ഉ.സാ.ഘ

(പി.വി.ഷാജികുമാറിന്റെ രണ്ടാമത്തെ കഥാസമാഹാരമായ 'വെള്ളരിപ്പാട'ത്തിനുള്ള അനുബന്ധം. പ്രസാധകര്‍-ഡി.സി.ബുക്‌സ്‌, കോട്ടയം)
ചൈനീസ്‌ വംശജയായ അമേരിക്കന്‍ എഴുത്തുകാരി അമി ടാനിന്റെ 'ജോയ്‌ ലക്ക്‌ ക്ലബ്‌' എന്നൊരു നോവലുണ്ട്‌. തായ്‌വാനില്‍ നിന്ന്‌ ദശകങ്ങള്‍ക്കുമുമ്പ്‌ കൈയില്‍ അരയന്നവുമായി വന്‍നഗരത്തിലെ മകളെ കാണാന്‍ പോയ മുത്തശ്ശിയുടെ കഥയാണ്‌ നോവലിന്റെ മുന്‍വുര. വന്‍കരകളും നഗരങ്ങളിലെ തിരക്കേറിയ തെരുവുകളും പിന്നിട്ട്‌ മകളുടെ അടുത്തെത്തുമ്പോഴേക്കും അവരുടെ കൈയില്‍ ബാക്കിയുണ്ടായിരുന്നത്‌ ഒരു തൂവല്‍മാത്രമാണ്‌. അത്‌ അവര്‍ മുറുകെപ്പിടിച്ചിരിക്കുകയായിരുന്നു. ദേശത്തെക്കുറിച്ചുള്ള തീവ്രമായ ഓര്‍മകള്‍ സൂക്ഷിക്കുന്ന ഒരാള്‍ മറ്റൊരു ദേശത്ത്‌ അതിന്റെ ശേഷിപ്പുകള്‍ കൈവിടാതെ സൂക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്‌ ഈ വിവരണം. കുടിയേറ്റം, പ്രവാസം എന്നിവയുടെ പ്രശ്‌നങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നതാണ്‌ നോവല്‍.
ഈ വിഷയങ്ങള്‍ ആധുനികതാ സാഹിത്യത്തിന്റെ പ്രധാന സവിശേഷതയായിരുന്നു. കുടിയേറ്റം പുതിയ ജീവിതസാഹചര്യങ്ങള്‍ തേടി ഐച്ഛികമായി തന്നെയുള്ള യാത്രയാണ്‌. അതില്‍ മുന്‍കൂര്‍ സന്നദ്ധതയുണ്ട്‌. പ്രവാസം സ്വദേശത്തേക്ക്‌ മടങ്ങണമെന്ന്‌ നിശ്ചയിച്ചുള്ള പുറപ്പെടലാണ്‌. അപരദേശത്ത്‌ ജീവിക്കുമ്പോഴും പുര്‍വകാണ്ഡത്തിന്റെ പരിസരങ്ങളെ പ്രവാസി ആഗ്രഹിക്കുന്നുണ്ട്‌. എന്നാല്‍ പുനരധിവാസം പലപ്പോഴും അനൈച്ഛികമാണ്‌. ബാഹ്യശക്തിയുടെ നിര്‍ബന്ധപൂര്‍വമായ ഇടപെടലുമുണ്ട്‌. പറിച്ചെടുത്ത ഓര്‍മകളില്‍ പറ്റിപ്പിടിച്ച മണ്ണിന്റെ ചോരയുമായാണ്‌ ഓരോ ജനതയും മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നത്‌. ഭാവനയുടെ ഭൂപടങ്ങളില്‍ ഒരിക്കലും ഇല്ലാതിരുന്ന സ്ഥലങ്ങളാകും അത്‌. പുനരധിവാസത്തിന്റെ സൂക്ഷ്‌മാവിഷ്‌കാരങ്ങളാകുന്ന കൃതികള്‍ സമകാലികസാഹിത്യത്തില്‍ ഏറിവരുന്നുണ്ട്‌. സാഹിത്യബാഹ്യമായ ഇതര വ്യവഹാരങ്ങളിലും ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്‌. നവവികസനസങ്കല്‌പങ്ങളുടെ ഓരങ്ങളില്‍ പൊന്തിവരുന്ന ശബ്ദങ്ങളുടെ പ്രക്ഷേപണമാണ്‌ ഈ സാഹിത്യം ലക്ഷ്യമിടുന്നത്‌. മുമ്പ്‌ കുറ്റവാളികളെ ശിക്ഷിക്കാനായി നാടുകടത്തുന്ന ഏര്‍പ്പാടുണ്ടായിരുന്നു. കുറ്റവാളികളാകാതെ തന്നെ നാടുകടത്തപ്പെടുന്നു എന്നതാണ്‌ പുതിയ കാലത്തിന്റെ പ്രത്യേകത.
വായനയും മാറ്റിപ്പാര്‍പ്പിക്കലിന്റെ ഒരു രൂപകമാണ്‌. കൃതിയുടെ ലാവണ്യവ്യവസ്ഥയിലേക്ക്‌ മറ്റൊരു ഭാവുകത്വദേശത്ത്‌ ജീവിക്കുന്ന ഒരാളുടെ കൂടുമാറ്റമുണ്ട്‌ ഇതില്‍. കൃതിയെ പ്രത്യേക സാംസ്‌കാരിക മേഖല (Special Cultural Zone) ആയി കരുതാം.

