
പൂമാലയെന്നൊരു ഭഗവതി-എന്തുമനോഹരമായ സങ്കല്പമാണത്. മനം നിറയെ പൂമണം. കണ്‍നിറയെ പൂച്ചന്തം. അഴകും സൗരഭവും തികവില്‍ മേളിക്കുന്നൊരു ഭഗവതി. പൊന്‍നിലവിളക്കില്‍ പന്തീരായിരം കര്പ്പൂരത്തിരിയെരിഞ്ഞ് ശോഭിക്കുന്നൊരലങ്കാര പ്രഭ. നീലോല നീള്നയനങ്ങള്, പൊന്നിന് കണ്ണാടി തോല്‍ക്കുന്ന കപോലസ്ഥലം, തൃക്കാതില്‍ രത്നകുണ്ഢലങ്ങള്, പുഞ്ചിരിവിരിയുന്ന തിരുവധരം, മുത്തിന്നിര തോല്‍ക്കുന്ന ദന്തനിര, ശംഖുപിരിയൊത്ത തൃക്കഴുത്ത്, കഴുത്തില്‍ പച്ചമാല, പവിഴമാല, മുത്തുമാല, പൊന്നുമാല, ചെന്താമരപ്പൂ, തോള്‍വള, കടകവള, കയ്യില്‍ കരിമ്പുവില്ല്, പുഷ്പബാണങ്ങള്‍, ബാലാര്‍ക്കന്‍ വിലസുന്ന മെയ്യഴക്, പൊന്കുടമൊത്ത തിരുമുല, ആലിലയൊത്ത അണിവയറ്, ചെന്താമരപോലെ ചേവടികള്‍, തിരുവരയില് പൊന്‍പട്ടും ചാര്‍ത്തി നില്ക്കുന്ന തിരുമേനി പ്രഭ-അതാണ് പൂമാല.
പൂമാലയ്ക്ക് കോലമില്ല, വിഗ്രഹവുമില്ല, വിശേഷാല്‍ പ്രതിഷ്ഠയുമില്ല. ഓരോ മനസിലും ഓരോ രൂപമായ് വിളങ്ങിനില്ക്കും. വാളിലും വിളക്കിലുമാണ് ഭഗവതി. പൂമാലയ്ക്ക് പൂരമാണ് ഉത്സവം-മീനത്തിലെ കാര്‍ത്തിക മുതല്‍ പൂരംവരെ ഒമ്പതുനാള്‍. കാമപ്രീതിക്കായി കൗമാര കന്യകകളുടെ പൂജയാണ് അതില്‍ പ്രധാനം. നേരവും കാലവും നോക്കാതെ സ്ഥാണ്വാശ്രമത്തില്‍ പ്രവേശിച്ച് വസന്തമണിഞ്ഞ് തപസ്വികളെപ്പോലും അലോസരപ്പെടുത്തിയതില്‍ കോപിച്ച് തൃക്കണ്തുറന്ന് കാമനെ ഹരിച്ചതാണ് പരമശിവന്. സകല ജീവജാലങ്ങളിലും തലമുറകളുടെ നിലനില്പിന്റെ ഹേതുവായി ജീവചൈതന്യം വിളയിക്കുന്ന കാമന് ഭസ്മമായാല്‍ പിന്നെന്ത് ബാക്കി? തീര്‍ന്നില്ലേ? (ഭസ്മമാകല് ജീവചൈതന്യം ഇല്ലാതാകലാണ്. ശവദാഹത്തില്‍ അതുണ്ട്; ഉച്ഛ്വാസവായുവില്‍ നിന്ന് ചാരം ഉത്പാദിപ്പിക്കുന്ന സിഗററ്റ് വലിയിലും ഉണ്ട്. പുരുഷന്മാരുടെ പുകവലിയോട് സ്ത്രീകള്‍ക്കുള്ള ഭീതിയുടെ കാരണം അതാണ്. സിഗററ്റ് വലി ഷണ്ഡത്വത്തിന് കാരണമാകുമെന്ന് ആധുനിക ശാസ്ത്രവും നിരീക്ഷിക്കുന്നുണ്ടല്ലോ.) ശിവന്റെ പ്രവൃത്തിയോടെ, ദക്ഷപുത്രിയായ രതിക്ക് പതീവിയോഗമായി. കാമന്റെ ദഹനം താല്‍ക്കാലികമാണെന്ന് ശിവന് തന്നെ പറഞ്ഞുവത്രെ.

