വേണം നമുക്കൊരു ബദല്‍ ടൂറിസം (ദേശാടനത്തിന്റെ തീരക്കാഴ്ചകള്‍)


















''ഏതു തരത്തിലുള്ള ടൂറിസം ആയാലും സാമ്പത്തിക ലാഭത്തില്‍ മാത്രമാണ് നോട്ടം. പ്രകൃതി, പരിസ്ഥിതി, സംസ്‌കാരം, പാരമ്പര്യം, ജൈവ വൈവിധ്യം എന്നിവയെ അടിസ്ഥാനമാക്കി പലതരം ടൂറിസങ്ങളുണ്ടെങ്കിലും സുസ്ഥിരമായ മാതൃകകള്‍ വേണമെങ്കില്‍ പ്രാദേശിക സമൂഹത്തെ കോര്‍ത്തിണക്കുന്ന പങ്കാളിത്ത പദ്ധതികള്‍ ഉണ്ടാകണം.'' -തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) 2007 ല്‍ പ്രസിദ്ധീകരിച്ച സര്‍വേയില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ സര്‍വേയും നടത്തിപ്പും രണ്ടുവഴിക്കായാണ് ടൂറിസം വകുപ്പിന്റെ പോക്ക്.


ഇതില്‍നിന്ന് വ്യത്യസ്തമായി ജനകീയ ടൂറിസം, മാതൃകകളെക്കുറിച്ചുള്ള ചിന്തകള്‍ പലയിടത്തും തുടങ്ങിയിട്ടുണ്ട്. തദ്ദേശിയര്‍ക്ക് ജോലി കൊടുക്കുന്നു എന്നാണ് പ്രഖ്യാപനങ്ങള്‍. എന്നാല്‍ സെക്യൂരിറ്റിഗാര്‍ഡ്, ക്ലീനിങ് ജോലികള്‍ തസ്തികകള്‍ക്കപ്പുറം കൊടുക്കാന്‍ ആരും തയ്യാറല്ല. ഏറെ പേര്‍ക്ക് ജോലി നല്കി എന്നവകാശപ്പെടുന്ന വേളി ടൂറിസം വില്ലേജിലെ ലൈഫ് ഗാര്‍ഡുമാര്‍ക്ക് 12 വര്‍ഷമായിട്ടും സ്ഥിരം നിയമനമായില്ല. ഇപ്പോഴും 170 രൂപ ദിവസക്കൂലിയില്‍ കഴിയുന്നു.

''തൊഴിലിനെയും ജീവിതത്തെയും ബാധിക്കാത്ത രീതിയില്‍ പരമ്പരാഗതമായ അറിവുകളും പൈതൃകവും ഉപയോഗപ്പെടുത്തിയാകണം പദ്ധതികള്‍'' -സാമൂഹിക പ്രവര്‍ത്തകയായ തിരുവനന്തപുരം വേളിയിലെ മാഗ്‌ലിന്‍ പീറ്റര്‍ പറയുന്നു. ''വ്യത്യസ്തമായ മീന്‍പിടിത്ത രീതികളെ പ്രയോജനപ്പെടുത്തണം, സാഹസിക ടൂറിസത്തില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം. 10-50 ലക്ഷം മുടക്കി ഇറക്കുന്ന 40 പേരോളം പോകുന്ന ഇന്‍ ബോര്‍ഡ് വള്ളങ്ങളില്‍ രണ്ടു സഞ്ചാരികളെക്കൂടി കൊണ്ടുപോയാലെന്താണ്? മീന്‍പിടിത്തം പലപ്പോഴും നഷ്ടത്തിലാകുമ്പോള്‍ എണ്ണക്കാശെങ്കിലും ഇതില്‍നിന്നു കിട്ടില്ലേ? തിരുവനന്തപുരത്തെ മത്സ്യഫെഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.വി. ധനലക്ഷ്മി ചോദിക്കുന്നു. നീന്തല്‍ അറിയുന്നവര്‍ ഉണ്ടാകുന്നതിനാല്‍ അപകടസാധ്യതയും കുറവായിരിക്കും.

മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന അക്വാ ടൂറിസം പദ്ധതിക്ക് നല്ല പ്രതികരണമാണ്.



എറണാകുളം ജില്ലയിലെ ഞാറയ്ക്കല്‍, മാലിപ്പുറം, കോട്ടയം ജില്ലയിലെ പാലാക്കരി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം അഞ്ച് ഹെക്ടറില്‍ മൂന്ന് മത്സ്യപാടങ്ങളാണ് ഞാറയ്ക്കലിലുള്ളത്.

