കുമ്പളങ്ങിവഴി ലോകമാതൃകയിലേക്ക്‌




കുമ്പളങ്ങിയിലെ കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പിച്ചളപ്പാട്ടയിലേക്ക് ചായ പകരുന്ന കടക്കാരനെ നോക്കി ശിവദത്തന്‍ പറഞ്ഞു. ''കണ്ടില്ലേ, ഇതുവേണമെങ്കില്‍ ടൂറിസത്തിന്റെ ഭാഗമാക്കാം. ഒരുമീറ്റര്‍ ചായ, രണ്ടുമീറ്റര്‍ ചായ..... നാലുമീറ്റര്‍ വരെ നീളത്തില്‍ ചായ അടിക്കുന്ന ഒരാളുണ്ട് ഇവിടെ'' സായിപ്പിന് ഇതൊക്കെ കൗതുകമാണ്. ലോക ഭൂപടത്തില്‍ ഇടംപിടിച്ച കുമ്പളങ്ങിയിലെ മാതൃകാ ടൂറിസം ഗ്രാമം നടപ്പാക്കുന്ന കാലത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു എം.പി. ശിവദത്തന്‍.

നാടിന്റെ വിഭവങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണവും അവ ഉപയോഗപ്പെടുത്തുന്ന കൗശലവുമാണ് കുമ്പളങ്ങി ടൂറിസത്തെ വ്യതിരിക്തമായ മാതൃകയാക്കുന്നത്. 2003-ല്‍ തുടങ്ങിയ മാതൃകാഗ്രാമം യുണൈറ്റഡ് നാഷന്‍സ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ 'എന്‍ഡോജിനസ് ടൂറിസം' പദ്ധതിയില്‍ ഇടംപിടിച്ചതും ഈ വ്യത്യസ്തതകൊണ്ടുതന്നെ.


ടൂറിസം പദ്ധതി വികസിക്കേണ്ടതെങ്ങനെ എന്നതിനു കൂടി മാതൃകയാണ് കുമ്പളങ്ങിയിലെ മാതൃകാഗ്രാമം. അന്ന് സംസ്ഥാന ടൂറിസം മന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര കൃഷിസഹമന്ത്രിയുമായ പ്രൊഫ. കെ.വി. തോമസാണ് ഈ ആലോചനയ്ക്ക് തുടക്കമിട്ടത്.

സ്വന്തം നാട്ടില്‍ പദ്ധതി നടപ്പാക്കുമ്പോഴുള്ള ജാഗ്രതയുണ്ടായിരുന്നു അദ്ദേഹത്തിന്.
2003 ഡിസംബര്‍ 23ന് ഉദ്ഘാടനം ചെയ്യുന്നതിനും ഒരുവര്‍ഷം മുമ്പുതന്നെ പ്രദേശത്ത് ബോധവത്കരണം തുടങ്ങിയിരുന്നു.
''സാധാരണ കല്ലിടുമ്പോഴാണ് പദ്ധതിയെക്കുറിച്ച് ആളറിയുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നത്. അതുണ്ടാക്കരുതെന്ന് കരുതിയാണ് നേരത്തേ ബോധവത്കരണം നല്കിയത്'' -ശിവദത്തന്‍ പറയുന്നു. തുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു. ഇതില്‍ ഒരു സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ പ്രോജക്ടിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍ ഇത് ഗുണകരമല്ലെന്നുകണ്ട് ഡോ.മുരളി മേനോനെ പ്രോജക്ട് മാനേജരാക്കി പുതിയ പദ്ധതി ഉണ്ടാക്കാന്‍ ചുമതലപ്പെടുത്തി. തുടര്‍ന്നുവന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് ഇപ്പോഴത്തെ മാതൃക രൂപപ്പെട്ടത്.

