പുകവലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌

(ഓര്‍ഹന്‍ പാമുക്കിന്റെ 'അദര്‍ കളേഴ്‌സ്‌' അടുത്തിടെ പുറത്തിറങ്ങിയ പുസ്‌തകമാണ്‌. അതിലെ ഗിവിങ്‌ അപ്‌ സ്‌മോക്കിങ്‌ എന്ന കുറിപ്പാണിത്‌. കൃത്യമായ വിവര്‍ത്തനമല്ല, ഒരു വായനാനുഭവം മാത്രമാണിത്‌. പുകവലിയെക്കുറിച്ച്‌ ബ്ലോഗില്‍ വരുന്ന രണ്ടാമത്തെ കുറിപ്പാണ്‌ ഇത്‌. നേരത്തെ 'പുകവലിഭീതി' ( http://thefolklive-in.blogspot.com/2008/06/blog-post.html) എന്നൊന്നുണ്ട്‌. പുകവലിക്കുന്നവര്‍ക്കും പുകവലിനിര്‍ത്തുന്നവര്‍ക്കും അതിന്‌ ശ്രമിക്കുന്നവര്‍ക്കും....)

പുകവലി നിര്‍ത്തിയിട്ട്‌ ഇന്നേക്ക്‌ 272 ദിവസമായി. പക്ഷേ ഞാന്‍ ഇപ്പോഴും വലിക്കുന്നുവെന്നുതന്നെ എനിക്ക്‌ തോന്നുന്നു. എന്റെ ഒരവയവം മുറിച്ചുകളയുന്നതു പോലുള്ള ആകാംക്ഷയ്‌ക്ക്‌ ഇപ്പോള്‍ കുറവുണ്ട്‌. അല്ല, തിരുത്തണം: വലിയില്ലാത്തതിനെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ഇപ്പോഴും നിര്‍ത്തിയിട്ടില്ല, പൂര്‍ണനായ എന്നില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത അപൂര്‍ണനായ ഒരുമനുഷ്യനാണ്‌ ഞാനിപ്പോള്‍. ശരിക്കും പറഞ്ഞാല്‍ ആ കയ്‌പന്‍ യാഥാര്‍ഥ്യത്തിന്‌ ഞാന്‍ വഴങ്ങിത്തുടങ്ങിയിരിക്കുന്നു.
ഇനി ഒരിക്കലും എനിക്ക്‌ പുകവലിക്കാനാകില്ല, ഒരിക്കലും.
ഇങ്ങനെ പറഞ്ഞാലും പകല്‍ വിചാരങ്ങളില്‍ പുകവലിക്കുന്നത്‌ ഞാനിപ്പോഴും സ്വപ്‌നം കാണാറുണ്ട്‌. പകല്‍സ്വപ്‌നങ്ങള്‍ എന്നു പറഞ്ഞാല്‍ അത്ര കൃത്യമായ വാക്കല്ല. രഹസ്യവും ഭീതിദവും...എന്നാല്‍ നമ്മള്‍ നമ്മളോടുതന്നെ ഒളിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒന്ന്‌.....മനസിലാവുന്നില്ലേ? എന്തായാലും അങ്ങനെയൊരു പകല്‍സ്വപ്‌നത്തിന്റെ നടുവിലാണ്‌ ഞാനിപ്പോള്‍. ആ നിമിഷത്തിന്റെ ഗൂഢാലോചനയില്‍പ്പെട്ട്‌, ഒരു സിനിമ കാണുന്നതുപോലെ, സ്വപ്‌നത്തില്‍ അതിന്റെ ക്ലൈമാക്‌സില്‍, ഞാന്‍ ഒരു സിഗററ്റ്‌ കൊളുത്തുന്നതു പോലുള്ള ആനന്ദത്തിലേക്ക്‌...
