ഡോണ പോളയിലെ സ്വാതന്ത്ര്യദിനം










സ്വാതന്ത്ര്യ ദിനത്തിന്റെ അന്നാണ്‌ ഡോണ പോളയിലേക്ക്‌ ഞങ്ങള്‍ പോയത്‌. നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓഷ്യാനോഗ്രഫിയുടെ മുന്നില്‍ ബസിറങ്ങിയപ്പോള്‍ കണ്ടത്‌ നല്ലൊരു കാഴ്‌ചയായിരുന്നു. വഴി നീളെ പൂക്കളും മെഴുകുതിരികളും വില്‍ക്കാന്‍ ആളുകള്‍ നിരന്നിരിക്കുന്നു. കൗതുകം തോന്നിയതുകൊണ്ട്‌ വഴിയിലെ ഒരാളോട്‌ മുറിഹിന്ദിയില്‍ ഇവിടെ എന്താണ്‌ എന്നു തിരക്കി. ' പന്ത്രഹ്‌ അഗസ്‌ത്‌ കാ ഫെസ്റ്റിവല്‍. ഹര്‍ സാല്‍ മേം ഹെ.' ആ നിഷ്‌കളങ്കതയില്‍ എനിക്ക്‌ ചിരിക്കാതിരിക്കാനായില്ല. ആഗസ്‌ത്‌ 15 എല്ലാ വര്‍ഷവും ഉണ്ടു പോലും. കൗതുകം വര്‍ധിച്ചതേയുള്ളൂ. വഴിയിലൂടെ നിരവധി പേര്‍ മെഴുകുതിരിയും പൂമാലയും വാങ്ങി പോകുന്നുണ്ട്‌. സ്വാതന്ത്ര്യസമരനായകരുടെ ശവകൂടീരങ്ങളില്‍ അര്‍പ്പിക്കാനാകുമോ? ഒരു പക്ഷേ ഇവിടെ ഇങ്ങനെയായിരിക്കും ആഘോഷം.









ഒരുപാട്‌ സ്‌കൂള്‍ കുട്ടികളും പോകുന്നുണ്ട്‌. ചിലര്‍ തിരിച്ചുവരുന്നു. കൗതുകത്തിന്റെ തണല്‍പറ്റി ഞങ്ങളും അവരെ പിന്തുടര്‍ന്നു. നടന്നു നടന്നു പോകെ വഴിയില്‍ ബ്രിട്ടീഷ്‌ സെമിത്തേരി കണ്ടു. സ്വാതന്ത്ര്യദിനത്തില്‍ നല്ലൊരു രൂപകമാണ്‌ ഇതിന്റെ ബോര്‍ഡ്‌. ബ്രിട്ടീഷുകാരുടെ ശവകൂടീരങ്ങള്‍ മാത്രം. ജീവനോടെ ഒന്നും ശേഷിക്കുന്നില്ല. വീണ്ടും നടന്നപ്പോള്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്ന കവാടത്തിലാണ്‌ എത്തിയത്‌. അവിടെ കടന്നുവരുന്ന വാഹനങ്ങള്‍ അവര്‍ പരിശോധിക്കുന്നുണ്ട്‌. ആളുകള്‍ വരിവരിയായി നടക്കുന്നു. അപ്പോഴേക്കും മറ്റൊരു ഊഹമായി. വര്‍ഷത്തിലൊരിക്കലാകും ഇവിടെ നാട്ടുകാര്‍ക്ക്‌ പ്രവേശനം. അകത്ത്‌ എന്താണെന്നറിയാന്‍ വീണ്ടും ജിജ്ഞാസയായി.







