ദേശാടനത്തിന്റെ തീരക്കാഴ്ചകള്‍

ദൈവത്തിന്റെ കൈയൊപ്പുപതിഞ്ഞ നാടെന്ന വിശേഷണം സഞ്ചാരികളുടെ ഇഷ്ടഭൂമികയായ കേരളത്തിനു സ്വന്തം. തൊണ്ണൂറുകളുടെ ആദ്യം 'മുദ്ര' എന്ന പരസ്യസ്ഥാപനത്തില്‍ കോര്‍പ്പറേറ്റ് ക്രിയേറ്റീവ് ഡയറക്ടറായിരുന്ന ന്യൂസീലന്‍ഡുകാരന്‍ വാള്‍ട്ടര്‍ മെന്‍ഡിസാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പ്രിയനാമം കേരളത്തിനു സമ്മാനിച്ചത്. അതു ക്ലിക്കായി. ഇന്ന് ലോകത്തെ 40 പ്രമുഖ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് കേരളം. നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ പുറത്തിറക്കിയ, ഒരു ജീവിതകാലത്തിനിടെ കണ്ടിരിക്കേണ്ട 10 ദേശങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ട്.

സംസ്ഥാനത്തെ കണക്കുകളിലും കുതിപ്പിലാണ് വിനോദസഞ്ചാരരംഗം. 5,98,929 വിദേശികളുള്‍പ്പെടെ 82 ലക്ഷം പേരാണ് 2008-ല്‍ ഇവിടം സന്ദര്‍ശിച്ചത്. നേരിട്ടും അല്ലാതെയുമായി 13,130 കോടി രൂപയാണ് ഇതുവഴിയുണ്ടായ വരുമാനം. സംസ്ഥാനത്തെ മൊത്ത ആഭ്യന്തരവരുമാനത്തിന്റെ 7.7 ശതമാനം വരുമിത്.

ഏറെയുണ്ട് സഞ്ചാരികള്‍ക്കായി കേരളം ഒരുക്കുന്ന വിഭവങ്ങള്‍-കടല്‍, കായല്‍, നദികള്‍, മലകള്‍, മഴ...വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും ജൈവസമ്പത്തും. 70 കിലോമീറ്റര്‍ യാത്രയ്ക്കിടെ മലനാടും ഇടനാടും തീരപ്രദേശവും കാണാം.
1.

രാജ്യത്തിന്റെ വിസ്തൃതിയുടെ 1.1 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍, ഇന്ത്യയില്‍ തിരിച്ചറിഞ്ഞ 47,000 സസ്യ ഇനങ്ങളുടെ 22 ശതമാനം ഇവിടെയാണ്. 35 ശതമാനം മത്സ്യ ഇനങ്ങള്‍, 210 ഇനം ശുദ്ധജലജീവികള്‍ എല്ലാം ഇവിടെയുണ്ട്.

പശ്ചിമഘട്ടത്തിന്റെ 700 കിലോമീറ്ററും കടലോരത്തിന്റെ 586 കിലോമീറ്ററും കേരളത്തിനു സ്വന്തം. വര്‍ഷത്തില്‍ 2000 മി.മീ. മഴ. ആചാരത്തിലും അനുഷ്ഠാനത്തിലും വേഷവിധാനത്തിലും ജീവിതരീതിയിലും വൈവിധ്യം നിറഞ്ഞ ജനവിഭാഗങ്ങള്‍. അങ്ങനെയാണ് കേരളം ദൈവത്തിന്‍േറതാകുന്നത്.

''വൃത്തിയുള്ള മനോഹരതീരം, നല്ല മനുഷ്യര്‍, രുചികരമായ ഭക്ഷണം, ആത്മീയതയും ആയുര്‍വേദവും''-ഇങ്ങോട്ടേക്കാകര്‍ഷിച്ച ഘടകങ്ങളെക്കുറിച്ച് വിദേശികള്‍ വിലയിരുത്തുന്നു.


തീരങ്ങള്‍ നമ്മുടെ വിനോദസഞ്ചാരമേഖലയുടെ പ്രധാന ആകര്‍ഷണംതന്നെയാണ്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, ആലപ്പുഴ എന്നിങ്ങനെ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന അഞ്ചു ജില്ലകളില്‍ നാലിനും കടല്‍ത്തീരമുണ്ട്. ഇവിടത്തെ പ്രാദേശികവിഭവങ്ങളെയും ജീവിതത്തെയും മുന്‍നിര്‍ത്തിയാണ് ടൂറിസം പ്രചാരം നേടുന്നതും. വിനോദസഞ്ചാരംവഴി കോടികള്‍ ഒഴുകിയെത്തുമ്പോഴും ഇതിന്റെ ഗുണം തദ്ദേശ ജനതയ്ക്ക് ലഭിക്കുന്നുണ്ടോ? ടൂറിസം വികസിക്കുമ്പോള്‍ത്തന്നെ വീടിനും ഭൂമിക്കും തൊഴിലിനും വേണ്ടിയുള്ള സമരങ്ങള്‍ തീരങ്ങളില്‍ ഉയരുന്നുണ്ട്. ഈ പദ്ധതികളുടെ വരവ് തീരദേശസമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള അന്വേഷണപരമ്പര ഇന്ന് തുടങ്ങുന്നു:


ടൂറിസ്റ്റ് വഴിയിലെ മത്സ്യഗ്രാമങ്ങള്‍

മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റാതിരിക്കുമ്പോഴാണ്
കൊട്ടിഗ്‌ഘോഷത്തോടെ ടൂറിസം പദ്ധതികള്‍ വരുന്നത്. അന്ധകാരനഴിയില്‍ അടുത്തിടെ നടന്ന കുടില്‍കെട്ടി സമരം അതുപോലെ ഒന്നിന്റെ ഫലമായിരുന്നു

''ആഘോഷപൂര്‍വമായ ഒരു മത്സ്യഗ്രാമം. അതാണ് ഞങ്ങളുടെ റിസോര്‍ട്ട്. മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ രൂപാന്തരപ്പെടുത്തിയതാണ് പാര്‍പ്പിടങ്ങള്‍'' -ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ഇന്റര്‍നെറ്റ് പരസ്യത്തിലെ വാചകമാണിത്.

'ഫിഷര്‍മെന്‍ വില്ലേജ്' എന്ന പേരില്‍ത്തന്നെ ഇവിടെ റിസോര്‍ട്ടുകളുണ്ട്. ഗ്രാമീണ ജീവിതത്തിന് ടൂറിസം മേഖല നല്കുന്ന പ്രാധാന്യമുണ്ട് ഈ വരികളില്‍. എന്നാല്‍, അത്രയൊന്നും ജനകീയമല്ല ടൂറിസത്തിന്റെ പുതിയ സഞ്ചാരങ്ങള്‍. വാസ്‌കോ-ഡ-ഗാമ കപ്പലിറങ്ങിയ കോഴിക്കോട് ജില്ലയിലെ കാപ്പാട്ട് അടുത്തിടെയുണ്ടായ സംഭവംതന്നെ ഉദാഹരണം. 2009 സപ്തംബറിലാണ് വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി കുറുമ്പ്രനാട് ഹോട്ടല്‍ ആന്‍ഡ് ടൂറിസത്തിന്റെ നേതൃത്വത്തില്‍ 'അക്വാഫ്രോലിക് വാട്ടര്‍ സ്‌പോര്‍ട്‌സ്' എന്ന ജലവിനോദ പരിപാടി ഇവിടെ ഏര്‍പ്പെടുത്തിയത്.

തിരമാലകളെ കീറിമുറിച്ച് ഓടുന്ന ജെറ്റ് സ്‌കീ റൈഡ്, ബനാന റൈഡ്, റിംഗോ റൈഡ്, ബോട്ടിന്റെ സഹായത്തോടെ ആകാശത്ത് സഞ്ചരിക്കാവുന്ന പാരച്യൂട്ട് റൈഡ് എന്നിവയായിരുന്നു ഇനങ്ങള്‍. ലക്ഷങ്ങള്‍ ചെലവിട്ട് ജര്‍മനി, ജപ്പാന്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍നിന്ന് ഉപകരണങ്ങള്‍ എത്തിച്ചു. ഉദ്ഘാടന വേളയിലാണ് പദ്ധതിക്കെതിരെ പ്രതിഷേധമുയര്‍ന്നത്.

മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള ഇവിടെ അവരുടെ തൊഴിലിന് ബുദ്ധിമുട്ടായതാണ് പ്രശ്‌നം. ഉയര്‍ന്ന വേഗവും ശബ്ദവുമുള്ള വാഹനങ്ങള്‍ ജലോപരിതലത്തില്‍ ചീറിപ്പാഞ്ഞുതുടങ്ങിയതോടെ ഈ മേഖലയില്‍ മീനുകള്‍ ഇല്ലാതായി. എതിര്‍പ്പ് ശക്തമായതോടെ നാലുമാസം കഴിഞ്ഞപ്പോള്‍ പദ്ധതി നിര്‍ത്തി.

പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തദ്ദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാത്തതിന്റെ പരിണതഫലമാണ് ഈ അന്ത്യം.