ചൈത്രമാസത്തിന്റെ അധിപനായ വിഷ്ണുവിനെ പ്രസാദിപ്പിച്ചാല്‍ പരിഹാരം പറഞ്ഞുതരും. അങ്ങനെ വിഷ്ണു ഉപദേശിച്ചതാണ് വസന്തപൂജാവിധി. കാര്‍ത്തിക തൊട്ട് ഒമ്പതുനാള്‍ കന്യകമാര്‍ പൂക്കള്‍ കൊണ്ട് കാമരൂപമുണ്ടാക്കി പൂജിക്കുക. മൂന്നുനേരവും വെള്ളവും പൂവും നല്‍കണം. പൂരം നാളില്‍ വിഗ്രഹത്തെ യാത്രയാക്കുമ്പോള്‍ കാമസിദ്ധിവരും. ഏതൊക്കെ പൂക്കളാണ് അര്‍ച്ചിക്കേണ്ടത്? കണ്ണിന് ഇമ്പമുള്ള എല്ലാ പൂക്കളും കാമനിഷ്ടമാണ്. എങ്കിലും നിറവും മണവുമുള്ള പൂക്കളാണ് നേദിക്കുന്നതില് കൂടുതലും. കടാങ്കോട്ട് മാക്കത്തിന്റെ തോറ്റത്തില്‍ കോടിപ്പൂരം നോല്ക്കാനൊരുങ്ങുന്ന കുഞ്ഞിമാക്കത്തിനോട് അമ്മ ഉണിച്ചെറിയ പൂരത്തിനെക്കുറിച്ചും പൂക്കളെക്കുറിച്ചും പറയുന്നുണ്ട്. പൂവിന്റെ രസം വണ്ടുവന്ന് നുകരുന്നതിനുമുമ്പ് പൂ പറിക്കണം.
മുരിക്കെരിക്ക് പറിക്കണ്ട കുഞ്ഞിമാക്കേ, മുരിക്കെരിക്കുമ്പൂ പറിച്ചാലൊരിക്കലില്ലാ സുഖം, ചെമ്പകപ്പൂ പൂരപ്പാലപ്പൂ പറിച്ചാല്‍ പരമസുഖമാനോ...
കാമനെ ചമയിക്കുമ്പോഴുമുണ്ട് പൂക്കളുടെ വിവരണം. അതിരാണിരപ്പൂകൊണ്ട് കാമന് അരവെച്ചു, വയരപ്പൂകൊണ്ട് വയറ്, എരിഞ്ഞിപ്പൂകൊണ്ട് പൊക്ക്, പാലപ്പൂകൊണ്ട് മാറ്, കൈതപ്പൂകൊണ്ട് കൈ, കിളിതിന്നിപ്പൂകൊണ്ട് വിരല്‍, ആലത്തിന് പൂകൊണ്ട് താടി, ചുള്ളിപ്പൂ കൊണ്ട് ചിറി, കണ്ണാടിച്ചില്ലുകൊണ്ട് കവിള്, കറുകക്കൊടികൊണ്ട് നാവ്, കുമുദമ്പൂകൊണ്ട് കാത്, വാര്കഴുങ്ങിന്നിളങ്കുലകൊണ്ട തലമുടി...അങ്ങനെ ചമഞ്ഞൊരുങ്ങുന്നു മാക്കത്തിന്റെ കാമന്. പൂരം നാലുതരത്തിലുണ്ടത്രെ. ഒമ്പതു പൂവും കഞ്ഞിയുമുള്ള കത്തിപ്പൂരവും ഏഴുപൂവും കഞ്ഞിയുമുള്ള കതിരുപൂരവുമുണ്ട്. വാപ്പുനിലിയമെന്ന പൂരം നോറ്റാല്‍ വായ്പ്പല്ലിനും തലമുടിക്കും അഴകുകുറയും. പൂപ്പുനിലിയമെന്ന പൂരം നോറ്റാല്‍ പുരുഷഗുണമേറും, പുത്രഗുണം കുറയും. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തോറ്റത്തിലില്ല. കത്തിപ്പൂരമാണ് മാക്കം നോല്‍ക്കുന്നത്. പൂരക്കഞ്ഞിയെക്കുറിച്ചും പൂരടയെക്കുറിച്ചും ഇതില്‍ വിവരണമുണ്ട്. പോവും കാലം നേരത്തെ കാലത്തേ പോടേ കാമാ, വരുന്ന കാലം കാലത്തെ നേരത്തെ വരണേ കാമാ.....കുഞ്ഞിമംഗലത്തെ ആറാട്ട് കാണാന്‍ വരണേ കാമാ, പൂക്കോത്ത നടേല് ശീവേലിവെച്ച് കാണണേ കാമാ, കതിരോക്കത്തറക്ക് കാണണേ കാമാ..എന്നിങ്ങനെ പാടിയാണ് കാമനെ മാക്കം യാത്രയാക്കുന്നത്.
രണ്ടുകളികളാണ് പൂമാലയ്ക്ക് പ്രിയം. ഒന്ന് നൃത്തപ്രധാനമായ പൂരക്കളി. മറ്റൊന്ന് ധിഷണയുടെ പ്രകാശനമായ മറത്തുകളി. വസന്തദീപമെന്ന പൂജാവിധിയാണ് പൂരക്കളിയെന്ന അനുഷ്ഠാനത്തിന് പിന്നില്‍. കാമദഹനത്തിനു ശേഷം ദേവനെ പ്രീതിപ്പെടുത്താന്‍ വിഷ്ണുവിന്റെ നിര്‍ദേശപ്രകാരം കാമരൂപമുണ്ടാക്കി പൂജിക്കുന്നതോടൊപ്പം 18 കന്യകമാര്‍ 18 നിറങ്ങളില്‍ നര്‍ത്തനവും തുടങ്ങി. സുരസുന്ദരിമാരായ രംഭ, തിലോത്തമ, ഉര്‍വശി, മേനക, അരുന്ധതി, ചിത്രലേഖ, രത്നച്ഛവിമാരും ഇടലോകത്ത് രതി, ഭൂദേവി, വാഗ്ദേവി, ഗംഗാദേവി, ശ്രീദേവി, ഗിരിജാദേവിമാരും ഭൂമിയില്‍ അഹല്യ, സീത, താര, മണ്ഡോദരി, ദ്രൗപദിമാരും ആടിക്കളിച്ചതത്രെ പൂരക്കളി. ഓരോരുത്തര്‍ക്കും ഓരോ നിറങ്ങളും താളക്രമങ്ങളുമുണ്ട്. ഉദാഹരണത്തിന് 'നാരായണ നമ നാമാഹരി 'വാസുദേവാ വാ കളിപ്പാന്‍/ പേരായിരമുള്ളവനെ ഹരി പേയകലാന് വരം തരൂ' എന്നുതുടങ്ങുന്ന ഏഴാം നിറം രത്നച്ഛവിയുടെതാണ്. ചെറുതാമരപ്പൂവ് അറുത്ത് ആഹരി രാഗത്തിലുളള ലാസ്യനടനമാണിത്. അരയിലമര്‍ന്ന് വലതുകാല്‍ മുമ്പില്‍ ചവിട്ടി പാട്ടുതുടങ്ങി വലത്തോട്ട് ഓരം പോയി ഇടത്തോട്ട് നീങ്ങി കൈകൊട്ടി മറിഞ്ഞ് തുള്ളിക്കളിക്കുകയാണ് ശരീര നില.