പക്ഷേ ബാഗുകളും പരിശോധിക്കുന്നുണ്ട്‌ പട്ടാളക്കാര്‍. ആളുകളുടെ മുന്നില്‍ നിന്ന്‌ മുഷിഞ്ഞ അടിവസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ എടുത്തുപുറത്തിട്ടാല്‍ നാണക്കേടാകും. അതിനാല്‍ അവരുടെ അടുത്തുചെന്ന്‌ നേരെ കാര്യം പറഞ്ഞു. സര്‍ വീ ആര്‍ ജേര്‍ണലിസ്‌റ്റ്‌സ്‌ ഫ്രം കേരള. കാന്‍ വീ ഗോ ഇന്‍സൈഡ്‌? മേ വീ കീപ്പ്‌ ദിസ്‌ ബാഗ്‌സ്‌ ഹിയര്‍?' സംഗതി പ്രശ്‌നമില്ല. ഒരു പട്ടാളക്കാരന്‍ ഐഡന്‍ഡിറ്റി കാര്‍ഡ്‌ വാങ്ങി പേരുകള്‍ രേഖപ്പെടുത്തി അകത്തേക്ക്‌ പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. വിലപ്പെട്ടതെന്തെങ്കിലും ഉണ്ടെങ്കില്‍ എടുത്തോളൂ എന്ന്‌ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. ഉള്ളിലേക്ക്‌ നടന്നപ്പോള്‍ ആദ്യം കണ്ടത്‌ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നുവെന്ന ബോര്‍ഡാണ്‌.







പിന്നെയും നടന്നപ്പോഴാണ്‌ അത്‌ രാജ്‌ഭവനാണെന്ന്‌ മനസിലായത്‌. ഗവര്‍ണറുടെ ബംഗ്‌ളാവ്‌. പക്ഷേ അതിനുള്ളില്‍ ഉത്സവത്തിനു കാണാറുള്ളതുപോലത്തെ ചന്തകള്‍ നിരന്നിരിക്കുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ വെച്ച്‌ പരിശോധനയുണ്ട്‌ അകത്ത്‌. അതു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എത്തിയത്‌ ഒരു ക്രിസ്‌ത്യന്‍ പള്ളിയുടെ മുറ്റത്ത്‌. കടല്‍ത്തീരത്ത്‌ ഉയരമുള്ള ഒരുകുന്നില്‍ മുകളില്‍. അവിടെ പ്രാര്‍ഥന നടക്കുകയായിരുന്നു. അതിന്റെ ഇരു വാതിലുകളും കവിഞ്ഞ്‌ പുറത്തേക്ക്‌ നീണ്ടിരുന്നു വിശ്വാസികളുടെ നിര. കുടചൂടി ആളുകള്‍ നില്‍ക്കുന്നത്‌ ഒരു സിനിമയിലെ ദൃശ്യം പോലെ തോന്നി.

പെട്ടെന്ന്‌ അവിടെ കാവല്‍ നില്‍ക്കുന്ന പോലീസുകാരനോട്‌ ചോദിച്ച്‌ ഒരു ഫോട്ടോയെടുത്തു. അതിനു നേരെ എതിര്‍വശത്തെ വഴിയിലൂടെ ആളുകള്‍ താഴേക്കിറങ്ങുന്നുണ്ട്‌. അവിടേക്കാണ്‌ പൂക്കളുമായി ആളുകള്‍ ഇറങ്ങുന്നത്‌.



ക്രിസ്‌ത്യാനികള്‍ മാത്രമല്ല, സിന്ദൂരം തൊട്ട ഹിന്ദു സ്‌ത്രീകളും ഉണ്ട്‌. ചെറിയ വഴിയിലൂടെ താഴേക്കിറങ്ങിയാല്‍ അവിടെ ഒരു ഗ്രോട്ടോയുണ്ട്‌. അതിലാണ്‌ ആളുകള്‍ പൂക്കള്‍ അര്‍പ്പിക്കുന്നത്‌. മെഴുകുതിരികള്‍ അതിനരികെ വലിയ തീയായി ആളിക്കത്തുന്നുണ്ട്‌.