ഇതായിരുന്നു എന്റെ ജീവിതത്തില്‍ സിഗററ്റുകളുടെ പ്രധാനലക്ഷ്യം: ആനന്ദത്തിന്റെയും വേദനയുടെയും അനുഭവങ്ങളെ ലഘൂകരിക്കുകയും നീട്ടിക്കൊണ്ടുപോകുക, അഭിലാഷവും പരാജയവും, ദുഖവും ആനന്ദവും, വര്‍ത്തമാനവും ഭാവിയും..ജീവിതത്തിന്റെ ഓരോ ഫ്രെയിമുകള്‍ക്കിടയിലും, പുതിയ പാതകള്‍ തുറക്കാന്‍, കുറുക്കുവഴികള്‍ തേടാന്‍... ഈ സാധ്യതകളൊന്നും ഇല്ലാതാകുമ്പോള്‍ ഒരാള്‍ നഗ്നനായതുപോലെ തോന്നും. നിരായുധനും നിസഹായനും.
ഒരിക്കല്‍ ഞാന്‍ ടാക്‌സിയില്‍ യാത്രചെയ്യുകയായിരുന്നു, അതിലെ ഡ്രൈവര്‍ ഒരു ചെയിന്‍ സ്‌മോക്കര്‍. കാറിനുള്ളില്‍ മനോഹരമായ പുകവളയങ്ങള്‍ നിറഞ്ഞു. ഞാനത്‌ ഉള്ളിലേക്ക്‌ വലിച്ചെടുക്കാന്‍ തുടങ്ങി.
ക്ഷമിക്കണം..ഡ്രൈവര്‍ അങ്ങനെ പറഞ്ഞുകൊണ്ട്‌ ചില്ല്‌ താഴ്‌ത്താന്‍ ശ്രമിച്ചു.
'വേണ്ട, തുറക്കണ്ട'. ഞാന്‍ പറഞ്ഞു-'ഞാന്‍ പുകവലി ഉപേക്ഷിച്ചതാണ്‌.'
പുകവലിക്കാതെ ഒരുപാടു നേരം നില്‍ക്കാനാകും എനിക്ക്‌, പക്ഷേ അങ്ങനെ പിടിച്ചുനില്‍ക്കുമ്പോള്‍ പുകവലിക്കാനുള്ള ആഗ്രഹം ആഴത്തില്‍ നിന്ന്‌ പൊന്തിവരും.
എന്റെ വിസ്‌മൃതസ്വത്വത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണത്‌. മരുന്നുകള്‍കൊണ്ടും ആരോഗ്യപരമായ മുന്നറിയിപ്പുകള്‍കൊണ്ടും അടച്ചിടപ്പെട്ട സ്വത്വം. എനിക്ക്‌ മറ്റൊരാളാകണം, ഒരിക്കല്‍ പുകവലിയനായിരുന്ന, തിന്മകളെ അകറ്റിനിര്‍ത്തുന്നതില്‍ കുറെക്കൂടി കരുത്തനായിരുന്ന ഓര്‍ഹന്‍.
പഴയ എന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം വരുന്ന ചോദ്യം ഞാന്‍ എന്നെങ്കിലും സിഗററ്റ്‌ വലിച്ചിരുന്നോ എന്നാണ്‌. പഴയ ദിനങ്ങളില്‍ ഞാന്‍ അനുഭവിച്ചിരുന്ന രാസതൃഷ്‌ണ ഇനി ഉണ്ടാവില്ല. എന്റെ മുഖം, ഒരു സുഹൃത്തിനെയെന്ന്‌പോലെ നഷ്ടപ്പെടുന്നു. എനിക്കുണ്ടായിരുന്ന എല്ലാറ്റിലേക്കും തിരിച്ചുപോകാന്‍, പഴയ എന്നെ എനിക്ക്‌ മിസ്‌ ചെയ്യുന്നു. ഞാന്‍ തിരഞ്ഞെടുക്കാത്ത ഒരു വസ്‌ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതുപോലെ, ഒരിക്കലും ആഗ്രഹിക്കാത്ത രീതിയിലുള്ള മനുഷ്യനാകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്‌. പുകവലിച്ചിരുന്നെങ്കില്‍ എനിക്ക്‌ വീണ്ടും രാത്രിയുടെ തീക്ഷ്‌ണത അറിയാനാകുമായിരുന്നു, മനുഷ്യ ഭീകരതകള്‍..ഒരിക്കല്‍ എനിക്കും ഉണ്ടെന്ന്‌ കരുതിയിരുന്നത്‌.
