച്‌ കഷ്ടപ്പെട്ടതോര്‍മയുണ്ടോ? അതുപോലൊരു സന്ദര്‍ഭം വന്നു. ഇലക്ഷന്‍ കഴിഞ്ഞ ആലസ്യത്തില്‍ പത്രക്കാരോട്‌ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വി.എസ്‌.ചിരിച്ചതിനെക്കുറിച്ച്‌. എന്തായിരുന്നു ആ ചിരി? തത്വമസി എഴുതിയ വേദപാരംഗതന്‍ സുകുമാര്‍ അഴീക്കോട്‌ ആണ്‌ ആദ്യം അഭിപ്രായം പറഞ്ഞത്‌. അത്‌ വഞ്ചനയുടെ ചിരിയാണ്‌. പിന്നീട്‌ കൊലച്ചിരിയാണെന്ന്‌ ഔദ്യോഗിക സര്‍ക്കുലര്‍ വന്നു.
ഇതു സംബന്ധിച്ച്‌ ഒരു സന്ദര്‍ഭം ഓര്‍മവരുന്നുണ്ട്‌. ഉമ്പര്‍ട്ടോ എക്കോവിന്റെ 'ദി നെയിം ഓഫ്‌ റോസ്‌' എന്ന നോവലില്‍. ഒരു കാവ്യസംവാദം. ബൈബിളില്‍ മഗ്‌ദലനമറിയത്തില്‍ നിന്ന്‌ തൈലം സ്വീകരിക്കുമ്പോള്‍ യേശു ചിരിച്ചിരുന്നോ എന്നു പണ്ഡിതര്‍ തമ്മില്‍ വന്‍ സംവാദം. ചിരിച്ചിരുന്നെങ്കില്‍ എന്തുതരം ചിരി? അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തമനുസരിച്ച്‌ ചിരി അഥവാ കോമഡി താഴ്‌ന്ന വിഭാഗം ജനങ്ങളെ ചിത്രീകരിക്കാനാണ്‌. ഷേക്‌സ്‌പിയര്‍ നാടകങ്ങളില്‍ കോമഡി ഉണ്ടാകുന്നത്‌ സാധാരണ ജനങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്‌. അങ്ങനെ വന്നാല്‍ യേശുവിന്റെ ചിരി മറിയത്തിനെ താഴ്‌ന്നവളായി കണ്ടു എന്നതിന്റെ തെളിവല്ലേ? എല്ലാവരെയും സമഭാവനയോടെ കാണാനാവാത്ത ഒരാള്‍ എങ്ങനെയാണ്‌ ദൈവമാകുക. സംവാദം പൊടിപൊടിച്ചു. അവസാനം സംവാദം നടന്ന കെട്ടിടത്തിന്‌ തീപിടിച്ചു. അങ്ങനെയാണ്‌ നോവല്‍ അവസാനിക്കുന്നത്‌.

