കുമ്പസാരങ്ങളുടെ വായന

സുഘടിതവും രഹസ്യസ്വഭാവമുള്ളതുമായ പ്രസ്ഥാനത്തിന്റെ ഭാഗമാകുക, പിന്നീട്‌ അതില്‍ നിന്ന്‌ പുറത്തുവന്ന്‌ കാര്യങ്ങള്‍ പറയുക. അത്‌ തെറ്റുപറ്റിയെന്ന ഏറ്റുപറച്ചിലിന്റെ ഭാഷയില്‍. അത്തരം കുമ്പസാരങ്ങള്‍ക്ക്‌ മലയാളത്തിലെ വായനാ സമൂഹത്തില്‍ നല്ല ഡിമാന്‍ഡാണ്‌. അടുത്തിടെ കൂടുതല്‍ വിറ്റഴിഞ്ഞ പുസ്‌തകങ്ങളുടെ ലിസ്റ്റ്‌ നോക്കിയാല്‍ മനസിലാകും അത്‌. നളിനി ജമീലയുടെ `ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ', സിസ്റ്റര്‍ ജെസ്‌മിയുടെ `ആമേന്‍', കെ.പി.ഷിബുവിന്റെ `ഒരു വൈദികന്റെ ഹൃദയമിതാ', അവസാനം അബ്ദുള്ളക്കുട്ടിയുടെ `നിങ്ങളെന്നെ കോണ്‍ഗ്രസാക്കി'യും. മുമ്പ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ `പൊളിച്ചെഴുത്ത്‌' വന്നിരുന്നു. ഇനിയും വരാം-തീവ്രവാദ സംഘടനയില്‍നിന്ന്‌ രക്ഷപ്പെട്ട ഒരാളുടെ-അത്‌ എന്‍.ഡി.എഫ്‌ ആണെങ്കില്‍ പ്രത്യേകിച്ച്‌- ഓര്‍മക്കുറിപ്പ്‌ നാം കാത്തിരിക്കുന്നുണ്ട്‌. മുമ്പ്‌ പഴയ നക്‌സലൈറ്റിന്റെ ഓര്‍മക്കുറിപ്പുകള്‍ ഇറങ്ങിയതുപോലുള്ള സെന്‍സേഷന്‍ അതിലുണ്ട്‌.
യാദൃഛികമാവില്ല, കുമ്പസാരങ്ങളില്‍ രഹസ്യാത്മകത സൂക്ഷിക്കുന്ന സ്ഥാപനങ്ങളാണ്‌ പ്രധാനമായും കേന്ദ്രമാകുന്നത്‌. രണ്ടെണ്ണമാണ്‌ അതില്‍-സഭയും സി.പി.എമ്മും. രണ്ടുപേരും സുതാര്യമായല്ല ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നത്‌ എന്നതാണ്‌ പ്രധാന കാരണം. മലയാളികള്‍ക്ക്‌ ഒളിഞ്ഞുനോട്ടം കൂടുതലാണെന്നാണ്‌ ടൂറിസം രംഗത്തെ വിദ്വാന്‍മാര്‍ പറയുന്നത്‌. പാര്‍ട്ടി കത്ത്‌, രഹസ്യ സര്‍ക്കുലര്‍ എന്നൊക്കെ പറഞ്ഞ്‌ സി.പി.എം എന്നും രഹസ്യാത്മകത ജനങ്ങള്‍ക്കുമുന്നില്‍ നിലനിര്‍ത്തുന്നുണ്ട്‌. സി.പി.എമ്മിന്‌ വോട്ടുചെയ്യുന്നവര്‍ പോലും ആ പാര്‍ട്ടിയുടെ യോഗങ്ങളില്‍ എന്തൊക്കെയാണ്‌ നടക്കുന്നത്‌ എന്ന്‌ അറിയുന്നില്ല. സി.പി.എം വിവരാവകാശത്തിന്റെ പരിധിയില്‍ വരുമോ. എല്ലാ പാര്‍ട്ടികള്‍ക്കും പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസുകള്‍ വേണം. അവരുടെ കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടേ. ജനാധിപത്യത്തില്‍ ഇത്‌ അത്യാവശ്യമാണുതാനും.