മാറ്റിപ്പാര്‍പ്പിക്കലില്‍ രണ്ടുതരം സംഘര്‍ഷങ്ങളാണ്‌. ഒന്ന്‌: പുതിയ ദേശത്തിന്റെ സവിശേഷതകള്‍ക്കനുസരിച്ച്‌ സ്വയം പുതുക്കല്‍. നേരത്തെയുള്ള പല ശീലങ്ങളും ഇതിനായി ഉപേക്ഷിക്കേണ്ടിവരും. ഇത്രയും കാലം ജീവിച്ച പ്രദേശത്തിന്റെ ചില വിശേഷങ്ങള്‍ പുതിയ സ്ഥലത്തും മുറുകെപ്പിടിക്കാനും കൊണ്ടുനടക്കാനുമുള്ള അഭിവാഞ്ചയാണ്‌ മറ്റൊന്ന്‌.
പുനരധിവാസം സ്ഥലപരം തന്നെയാകണമെന്നില്ല. സാംസ്‌കാരികവും ആകാം. ആഗോളീകരണം, വിപണിയുടെ വശ്യതയുള്ള ജീവിതപരിസരങ്ങളുടെ അപ്രതിരോധ്യമായ കടന്നുകയറ്റമായാണ്‌ നാം അറിയുന്നത്‌. കാലഹരണപ്പെടുന്നതനുസരിച്ച്‌ സോഫ്‌റ്റ്‌വെയറുകളും മോഡലുകളും മാറ്റുന്നതുപോലെ സ്വയം പുതുക്കലിന്‌-ആത്മീയ പുനരധിവാസത്തിന്‌ നിരന്തരം നിര്‍ബന്ധിക്കുകയാണ്‌ ഉപഭോഗകാലം. സ്വദേശത്തും സാംസ്‌കാരികമായി പ്രവാസി(cultural non-resident)യാണ്‌ ആഗോള പൗരന്‍. ദ്രുതവും ഏകരൂപവും ഏക ദേശീയവുമായ സംസ്‌കാര രൂപവത്‌കരണത്തെ പ്രാദേശികമായ ഓര്‍മകള്‍ കൊണ്ട്‌ പ്രതിരോധിക്കുകയാണ ്‌തദ്ദേശജനതയുടെ കടമ. ഓര്‍മകളുടെ പ്രാബല്യമാണ്‌ നവകാലത്തിന്റെ പ്രത്യേകത. അതുകൊണ്ട്‌ നാട്ടുചരിത്രം, ഗൃഹാതുരത്വം, പുരാവൃത്തങ്ങളോടുള്ള അഭിനിവേശം, ഓരങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നവരോടുള്ള സഹാനുഭൂതി എന്നിവ സമകാലിക സാഹിത്യത്തിന്റെ സവിശേഷതകളാകുന്നു. പി.വി.ഷാജികുമാറിന്റെ 'വെള്ളരിപ്പാടം' എന്ന സമാഹാരത്തിലെ കഥകളെ പരസ്‌പരം കോര്‍ത്തുനിര്‍ത്തുന്നതും ഓര്‍മ-പുനരധിവാസം എന്ന ദ്വയമാണ്‌. കഥകളില്‍ രണ്ടുതരത്തിലാണ്‌ ഇത്‌ പ്രത്യക്ഷപ്പെടുന്നത്‌. സാമ്പത്തിക-സാങ്കേതിക രംഗത്തെ ദ്രുതമായ മാറ്റങ്ങളോടുള്ള പ്രതികരണം എന്ന നിലയില്‍, തനതായ ജീവിതരീതിയും മൂല്യബോധവും പുലര്‍ത്തുന്ന നാട്ടുസംസ്‌കാരത്തില്‍ ഇത്‌ ഉണ്ടാക്കുന്ന സംഘര്‍ഷം.

ഈ കടന്നു വരവിനെ ചെറുത്തുനില്‍ക്കാനുള്ള ശ്രമം. മറ്റൊന്ന്‌ പുതുതായി രൂപപ്പെടുന്ന പ്രത്യേക സാംസ്‌കാരിക മേഖലയോട്‌ ഇണങ്ങി ജീവിക്കുന്നവര്‍ക്ക്‌ പൂര്‍വസംസ്‌കാരത്തിന്റെ ശേഷിപ്പുകളോടു തോന്നുന്ന ഗൃഹാതുരത്വം. ഇത്‌ തീവകാല്‌പനികതയായിത്തന്നെ വെള്ളരിപ്പാടം, രൂപങ്ങള്‍, വെള്ളത്തിന്റെ ഒച്ച, നനയാത്ത മഴകള്‍ പോലുള്ള കഥകളില്‍ വരുന്നുണ്ട്‌. ഇതോടൊപ്പം, സമകാലിക കേരളീയ ജീവിതത്തിന്റെ സൂക്ഷ്‌മാമായൊരു ഭൂപടവും കഥകള്‍ നല്‍കുന്നുണ്ട്‌. എഴുത്തില്‍ മദിക്കുന്നൊരു ഭാഷയ്‌ക്കും ലഹരിപിടിപ്പിക്കുന്ന ബിംബകല്‌പനകള്‍ക്കും കരുത്തുള്ള രോഷത്തിനും അപ്പുറം മലയാളിയുടെ വര്‍ത്തമാനജീവിതത്തിന്റെ ലഘുലേഖകളാണ്‌ ഈ കഥകള്‍-അതില്‍ കേരളീയ ജീവിതത്തിന്റെ ഉത്തമ സാധാരണ ഘടകങ്ങളുണ്ട്‌. അവ താഴെ പറയുന്നു.

കഥയിലെ പ്രതിരോധ മന്ത്രാലയം

ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവയുടെ വരവോടെ ബന്ധങ്ങള്‍ രൂപപ്പെടുന്നതില്‍ ഭൂമിശാസ്‌ത്രപരമായ സ്ഥലത്തിന്‌ പ്രാധാന്യം നഷ്ടപ്പെട്ടു. കുടുംബം എന്ന ലാന്‍ഡ്‌ലൈന്‍ കൂട്ടായ്‌മ ശിഥിലമായി. ലാന്‍ഡ്‌ലൈനുകള്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്‌. വീട്‌, ഓഫീസ്‌, കട, ബൂത്ത്‌ എന്നിങ്ങനെ-സ്ഥലസൂചനകള്‍ ആവശ്യമില്ലാത്ത വര്‍ത്തമാനത്തിലാണ്‌ നാം അഭിരമിക്കുന്നത്‌. ഇതിന്റെ വിപരീതത്തിലാണ്‌ ഷാജികുമാറിന്റെ കഥാഖ്യാനം.