അല്ല ചില സംവാദങ്ങള്‍ കാണുമ്പോള്‍ ഇത്‌ ഓര്‍മവരും.
ഏതായാലും കവിത തിരിച്ചുവരുന്നതിനെക്കുറിച്ച്‌ എനിക്ക്‌ മറ്റൊരഭിപ്രായമാണ്‌. നേരിട്ട്‌ പറയാന്‍ സന്ദര്‍ഭമോ സ്വാതന്ത്യമോ ഇല്ലാതാകുമ്പോഴാണ്‌ നമുക്ക്‌ കവിത ഉപയോഗിക്കേണ്ടിവരിക. അസ്വതന്ത്രമായ കേരളീയ സമൂഹത്തിലാണ്‌ നമ്മുടെ കാവ്യശാഖ ഏറ്റവും ശക്തമായത്‌. അടിയന്തരാവസ്ഥ കാലത്താണ്‌ നാം ഇന്നും ഏറ്റുചെല്ലുന്ന ഏറ്റവും തീവ്രമായ കവിതകളുണ്ടായത്‌. ചുവന്ന ആധുനികത ഉണ്ടായത്‌. സച്ചിദാനന്ദനും ബാലചന്ദ്രനും കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും ഗദ്യസാഹിത്യത്തില്‍ മുകുന്ദനും വിജയനും സക്കറിയയും കാക്കനാടനും എല്ലാം നമ്മുടെ പ്രിയങ്കരരായത്‌. നമുക്ക്‌ പറയാനാകാതെ പോയത്‌ കാവ്യാത്മകമായ ഗൂഢഭാഷയില്‍ അവര്‍ പറഞ്ഞതുകൊണ്ടാണ്‌ അവരെ നാം ഏറ്റുവാങ്ങിയത്‌. ഇന്ന്‌ ആ ഭാഷയുടെ ആവശ്യമില്ല. പ്രണയം പോലും ഏറ്റവും ലളിതമായി എസ്‌.എം.എസില്‍ ആവിഷ്‌കരിക്കാം. നമ്മുടെ ചില അടഞ്ഞ വിഭാഗങ്ങളെ ഒഴിവാക്കിയാല്‍ , കാര്യങ്ങള്‍ തെളിഞ്ഞ ഭാഷയിലാണ്‌ എല്ലാവരും സംസാരിക്കുന്നത്‌. സി.പി.എം ഇപ്പോഴും അടച്ചിട്ട മുറിയിലാണ്‌. അതില്‍ അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന അധികാരഘടനയുണ്ട്‌. അത്‌ ജനാധിപത്യപരമല്ല. കുറച്ചു വര്‍ഷം മുമ്പ്‌ പാര്‍ട്ടിയില്‍ ഉണ്ടായ സംവാദം പോലും ഇതിനെക്കുറിച്ചായിരുന്നു. കാറ്റും വെളിച്ചവും കടക്കുന്നത്‌ എന്തിന്‌ എന്നായിരുന്നു സംവാദത്തിന്റെ തലക്കെട്ടുതന്നെ. ഈ കവിതകള്‍ അഭിപ്രായങ്ങളെ തടവിലിട്ടവരുടെ ആവിഷ്‌കാരങ്ങളാണ്‌. മറ്റുള്ളവരെ കേള്‍ക്കാനുള്ള സഹിഷ്‌ണുത ഉണ്ടാകുന്നതുവരെ കാവ്യഭാഷയിലേ ഇവര്‍ രാഷ്ട്രീയം പറയൂ.

Comments

Viju V V said…
ബക്കറ്റിന്‌ കാവ്യചരിത്രത്തിലുള്ള സ്ഥാനം നിസാരമൊന്നുമല്ല. ആധുനിക കാവ്യശാഖയുടെ പുഷ്‌കല കാലത്ത്‌ ആശാന്‍ വെള്ളം കോരി നില്‍ക്കുന്ന ചണ്ഡാലയുവതിയോട്‌ ദാഹജലം ആവശ്യപ്പെട്ട ബുദ്ധഭിക്ഷുവിനെ വരച്ചിട്ടില്ലേ. ആശാന്‍ എന്നാല്‍ വെളിയം ഭാര്‍ഗവനല്ല കേട്ടോ. സാക്ഷാല്‍ കുമാരനാശാന്‍. ആശയഗംഭീരന്‍.
ബക്കറ്റിന്‌ കക്കൂസിലാണ്‌ സ്ഥാനം എന്നാണ്‌ യുവകവി എം.സ്വരാജ്‌ എഴുതിയത്‌. യുവാക്കള്‍ അങ്ങനെയാണ്‌. യാഥാസ്ഥിതിക ബിംബങ്ങളെ തകര്‍ക്കുകയും നവീനമായ പരിപ്രേക്ഷ്യത്തില്‍ അതിനെ പ്രതിഷ്‌ഠിക്കുകയും ചെയ്യും. അതില്‍ രോഷത്തിന്റെ വിത്തുകള്‍ ഉണ്ടാകും.