ഹൗസ് ബോട്ടുകള്‍ എന്ന മാലിന്യകേന്ദ്രം(ദേശാടനത്തിന്റെ തീരക്കാഴ്ചകള്‍)

സംസ്ഥാനത്ത് 846 ഹൗസ് ബോട്ടുകളും 72 ചെയര്‍ബോട്ടുകളും ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെ ഇത് ആയിരം കവിയുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍
പറയുന്നത്. ഇവയില്‍നിന്നു കായലിലേക്ക് തള്ളുന്ന മാലിന്യം ഗുരുതരമായ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്



സ്മാര്‍ട്ട് സിറ്റിക്ക് മത്സ്യത്തൊഴിലാളികളുമായി എന്താണ് ബന്ധം? ബന്ധമുണ്ട്. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിയുടെ വരവുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് രംഗം കുതിച്ചതോടെയാണ് ടൂറിസം ലോബി സമീപദേശങ്ങളായ അരൂര്‍, ആലപ്പുഴ മേഖലകളിലേക്ക് ചുവടുമാറ്റിയത്. ഇതോടെ കായലോരങ്ങളിലും ഭൂമിക്ക് ഡിമാന്‍ഡായി.

രണ്ടുവര്‍ഷം മുമ്പ് 15,000 രൂപ വിലയുണ്ടായിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ രണ്ടു ലക്ഷം രൂപ വരെ വിലയായി. റിസോര്‍ട്ടുകള്‍ വന്നതോടെ ഉള്‍നാടന്‍ തൊഴിലാളികളുടെ വഴിമുട്ടി. മണ്ണഞ്ചേരി പഞ്ചായത്തിലെ പൊന്നാട് മേഖലയില്‍ നാലു കിലോമീറ്ററില്‍ 400 മീറ്റര്‍ ഒഴികെ റിസോര്‍ട്ടുകളുടെ കൈയിലാണ്. ഇവര്‍ വേലിയും മതിലും കെട്ടി ഭൂമി സംരക്ഷിച്ചതോടെ നാട്ടുവഴികള്‍ ഇല്ലാതായി. കായല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പണിചെയ്യാന്‍ പറ്റാതായി. വഴിപ്രശ്‌നവും വയല്‍ നികത്തലും രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു.

ഓരങ്ങള്‍ നഷ്ടപ്പെട്ടതോടെ ചീനവല ഉപയോഗിച്ചും പടലിട്ടും മീന്‍പിടിക്കാനുള്ള സൗകര്യം നഷ്ടപ്പെട്ടു. കോടന്തുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നിവിടങ്ങളിലെ വേമ്പനാട്ടുകായലിന്റെ ശാഖകളില്‍ മീന്‍പിടിച്ചിരുന്നവര്‍ ഏറെയും തൊഴില്‍ ഉപേക്ഷിച്ച് വീടുംവിറ്റ് പോയി.

റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും മാലിന്യങ്ങള്‍ നേരിട്ട് കായലിലേക്ക് തള്ളുന്നത് മത്സ്യസമ്പത്തില്‍ ഉണ്ടാക്കുന്ന കുറവാണ് മറ്റൊരു പ്രശ്‌നം. സംസ്ഥാനത്ത് 846 ഹൗസ് ബോട്ടുകളും 72 ചെയര്‍ബോട്ടുകളും ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെ ഇത് ആയിരം കവിയുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്. 30 വര്‍ഷംവരെ പഴക്കമുള്ള ഹൗസ് ബോട്ടുകള്‍ ഉണ്ടെന്ന് രണ്ടുവര്‍ഷം മുമ്പ് 'കിറ്റ്‌സ്' നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

ദിവസം മുഴുവന്‍ ചെലവഴിക്കാവുന്ന ബോട്ടുകളില്‍ കിടപ്പുമുറി, ഭക്ഷണശാല, ടോയ്‌ലറ്റുകള്‍ എന്നിവയുണ്ടാകും. ഇവയില്‍നിന്നായി ശരാശരി 3-4 കിലോഗ്രാം ജൈവമാലിന്യങ്ങള്‍ കായലില്‍ തള്ളുന്നുണ്ട്. ഇന്ധനമായി ഉപയോഗിക്കുന്ന പെട്രോളിയം ഹൈഡ്രോകാര്‍ബണുകള്‍ വെള്ളത്തില്‍ കലരുന്നതുമൂലം മീനുകളുടെ ജീവനുണ്ടാകുന്ന അപകടം വേറെ.