കഥാപാത്രങ്ങള്‍ ജീവിക്കുന്ന പ്രദേശത്തെക്കുറിച്ച്‌ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്‌. നേരത്തെ പറഞ്ഞ കാര്യങ്ങളോടുള്ള ചെറുത്തുനില്‌പുമാണത്‌. ഉളിയടുക്ക, ചീമേനി, നാര്‍ച്ചിക്കാട്‌, ചെമ്പിരിക്കക്കുന്ന്‌, മേക്കാട്ട്‌, മംഗലാപുരം, നൂഞ്ഞിക്കാനം, നാരത്തുങ്കാല്‍, കാഞ്ഞിരപ്പൊയില്‍ എന്നിങ്ങനെ കഥാസ്ഥലിയുടെ അതിരുകള്‍ നിര്‍ണയിക്കുന്ന നാമങ്ങളോ, നാമപ്രത്യയങ്ങളോ ഇതിലുണ്ട്‌. നാട്ടുഭാഷയുടെ ഉപയോഗം കൊണ്ടും അത്‌ ദേശം ഉറപ്പാക്കുന്നു. ടിപ്പണി കൊടുത്തിട്ടാണെങ്കിലും നാടന്‍ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ കഥാകൃത്ത്‌ നിഷ്‌ഠ പുലര്‍ത്തുന്നുണ്ട്‌. 'നനയാത്തമഴകളി'ല്‍ 19 ടിപ്പണികളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. വയ്‌ക്കിന്‍(ഭക്ഷിക്കുക), നോക്കെറോ(നോക്കൂ), മൂരുക(കൊയ്യുക), ഇച്ചൂളി(കക്കത്തോട്‌), ഉലത്തുക(വിടര്‍ത്തുക), കക്കുക(മോഷ്ടിക്കുക), സര്‍ക്കീട്ട്‌(കറങ്ങിനടക്കുക), കൂവല്‍(വെള്ളച്ചാല്‍), കണ്ടം(വയല്‍), സുയിപ്പ്‌(കളിയാക്കല്‍), ചിമ്മിണി(മണ്ണെണ്ണ), അയിറ്റിങ്ങള്‍(അവറ്റകള്‍), ദര്‌ശ്ശിനം, ബഹിടന്‍, തടുപ്പ, വറ്റ്‌, അയിറ്റിങ്ങള്‍, തെരിയ, ദൊള്ളന്‍, തുടങ്ങി നാട്ടുപദങ്ങളുടെ ഒരു സഞ്ചയം തന്നെയാണ്‌ ഈ കഥയില്‍. ഭാഷയുടെ വരേണ്യമായ വിലക്കുകളെ നൈസര്‍ഗികമെന്ന്‌ തോന്നുന്ന രീതിയില്‍ ഇത്‌ തകര്‍ക്കുന്നുണ്ട്‌. ഉമ്മിണി(ആണ്‍കുട്ടികളുടെ ലിംഗം) എന്ന പ്രയോഗം ഇതിനുദാഹരണമാണ്‌.

ഒളിച്ചോട്ടങ്ങളുടെ ഉത്സവം

നിരവധി ഫിനിഷിങ്‌ പോയിന്റുകളുള്ള ഒരോട്ടമത്സരമാണ്‌ ജീവിതം. ആസക്തികളുടെ പരിമിതരേഖകള്‍ക്കിടയില്‍, കളിനിയമങ്ങള്‍ പാലിക്കാനാകാതെ പുറന്തള്ളപ്പെടുന്നവരെക്കുറിച്ചാണ്‌ കഥകള്‍. നിരാശപ്പെടുന്നവരല്ല, പകരം ഓരോ തോല്‍വിയും ആഘോഷപൂര്‍വം കൊണ്ടാടുകയാണ്‌ ഇവര്‍. അതേക്കുറിച്ചുള്ള ഒരു വിവരണം ഇങ്ങനെയാണ്‌-'ജീവിതത്തില്‍ നല്ലതൊന്നും ഓര്‍ക്കാനില്ലാത്തവര്‍ എന്നില്‍ നിന്നും സലാസിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി വിളിയോടു വിളി തുടങ്ങി. ഇടയില്‍ ഉയര്‍ന്നുവന്ന നിലവിളിയും അട്ടഹാസവും ആര്‍ത്ത നാദവും നെടുവീര്‍പ്പും വിതുമ്പലുകളും ആക്രോശങ്ങളും ഹലോ വിളിയിലും റിങ്‌ടോണിലും മുങ്ങി' (ഐ.പി.സി 144)
ഈ കഥയുടെ അവസാനം ഇങ്ങനെയുണ്ട്‌-എനിക്ക്‌ തീരെ സമയമില്ല, കുഞ്ഞിമോന്‍ മരിച്ചത്‌ മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. എന്തെങ്കിലും ആനുകൂല്യം കിട്ടുമോന്നു നോക്കണം.
'മരണത്തെക്കുറിച്ച്‌ ഒരൈതിഹ്യ'ത്തിലെ കഥാപാത്രത്തിന്‌ സ്വന്തം നാട്ടിലെ ആത്മഹത്യകളെക്കുറിച്ച്‌ വേവലാതിയില്ല, മറിച്ച്‌ അതില്‍ ആനന്ദവും സംതൃപ്‌തിയും കണ്ടെത്തുകയാണ്‌. 'വെള്ളരിപ്പാട'ത്തില്‍ താന്‍ പ്രണയിക്കുന്ന അഞ്ചു കാമുകിമാര്‍ക്കുമായി കാതല്‍ എന്ന ടി.വി. പരിപാടിയില്‍ ഗാനം സമര്‍പ്പിക്കുന്ന സഫീര്‍ മുഹമ്മദിലും ഈ ആഘോഷമുണ്ട്‌. കാമുകിമാര്‍ക്കും എണ്ണത്തില്‍ കൂടുതല്‍ പ്രണയമുണ്ടെന്ന്‌ അയാള്‍ ഉറപ്പിക്കുന്നുമുണ്ട്‌. ഇതേ കഥയിലെ വിജയലക്ഷ്‌്‌മി എന്ന കൗമാരക്കാരിയുടെ സ്വയം വിവരണത്തില്‍ ' വഴിയില്‍ കാണുന്നവരൊക്കെ എന്നെ പ്രണയിക്കുന്നുവെന്ന്‌ കൂടെ വരുന്ന കുട്ടികളോട്‌ ഞാന്‍ പറഞ്ഞു തുടങ്ങി. എന്റെ പറച്ചിലില്‍ കലഹങ്ങള്‍ പല കുടുംബങ്ങളിലുമുണ്ടായി.' എന്ന ആനന്ദമുണ്ട്‌. വീട്ടില്‍ അമ്മയില്ലാത്ത നേരം എതിര്‍പ്പിന്റെ എല്ലാ ശ്രമങ്ങളെയും കിടക്കയില്‍ അവസാനിപ്പിച്ച്‌ കീഴടങ്ങിയ മകള്‍ അച്ഛനെ പ്രണയത്തോടെ 'മോഹന്‍' എന്നു വിളിക്കുന്നതുവരെയെത്തുന്നു ഈ ആഘോഷം.