ശ്രീദേവിയാടിയ പതിനേഴാം നിറത്തില്‍
ഹരി നമ്മോ നമ്മോ നാരായണാ നമ്മോ തത്തത്താ തൈതൈ,
ഗുരുനാഥന് നാഥന് നമ്മോ നാരായണാ നമ്മോ തത്തത്താ തൈതൈ
എന്ന പാട്ട് അരയിലമര്‍ന്ന് കൈനിവര്‍ത്തി പാട്ടുപാടി വലതുകൈമടക്കി ചെവിക്കുനേരെ പിടിച്ച് ഇടതുകാല് ഉയര്‍ത്തി വലത്തോട്ടു നീങ്ങി നാലടി ഓരം പോയ് വലത്തേ കാല് മുമ്പില്‍ വച്ച് എന്നാണ് നടനം. 18 നിറങ്ങളിലുള്ള പാട്ടുകള്‍ അടങ്ങിയ 'പൂരമാല'യാണ് പൂരക്കളിക്ക് ആധാരം. രംഭ ചെന്താമര കൊണ്ട്, ഉര്‍വശി വെണ്താമരയിട്ട്, മേനക പൊന്താമരയിട്ട്, അരുന്ധതി കരിന്താമരയിട്ട്, തിലോത്തമ വടതാമരയിട്ട് ചിത്രലേഖ നീര്ത്താമരയിട്ടുമാണ് ആടിയത്. അഹല്യ മാലതിപ്പൂവിട്ട് ദ്രൗപദി മല്ലികപ്പൂവിട്ട്, സീത കുന്ദപുഷ്പമിട്ട്, താര മുല്ലപ്പൂവിട്ട്, മണ്ഡോദരി മന്ദാരമിട്ട്, ഭൂദേവി ചേമന്തിയിട്ട്, വാഗ്ദേവി ചെങ്ങഴിനീര്‍ പുഷ്പമിട്ട്, രതീദേവി ചൂതപുഷ്പമിട്ട്, ഗംഗാദേവി അശോകപുഷ്പമിട്ട്, ശ്രീദേവി ചെമ്പകമിട്ട്, ഗിരിസുത ചെക്കിപ്പൂവിട്ടും പൂജിച്ചാണ് ലാസ്യമാടിയത്.

പൂരക്കളിയുടെ അനുഷ്ഠാനത്തെക്കുറിച്ച് കേരളോത്പത്തിയുമായി ബന്ധപ്പെട്ടും ഒരു കഥയുണ്ട്. മഴുവെറിഞ്ഞ് കേരളം നിര്‍മിച്ച് 64 ഗ്രാമങ്ങളിലും ബ്രാഹ്മണരെ കുടിയിരുത്തിയതിനു ശേഷം ദേശസഞ്ചാരത്തിനിറങ്ങിയ പരശുരാമന് പയ്യന്നൂരിലുമെത്തി. അടുത്തൊരു പ്രദേശത്ത് വില്ലുവച്ച് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോയി. തിരിച്ചെത്തിയ രാമന് തന്റെ വില്ലിളക്കാനായില്ല. ഈ സ്ഥലത്ത് രാമന്‍തന്നെ ദേവപ്രതിഷ്ഠ നടത്തി, നൃത്തം, വാദ്യം, ഗീതം, ദീപം, നൈവേദ്യം എന്നിവയടങ്ങുന്ന പഞ്ചാംഗോപചാരം ആരാധനാക്രമവുമായി നിശ്ചയിച്ചു. (രാമന്റെ വില്ലിരുന്ന ഇടമാണ് പിന്നീട് രാമവില്യമായത്. വടക്കേ മലബാറിലെ തീയരുടെ നാലു പ്രധാന കഴകങ്ങളില്‍ ഒന്ന് തൃക്കരിപ്പൂരിനടുത്തെ രാമവില്യത്താണ്.) ആധുനിക കാലത്തെ സിനിമാറ്റിക്ക് ഡാന്സിനെപ്പോലും വെല്ലുന്ന ചടുലതയും മെയ്വഴക്കവും ഉള്ളതാണ് പൂരക്കളി. പുരുഷ സൗന്ദര്യത്തിന്റെ വെളിപ്പെടുത്തലാകുന്ന എത്രയോ ശരീരനിലകള്‍ കളിയിലുണ്ട്. താളബോധം, ഗാനാത്മകത, സാഹിത്യഭാവന, കായികശേഷി, ശാസ്ത്രബോധം എന്നിവ സമഗ്രമായി സമ്മേളിക്കുന്ന അനുഷ്ഠാനകലയാണിത്.