പ്രദേശത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റാതിരിക്കുമ്പോഴാണ് കൊട്ടിഗ്‌ഘോഷിച്ച് ടൂറിസം പദ്ധതികള്‍ വരുന്നത്. സുനാമിയില്‍ മൂന്നുപേര്‍ മരിച്ച ആലപ്പുഴ ജില്ലയിലെ അന്ധകാരനഴിയില്‍ അടുത്തിടെ നടന്ന കുടില്‍കെട്ടി സമരം അതുപോലെ ഒന്നിന്റെ ഭാഗമായാണ്.

'ആദ്യം വീട്, പിന്നെ ടൂറിസം' എന്ന മുദ്രാവാക്യവുമായി ജില്ലാ കടലോര-കായലോര മത്സ്യത്തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി.) നേതൃത്വത്തില്‍ സുനാമി ഭവനരഹിതര്‍ നടത്തിയ 93 ദിവസത്തെ സമരം കഴിഞ്ഞ ഫിബ്രവരി 20-നാണ് തീര്‍ന്നത്.
അരൂര്‍ മണ്ഡലത്തിലെ കുത്തിയതോട്, തുറവൂര്‍ മേഖലകളില്‍ കടല്‍ വേലിയേറ്റരേഖയുടെ 10 മീറ്ററിനുള്ളില്‍ കഴിയുന്ന 127 കുടുംബങ്ങളാണ് സുനാമി ഭവനപദ്ധതിയില്‍ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തത്.

ഭവനരഹിതരുടെ ആവശ്യങ്ങളെ ആരും തിരിഞ്ഞുനോക്കാതിരിക്കുമ്പോള്‍, തൊട്ടുമുന്നില്‍, സുനാമി പുനരധിവാസ ഫണ്ടില്‍നിന്ന് 4.19 കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പിന്റെ കടലോരം മോടിപിടിപ്പിക്കല്‍ തകൃതിയായി നടന്നു.


സമരത്തിന്റെ 79-ാം ദിവസം ഭരണമുന്നണിയിലെ പ്രമുഖകക്ഷിയുടെ നേതൃത്വത്തില്‍ സമരക്കുടില്‍ പൊളിച്ചുകളഞ്ഞു. കൈയേറ്റത്തില്‍ എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നിട്ടും സമരം തുടര്‍ന്നപ്പോഴാണ് ഇവരുടെ ആവശ്യങ്ങള്‍ പരിഗണിച്ചത്. ഒടുവില്‍ സമരം ചെയ്തവര്‍ ഉള്‍പ്പെടെ അരൂര്‍ മണ്ഡലത്തിലെ 468 പേര്‍ക്ക് വീടനുവദിച്ചു.

അന്ധകാരനഴിയില്‍ സംഘടനാബലം കൊണ്ട് ആവശ്യങ്ങള്‍ നേടിയെടുക്കാനായെങ്കില്‍ ചിലയിടങ്ങള്‍ അധികൃതരും സംഘടനകളും ഒരുപോലെ അവഗണിച്ചവയാണ്. ആ കൂട്ടത്തിലാണ് തിരുവനന്തപുരം വേളി ടൂറിസം വില്ലേജിനടുത്തെ പൊഴിക്കരയില്‍ താമസിക്കുന്ന 70 കുടുംബങ്ങള്‍.


പ്രശസ്തശില്പി കാനായി കുഞ്ഞിരാമന്റെ ലാന്‍ഡ് സേ്കപ്പിന്റെയും ശില്പങ്ങളുടെയും ചാരുതകൊണ്ട് കൗതുകം പകരുന്നതാണ് ടൂറിസം വില്ലേജ്. ഇവിടെ കായലില്‍ പെഡല്‍ ബോട്ട് സഞ്ചാരത്തിനും സൗകര്യമുണ്ട്. പാര്‍ക്കില്‍ നിന്ന് ഫേ്‌ളാട്ടിങ് ബ്രിഡ്ജ് കടന്നാല്‍ കടപ്പുറത്തെത്താം. ഇവിടത്തെ പൊഴിക്കരയുടെ ഇടതുഭാഗത്താണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്നത്. മുമ്പ് തീരത്തുതന്നെ താമസിച്ചിരുന്ന ഇവര്‍ 1986-ല്‍ കടല്‍ക്ഷോഭം ഉണ്ടായപ്പോഴാണ് പൊഴിക്കരയിലേക്ക് മാറിയത്.

2002-ല്‍ 55 പേര്‍ക്ക് സര്‍ക്കാര്‍ വീടുവെച്ചുകൊടുത്തു. അവഗണനയുടെയും അലംഭാവത്തിന്റെയും സ്മാരകങ്ങളാണ് ഇപ്പോള്‍ ഈ വീടുകള്‍.