മദ്യപാനം എന്ന അനുഷ്‌ഠാനം

സമാഹാരത്തിലെ ആറുകഥകളില്‍ മദ്യപാനം ഒരു 'സംഭവ'മായിത്തന്നെ വരുന്ന വിവരണങ്ങളുണ്ട്‌. മദ്യനിരോധന സമിതിക്ക്‌ യാതൊരു പ്രതീക്ഷയും കഥകള്‍ നല്‍കില്ല. അത്തരമൊരു പ്രവര്‍ത്തനത്തെ പോലും ഫലിതമാക്കുന്ന സന്ദര്‍ഭങ്ങളാണ്‌ കഥകളിലുള്ളത്‌. മദ്യപാനം ഇതില്‍ വേറിട്ട ആനന്ദമല്ല, സാമൂഹ്യജീവിതത്തോടുള്ള പ്രതികരണമാണ്‌. അത്‌ ഇങ്ങനെ രേഖപ്പെടുത്തുന്നു: ബാറിലെ മദ്യപ്പറച്ചിലുകള്‍ സാധാരണ ജീവിതത്തെക്കുറിച്ചായത്‌ സ്വാഭാവികമാണ്‌. പലവഴികളില്‍ സ്വസ്ഥത നഷ്ടപ്പെട്ടതിന്റെ നിലവിളികള്‍ അവര്‍ കുടിച്ചുതീര്‍ത്തു (ഐ.പി.സി 144). ഈ പാനീയത്തെക്കുറിച്ച്‌ ഒരുപന്യാസം തന്നെ എഴുതാനുള്ള കോപ്പ്‌ കഥകള്‍ തരുന്നുണ്ട്‌. മദ്യം എന്നാല്‍ ' നമ്മുടെയുള്ളില്‍ തരളിതമെന്ന്‌ വിളിക്കാവുന്ന വികാരങ്ങളെ ഉണര്‍ത്താന്‍ കഴിവുള്ള ഒരു സാധനമാണ്‌. വെള്ളമടിച്ചാല്‍ വായില്‍ തോന്നുന്നതല്ല വിളിച്ചുപറയുന്നത്‌. മനസിന്റെ മൂലയില്‍ ചുരുണ്ടു കിടക്കുന്ന വൈകാരികതയുടെ പച്ചോലപ്പാമ്പാണ്‌ തലപൊന്തിക്കുന്നത്‌.

അതിന്റെ തീവ്രത വ്യക്തികളെ അനുസരിച്ചിരിക്കും.' വിവിധ സംവര്‍ഗങ്ങളില്‍ വിശുദ്ധ പാനീയത്താല്‍ ലഹരി പിടിച്ചും ഛര്‍ദിച്ചും ബോധം കെട്ടും ഉറക്കെവിളിച്ചും ഒരു മദ്യപാനി കഥകളില്‍ അര്‍മാദിക്കുന്നുണ്ട്‌. അവയില്‍ ചിലത്‌:
സൗഹൃദം: ഇതേ പോലെ മഴപെയ്‌ത ഒരു രാത്രിയായിരുന്നു ചങ്കുകൊത്തി ചോയ്യമ്പുവേട്ടന്റെ വാഴക്കണ്ടത്തിലിരുന്ന്‌ നമ്മളാദ്യമായി വെള്ളമടിച്ചത്‌. വാറ്റിയ റാക്കടിച്ച്‌ ചുവന്ന വാഴക്കൂമ്പുകള്‍ തലയണയാക്കി വാഴക്കണ്ടത്തില്‍ മലര്‍ന്ന്‌ കിടന്ന്‌ ഇലകളില്‍ മഴ ഉമ്മം വെക്കുന്നത്‌ കേട്ട്‌ നീ പറഞ്ഞു.
വെളിപാട്‌: ലോകം കത്തുന്ന ഒരു വീടാകുന്നു. മുഷ്ടി ചുരുട്ടിയ നമ്മുടെ കൈകള്‍ തീ പിടിക്കാത്ത വണ്ണം ശൈത്യം നിറഞ്ഞതായിരിക്കണം.( എഴുത്തുകാരന്റെ വളപ്പിലെ പോത്താളന്‍).
വരേണ്യത: ശരവണ ലോഡ്‌ജിന്റെ ആറാം നമ്പര്‍ മുറിയില്‍ പുതിയ എഴുത്തിന്റെ ചര്‍ച്ചയില്‍ ജോണിവാക്കറില്‍ മയങ്ങി നീ(എഴുത്തുകാരന്‍)യുണ്ടാകും.
ഉപമ: മരത്തിന്‌ കീഴായ്‌ തൂങ്ങുന്ന കുഞ്ഞിനെപ്പോലെ മദ്യം കുടലില്‍ ആടുന്നു(മരണത്തെക്കുറിച്ച്‌ ഒരൈതിഹ്യം)
ഉപരിപ്ലവത: പത്രം വിരിച്ച്‌ അവര്‍ മദ്യപിക്കാന്‍ തുടങ്ങുകയും മൊബൈല്‍ ഫോണില്‍ വിളിച്ച്‌ സുഹൃത്തുക്കളോട്‌ മദ്യപിച്ചിട്ടുണ്ടെന്ന്‌്‌ പറയുകയും പ്രണയമുള്ളവര്‍ കാമുകിമാര്‍ക്ക്‌ സ്‌നേഹത്തിന്റെ പെഗ്‌ ഒഴിച്ചുകൊടുക്കുകയും മറ്റുള്ളവര്‍ അറിയാത്ത നമ്പറുകളിലേക്ക്‌ വിളിച്ച്‌ പെണ്‍കൂറ്റിനായി ചെവിയടുപ്പിക്കുകയും പുതിയ തമിഴ്‌ സിനിമാഗാനങ്ങള്‍ വെച്ച്‌ ഡാന്‍സ്‌ ചെയ്യുകയും.........
ശമ്പളം കിട്ടിയ ദിനത്തിന്റെ രാത്രിയില്‍ സുഹൃത്തുക്കളോടൊപ്പം ബാറില്‍ കയറി ചെറുതല്ലാത്ത വിധം മദ്യപിച്ച്‌ നാട്ടിലേക്കുള്ള അവസാനത്തെ ട്രെയിനില്‍ ഇരിക്കുകയാണ്‌ നിങ്ങള്‍ എന്നാണ്‌ ചോര എന്ന കഥ തുടങ്ങുന്നതു തന്നെ.
വന്യതയായും ഓര്‍മയായും ആസക്തിയായും അന്യതാബോധമായും പേര്‌, രൂപങ്ങള്‍ തുടങ്ങിയ കഥകളിലും മദ്യപാനമുണ്ട്‌.