അവിടെ നിന്ന്‌ ഏതാനും ചുവടുവെച്ചാല്‍ കടല്‍ക്കരയാണ്‌. വഴി തുടങ്ങുന്ന ഭാഗത്തുള്ള ശിലാഫലകം വായിച്ചാല്‍ എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ്‌ പോളയുടേതാണ്‌ ആ രൂപമെന്ന്‌ മനസിലാക്കാം. എങ്കിലും ആളുകള്‍ക്ക്‌ അതിനോട്‌ വല്ലാത്ത അടുപ്പമുണ്ട്‌. പള്ളി രാജ്‌ഭവന്റെ ഒരരികിലാണ്‌. രാജ്‌ഭവനില്‍ 15ന്‌ രാവിലെ പതാകയുയര്‍ത്തലുണ്ട്‌
കാബോ ചാപ്പലിന്റെ കഥ വെബ്‌സൈറ്റില്‍ നിന്നാണ്‌ ഞാന്‍കണ്ടുപിടിച്ചത്‌.







മണ്ടോവി, സുവാരി നദികള്‍ കൂടിച്ചേരുന്ന അഴിമുഖത്താണ്‌ പള്ളിയുടെ കെട്ടിടം. ഗോവയിലെ പോര്‍ച്ചുഗീസ്‌ ഭരണകാലത്ത്‌ പാലസ്യോ ഡി കാബോ എന്നറിയപ്പെടുന്ന ഈ കെട്ടിടം ഗവര്‍ണര്‍ ജനറലിന്റെ വസതിയായിരുന്നു. 1540-ല്‍ ആണ്‌ ഈ കെട്ടിടം പണിതത്‌. ബൊഹീമിയന്‍ ശൈലിയിലുള്ള കണ്ണാടിവിളക്കുകളുടെയും ചീനഭരണികളുടെയും ഒരു ശേഖരമുണ്ട്‌ ഇതിനകത്ത്‌. പിന്നീട്‌ 1886 വരെ ഇത്‌ ഗവര്‍ണര്‍ ജനറലിന്റെ വസതിയായിരുന്നു. 1987-ല്‍ ആണ്‌ ഇത്‌ കാബോ രാജ്‌ഭവന്‍ ആയത്‌.



പ്രണയികളുടെ ഇടമായാണ്‌ ഡോണ പോള അറിയപ്പെടുന്നത്‌. അതിനു പിന്‍ബലമായി ഒരു കഥയുണ്ട്‌. ഇന്ത്യയിലെ ഒരു വൈസ്രോയിയുടെ മകളായിരുന്നു ഡോണ പോള ഡി മെന്‍ഡസ്‌. അവള്‍ തദ്ദേശീയനും ദരിദ്രനുമായ ഒരു മീന്‍പിടിത്തക്കാരനുമായി പ്രണയത്തിലായി. ഗാസ്‌പര്‍ ഡയസ്‌ എന്നായിരുന്നു അയാളുടെ പേര്‌. അയാളെ വിവാഹം കഴിക്കാനുള്ള അനുമതി നല്‍കാത്തതിനാല്‍ ഡോണ ഈ കുന്നിന്‍ മുകളില്‍ നിന്ന്‌ കടലില്‍ ചാടി മരിച്ചു എന്നാണ്‌ കഥ. കാബോ ചര്‍ച്ചിലാണത്രെ ഡോണയെ അടക്കം ചെയ്‌തത്‌. നിലാവുള്ള രാത്രികളില്‍ കടല്‍ത്തിരമാലകളില്‍ വെള്ളിനെക്‌ളേസിന്റെ തിളക്കം കാണാറുണ്ടെന്നുവരെ കഥയുണ്ടാക്കുന്നു ആളുകള്‍. നഷ്ടപ്രണയത്തിന്റെ സ്‌മാരകം തേടി നിരവധി പേര്‍ ഇവിടെയെത്താറുണ്ട്‌.
എന്നാല്‍ ഇത്‌ കെട്ടുകഥയാണെന്നാണ്‌ ചില ചരിത്രകാരന്‍മാര്‍ പറയുന്നത്‌. ഡോണ എന്നാല്‍ പോര്‍ച്ചുഗീസ്‌ ആചാരപ്രകാരം വിവാഹിതയാവുന്ന യുവതിക്ക്‌ നല്‍കുന്ന പേരാണ്‌. ശ്രീലങ്കയിലെ ജാഫ്‌നപട്ടണത്തിലെ വൈസ്രോയിയുടെ മകളായിരുന്ന ഡോണ പോള. അവര്‍ 1644-ല്‍ ആണ്‌ ഗോവയിലെത്തിയത്‌. 1656-ല്‍ പ്രമുഖ സ്‌പെയിന്‍കുടുംബത്തില്‍ നിന്നാണ്‌ ഇവര്‍ വിവാഹം ചെയ്‌തത്‌.






