പൂമീനും നാരന്‍, കാര, തെള്ളി ചെമ്മീനുകളുമാണ് ഇവിടെ കൃഷി. സഞ്ചാരികള്‍ക്ക് 100 രൂപ കൊടുത്ത് അകത്തുകയറിയാല്‍ പെഡല്‍ ബോട്ടിലൂടെ കായല്‍സഞ്ചാരം നടത്താം. ഒപ്പം നാടന്‍ മീന്‍കറിയുമായി ഊണും. 10 രൂപ കൊടുത്ത് ചൂണ്ട വാങ്ങിയാല്‍ ചൂണ്ടയിട്ട് മീന്‍പിടിക്കുകയുമാകാം. കിട്ടുന്ന മീനുകള്‍ പുറത്തുകൊണ്ടുപോകണമെങ്കില്‍ കാശുകൊടുക്കണം. അഞ്ച് മത്സ്യത്തൊഴിലാളികള്‍ ഇവിടെ 'ഫിഷ് വര്‍ക്കര്‍'മാരായി ജോലി ചെയ്യുന്നു.

നാടന്‍ ഭക്ഷണം നല്കുന്ന റസ്റ്റോറന്റ് ഞാറയ്ക്കല്‍-നായരമ്പലം മത്സ്യത്തൊഴിലാളി വികസനക്ഷേമ സംഘമാണ് നടത്തുന്നത്. ഒമ്പതുപേരടങ്ങുന്ന സ്വയംസഹായ സംഘത്തിലെ ഓരോ അംഗവും 10,000 രൂപ വായ്പയെടുത്താണ് സംരംഭം തുടങ്ങിയത്. ഇപ്പോള്‍ സ്വന്തമായി കെട്ടിടം നിര്‍മിച്ചു. ദിവസം ശരാശരി ഒരാള്‍100 രൂപയെങ്കിലും വരുമാനമുണ്ടാക്കുന്നുണ്ടെന്ന് സംഘം പ്രസിഡന്റ് വി.എ. ഷീലാതമ്പിയും സെക്രട്ടറി രമാരവീന്ദ്രനും പറയുന്നു.

ഒരു വര്‍ഷം ഒന്നര ലക്ഷം രൂപയാണ് ശരാശരി വരുമാനം. ഇവിടെ സന്ദര്‍ശകരില്‍ നിന്ന് വാങ്ങുന്ന 100 രൂപയില്‍ 50 രൂപ മത്സ്യഫെഡിനും 50 രൂപ റസ്റ്റോറന്റിനുമാണ്.


















കോട്ടയം മണര്‍കാട് സെന്റ് മേരീസ് കോളേജ് അധ്യാപിക വിമല എബ്രഹാമും കുടുംബവും രണ്ടാംതവണയാണ് ഇവിടെയെത്തുന്നത്. ''നാടന്‍ അന്തരീക്ഷവും മീന്‍പിടിത്തവുമൊക്കെ കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. അവര്‍ക്കിതൊരു വ്യത്യസ്തമായ അനുഭവമാണ്'' -അവര്‍ പറയുന്നു.



പ്രൊഫഷണലിസത്തിന്റെ അഭാവവും സഞ്ചാരികള്‍ക്കായി കൂടുതല്‍ വിനോദങ്ങളില്ലാത്തതും ഇതിന്റെ പരിമിതികളാണ്. കൂട്ടമായി എത്തുന്നവര്‍ക്ക് യോഗങ്ങളോ ചടങ്ങുകളോ നടത്താനുള്ള ഹാളും ഇവിടെയില്ല. സഞ്ചാരികളെ കൂടുതല്‍ നേരം പിടിച്ചുനിര്‍ത്താനും അതുവഴി കൂടുതല്‍ വരുമാനം നേടാനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ആസൂത്രണ ഘട്ടം മുതല്‍ ജനകീയ ഇടപെടല്‍ കൂടി ഇത്തരം പദ്ധതികള്‍ക്ക് വേണം.

Comments

Viju V V said…
''ഏതു തരത്തിലുള്ള ടൂറിസം ആയാലും സാമ്പത്തിക ലാഭത്തില്‍ മാത്രമാണ് നോട്ടം. പ്രകൃതി, പരിസ്ഥിതി, സംസ്‌കാരം, പാരമ്പര്യം, ജൈവ വൈവിധ്യം എന്നിവയെ അടിസ്ഥാനമാക്കി പലതരം ടൂറിസങ്ങളുണ്ടെങ്കിലും സുസ്ഥിരമായ മാതൃകകള്‍ വേണമെങ്കില്‍ പ്രാദേശിക സമൂഹത്തെ കോര്‍ത്തിണക്കുന്ന പങ്കാളിത്ത പദ്ധതികള്‍ ഉണ്ടാകണം.'' -തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) 2007 ല്‍ പ്രസിദ്ധീകരിച്ച സര്‍വേയില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ സര്‍വേയും നടത്തിപ്പും രണ്ടുവഴിക്കായാണ് ടൂറിസം വകുപ്പിന്റെ പോക്ക്.