അതിഥികള്‍ വരുന്നു, നിങ്ങള്‍ ഒഴിയണം (ദേശാടനത്തിന്റെ തീരക്കാഴ്‌ചകള്‍-ഭാഗം-2)


കൂടുതല്‍ പണം തരുന്ന എന്തിനും പ്രത്യേക ഇടവും പരിഗണനയും നല്കുന്നരീതി നാട്ടിലും പ്രബലമാകുകയാണ്. വ്യവസായങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്), ഐ.ടി.ക്ക് സൈബര്‍ സിറ്റികള്‍, ആനന്ദകേളികള്‍ക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ അങ്ങനെ... ടൂറിസത്തിന് ഇത് എസ്.ടി.ഇസഡാണ്. പ്രത്യേക വിനോദസഞ്ചാരമേഖലകള്‍.

2000-3000 വരെ ഹോട്ടല്‍ മുറികളും അവിടെയെത്തുന്നവര്‍ക്ക് എല്ലാവിധ അനുബന്ധ സൗകര്യങ്ങളുമുള്ള സമ്പൂര്‍ണനഗരം. അതാണ് എസ്.ടി. ഇസഡ്. 2005 ലെ കേരള ടൂറിസം (കണ്‍സര്‍വേഷന്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് ഏരിയാസ്) ആക്ട് ഇതുമായി ബന്ധപ്പെട്ടതാണ്. പ്രാദേശിക ഭരണകൂടങ്ങളല്ല, സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രത്യേക കമ്മിറ്റികളാകും ഇവയെ നിയന്ത്രിക്കുക.


''സഞ്ചാരികള്‍ കൂട്ടമായെത്തുന്ന കോവളം പോലുള്ള മാസ് അല്ലെങ്കില്‍ ചാര്‍ട്ടേഡ് കേന്ദ്രങ്ങളെ ഞങ്ങള്‍ അടുത്ത കാലത്തായി അധികം ഉയര്‍ത്തിക്കാട്ടുന്നില്ല. ഇവര്‍ വരുമ്പോള്‍ സാംസ്‌കാരികമായ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഉയര്‍ന്ന വരുമാനമുള്ള ഹൈ-എന്‍ഡ് ടൂറിസ്റ്റുകളെയാണ് ഇപ്പോള്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നത്'' -ടൂറിസം ഡയറക്ടര്‍ എം. ശിവശങ്കര്‍ പറയുന്നു.


അതിസമ്പന്നരെ ലക്ഷ്യമിടുന്ന വന്‍കിട റിസോര്‍ട്ടുകളാണ് ഈ രീതിയിലുള്ള ടൂറിസത്തിന്റെ മുഖമുദ്ര. കാസര്‍കോട് ജില്ലയിലെ ബേക്കല്‍ ഇതിന്റെ ഉദാഹരണമാണ്. 1992ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ 'സ്‌പെഷല്‍ ടൂറിസം ഏരിയ'യായി ഇതിനെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് 1995ല്‍ സംസ്ഥാന സര്‍ക്കാര്‍ ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി.) രൂപവത്കരിച്ചു. ഉദുമ, അജാനൂര്‍, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളാണ് പദ്ധതി മേഖല. ഇവിടെ ആറ് റിസോര്‍ട്ടുകള്‍ക്കായി 250 ഏക്കര്‍ ബി.ആര്‍.ഡി.സി.യാണ് ഏറ്റെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് പാട്ടത്തിന് നല്കിയത്. ഇവ പൂര്‍ത്തിയാകുമ്പോള്‍ താമസത്തിനുള്ള 750 യൂണിറ്റുകള്‍ ഇവിടെ ഉണ്ടാകും. ത്രീസ്റ്റാറും അതിനു മുകളിലും മാത്രം സൗകര്യമുള്ളവയാണ് ഇവ. തേജസ്വിനിപ്പുഴയില്‍ ഹൗസ്‌ബോട്ട് സര്‍വീസുകള്‍, അക്വാപാര്‍ക്ക്, വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയും പദ്ധതിയിലുണ്ട്. 36 കുടുംബങ്ങളെ ബി.ആര്‍.ഡി.സി. തന്നെ പുനരധിവസിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇതോടെ ഇവിടെ റിയല്‍ എസ്റ്റേറ്റ് ലോബി സജീവമായി. സര്‍ക്കാര്‍ നല്കിയതിനു പുറമെ സ്വന്തം നിലയില്‍ത്തന്നെ തൊട്ടടുത്ത ഭൂമി റിസോര്‍ട്ടുടമകള്‍ വാങ്ങിക്കൂട്ടുകയാണ്.