പഴയകാലത്തിലേക്ക്‌ മടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍, എനിക്കോര്‍മയുണ്ട്‌, അന്നൊക്കെ അനശ്വരതയെക്കുറിച്ചുള്ള അമൂര്‍ത്തമായ അറിവുകള്‍ എനിക്കുണ്ടായിരുന്നു. പഴയ ദിനങ്ങളില്‍ സിഗരറ്റ്‌ വലിച്ചുകൊണ്ടിരിക്കുമ്പോള്‍, കാലം ഒഴുകാറില്ലായിരുന്നു. അന്നുണ്ടായിരുന്ന അവാച്യമായ സന്തോഷങ്ങളോ തീവ്രമായ നിരാശയോ ഒന്നിനും മാറ്റമുണ്ടാവില്ലെന്നായിരുന്നു ഞാന്‍ ധരിച്ചത്‌. വലിച്ചു തള്ളിക്കൊണ്ടിരിക്കുമ്പോഴൊക്കെ ലോകം മാറാതെ നിന്നു.
പിന്നെ എനിക്ക്‌ മരണത്തെ പേടിയായി. പുകവലിക്കാരനായ ആ മനുഷ്യന്‍ എപ്പോള്‍ വേണമെങ്കിലും മരിച്ചുവീഴാം; രേഖകള്‍ അങ്ങനെയാണ്‌ പറയുന്നത്‌. ജീവിക്കണമെങ്കില്‍ ഈ വലിക്കാരനെ എനിക്ക്‌ ഇറക്കിവിടണം. എന്നിട്ട്‌ മറ്റൊരാളാകണം. അതു ചെയ്യുന്നതില്‍ ഞാന്‍ വിജയിച്ചു. ഇപ്പോള്‍ ഞാന്‍ ഇറക്കിവിട്ട ആ പഴയ രൂപം ചെകുത്താന്‍മാരുമായി ചേര്‍ന്ന്‌ ലോകം മാറില്ലെന്നും ആരും മരിക്കില്ലെന്നും കരുതിയിരുന്ന ദിനങ്ങളിലേക്ക്‌ തിരിച്ചുവിളിക്കുകയാണ്‌.
അവന്റെ വിളി എന്നെ ഭയപ്പെടുത്തുന്നില്ല. കാരണം, നിങ്ങള്‍ കാണുന്നതുപോലെ, എഴുത്ത്‌-നിങ്ങളെ അത്‌ സന്തോഷിപ്പിക്കുന്നു എങ്കില്‍- എല്ലാ സങ്കടങ്ങളെയും നിഷ്‌പ്രഭമാക്കുന്നു.

Comments

Viju V V said…
(ഓര്‍ഹന്‍ പാമുക്കിന്റെ 'അദര്‍ കളേഴ്‌സ്‌' അടുത്തിടെ പുറത്തിറങ്ങിയ പുസ്‌തകമാണ്‌. അതിലെ ഗിവിങ്‌ അപ്‌ സ്‌മോക്കിങ്‌ എന്ന കുറിപ്പാണിത്‌. കൃത്യമായ വിവര്‍ത്തനമല്ല, ഒരു വായനാനുഭവം മാത്രമാണിത്‌. പുകവലിയെക്കുറിച്ച്‌ ബ്ലോഗില്‍ വരുന്ന രണ്ടാമത്തെ കുറിപ്പാണ്‌ ഇത്‌. നേരത്തെ 'പുകവലിഭീതി' http://thefolklive-in.blogspot.com/2008/06/blog-post.html എന്നൊന്നുണ്ട്‌. പുകവലിക്കുന്നവര്‍ക്കും പുകവലിനിര്‍ത്തുന്നവര്‍ക്കും അതിന്‌ ശ്രമിക്കുന്നവര്‍ക്കും....)
Unknown said…
ഇത്‌ നന്നായിട്ടുണ്ട്‌ ബിജു.
എന്‍.ശശിധരന്‍ മാഷ്‌ "മലയാള"ത്തിലെ കോളത്തില്‍ ഈ കുറിപ്പിനെക്കുറിച്ച്‌്‌ എഴുതിയിട്ടുണ്ട്‌.