പൂരക്കളിപ്പന്തലുകളുള്ള ഭഗവതിക്കാവുകള്‍ വടക്കേമലബാറില്‍ എവിടെയും കാണാം. ഇളമുറക്കാര്‍ ചുവന്ന പട്ടു ഞൊറിഞ്ഞുടുത്ത് ചന്ദനക്കുറി വരച്ച് കാവിനു സമീപത്തെ പന്തലില്‍ പാട്ടു പാടി ചുവടുവെക്കുന്നുണ്ടാവും.
കെട്ടിത്തൊഴലോടെയാണ് കളിയുടെ തുടക്കം. കൈകൂപ്പി മാറിനു പിടിച്ച് കൈതാഴ്ത്തി മുയിപ്പുതൊട്ട് കൈ നിവര്‍ത്തിനോക്കി തൊഴുതുവണങ്ങി ഇടതുകാല് ഉയര്‍ത്തി കൈരണ്ടും നിവര്‍ത്തി അകലെവച്ച് ചെരിഞ്ഞ് നടന്ന്....എന്നിങ്ങനെ പോകുന്ന കെട്ടിത്തൊഴലിന്റെ ചൊല്ല് കളരിയിലെ ചുവടുകളെ ഓര്‍മിപ്പിക്കും. അതിനുശേഷം വന്ദനപ്രക്രിയയാണ്. ഗുരുവന്ദന, ബ്രഹ്മവന്ദന, ശക്തിവന്ദന, നവാക്ഷരവന്ദന എന്നിവയും ഗണപതി, സരസ്വതി, കൃഷ്ണന് എന്നിവര്‍ക്കുള്ള സ്തുതികളും ഇതിലുണ്ടാകും. ചിലയിടത്ത് പളളിയറശാസ്ത്രം, വസന്തപൂജാവിധി, മഹാമേരു വര്‍ണന എന്നിവയിലെ സ്തുതികളും ഉണ്ടാകും.
ഇതിനുശേഷമാണ് നിറം പാടിക്കളി. ഇത് ലാസ്യപ്രധാനമാണ്. തുടര്‍ന്ന് ചടുലമായ മെയ് വഴക്കവും അഭ്യാസബലവും പ്രകടമാക്കുന്ന വന്‍കളി. പുരുഷത്വത്തിന്റെ പൊട്ടിത്തെറിപ്പ് ഇതിലാണ്. ഗണപതിക്കളിയാണ് ഇതിന്റെ തുടക്കം. അതുകഴിഞ്ഞാല്‍ രാമായണം, ഇരട്ട, ഭാരതം, പായല്‍, മാറന്പാട്ടം, പാമ്പാട്ടം, എള്ള തുടങ്ങിയ നടനത്തിമിര്പ്പാണ്.