ഡോം അന്റോണിയോ സോട്ടോ മൊയര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‌. 1682 ഡിസംബര്‍ 16ന്‌ ഡോണ മരിച്ചു. കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഡോണ ഗ്രാമത്തിലുള്ളവര്‍ക്ക്‌ പ്രിയങ്കരിയായിരുന്നു. അതിനാല്‍ മരണശേഷം ഗ്രാമത്തിന്‌ അവരുടെ പേര്‌ നല്‍കി. മുമ്പ്‌ ഒഡ്ഡാവെല്‍ എന്നായിരുന്നു ഈ സ്ഥലത്തിന്‌ പേര്‌.


ആകര്‍ഷകമൊന്നുമല്ല ഡോണ പോള ബീച്ച്‌. കടല്‍ക്കരയില്‍ വെയില്‍ കായാനോ കുളിക്കാനോ എത്തുന്ന വിദേശിക്ക്‌ ഒന്നും ഇവിടെയില്ല. അഴിമുഖത്തുനിര്‍മിച്ച നടപ്പാതയ്‌ക്ക്‌ ഇരുവശത്തും തെരുവുകച്ചവടക്കാരാണ്‌. പാറക്കൂട്ടത്തിനുമുകളില്‍ കയറി ബീച്ചിന്റെ സൗന്ദര്യം കണ്ടു നില്‍ക്കാം.










ഇവിടെ കടലിന്‌ അഭിമുഖമായി നില്‍ക്കുന്ന ദമ്പതികളുടെ പ്രതിമാശില്‌പം കാണാം. ഡോണ പോളയും പ്രിയതമനും കടലിനഭിമുഖമായി പരസ്‌പരം നോക്കിനില്‍ക്കുന്നതാണെന്നാണ്‌ വിശ്വാസം. എന്നാല്‍ ഇത്‌ തത്വചിന്തകനായ റോബര്‍ട്ട്‌ നോക്‌സിന്റെയും ഭാര്യയുടേതുമാണെന്നാണ്‌ ചിലര്‍ പറയുന്നത്‌. എങ്കിലും കാല്‍പനിക പ്രണയത്തിന്റെ ഒരു അന്തരീക്ഷം ഇവിടെയുണ്ട്‌. പനാജിയില്‍ നിന്ന ഡോണ പോളയിലേക്ക്‌ ഇടയ്‌ക്കിടെ ബസുണ്ട്‌. ഏഴു രൂപയാണെന്നു തോന്നുന്നു ടിക്കറ്റ്‌ ചാര്‍ജ്‌.

Comments

Viju V V said…
പ്രണയികളുടെ ഇടമായാണ്‌ ഡോണ പോള അറിയപ്പെടുന്നത്‌. അതിനു പിന്‍ബലമായി ഒരു കഥയുണ്ട്‌. ഇന്ത്യയിലെ ഒരു വൈസ്രോയിയുടെ മകളായിരുന്നു ഡോണ പോള ഡി മെന്‍ഡസ്‌. അവള്‍ തദ്ദേശീയനും ദരിദ്രനുമായ ഒരു മീന്‍പിടിത്തക്കാരനുമായി പ്രണയത്തിലായി.