നമ്മുടെ കാലത്തെ പുരാവൃത്തങ്ങള്‍

അനഭിലഷണീയമായ പരിസരത്തില്‍ ജീവിക്കുന്നവരുടെ പലായനത്തിന്റെ സ്വപ്‌നങ്ങള്‍ സമകാലികമായ പുരാവൃത്തങ്ങളായി രൂപപ്പെടാറുണ്ട്‌. ഒറ്റനോട്ടത്തില്‍ വ്യാജമെന്ന്‌ തിരിച്ചറിയാനാവാത്ത പാരഡികളാണിവ. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ക്ക്‌ കിട്ടിയ ജനപ്രിയത പോലെയാണിത്‌. ജീവിതത്തിന്റെ വിരസതകളില്‍ നിന്നുള്ള രക്ഷപ്പെടലോ പാരമ്പര്യോര്‍ജത്തിന്റെ സര്‍ഗാത്മകത തേടലോ ആണിത്‌. ഈ സംഘര്‍ഷം ആവിഷ്‌കരിക്കുന്ന കഥയാണ്‌ 'വെള്ളത്തിന്റെ ഒച്ച'. പുഴയുടെ ഓര്‍മകളില്‍ ഉന്മാദത്തിലെത്തിയ, ഫ്‌ളാറ്റിലെ ചുമരുകള്‍ക്കിടയില്‍ ജീവിതം തരിശിട്ട രമ്യ എന്ന കഥാപാത്രം. ഇതേ പ്രവണത തന്നെയാണ്‌ വെള്ളരിപ്പാടത്തിലും ഉള്ളത്‌. 24ഃ7 കെട്ടുകാഴ്‌ചകളുടെ ഊഷരനാട്യങ്ങളില്‍ നിന്ന്‌ നാട്ടുജീവിതത്തിന്റെ കുളിര്‍മതേടിയുള്ള രക്ഷപ്പെടല്‍ ഇതിലുണ്ട്‌.
ലാഭനഷ്ടങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന സമകാലിക ജീവിതത്തിന്റെ സ്‌കെയിലുകളെ ഉപേക്ഷിച്ച്‌ നാട്ടുനന്മകളെ സാന്ദ്രീകരിച്ചതാണ്‌ മഴ, വെയില്‍ മുസ്‌തഫയുടെ കഥാനിലം.
ഉപഭോഗ കാലം പാഴ്‌വസ്‌തുവാക്കിയ നാട്ടുജീവിതനന്മകളുടെ മൂല്യവിചാരവും പുനപ്രതിഷ്‌ഠയും കഥകളിലുണ്ട്‌. ചീര വില്‍ക്കാന്‍ പോകുന്ന മുസ്‌തഫയിലൂടെ അത്‌ വെളിപ്പെടുന്നുമുണ്ട്‌-' കിട്ടുന്നത്‌ കിട്ടട്ടെ, അങ്ങനെയെങ്കിലും അവന്‍ എന്തെങ്കിലും പഠിക്കട്ടെ. കണക്കുകൂട്ടാനോ, നഷ്ടപ്പെടാനോ വര്‍ത്തമാനം പറയാനോ വിഷമിക്കാനോ ചിരിക്കാനോ അങ്ങനെ എന്തെങ്കിലും'. നഷ്ടപ്പെടലും വിഷമിക്കലും ജീവിതത്തിന്റെ പാഠങ്ങളാണെന്ന്‌ സ്വാഭാവികമായ വിശ്വാസം പുലര്‍ത്തുന്നതാണ്‌ ഈ കഥയിലെ മൂല്യവ്യവസ്ഥ. സംസാരിക്കുന്ന മൃഗങ്ങളും കിളികളും നക്ഷത്രങ്ങളും ചേര്‍ന്ന സ്വപ്‌ന സമാനമാണ്‌ കഥയുടെ അന്തരീക്ഷം. കഥയുടെ ആഖ്യാനത്തിന്‌്‌ പുരാവൃത്തകഥയുടെ പരിവേഷമുണ്ട്‌. വര്‍ത്തമാനത്തില്‍ മൂല്യനഷ്ടം നേരിടുന്ന ചില ഗൃഹാതുരത്വങ്ങളെയും അത്‌ പരിചരിക്കുന്നുണ്ട്‌. `സ്വന്തം അക്ഷരങ്ങളില്‍ മുസ്‌തഫ ആകാശവും മഴയും വെയിലും കാറ്റും മഞ്ഞക്കിളിയും മറ്റും എഴുതിക്കൊണ്ടേയിരുന്നു' എന്നൊരു പരിസ്ഥിതി പ്രവര്‍ത്തനം ഇതിലുണ്ട്‌. 'മനുഷ്യരേക്കാളും മനസിലാകുക മൃഗങ്ങള്‍ക്കാണ്‌. കടലിലെ വെള്ളം പോലെ കോരിയാലും കോരിയാലും തീരില്ല അയിറ്റിങ്ങളെ സ്‌നേഹം'-എന്നാണ്‌ നിലപാട്‌. നായയ്‌ക്കും പൂച്ചയ്‌ക്കും കീരിക്കും അണ്ണാക്കൊട്ടനും ഉടുമ്പിനും പാമ്പിനും നെയ്യുറുമ്പിനും വവ്വാലിനും എല്ലാം പരിഗണന കിട്ടുന്നതാണ്‌ 'നനയാത്ത മഴകളി'ലെ വീട്‌. അവിടെ മണ്ണന്‍ തവളകളും തെയ്യം തവളകളും മഴയെക്കുറിച്ച്‌ ഗൗരവമായ ചര്‍ച്ചയിലാണ്‌. നാര്‍ച്ചിപ്പൂക്കള്‍, ചീവോതി പൂക്കള്‍, കുതിരവാലന്‍ പുല്ലുകള്‍, മൊട്ടാമ്പുളി, കാരപ്പഴം എന്നിങ്ങനെ നീളുന്ന, സസ്യ-ജന്തുലോകത്തെ നിര്‍മിക്കുന്നതില്‍ അഭിരമിക്കുന്നതാണ്‌ കഥ.
'നനയാത്ത മഴകള്‍' എന്ന കഥയിലും മുസ്‌തഫയുടേതിനു സാമ്യമുള്ള ഒരു കുട്ടിയുണ്ട്‌. 'ഒരു മീനിനെപ്പോലും പിടിക്കാനാകാത്ത ബഹിടന്റെ കൈയിലാണല്ലോ ഈശ്വരാ, എന്നെ കൊല്ലാന്‍ കൊടുത്തത്‌' എന്ന്‌ ചൂണ്ടയില്‍ കുരുങ്ങാത്ത മീന്‍ വേവലാതിപ്പെടുന്ന കുട്ടിത്തത്തിന്റെ നിഷ്‌കളങ്കതയുണ്ട്‌. കൊന്നാലും സ്‌കൂളില്‍ പോകില്ലെന്ന്‌ വാശിപിടിക്കുന്ന ഞാന്‍ എന്ന കുട്ടിയോട്‌ 'ഓന്‍ പഠിക്കുമ്പോള്‍ പഠിക്കട്ട്‌ ചെക്കാ' എന്ന്‌ ഉദാരയാകുന്ന അമ്മയുണ്ട്‌. മംഗലം കഴിക്കാമെന്ന്‌ കടം പറഞ്ഞ്‌, പെണ്ണുടലിന്റെ ആനന്ദഭരണി തുറന്ന ആണിനോടും 'ഓറ്‌ പാവായിരുന്നു. വല്യ മറവിയാണ്‌. ചെലപ്പോ എന്നെ മറന്നുപോയിട്ടുണ്ടാകും' എന്ന്‌ കുറ്റവിമുക്തയാക്കുന്ന മൂത്തമ്മയുമുണ്ട്‌.