''25വര്‍ഷം മുമ്പുള്ള കുമ്പളങ്ങിയുടെ സംസ്‌കാരവും ജീവിത രീതിയും വീണ്ടെടുക്കുക'' അങ്ങനെയൊരാശയമാണ് രൂപപ്പെട്ടത്. അതിനായി മത്സ്യമേഖല, തൊഴില്‍, കലാരൂപങ്ങള്‍, നാട്ടുഭക്ഷണരീതികള്‍, പ്രകൃതി സംരക്ഷണം എന്നിങ്ങനെ 13 വിഷയങ്ങളാക്കി അംഗങ്ങള്‍ക്ക് വീതിച്ചുനല്കി. ഓരോവിഷയത്തിലും വിവരങ്ങള്‍ കിട്ടിയപ്പോള്‍ അതിനെ ആസ്​പദമാക്കി പ്രവര്‍ത്തനങ്ങളും രൂപപ്പെട്ടു.

ഉദാഹരണത്തിന് മത്സ്യമേഖലയില്‍ മുമ്പ്, കമ്പവല, നീട്ടുവല, വീശുവല, ചീനവല, തപ്പിപ്പിടിത്തം, പപ്പിടല്‍ എന്നിങ്ങനെ പലതരം സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ചീനവല പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ എന്നാണ് ഒരു 'ആക്ടിവിറ്റി'. ഇതറിയാന്‍ സഞ്ചാരിയെത്തുമ്പോള്‍ വലക്കാരന് വരുമാനമായി.


എന്തുകൊണ്ടാണ് മത്സ്യം കുറയുന്നതെന്ന് എന്നന്വേഷിച്ചപ്പോഴാണ് കണ്ടലുകളുടെ നാശത്തെക്കുറിച്ച് മനസ്സിലാക്കിയത്. മുമ്പ് എട്ടിനം കണ്ടലുകള്‍ കുമ്പളങ്ങിയിലുണ്ടായിരുന്നു. മീനുകള്‍ മുട്ടയിടുന്നത് ഇവിടെയാണ്. മറ്റു മത്സ്യങ്ങളുടെ ആക്രമണത്തില്‍ നിന്ന് അഭയം തേടാനുള്ള സുരക്ഷിത സ്ഥലം ഇവിടെയാണ്. ഈ തിരിച്ചറിവില്‍ 50,000 കണ്ടലുകള്‍ വെച്ചുപിടിപ്പിച്ചു.

കണ്ടലും മീനും വര്‍ധിച്ചതോടെ പക്ഷികള്‍ കൂടുതലെത്തി. കണ്ടലിന്റെ പൂക്കളില്‍ തേനീച്ചകള്‍ വരും. ഇത് ഒരു ശൃംഖലയായി വികസിക്കും.

കുടിവെള്ളത്തിന്റെ പ്രശ്‌നമായിരുന്നുമറ്റൊന്ന്. മുമ്പ് ഒരേക്കറില്‍ ഒരു കുളമെങ്കിലും ഉണ്ടായിരുന്നു. ഇതാണ് ശുദ്ധജലത്തിന്റെ ഉറവിടം. ഇതില്‍ വെള്ളം നിര്‍ത്താന്‍ കരയ്ക്കുചുറ്റിലും 72 ബണ്ടുകള്‍ നിര്‍മിച്ചു. ഇടമഴയില്‍ വെള്ളം നിറഞ്ഞ് ഇവ തണ്ണീര്‍ത്തടങ്ങളാകും.

ടൂറിസത്തിന്റെ ഭാഗമായിത്തന്നെ ഒരു കോടി രൂപ ചെലവില്‍ നിലവിലുള്ള റോഡ് മൂന്ന് മീറ്റര്‍ വീതി കൂട്ടി വികസിപ്പിച്ചു. 90 ലക്ഷം രൂപ ചെലവില്‍ ഓവുചാല്‍ നിര്‍മിച്ചു. ശുചിത്വബോധവത്കരണത്തിന്റെ ഭാഗമായി അവിടവിടെ ബോര്‍ഡുകളും സ്ഥാപിച്ചു.

എട്ടുലക്ഷം രൂപ ചെലവിട്ട് പഴയ വൈദ്യുതി തൂണുകള്‍ മാറ്റി. 150 സി.എഫ്. വിളക്കുകള്‍ വന്നു. ടൂറിസത്തിന്റെ ഭാഗമായിവന്ന അടിസ്ഥാന സൗകര്യങ്ങള്‍ നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവ നടപ്പാക്കിയത്.