മറത്തുകളിയില്‍ 'മറപ്പു'ണ്ട്. മറപ്പ് എന്നാല്‍ മത്സരത്തോടുള്ള ആവേശം കുറിക്കുന്ന നാട്ടുഭാഷയിലെ പദമാണ്. നാടകാവതരണം പോലുള്ള ഭാഗങ്ങളില്‍ ചെറിയതോതില്‍ ശരീരചലനങ്ങളുണ്ടെങ്കിലും ധിഷണയ്ക്കാണ് ഇതില്‍ പ്രാധാന്യം. പണ്ഡിത ശ്രേഷ്ഠരായ പണിക്കന്മാരുടെ വാദപ്രതിവാദമാണിത്. മറത്തുകളിയില്‍ സാധാരണ രണ്ടുക്ഷേത്രങ്ങളെ പ്രതിനിധീകരിക്കുന്ന പണിക്കന്മാരുണ്ടാകും. രേവതി പട്ടത്താനവും കടവല്ലൂര്‍ അന്യോന്യവും പോലെ വൈജ്ഞാനിക സംവാദം. താംബൂലദാനത്തോടെയാണ് ഇതിന്റെ തുടക്കം. പണിക്കന്മാര് അന്യോന്യം വെറ്റിലയടയ്ക്ക കൈമാറും. ഇതോടൊപ്പം തന്നെ ചര്‍ച്ചയ്ക്കും തുടക്കമാകും. താംബൂലത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാവും തുടങ്ങുക. ഇതുകഴിഞ്ഞാല്‍ ഉടുത്തൊരുങ്ങി പണിക്കന്മാരുടെ 'രംഗപ്രവേശ'മായി. ജ്യോതിശാസ്ത്രമാണ് ഈ ഭാഗത്തെ വിഷയം. നക്ഷത്രരാശികളും ലഗ്നാധിപന്മാരും എല്ലാം ചര്‍ച്ചയില്‍ കടന്നുവരും. തുടര്‍ന്ന് ക്ഷേത്രനടയില്‍ കൊളുത്തിയ വിളക്കിനുമുന്നില്‍ 'ദീപവന്ദനം' എന്ന ചടങ്ങാണ്. ന്യായശാസ്ത്രമാണ് ഇതില്‍ ചര്‍ച്ചചെയ്യപ്പെടുക. പിന്നീട് ഇഷ്ടദേവതാ സ്തുതി. ശബ്ദാ-ലങ്കാര-ഛന്ദോ-സാഹിത്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് ഇവിടെയാണ്. പണിക്കന്മാരുടെ വ്യുല്പത്തിക്കും സന്ദര്ഭൗചിത്യനിര്ണയശേഷിയും അനുസരിച്ച് ഈ ഭാഗത്തിന് മാറ്റേറും. മൂന്നോ നാലോ മണിക്കൂര്‍ നീളുന്ന ഈ വ്യവഹാരം തീരുമ്പോഴേക്കും നാട്യചര്ച്ചയ്ക്ക് അരങ്ങൊരുക്കി 'നാട്യോല്പത്തി'യായി. പിന്നീട് യോഗവിശേഷങ്ങള് വിവരിക്കുന്ന യോഗസൂത്രം, ശിവതാണ്ഡവകഥാഖ്യാനമായി ചിദംബരശാസ്ത്രം, പണിക്കന്മാരും കൂട്ടുകാരും വട്ടത്തില്‍ നിന്ന് താളത്തില്‍ ചുവടുവെക്കുന്ന നാടകാവതരണം എന്നിവയായി. 15 ശൈവനാടകങ്ങളും 49 ശക്തിനാടകങ്ങളും ഉള്‍പ്പെടെ 64 നാടകങ്ങള്‍ ഇതിലുണ്ട്. ചിദാനന്ദോന്മത്തനായ പരമശിവന്റെ നടനമാണ് ശൈവനാടകം. ശക്തിനാടകങ്ങള്‍ പാര്‍വതിയും ദേവിമാരും ആടിയ നൃത്തമാണ്. യോഗി എന്ന ഇനമാണ് മറത്തുകളിയുടെ അവസാന സംവാദം. ബ്രഹ്മാവിന്റെ ശിരസറുത്ത പാപം തീര്‍ക്കാന്‍ പുണ്യസ്ഥലങ്ങളില്‍ അലഞ്ഞ് യോഗാസനമുറകളിലൂടെ പരമശിവന് സമാധിയാകുന്നതാണ് ഇതിലുണ്ടാകുക. ഇതിന്റെ അവസാനത്തില്‍ യോഗീശ്വരന്മാരെ പ്പോലെ പണിക്കന്മാര് യോഗാസനത്തില് ഇരിക്കും. യോഗിയായിരിപ്പ് എന്നാണിതിന് പറയുക.