എഴുത്തുകാരന്‍ പറയാത്ത കഥകള്‍

രാഷ്ട്രീയക്കാരെപ്പോലെ, സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ഏറ്റെടുക്കാനുള്ള പ്രാപ്‌തി എഴുത്തുകാര്‍ക്കും നഷ്ടപ്പെട്ടു. 'ദേശീയ ഗ്രാമീണ എഴുത്തു പരിപാടി' എന്നോ മറ്റോ പേരില്‍ വന്നേക്കാവുന്ന ലോകബാങ്ക്‌ പദ്ധതിക്കാവണം അവര്‍ കാത്തിരിക്കുന്നത്‌. കണ്‍സള്‍ട്ടന്‍സി കരാറിന്റെ സാധ്യതയില്ലാത്ത പ്രാരാബ്ധങ്ങളുടെ ജീവിതത്തെ അത്‌ അവഗണിക്കുന്നു. ജീവിത രീതികൊണ്ടോ എഴുത്തിന്റെ സത്യസന്ധത കൊണ്ടോ അവര്‍ നമ്മോട്‌ യാതൊരു അടുപ്പവും പുലര്‍ത്തുന്നില്ല. എഴുത്തുകാരനോട്‌ അവിശ്വാസം പ്രഖ്യാപിച്ച്‌, ദുരിതങ്ങളുടെ മുന്നണിയില്‍ ജീവിക്കുന്നവരുടെ കഥകള്‍ വിപണിയില്‍ പിന്തള്ളപ്പെടുന്നതിനെക്കുറിച്ചുള്ള രോഷം ഷാജികുമാര്‍ പ്രകടിപ്പിക്കുന്നുണ്ട്‌. എഴുത്തിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടെങ്കിലും ഉത്തമപുരുഷനായി എഴുത്തുകാരന്‍ ഈ കഥകളില്‍ വരുന്നില്ല. എഴുത്തുകാരനോ സമാന ചേരിയില്‍ പെട്ട മറ്റേതെങ്കിലും വര്‍ഗവഞ്ചകര്‍ക്കോ ആഖ്യാനത്തില്‍ നായക പദവി കൊടുക്കാന്‍ കഥാകൃത്ത്‌ തയാറല്ല. ഒത്തുതീര്‍പ്പിന്റെയും ഒളിച്ചോട്ടത്തിന്റെയും താഴുകള്‍ കൊണ്ട്‌ ബന്ധിക്കപ്പെട്ട എഴുത്തുകാരനോട്‌ 'നാലു വര്‍ത്തമാനം' പറയുന്ന കഥയാണ്‌ എഴുത്തുകാരന്റെ വളപ്പിലെ പോത്താളന്‍. എഴുത്തുകാരന്‍ എന്താകണം എന്തായ്‌ക്കുടാ എന്നൊക്കെ പറയുന്ന കഥയാണിത്‌. ജീവിതം ഭാരമായ്‌ ചുമക്കുന്ന കഥാപാത്രത്തിന്റെ പുറത്തെ ജീവിതം കൂടി പേറുന്ന പോത്താളന്റെ വീര്യം കഥകള്‍ക്കുണ്ടാകണം. പറയാനാളില്ലാതെ ശ്വാസംമുട്ടിക്കിടന്ന കഥകള്‍ ഒരുനാള്‍ ഷൂസും കുപ്പായവുമിട്ട്‌ നിങ്ങളുടെ പടിവാതിലില്‍ വന്നു നില്‍ക്കും എന്നാണ്‌ എഴുത്തുകാരനുള്ള മുന്നറിയിപ്പ്‌. ലോകം തലകീഴായി കാണുന്ന ഒരാളാണ്‌ കഥകളിലെ ആഖ്യാതാവ്‌. ആദ്യകഥയില്‍ മരത്തിന്‌ കീഴായ്‌ തൂങ്ങുന്ന കുഞ്ഞിനെപ്പോലെ (മരണത്തെക്കുറിച്ച്‌ ഒരൈതിഹ്യം) എന്നും അവസാന കഥയില്‍ അത്തിമരത്തിന്റെ തടിയന്‍കൊമ്പില്‍ പുഴയിലേക്ക്‌ തലകീഴായി തൂങ്ങിക്കിടക്കുന്ന കുട്ടി(നനയാത്ത മഴകള്‍)എന്നും അത്‌ വരുന്നു.

വിദേശ ലവണ ബഹിഷ്‌കരണം
വിദേശ എഴുത്തിന്റെ കേരളീയ പതിപ്പുകള്‍ ഇറക്കിയിരുന്ന സാഹിത്യശീലത്തിന്‌ കടപ്പാട്‌ അറിയിക്കാത്ത സമാഹാരമാണിത്‌. പുസ്‌തകത്തിലൊരിടത്തുപോലും സാര്‍ത്ര്‌ എന്നോ ദറിദ എന്നോ ഫൂക്കോ എന്നോ ഉള്ള പദങ്ങള്‍ കടന്നുവരാതിരിക്കാനുള്ള ജാഗ്രതയുണ്ട്‌്‌. നോര്‍മന്‍ പീലിന്റെ പുസ്‌തകം വായിച്ച്‌ ചര്‍ച്ചചെയ്യുന്ന എഴുത്തുകാരന്‍ വായനക്കാരന്റെ സന്ദര്‍ഭത്തില്‍ അശ്ലീലമാണ്‌. സേതു, ഫോക്‌ലോറിസ്‌റ്റ്‌ എം.വി.വിഷ്‌ണുനമ്പൂതിരി, ടി.വി.കൊച്ചുബാവ എന്നിവരാണ്‌ കഥകളില്‍ ഇടം പിടിച്ച എഴുത്തുകാര്‍. ഇടയ്‌ക്ക്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാശകലം. പ്രാദേശികമായ അനുഭവങ്ങളിലുള്ള വിശ്വാസമാണ്‌ പുതിയ കഥകളുടെ വിദേശനയത്തെ നിശ്ചയിക്കുന്നത്‌. സാഹിത്യം ഇത്രനാളും കൊണ്ടാടിയിരുന്ന വരേണ്യ ന്യൂനപക്ഷത്തിന്റെ അനുഭവങ്ങള്‍ക്കുപകരം ഇത്തരം വേര്‍തിരിവുകളെ അപ്രത്യക്ഷമാക്കുന്ന ജനപ്രിയ സംസ്‌കാരത്തോടാണ്‌ പുതിയ കഥകള്‍ക്ക്‌ കൂറ്‌്‌. കഥാപാത്രങ്ങള്‍ വേണുഗോപാലിന്റെ പഴയപാട്ടുകള്‍ കേള്‍ക്കുകയും പഴയസിനിമയിലെ ജോസ്‌പ്രകാശിനെ ഓര്‍മിക്കുകയും ചെയ്യുന്നവരാണ്‌. ശ്രീവിദ്യയും സുഹാസിനിയും കമലഹാസനും സിമ്രാനും ശ്രീനിവാസനും ഒക്കെ കഥകളില്‍ അതിഥിവേഷത്തിലെത്തുന്നു.ഒരു കാലത്ത്‌ മുഖ്യധാരാ സാഹിത്യത്തില്‍ നിന്ന്‌ ബഹിഷ്‌കൃതരായവരുടെ തിരിച്ചുവരവാണ്‌ പുതിയ കഥകളുടെ പ്രത്യേകത. ഇതില്‍ സിനിമാവാരിക വായിക്കുന്നവരും സീരിയല്‍ കാണുന്നവരും ഉണ്ട്‌.