മാലിന്യനിര്‍മാര്‍ജനത്തിനായി 800 ബയോഗ്യാസ് പ്ലാന്റുകളാണ് സ്ഥാപിച്ചത്. ആര്‍ക്കും ശങ്കയുണ്ടാകാതിരിക്കാന്‍ പഞ്ചായത്തംഗങ്ങളുടെ വീട്ടില്‍ത്തന്നെയാണ് ആദ്യം പ്ലാന്റ് ഉണ്ടാക്കിയത്.

അഞ്ചുപേരുള്ള ഒരു വീട്ടില്‍ നാലു കി.ഗ്രാം ജൈവമാലിന്യങ്ങള്‍ ഉണ്ടാകും. ഇതില്‍നിന്ന് രണ്ടു മണിക്കൂര്‍ കത്തിക്കാനുള്ള ബയോഗ്യാസ് കിട്ടും. 3600 മണിക്കൂര്‍ കത്തിക്കാനുള്ള ഗ്യാസ് ആണ് കുമ്പളങ്ങിയില്‍ ഒരുദിവസം ഉണ്ടാക്കുന്നത്.

കക്കൂസ് ഇല്ലാത്തവരുണ്ടെന്ന തിരിച്ചറിവിലാണ് സര്‍വേ നടത്തി ഇക്കോ ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അടുക്കള മാലിന്യവും മനുഷ്യവിസര്‍ജ്യവും ഉപയോഗിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതാണിത്. ഇതില്‍ 130 എണ്ണം പൂര്‍ത്തിയാക്കി.

സഞ്ചാരികളെ എവിടെ താമസിപ്പിക്കും എന്ന ആലോചന ഹോംസ്റ്റേകളിലെത്തി. വീട്ടില്‍ സൗകര്യമുള്ളവര്‍ ഇതിനായി സന്നദ്ധരായി. ബൈജുവിന്റെ 'ഗ്രാമ'വും പി.ആര്‍. ലോറന്‍സിന്റെ 'കല്ലഞ്ചേരി റിട്രീറ്റും' അടക്കം ഇരുപതോളം ഹോം സ്റ്റേകള്‍ രൂപംകൊണ്ടു. മുമ്പ് തേങ്ങാ ബിസിനസ് നടത്തിയിരുന്ന ലോറന്‍സിന് ഇപ്പോള്‍ ഹോംസ്റ്റേയിലൂടെ സാമാന്യം നല്ല വരുമാനമുണ്ട്.

സോണിയാഗാന്ധി, വി.പി. സിങ്, മമ്മൂട്ടി, റസൂല്‍പൂക്കുട്ടി, ശ്രീനിവാസന്‍ അങ്ങനെ നിരവധി പ്രമുഖരെത്തിയിട്ടുണ്ട് ഇദ്ദേഹത്തിന്റെ വീട്ടില്‍. ഡയമണ്ട് കാറ്റഗറിയിലുള്ള ഹോംസ്റ്റേയ്ക്ക് ദിവസം 3000 രൂപയാണ് വാടക ഈടാക്കുന്നത്.

ഇവിടത്തെ പഴയകലകളായിരുന്ന പരിചമുട്ടുകളി, ചവിട്ടുനാടകം, കൈകൊട്ടിക്കളി എന്നിവയും ഇപ്പോള്‍ തിരിച്ചെത്തി. ഇവിടെ സ്ഥാപിച്ച കലാഗ്രാമത്തില്‍ ഇതിന് പരിശീലനവും നല്കിയിരുന്നു.