ഉദുമ കാപ്പിലില്‍ ഖന്ന ഗ്രൂപ്പ് നിര്‍മിക്കുന്ന റിസോര്‍ട്ടിന് സമീപത്തായി ആറേക്കര്‍ ഉടമകള്‍ വാങ്ങിക്കഴിഞ്ഞു. ബി.ആര്‍.ഡി.സി. 19,000 രൂപയ്കാണ് ഭൂമി ഏറ്റെടുത്തതെങ്കില്‍ 1.5-1.75 ലക്ഷംരൂപയാണ് റിസോര്‍ട്ടുകാര്‍ നല്‍കുന്നത്. അടുത്തിടെ റോഡ് വികസനത്തിനായി രണ്ടുസെന്റ് ഏറ്റെടുത്തപ്പോള്‍ 38,000 രൂപയാണ് കോര്‍പ്പറേഷന്‍ നല്കിയത്.


''കമ്പനി അധികൃതര്‍ നേരിട്ടുതന്നെയാണ് കച്ചവടം. ബി.ആര്‍.ഡി.സി. ജീവനക്കാരും ഇടനിലക്കാരായി വരാറുണ്ട്'' - സമീപപ്രദേശത്തെ സ്ഥലവാസികളിലൊരാള്‍ പറയുന്നു.

കുടിവെള്ളത്തിന്റെയും മാലിന്യത്തിന്റെയും പ്രശ്‌നമാണ് മറ്റൊന്ന്. കുടിവെള്ളത്തിനായി കരിച്ചേരിയില്‍ 15 കോടിചെലവിട്ട്, ദിവസം 70 ലക്ഷം ലിറ്റര്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 30 ലക്ഷം ലിറ്റര്‍ റിസോര്‍ട്ടുകള്‍ക്കും 40 ലക്ഷംലിറ്റര്‍ നാട്ടുകാര്‍ക്കും വിതരണം ചെയ്യുമെന്നാണ് നേരത്തേ പറഞ്ഞത്.

എന്നാല്‍ 2004-ല്‍ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിയില്‍ നിന്ന് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഒരു തുള്ളിപോലും നാട്ടുകാര്‍ക്ക് കിട്ടിയിട്ടില്ല. പൊതുടാപ്പുകള്‍ സ്ഥാപിക്കുമെന്നും പലയിടങ്ങളിലായി 10 ടാങ്കുകള്‍ സ്ഥാപിക്കുമെന്നും പറഞ്ഞെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല.


''പദ്ധതി ജലഅതോറിറ്റിക്ക് കൈമാറുന്നതോടെ നാട്ടുകാര്‍ക്കുകൂടി പ്രയോജനം ലഭിക്കുമെന്നാണ്'' ബി.ആര്‍.ഡി.സി. എം.ഡി. ഷാജി മാധവന്‍ പറയുന്നത്. ഏപ്രില്‍ 17ന് പദ്ധതി മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 500 പൊതു ടാപ്പുകള്‍ സ്ഥാപിക്കുമെന്ന് തന്നെയാണ് അപ്പോഴും മന്ത്രി പറഞ്ഞത്. എന്നാല്‍ പദ്ധതി ജലഅതോറിറ്റി ഏറ്റെടു ക്കുന്നതോടെ ബി.ആര്‍.ഡി.സി.ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകും.