കഥയിലെ പെണ്‍പറ്റ്‌

ഭാഷയിലും ഉള്ളടക്കത്തിലും പെണ്‍ജീവിതത്തിന്റെ വ്യാകുലതകളോട്‌ കഥകള്‍ കൂറ്‌ പ്രഖ്യാപിക്കുന്നുണ്ട്‌. കാഴ്‌ചയുടെ തൃഷ്‌്‌ണകളെ തൃപ്‌തിപ്പെടുത്തുന്ന ചരങ്ങളാകുന്നു പെണ്ണുടലുകള്‍. വര്‍ത്തമാനത്തിന്റെ റേറ്റിങില്‍ ഒരിക്കലും ഇടം പിടിക്കാത്ത ജീവിതങ്ങളെക്കുറിച്ചും പെണ്ണുടലിന്റെ ഇളക്കങ്ങളെക്കുറിച്ച്‌ അനുതാപം പ്രകടിപ്പിക്കുന്ന കഥകളാണ്‌ വെള്ളരിപ്പാടം, വിവരണം, ഐ.പി.സി.144, എഴുത്തുകാരന്റെ വളപ്പിലെ പോത്താളന്‍, രൂപങ്ങള്‍, നനയാത്ത മഴകള്‍ എന്നിവ. മുഖസൗന്ദര്യത്തിനപ്പുറം മാറിടത്തിന്റെ വലുപ്പം പ്ലസ്‌ പോയന്റാകുന്ന കാലത്തിന്റെ അഭിരൂചികളോടുള്ള വിയോജിപ്പ്‌ അത്‌ രേഖപ്പെടുത്തുന്നുണ്ട്‌. യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാകുന്ന അച്ഛനും, ഭാര്യയോടൊത്തുള്ള മൈഥുനം സി.ഡിയിലാക്കി കാഴ്‌ചവെക്കുന്ന ഭര്‍ത്താവും, പീഡിപ്പിക്കപ്പെടുന്ന ആറുവയസുകാരിയും എല്ലാം കഥകളുടെ ആധിയാണ്‌.
'ചോര'യില്‍ പുരുഷന്റെ വെറിപൂണ്ട കീഴടക്കലില്‍ തുടയില്‍ നിന്ന്‌ ചോരയൊലിക്കുന്ന തമിഴത്തിയുണ്ട്‌.
സ്‌ത്രൈണതയുടെ ചെതുമ്പലുകളുള്ള ഭാഷയാണ്‌ കഥകളുടെ മറ്റൊരു പ്രത്യേകത. ഏത്‌ സ്‌ത്രീയും ഒരടുക്കള പോലെയാണ്‌, വാക്കുകള്‍ കൊണ്ട്‌ സ്‌നേഹത്തിന്റെ ചായതിളപ്പിക്കുമായിരുന്നു അവള്‍, തൊണ്ടപൊട്ടുംവരെ ഊതിയിട്ടും അടുപ്പിലെ തീപിടിക്കാത്ത ഓലക്കൊടികളെപ്പോലെയാകുന്നു ജീവിതം,
എത്ര തുന്നിയാലും പിന്നിപ്പോകുന്ന ജീവിതമെന്ന ബ്ലൗസ്‌, സീറ്റുണ്ടായിട്ടും ഇരിക്കാതെ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന...തുടങ്ങി ഇതിനെ സാധൂകരിക്കുന്ന നിരവധി പ്രയോഗങ്ങളില്‍ ഇതുണ്ട്‌.