ക്രിസ്‌തുമതത്തിന്റെയും കാര്യം ഇതുതന്നെ. കന്യാസ്‌ത്രീകളുടെയോ പുരോഹിതന്മാരുടെയോ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും ഇതുവരെ നടന്നില്ല. എല്ലാം സഹിച്ച്‌ മിണ്ടാതിരിക്കുകയാണ്‌ തങ്ങളുടെ ജീവിതധര്‍മമെന്ന്‌ അവരും കരുതുന്നു. സി.പി.എമ്മിലും അതുതന്നെയാണ്‌ സംഭവിക്കുന്നതെന്ന്‌ അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയില്‍ നിന്ന ്‌വായിക്കാം.
ഇങ്ങനെയെഴുതുന്ന ആത്മകഥകളുടെ പ്രധാന സ്വഭാവം അവനവന്റെ പ്രതിഛായ വെളുപ്പില്‍ തന്നെ സൂക്ഷിക്കും എന്നതാണ്‌. ഉദാഹരണത്തിന്‌ സിസ്റ്റര്‍ ജെസ്‌മിയുടെ ആത്മകഥ നോക്കുക. ജെസ്‌മിയുടെ കഥയിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അവര്‍ക്കും പങ്കുണ്ട്‌. ബാംഗ്‌ളൂരില്‍ വെച്ച്‌ ഒരു അച്ചന്‍ അവരെ ലൈംഗികതാല്‍പര്യത്തോടെ സമീപിച്ചു എന്നാതാണല്ലോ അതിലെ പ്രധാന സ്‌ഫോടക വസ്‌തു. വൈദികന്‍ കാണിച്ചുകൊടുക്കുന്ന വസ്‌തു കാണാന്‍ അവരും ആഗ്രഹിച്ചു എന്നാണ്‌ വായനക്കാരന്‌ തോന്നുക. എന്നാല്‍ അതിനെ വെര്‍ജിനിയ വൂള്‍ഫിന്റെ നോവലില്‍ കാണുന്ന ആമയുടെ തല ഓര്‍മ വന്നു എന്ന വാചകം കൊണ്ട്‌ അവരുടെ അവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുന്നു. കൂടാതെ കന്യാസ്‌ത്രീ മഠങ്ങളിലെ സ്വവര്‍ഗത്തെ പരാമര്‍ശിക്കുന്നുവെങ്കിലും അതിനെ ഇല്ലാതാക്കാന്‍ എന്തുശ്രമം നടത്തിയെന്നും നമുക്ക്‌ മനസിലാകില്ല. അഭയ കേസിനെക്കുറിച്ചുള്ള മൗനവും നാം കാണാതെ പോകില്ല. എങ്കിലും തന്റെ വേഷത്തില്‍ ചെളി പുരളാതെ മാര്‍ക്കറ്റിന്‌ അനുസൃതമായ വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യുന്നു.
കെ.പി.ഷിബുവിന്റെ ആത്മകഥയും ലൈംഗിക സദാചാരത്തെക്കുറിച്ചാണ്‌. പൗരോഹിത്യത്തിന്റെ ഘടനയില്‍ നിന്നുകൊണ്ട്‌ ലൈംഗികതയെ തൃപ്‌തിപ്പെടുത്താനുള്ള ആളുകളുടെ തത്രപ്പാടിനെ കുറ്റകരമായി അവതരിപ്പിക്കുന്നതില്‍ ആത്മാര്‍ഥതക്കുറവുണ്ട്‌. മിക്ക പുരോഹിതരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്‌ എന്നതാണ്‌ അദ്ദേഹത്തിന്റെ ആരോപണം.
പറയേണ്ടതോ, ചെയ്യേണ്ടതോ ആയ കാര്യം യഥാസമയം ചെയ്യാതെ മറ്റൊരു സന്ദര്‍ഭത്തില്‍ ഏറ്റുപറയുന്നതാണല്ലോ കുമ്പസാരം. അത്‌ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്‌. പറയാനുള്ള സാഹചര്യമില്ലായ്‌മയാണ്‌ പ്രധാന പ്രശ്‌നം. എന്നാല്‍ എല്ലാം തുറന്നുപറയാന്‍ വേണ്ടിയല്ല അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ നിന്നു വിട്ടത്‌. പക്ഷേ സുരക്ഷിതമായ ചില കുമ്പസാരങ്ങള്‍ കൊണ്ടാണ്‌ ഈ പുസ്‌തകവും ശ്രദ്ധേയമാകുന്നത്‌. പാര്‍ട്ടി ഗ്രാമത്തിലെ കെമിക്കല്‍ അലിമാര്‍, ചോരയുടെ മണം, പാര്‍ട്ടി ലെവിയും എം.പിമാരുടെ ജീവിതച്ചെലവും എന്നീ അധ്യായങ്ങളാണ്‌ ഇതില്‍ ശ്രദ്ധേയമായത്‌. കള്ളവോട്ടിനെക്കുറിച്ചാണ്‌ കെമിക്കല്‍ അലിയുടെ അധ്യായം. കള്ളവോട്ടിലൂടെ ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണ്‌ സി.പി.എം എന്നാണ്‌ ഇതിലെ പ്രധാന ആരോപണം. അബ്ദുള്ളക്കൂട്ടി കണ്ണൂരില്‍ എം.പി.യായത്‌ കള്ളവോട്ടുചെയ്‌തിട്ടാണ്‌ എന്ന്‌ ഒരുപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ ഇതിലുണ്ട്‌. ഇവിടെയാണ്‌ സ്വന്തം പ്രതിഛായ വെളുപ്പില്‍ വരയുന്നത്‌ നാം കാണുന്നത്‌. ആദ്യത്തെ എന്റെ വിജയത്തില്‍ എനിക്ക്‌ പശ്ചാത്താപം തോന്നി എന്നു പറഞ്ഞിരുന്നെങ്കില്‍ കുറെക്കൂടി സത്യസന്ധമായേനെ.