ഇതിനൊക്കെപ്പുറമെ ചില റിസോര്‍ട്ടുകളില്‍നിന്നുള്ള മാലിന്യങ്ങളും കായലിലെത്തുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിക്കായി സ്ഥാപിക്കുന്ന മാലിന്യനിര്‍മാര്‍ജന സംവിധാനം സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതോടെ നിശ്ചലമാകും.

വേമ്പനാട്ടുകായലിലെ മാലിന്യവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ 'എട്രീ' സംഘടന നടത്തിയ പരിശോധനയില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. പ്രതിവര്‍ഷം രണ്ടുലക്ഷം ടൂറിസ്റ്റുകളെത്തുന്ന വേമ്പനാട്ടുകായലില്‍ 250 ഹൗസ് ബോട്ടുകളും 100 മോട്ടോര്‍ ബോട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളുരുത്തി, പുന്നമട, മുഹമ്മ, തണ്ണീര്‍മുക്കം, കുമരകം എന്നിവിടങ്ങളില്‍ 2009 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പരിശോധിച്ച സാമ്പിളുകളില്‍ ഉയര്‍ന്ന ബാക്ടീരിയ സാന്നിധ്യമാണ് കണ്ടെത്തിയത്.

മുഹമ്മ ഒഴികെ നാലിടത്തും കോളറയ്ക്ക് കാരണമായ വിബ്രിയോ കോളെറെ ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. ഈ വെള്ളത്തില്‍ പാത്രം കഴുകുമ്പോഴോ കുളിക്കുമ്പോഴോ ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുണ്ടാകുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിന്റെ ഇരട്ടിയിലധികമാണ് 400 എം.പി.എന്‍. ആകാവുന്നിടത്ത് 1100 എം.പി.എന്‍. ആണ് കണ്ടെത്തിയത്.

വിസര്‍ജ്യം ശുദ്ധീകരിക്കുന്ന ബയോടാങ്കുകള്‍ ഇല്ലാത്ത ഹൗസ് ബോട്ടുകളാണ് ഇതിന് പ്രധാന കാരണമാകുന്നത്. ഇത് ഉള്ളവതന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കായലില്‍ തള്ളുകയാണ്.

ബാക്ടീരിയത്തിന്റെ മൊത്തം കണക്കാക്കുന്ന ടോട്ടല്‍ ബാക്ടീരിയ കൗണ്ട് (ടി.ബി.സി) വളരെ കൂടുതലാണ്. ഇത് ഉയര്‍ന്നാല്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് രൂപപ്പെടുകയും വെള്ളത്തിന് ദുര്‍ഗന്ധം ഉണ്ടാകുകയും ചെയ്യും.

മാലിന്യങ്ങളുടെ അളവ് കൂടുന്നത് മത്സ്യങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കും. വേമ്പനാട്ടുകായലില്‍ സമൃദ്ധമായതും ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണവുമായ കരിമീന്‍, കക്ക, കൊഞ്ച് എന്നിവയുടെ വിപണനത്തെ ഇത് ബാധിക്കും.
ഇ-കോളി ബാക്ടീരിയ അധികമുള്ള മത്സ്യങ്ങളെക്കുറിച്ച് ആഹാരയോഗ്യമല്ലാത്ത മത്സ്യങ്ങള്‍, 'മലിനജല മത്സ്യങ്ങള്‍' എന്നിങ്ങനെ വിദേശികള്‍ തന്നെ ട്രാവല്‍ ബ്ലോഗുകളില്‍ എഴുതിയിട്ടുണ്ട്.