നാട്യശാസ്ത്രമായും യോഗസംവാദമായും ശരീരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറത്തുകളിയിലും പ്രധാന സ്ഥാനം ലഭിക്കുന്നുണ്ട്. മാര്‍ക്സിസം പോലുള്ള ആധുനിക ദര്‍ശനങ്ങള്‍ ശാരീരികവും ബൗദ്ധികവുമായ അധ്വാനങ്ങളുടെ സന്തുലിതത്വത്തെക്കുറിച്ച് പറയുമ്പോള്‍ അതിനും എത്രയോ കാലം മുമ്പു തന്നെ ഈ വിഷയത്തില്‍ കേരളീയര്‍ ശ്രദ്ധിച്ചിരുന്നു എന്ന് വെളിപ്പെടുന്നതാണ് പൂരക്കളിയും മറത്തുകളിയും ഉള്‍പ്പെടുന്ന അനുഷ്ഠാന സങ്കല്പം.
മറത്തുകളിയുടെ അനുബന്ധമായുള്ള ആണ്ടും പള്ളുമാണ് ഇത് ആചരിച്ചുപോരുന്ന സമൂഹത്തിലെ വര്‍ഗപരത വെളിവാക്കുന്ന ഭാഗം. ബ്രഹ്മാവിന്റെ തലയറുത്തതിന്റെ പാപം തീര്‍ക്കാന്‍ ഭിക്ഷാടനം നടത്തിയ കാലത്ത് പാര്വതീപരമേശ്വരന്മാര് പള്ളനും പള്ളത്തിയുമായി കാര്‍ഷിക വൃത്തി നടത്തിയിരുന്നു. ഇതില്‍ കൊയ്ത്തിനുശേഷം, ദേവേന്ദ്രന് വാരം അളക്കുന്നുണ്ട്. ബാക്കി വരുന്ന ധാന്യം തൊഴിലാളികള്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഇത് അന്നത്തെ സാമൂഹ്യവ്യവസ്ഥയില്‍ പൂരക്കളിയും മറത്തുകളിയും കൊണ്ടുനടന്നവരുടെ സാമൂഹ്യാവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാണ്.
ഇതുകഴിഞ്ഞ് പൊലിപ്പാട്ടോടെ കളി അവസാനിക്കും.
പൊതുവെ പൂരം എന്ന അനുഷ്ഠാനം ലൗകിക ജീവിതസുഖങ്ങളോട് വളരെയധികം ബന്ധപ്പെട്ടതാണെന്ന് കാണാനാകും. ഇഹലോക ജീവിതത്തില്‍ നിന്നുള്ള മോക്ഷത്തെക്കുറിച്ചല്ല അത് പറയുന്നത്. പെണ്‍കുട്ടികള്‍ ഭര്‍ത്താവിനായി ഒരുങ്ങുന്നതിന്റെയും ആണുങ്ങള് കായികശേഷി തെളിയിക്കുന്നതിന്റെയും ഒക്കെ സങ്കല്പങ്ങളെ ദിവ്യമായ പരിവേഷത്തോടെ അവതരിപ്പിക്കുന്നതാണ് പൂരം. നാട്ടുസംസ്കാരത്തിന്റെ ലാളിത്യവും ഋജുത്വവും ഇതിലുണ്ട്. ഒത്ത പുരുഷനെ കിട്ടാന്‍ പൂരം നോമ്പുനോല്ക്കുന്ന പെണ്‍കുട്ടിയുടെ നിഷ്കളങ്കതയില്‍ നിന്ന് നാലു വയസുകാരി പീഡിപ്പിക്കപ്പെട്ട പത്രവാര്ത്തയിലേക്കുള്ള ദൂരത്തിനിടയില്‍ നമുക്ക് നഷ്ടപ്പെട്ടതാണ് നാട്ടുവഴക്കങ്ങളിലെ നന്മ.
(പൂമാലയുടെ പൂരോത്സവങ്ങള്‍ എന്ന പേരില്‍ വയലപ്ര അണിയക്കര പൂമാലക്കാവ് പുനപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച് പൂമാല എന്ന സുവനീറില്‍ വന്നത്)
Comments