40,000 രൂപ ചെലവിട്ട് ഇഷ്ടിക കൊണ്ട് നിര്‍മിച്ച വീടുകളില്‍ വിള്ളല്‍ വീഴാത്തവയില്ല. ഏതുനിമിഷവും ചുമര്‍ ഇടിഞ്ഞുവീഴാം. ഇടയ്ക്കിടെ മേല്‍ക്കൂരയില്‍ നിന്ന് സിമന്റുപാളികള്‍ അടര്‍ന്നുവീഴും. മഴക്കാലത്ത് ചോര്‍ന്നൊലിക്കും. വീടിന്റെ അപകടാവസ്ഥകാരണം പലരും താമസമുപേക്ഷിച്ച്‌പോയി.


മറ്റൊരിടമുള്ളവര്‍ക്ക് വിട്ടുപോകാം. അതിനുകഴിയാത്തവര്‍ എന്തുചെയ്യും? ഓര്‍മവെച്ചകാലം മുതല്‍ ഞങ്ങള്‍ ഇവിടെയുണ്ട്-പ്രദേശവാസിയായ ജി.കല ചോദിക്കുന്നു.


55 പേരില്‍ 22 പേര്‍ക്ക് പട്ടയം കിട്ടി. 2004-ല്‍ സുനാമിക്കുശേഷം തീരദേശനിയമം ശക്തമാക്കിയപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് കൈവശരേഖമാത്രമായി. നിയമത്തിന്റെ പേരില്‍ ദരിദ്രകുടുംബങ്ങള്‍ക്ക് പട്ടയം നിഷേധിക്കപ്പെട്ടപ്പോള്‍ ടൂറിസം വകുപ്പ് ഒരു 'സൗജന്യം' ചെയ്തു. തീരത്തിനും മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്കും ഇടയില്‍ സഞ്ചാരികള്‍ക്ക് നടന്നുല്ലസിക്കാന്‍ 'വാക്ക്‌വേ' പണിതു. അതു സുനാമി പുനരധിവാസ പദ്ധതിയില്‍ 1.76 കോടിരൂപ ചെലവില്‍. ഇത് ഉദ്ഘാടനം ചെയ്യും മുമ്പുതന്നെ വിള്ളല്‍ വീണുകഴിഞ്ഞു.


ഇവിടേക്കുള്ള അപ്പന്‍പിള്ള റോഡ് ടാര്‍ചെയ്തിട്ട് 12 വര്‍ഷമായി എന്നതാണ് മറ്റൊരു വൈരുധ്യം. ഇക്കാര്യങ്ങള്‍ ടൂറിസം ഡയറക്ടര്‍ എം.ശിവശങ്കറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറുപടി: ''റോഡും വീടും ഉണ്ടാക്കല്‍ ഞങ്ങളുട പണിയല്ല. അതിന് വേറെ ഏജന്‍സികളുണ്ട്. ടൂറിസ്റ്റുകള്‍ വന്നതിന്റെ പേരില്‍ റോഡുതകര്‍ന്നാല്‍ അത് നന്നാക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്.'' അപ്പോള്‍ ഒരുചോദ്യം: ''പിന്നെന്തിനാണ് സുനാമി ഫണ്ടില്‍ നിന്ന് പണം വാങ്ങിയത്?''

ഇതില്‍ നിന്ന് 100 കോടി രൂപ ചെലവഴിച്ച് 29 ടൂറിസം പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്!

Comments

viju.v.v said…
ദൈവത്തിന്റെ കൈയൊപ്പുപതിഞ്ഞ നാടെന്ന വിശേഷണം സഞ്ചാരികളുടെ ഇഷ്ടഭൂമികയായ കേരളത്തിനു സ്വന്തം. തൊണ്ണൂറുകളുടെ ആദ്യം 'മുദ്ര' എന്ന പരസ്യസ്ഥാപനത്തില്‍ കോര്‍പ്പറേറ്റ് ക്രിയേറ്റീവ് ഡയറക്ടറായിരുന്ന ന്യൂസീലന്‍ഡുകാരന്‍ വാള്‍ട്ടര്‍ മെന്‍ഡിസാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പ്രിയനാമം കേരളത്തിനു സമ്മാനിച്ചത്. അതു ക്ലിക്കായി. ഇന്ന് ലോകത്തെ 40 പ്രമുഖ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് കേരളം. നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ പുറത്തിറക്കിയ, ഒരു ജീവിതകാലത്തിനിടെ കണ്ടിരിക്കേണ്ട 10 ദേശങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ട്.
jayanEvoor said…
നല്ല എഴുത്ത്.
കേരളം ദൈവത്തിന്റെ സ്വന്തം നാടു തന്നെ ആയി മാറും എന്നു പ്രത്യാശിക്കാം....!
ആശംസകൾ!
Viju V V said…
This comment has been removed by the author.