പൊതുവെ ഉപ്പുവെള്ളവും കുടിവെള്ളക്ഷാമവും കൊണ്ട് നട്ടംതിരിയുന്ന പ്രദേശങ്ങളാണ് തീരദേശമേഖലയിലെ നാലുപഞ്ചായത്തുകളും.

റിസോര്‍ട്ടുകള്‍ വ്യാപകമായതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതാണ് മാരാരിക്കുളത്തെ കാഴ്ച.
'പൊതുവെ വെള്ളത്തിന്' ക്ഷാമമില്ലാത്ത പ്രദേശമാണ് ഇവിടെ. എന്നാല്‍ അടുത്ത കാലത്തായി കുഴല്‍ക്കിണറുകള്‍ വറ്റിവരണ്ടു. റിസോര്‍ട്ടുകളുടെ അമിത ജലചൂഷണമാണ് കാരണം-മാരാരിക്കുളം സ്വദേശിയായ രാജു എറശ്ശേരില്‍ പറയുന്നു.
പത്തു റിസോര്‍ട്ടുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ബേക്കലില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത്, നഷ്ടപ്പെടുന്നവര്‍ക്ക് പകരം ഭൂമി നല്കിയെങ്കില്‍ മാരാരിക്കുളത്ത് പണം കൊടുത്ത് ഭൂമി വാങ്ങല്‍ മാത്രമാണ് നടക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ റിസോര്‍ട്ടുകള്‍ സ്വന്തമാക്കുന്നു. പട്ടയം ഉള്ളവയും ഇല്ലാത്തവയും വാങ്ങാന്‍ ആളുണ്ട്. റിസോര്‍ട്ടുകള്‍ക്കായി 230 പേരാണ് വീടുവിറ്റ് പോയത്. ഇവരുടെ വീടുകളാണ് റിസോര്‍ട്ടുകള്‍ കോട്ടേജുകളായി രൂപാന്തരപ്പെടുന്നത്.

തീരങ്ങളില്‍ ഭൂമിവിറ്റ് രക്ഷപ്പെടുന്നവരുടെ എണ്ണം കൂടിയതോടെ മറ്റിടങ്ങളിലും ഭൂമിവില ഉയര്‍ന്നു. ഇതോടെ വിറ്റുപോകുന്നവര്‍ക്ക് ഭൂമി വാങ്ങലും ബുദ്ധിമുട്ടായി. ഭൂമി വാങ്ങുന്നവരില്‍ സ്വദേശികള്‍ മാത്രമല്ല, വിദേശികളുമുണ്ട്.

കടപ്പുറങ്ങളില്‍ വംശീയ കുടിയൊഴിപ്പിക്കലാണ് നടക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക പരാധീനതകളുണ്ട്. അത് മുതലെടുത്താണ് ഇവര്‍ കടന്നുവരുന്നത്. ആദിവാസിഭൂമി വാങ്ങാനോ വില്‍ക്കാനോ പാടില്ലെന്നു നിയമം കൊണ്ടുവന്നതുപോലെ തീരമേഖലയിലും നിയമം കൊണ്ടുവരണം''-മത്സ്യത്തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ കൃപാസനം ഡയറക്ടര്‍ ഫാ. വി.പി. ജോസഫ് പറയുന്നു