എല്ലാത്തരം മത്സ്യങ്ങളുമെത്തുന്ന ലേലപ്പുരയാണ് മറ്റൊന്ന്. ഇവിടെ ടൂറിസ്റ്റുകള്‍ക്ക് മീനുകള്‍ വാങ്ങാം. അത് കറിവെച്ചു കൊടുക്കാനും ആളുണ്ട്. ''വൈവിധ്യമാര്‍ന്ന വിഭവങ്ങളുണ്ട് നമ്മുടെ പാചകശൈലിയില്‍'' - ചെമ്മീന്‍ വിഭവങ്ങള്‍ തന്നെ നോക്കൂ - ചെമ്മീന്‍ ഉലര്‍ത്ത്, ഫ്രൈ, പുളിയിട്ടുവെച്ചത്, അച്ചാര്‍, ചെമ്മീന്‍പിരട്ടിയത് അങ്ങനെ എന്തെല്ലാം. നാല്പതുകൊല്ലം മുമ്പുള്ള നാടന്‍ ഭക്ഷണങ്ങള്‍ ഇപ്പോള്‍ പഠിക്കാന്‍ തുടങ്ങിയെന്ന് ശിവദത്തന്‍ പറയുന്നു.

പദ്ധതിയുടെ ഭാഗമായി ഇവിടെ പൊക്കാളിപ്പാടവും ഞണ്ടുവളര്‍ത്തല്‍കേന്ദ്രവും ഉണ്ട്. നാട്ടറിവുകള്‍ ഉപയോഗപ്പെടുത്തിയ ടൂറിസത്തിന്റെ മികച്ച മാതൃകയാണ് കുമ്പളങ്ങിയിലേത്. സീസണില്‍ 5000 ടൂറിസ്റ്റുകള്‍ കുമ്പളങ്ങിയിലെത്തുന്നുണ്ടെന്ന് കുമ്പളങ്ങി മോഡല്‍ ടൂറിസം ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഷാജി കുറുപ്പശ്ശേരി പറയുന്നു. കുമ്പളങ്ങി ഗ്രാമം കേന്ദ്ര സര്‍ക്കാറിന്റെ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' കാമ്പയിനിലും ഇടം നേടിയിട്ടുണ്ട്. എന്നാല്‍ 2005 നുശേഷം സര്‍ക്കാര്‍ ഇതിന്റെ വികസനത്തിന് കൂടുതല്‍ ശ്രദ്ധ നല്കിയിട്ടില്ല. എങ്കിലും പ്രാദേശിക ജനവിഭാഗങ്ങളെയും അവരുടെ അറിവുകളെയും എങ്ങനെ ടൂറിസം പ്രയോജനപ്പെടുത്താം എന്നതിന്റെ നല്ല ഉദാഹരണമാണ് കുമ്പളങ്ങി.

(ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ മീഡിയാ ഫെലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയത്)

Comments

Viju V V said…
കുമ്പളങ്ങിയിലെ കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പിച്ചളപ്പാട്ടയിലേക്ക് ചായ പകരുന്ന കടക്കാരനെ നോക്കി ശിവദത്തന്‍ പറഞ്ഞു. ''കണ്ടില്ലേ, ഇതുവേണമെങ്കില്‍ ടൂറിസത്തിന്റെ ഭാഗമാക്കാം. ഒരുമീറ്റര്‍ ചായ, രണ്ടുമീറ്റര്‍ ചായ..... നാലുമീറ്റര്‍ വരെ നീളത്തില്‍ ചായ അടിക്കുന്ന ഒരാളുണ്ട് ഇവിടെ'' സായിപ്പിന് ഇതൊക്കെ കൗതുകമാണ്. ലോക ഭൂപടത്തില്‍ ഇടംപിടിച്ച കുമ്പളങ്ങിയിലെ മാതൃകാ ടൂറിസം ഗ്രാമം നടപ്പാക്കുന്ന കാലത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു എം.പി. ശിവദത്തന്‍.
Musthafa said…
ഈ കുമ്പളങ്ങി എവിടേയാണ്?
Viju V V said…
കൊച്ചിക്കു സമീപമുള്ള ദ്വീപാണ്‌ കുമ്പളങ്ങി. ഇപ്പോള്‍ ഏറണാകുളത്തുനിന്ന്‌ ബസുണ്ട്‌.
Viju V V said…
പ്രധാനപ്പെട്ട വിവരം വിട്ടുപോയി. ഓര്‍മപ്പെടുത്തിയതിന്‌ നന്ദി.