നിലാവിന്റെ നിഴല്‍
പരുഷവും നിര്‍വികാരവും സാന്ദ്രവുമാണ്‌ പുസ്‌തകത്തിലെ കഥകളുടെ ഭാഷ. വാക്കുകള്‍ കൊണ്ടോ നോട്ടം കൊണ്ടോ വൈകാരികതയുടെ ഒരു ഭാവവും ഉണ്ടാക്കരുതെന്ന്‌ ദൈവത്തെ പിടിച്ച്‌ സത്യം ചെയ്യിച്ച ആഖ്യാനമാണിത്‌. അതിനനുസരിച്ചാണ്‌ കഥയിലെ വാക്കുകളും ബിംബങ്ങളും. പീഡിപ്പിക്കപ്പെട്ട പെണ്ണിന്റെ തുടയിലെ രക്തം പോലെ സന്ധ്യ എന്ന പ്രയോഗത്തില്‍ അഭിരമിക്കുന്നതുപോലെ നിരവധി പ്രയോഗങ്ങളുണ്ട്‌ ഇതില്‍. അസ്ഥിയും മാംസവും ചതച്ചരച്ച്‌, മരണത്തിന്റെ വിലാപവുമായി ആദ്യ കഥയില്‍ പുറപ്പെടുന്ന ഒരു തീവണ്ടി കഥകളിലുടനീളമുണ്ട്‌. 'ശിരസിലെ ഞരമ്പിലൂടെ വേദന സാവധാനം പോകുന്ന തീവണ്ടിയായി', 'കരച്ചിലിന്റെ ഒറ്റപ്പെട്ട ബോഗികള്‍ ഉടലില്‍ ചൂളം പിടിക്കുന്നത്‌ ഞാനറിഞ്ഞു' എന്ന്‌ വെള്ളരിപ്പാടത്തിലും സങ്കടങ്ങളെ തിരിച്ചറിയാനാകാത്ത ഈ സാമൂഹ്യയന്ത്രം വീണ്ടും പ്രത്യക്ഷപ്പെടുന്നു. ചോരയുടെ ആഖ്യാനം തന്നെ തീവണ്ടിയിലാണ്‌. ഇതില്‍ പെണ്‍കുട്ടിയുടെ കരച്ചിലില്‍, 'ഞെട്ടലിന്റെ പാളം തെറ്റിയ തീവണ്ടി നിങ്ങളിലേക്ക്‌ ചൂളം വിളിക്കുന്നു' എന്നൊരു പ്രയോഗവുമുണ്ട്‌.
പ്രബദ്ധതയെക്കുറിച്ചുള്ള നമ്മുടെ അവകാശവാദങ്ങളെ പൊളിക്കുന്നതാണ്‌ ചോര എന്ന കഥ. സംവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ കഥയില്‍ വെളിവാകുന്നുണ്ട്‌. മദ്യപാനത്തിനിടയില്‍ ജീവിതത്തിന്റെ തെറ്റുന്ന വഴികളെക്കുറിച്ച്‌ ആവേശപൂര്‍വം ആശങ്കപ്പെടുന്ന കഥാപാത്രം വഴിയില്‍ മരിച്ചു കിടക്കുന്ന ആളെ തിരിഞ്ഞു നോക്കാന്‍ പോലും മിനക്കെടുന്നില്ല. ആളൊഴിഞ്ഞ തീവണ്ടിമുറിയില്‍ അയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന്‌ ഭാര്യയെ
ഫോണില്‍ വിളിച്ച്‌ സ്‌നേഹപൂര്‍ണനായ ഭര്‍ത്താവിന്റെ നാട്യങ്ങളിലേക്ക്‌ മാറുകയും ചെയ്യുന്ന ജീവിതത്തിന്റെ കാപട്യം അതിലുണ്ട്‌. വിലകൂടിയ മദ്യം തലയ്‌ക്കു പിടിക്കുമ്പോള്‍ ലോകത്തെമ്പാടുമുള്ള പട്ടിണിപ്പാവങ്ങളെക്കുറിച്ച്‌ വേവലാതിപ്പെടുന്നവനാണ്‌ പ്രബുദ്ധനായ മലയാളി. ചോരയിലെ നായകനെ നിങ്ങള്‍ എന്നാണ്‌ കഥാകൃത്ത്‌ വിശേഷിപ്പിക്കുന്നത്‌.
എങ്കിലും നിര്‍വികാരതയെക്കുറിച്ച്‌ ആദ്യം പറയുന്ന ദൃഢനിശ്ചയത്തെ മറികടന്ന്‌, പൊത്തിലൊളിപ്പിച്ച നക്ഷത്രത്തിന്റെ വെളിച്ചം പോലെ നന്മയുടെ നിലാവ്‌ കഥകളില്‍ വീണുകിടക്കുന്നുണ്ട്‌.
മരണത്തെക്കുറിച്ച്‌ ഒരൈതിഹ്യത്തില്‍ സൗഹൃദം മനസുകളുടെ എക്‌സ്‌ചേഞ്ചിങ്ങാണെന്നു പറയുന്ന സുരേശനായും ഐ.പി.സി. 144-ല്‍ എത്യോപ്യയിലെ പട്ടിണിപ്പാവങ്ങളുടെ ഓര്‍മയില്‍ നിന്ന്‌ ഊര്‍ജം നേടുന്ന സലാസിയായും വിവരണത്തില്‍ ഏതാ ചത്തവരുടെ ലോകം ഏതാ ജീവിച്ചിരിക്കുന്നവരുടെ ലോകം എന്ന്‌ ആകുലപ്പെടുന്ന വെള്ളിയേട്ടിയായും മുസ്‌തഫയായും വെള്ളരിപ്പാടമായും അത്‌ കടന്നു വരുന്നു.
ഭാവി പ്രവചനങ്ങള്‍ നടത്താന്‍ കെല്‌പുണ്ടെന്ന അവകാശവാദം കഥകള്‍ ഉന്നയിക്കുന്നില്ല . എങ്കിലും ' ജീവിതം നേരെയാക്കുന്ന ഒരു വെളിച്ചം' കഥകളില്‍ സൂക്ഷിക്കുന്നു.

Comments

Viju V V said…
മദ്യപാനം എന്ന അനുഷ്‌ഠാനം

സമാഹാരത്തിലെ ആറുകഥകളില്‍ മദ്യപാനം ഒരു 'സംഭവ'മായിത്തന്നെ വരുന്ന വിവരണങ്ങളുണ്ട്‌. മദ്യനിരോധന സമിതിക്ക്‌ യാതൊരു പ്രതീക്ഷയും കഥകള്‍ നല്‍കില്ല. അത്തരമൊരു പ്രവര്‍ത്തനത്തെ പോലും ഫലിതമാക്കുന്ന സന്ദര്‍ഭങ്ങളാണ്‌ കഥകളിലുള്ളത്‌. മദ്യപാനം ഇതില്‍ വേറിട്ട ആനന്ദമല്ല, സാമൂഹ്യജീവിതത്തോടുള്ള പ്രതികരണമാണ്‌.
Viju V V said…
നവവികസനസങ്കല്‌പങ്ങളുടെ ഓരങ്ങളില്‍ പൊന്തിവരുന്ന ശബ്ദങ്ങളുടെ പ്രക്ഷേപണമാണ്‌ ഈ സാഹിത്യം ലക്ഷ്യമിടുന്നത്‌. മുമ്പ്‌ കുറ്റവാളികളെ ശിക്ഷിക്കാനായി നാടുകടത്തുന്ന ഏര്‍പ്പാടുണ്ടായിരുന്നു. കുറ്റവാളികളാകാതെ തന്നെ നാടുകടത്തപ്പെടുന്നു എന്നതാണ്‌ പുതിയ കാലത്തിന്റെ പ്രത്യേകത.
വായനയും മാറ്റിപ്പാര്‍പ്പിക്കലിന്റെ ഒരു രൂപകമാണ്‌. കൃതിയുടെ ലാവണ്യവ്യവസ്ഥയിലേക്ക്‌ മറ്റൊരു ഭാവുകത്വദേശത്ത്‌ ജീവിക്കുന്ന ഒരാളുടെ കൂടുമാറ്റമുണ്ട്‌ ഇതില്‍. കൃതിയെ പ്രത്യേക സാംസ്‌കാരിക മേഖല (Special Cultural Zone) ആയി കരുതാം.
Anonymous said…
dear viju,

it was really an intelligent critical appreciation of the work, backed by good research. keep the good work.