ഇവിടെ 4000 ഏക്കര്‍ ഭൂമി ഇപ്പോള്‍ ടൂറിസം ലോബിയുടെ കൈയിലാണ്.
റിസോര്‍ട്ടുകള്‍ വ്യാപകമായത് മൂന്നു രീതിയിലാണ് മത്സ്യത്തൊഴിലാളികളെ ബാധിച്ചത്. 1) റിസോര്‍ട്ടിനായി സ്ഥലം കെട്ടിത്തിരിക്കുന്നതോടെ തൊഴിലാളികള്‍ക്ക് തീരത്തേക്കുള്ള വഴി ഇല്ലാതാകും.
2) മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളം അടുപ്പിക്കാനോ വല വെക്കാനോ കഴിയില്ല. ടൂറിസ്റ്റുകള്‍ വിശ്രമിക്കുകയും കുളിക്കുകയും ചെയ്യുന്ന ഈസ്ഥലങ്ങളില്‍ അതിക്രമിച്ചുകടക്കുന്നത് തടയാന്‍ പലയിടത്തും സെക്യൂരിറ്റി ഗാര്‍ഡുകളുണ്ട്.
3) മുമ്പ് അധികംവരുന്ന മീനുകള്‍ കടപ്പുറത്തിട്ട് ഉണക്കി സൂക്ഷിക്കുകയാണ് പതിവ്. ഇതിനും ഇപ്പോള്‍ ഇടമില്ലാതായി.
തീരങ്ങളില്‍ ഭൂമിവിറ്റ് രക്ഷപ്പെടുന്നവരുടെ എണ്ണം കൂടിയതോടെ മറ്റിടങ്ങളിലും ഭൂമിവില ഉയര്‍ന്നു. ഇതോടെ വിറ്റുപോകുന്നവര്‍ക്ക് ഭൂമിവാങ്ങലും ബുദ്ധിമുട്ടായി. ഭൂമി വാങ്ങുന്നവരില്‍ സ്വദേശികള്‍ മാത്രമല്ല, വിദേശികളുമുണ്ട്. മാരാരിക്കുളം കിഴക്ക് ലണ്ടന്‍ സ്വദേശികള്‍ക്ക് സ്ഥലമുണ്ട്. മാരാരിക്കുളത്തെ സിംഫണി റിസോര്‍ട്ട് അറിയപ്പെടുന്നതുതന്നെ ബെല്‍ജിയം സ്വദേശിയുടെ പേരിലാണ്.


കച്ചവടത്തോടൊപ്പം ഭൂമി കൈയേറ്റവുമുണ്ട് ഇവിടെ. 2007-ല്‍ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി പൊള്ളോത്തയിലെ ഫിഷര്‍മെന്‍ വില്ലേജ് റിസോര്‍ട്ടില്‍ ഒമ്പതുവീടുകള്‍ സര്‍ക്കാര്‍ ഭൂമിയിലാണെന്നു കണ്ടെത്തിയിരുന്നു. മറ്റൊരു റിസോര്‍ട്ടില്‍ 3.46 ഏക്കര്‍ മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

വേലിയേറ്റരേഖയില്‍നിന്ന് 200 മുതല്‍ 500 മീറ്റര്‍വരെയുള്ള പ്രദേശത്ത് ആവശ്യമെങ്കില്‍ ടൂറിസം പദ്ധതികള്‍ക്ക് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന തീരദേശ നിയന്ത്രണനിയമത്തിലെ ഭേദഗതിയാണ് റിസോര്‍ട്ടുകള്‍ക്ക് അുനകൂലമാകുന്നത്. സംസ്ഥാനത്തെ തീരദേശനിയമലംഘനത്തില്‍ 70 ശതമാനവും നടന്നത് ടൂറിസം പദ്ധതികള്‍ക്കുവേണ്ടിയാണെന്നതാണ് ശ്രദ്ധേയം.

Comments

Viju V V said…
കൂടുതല്‍ പണം തരുന്ന എന്തിനും പ്രത്യേക ഇടവും പരിഗണനയും നല്കുന്നരീതി നാട്ടിലും പ്രബലമാകുകയാണ്. വ്യവസായങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്), ഐ.ടി.ക്ക് സൈബര്‍ സിറ്റികള്‍, ആനന്ദകേളികള്‍ക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ അങ്ങനെ... ടൂറിസത്തിന് ഇത് എസ്.ടി.ഇസഡാണ്. പ്രത്യേക വിനോദസഞ്ചാരമേഖലകള്‍.