''ഓരോ ടൂറിസ്റ്റ് സീസണ്‍ കഴിയുമ്പോഴും കായലിലെ വെള്ളം കറുപ്പാകും. കുളിക്കാനും വസ്ത്രം കഴുകാനുമുള്ള സൗകര്യമാണ് ഇത് നഷ്ടപ്പെടുത്തുന്നത്. ഈ പ്രശ്‌നങ്ങള്‍ മൂലം ഹൗസ്‌ബോട്ട് യാത്ര ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കേണ്ടിവരുന്നുണ്ട് ''

'ലോണ്‍ലി പ്ലാനറ്റി'ന്റെ ബ്ലോഗുകളില്‍ എറിന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ കുമരകത്തുള്ള റീജ്യണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ (റാര്‍സ്) 2008-ല്‍ നടത്തിയ പഠനത്തില്‍ കായലിലെ മത്സ്യസമ്പത്ത് നേരത്തേയുള്ളതിന്റെ എട്ടുശതമാനം മാത്രമാണെന്ന് പറയുന്നു. എണ്‍പതുകളില്‍ പ്രതിവര്‍ഷം 7200 ടണ്‍ ആയിരുന്നു മത്സ്യോത്പാദനം. 2008 അകുമ്പോഴേക്ക് ഇത് 584 ടണ്‍ ആയി കുറഞ്ഞു. 160 മത്സ്യ ഇനങ്ങളുണ്ടായത് 50 ആയി.

കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചതോടെ മത്സ്യങ്ങള്‍ക്ക് സുരക്ഷിതമായ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതായതും മത്സ്യങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്.

കുമരകത്ത് കണ്ടല്‍ക്കാടുകള്‍ക്ക് നടുവിലാണ് കെ.ടി.ഡി.സി.യുടെ ഹോട്ടല്‍.

കായലുകളില്‍ എത്ര ഹൗസ് ബോട്ടുകളെ ഉള്‍ക്കൊള്ളാനാകുമെന്ന് മനസ്സിലാക്കാന്‍ അതിന്റെ 'കാരിയിങ് കപ്പാസിറ്റി' കണക്കാക്കണം. അത്ര ബോട്ടുകളേ അനുവദിക്കാന്‍ പാടുള്ളൂ'' - 'എട്രീ' പ്രോഗ്രാം ഓഫീസറായ ഡോ. ലതാഭാസ്‌കര്‍ നിര്‍ദേശിക്കുന്നു.

അതേസമയം കൃഷിക്കു വേണ്ടിയുള്ള കീടനാശിനി-രാസവളപ്രയോഗവും വ്യവസായ മാലിന്യങ്ങളും മത്സ്യസമ്പത്തിനെ ബാധിക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ കെ.വി.ദയാല്‍ പറയുന്നു.

Comments

Viju V V said…
സ്മാര്‍ട്ട് സിറ്റിക്ക് മത്സ്യത്തൊഴിലാളികളുമായി എന്താണ് ബന്ധം? ബന്ധമുണ്ട്. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിയുടെ വരവുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് രംഗം കുതിച്ചതോടെയാണ് ടൂറിസം ലോബി സമീപദേശങ്ങളായ അരൂര്‍, ആലപ്പുഴ മേഖലകളിലേക്ക് ചുവടുമാറ്റിയത്. ഇതോടെ കായലോരങ്ങളിലും ഭൂമിക്ക് ഡിമാന്‍ഡായി.

രണ്ടുവര്‍ഷം മുമ്പ് 15,000 രൂപ വിലയുണ്ടായിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ രണ്ടു ലക്ഷം രൂപ വരെ വിലയായി. റിസോര്‍ട്ടുകള്‍ വന്നതോടെ ഉള്‍നാടന്‍ തൊഴിലാളികളുടെ വഴിമുട്ടി.