അന്ന്‌ കള്ളവോട്ട്‌ ആസ്വദിച്ചിരുന്നു എന്നതാണ്‌ സത്യം. തന്റെ വിജയത്തിന്റെ ഘടകങ്ങളെ കുറിച്ചും ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്നില്ല. കള്ളവോട്ടിനെക്കുറിച്ച്‌ സാധാരണക്കാരന്‌ അറിയാവുന്ന വിവരങ്ങള്‍ പോലും എം.പി.യായ ആള്‍ക്ക്‌ അറിയില്ലെന്ന്‌ വന്നാല്‍ അത്‌ ആശ്ചര്യമെന്നേ പറയേണ്ടൂ.
ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.പി.എം നേതൃത്വം അറിഞ്ഞുകൊണ്ടാണെന്നതാണ്‌ മറ്റൊരു വെളിപ്പെടുത്തല്‍. നേതൃത്വം അക്രമം അവസാനിപ്പിക്കാന്‍ പറയുമ്പോള്‍ സ്വിച്ചിട്ടതു പോലെ അക്രമം അവസാനിക്കുന്നത്‌ സംഘടിതമായി ഇത്തരം അക്രമങ്ങള്‍ മേല്‍ത്തട്ടില്‍ ആസൂത്രണം ചെയ്യുന്നതുകൊണ്ടാണെന്നാണ്‌ കുട്ടി പറയുന്നത്‌.
പാര്‍ട്ടിലെവിയെക്കുറിച്ചുള്ള വെളിപ്പെടുത്തലും വായനക്കാരന്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു. പതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ മൂന്നൂശതമാനം നിരക്കില്‍ വര്‍ഷം 42000 രൂപയോളം ഒരു എം.പി. ലെവി നല്‍കുന്നുണ്ട്‌. 20 എം.പിമാര്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്‌. എം.പിക്ക്‌ കിട്ടുന്ന സൗകര്യങ്ങള്‍ പാര്‍ട്ടി നേതാക്കളും പാര്‍ട്ടിയും അനുഭവിക്കുന്നതിനെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്‌. ആളുകള്‍ ഇതൊക്കെ അറിയണമെങ്കില്‍ ആരെങ്കിലും പുറത്താക്കപ്പെടണം എന്നതാണ്‌ ഇതിലെ കാര്യം. അബ്ദുള്ളക്കൂട്ടിയുടെ ആത്മകഥ പ്രകാരം സത്യം പറയണമെങ്കില്‍ നിങ്ങളെ ആരെങ്കിലും കോണ്‍ഗ്രസാക്കണം എന്നാണ്‌.

Comments

Viju V V said…
പാര്‍ട്ടിലെവിയെക്കുറിച്ചുള്ള വെളിപ്പെടുത്തലും വായനക്കാരന്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു. പതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ മൂന്നൂശതമാനം നിരക്കില്‍ വര്‍ഷം 42000 രൂപയോളം ഒരു എം.പി. ലെവി നല്‍കുന്നുണ്ട്‌. 20 എം.പിമാര്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്‌.
Viju V V said…
അബ്ദുള്ളക്കൂട്ടിയുടെ ആത്മകഥ പ്രകാരം സത്യം പറയണമെങ്കില്‍ നിങ്ങളെ ആരെങ്കിലും കോണ്‍ഗ്രസാക്കണം എന്നാണ്‌