ഹരി ഇവിടെയുണ്ട്‌



താളം പിടിക്കുന്ന വിരലുകള്‍ പോലീസ്‌ ബൂട്‌സിട്ട്‌ ചവിട്ടിയൊടിച്ചപ്പോള്‍ ഹരി ഉന്മാദത്തിന്റെ വക്കിലായിരുന്നു. ഒരുദിവസം ഹരി കയറിവരുമ്പോള്‍ സൃഹൃത്തുക്കള്‍ ഡ്രംസില്‍ താളം പെരുക്കുന്നതിന്റെ ലഹരിയിലാണ്‌. ആവിഷ്‌കാരത്തിന്റെ മാധ്യമം നഷ്ടപ്പെട്ടതിന്റെ ധര്‍മസങ്കടത്തിനും വാദ്യശബ്ദങ്ങള്‍ക്കും ഇടയില്‍ സമനില നഷ്ടപ്പെട്ട അയാള്‍ സൃഹൃത്തുക്കളുടെ മുന്നിലിട്ട്‌ സ്വന്തം തബല ചുരികകൊണ്ട്‌ കുത്തിക്കീറി. ഹരിക്ക്‌ വേറെയും വേവലാതികള്‍ ഉണ്ടായിരുന്നു. ജീവനോളം സ്‌നേഹിക്കുന്ന വാദ്യസംഗീതവും തീവ്രരാഷ്ട്രീയവും ഒരുമിച്ചുപോകുമോ? പരമ്പരാഗത സംഗീതത്തിന്റെ അടയാളങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ തന്നെ യാഥാസ്ഥിതികനാക്കുന്നുണ്ടോ? വേവലാതികള്‍ക്കൊടുവില്‍ ഹരി ആത്മഹത്യ ചെയ്‌തു. ഇതിനെ ചുറ്റിയാണ്‌ ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ സിനിമ വികസിക്കുന്നത്‌.

സിനിമയിലെ ഹരി ജീവിതത്തിലെയും ഹരിതന്നെയാണ്‌. മൃദംഗവും തബലയും വായിക്കുന്ന ഹരിനാരായണന്‍. കോഴിക്കോട്‌ ബേപ്പൂരിനടുത്തെ നടുവട്ടംഅങ്ങാടി ഓംശക്തിയില്‍ സംഗീതത്തിന്റെ ലഹരിയില്‍ അദ്ദേഹമുണ്ട്‌. ജോണിന്റെ ജീവിതത്തിന്റെ തുടര്‍ച്ചയെന്ന പോലെ.
ബാലമുരളീകൃഷ്‌ണയടക്കമുള്ള പ്രമുഖരുടെ കൂടെ മൃദംഗം വായിക്കുന്നതിനിടെയാണ്‌ ഹരി സിനിമയില്‍ എത്തുന്നത്‌. സംഗീതവും കോഴിക്കോട്ട്‌ നാടകപ്രവര്‍ത്തനവുമായി നടക്കുന്ന കാലം. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ടി.കെ.രാമചന്ദ്രന്റെ സംവിധാനത്തില്‍ യൂജിന്‍ ഒനീലിന്റെ എംപറര്‍ ജോണ്‍ എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നു. മൊകേരി രാമചന്ദന്‍ മുഖ്യനടന്‍. ശോഭീന്ദ്രന്‍, ഉണ്ണിമാഷ്‌ എന്നിവരൊക്കെയുണ്ട്‌. സ്‌കൂള്‍ ഓഫ്‌ ഡ്രാമ ഹെഡായിരുന്ന കൃഷ്‌ണന്‍ നമ്പൂതിരിയാണ്‌ കൊറിയോഗ്രഫി. അപ്പോഴാണ്‌ ആദ്യമായി ജോണ്‍ എബ്രഹാമിനെ കാണുന്നത്‌. റിഹേഴ്‌സല്‍ കഴിഞ്ഞപ്പോള്‍ ജോണ്‍ അടുത്തുവന്നു പറഞ്ഞു-ഡ്രാമ വാസ്‌ ഫാഴ്‌സ്‌, ബട്ട്‌ ദി മ്യൂസിക്‌ വാസ്‌ ബ്യൂട്ടിഫുള്‍. ഹരിക്ക്‌ കിട്ടുന്ന ആദ്യത്തെ അഭിനന്ദനമായിരുന്നു അത്‌.

അപ്പോഴാണ്‌ ജോണ്‍ സിനിമയെക്കുറിച്ച്‌ പറയുന്നത്‌. ഇതിനിടെ ഹരിയുടെ ജീവിതത്തെ ഭ്രാന്തിലേക്ക്‌ നയിച്ച ഒരു സംഭവം. നാട്ടില്‍ ഹനീഫ എന്നൊരു ഡ്രമ്മര്‍ ഉണ്ടായിരുന്നു. സമര്‍ഥനായ കലാകാരന്‍. എസ്‌.ജാനകിക്കു വേണ്ടിയൊക്കെ ഡ്രം വായിച്ചിട്ടുണ്ട്‌. ഹരിയുമൊത്ത്‌ കണ്ണഞ്ചേരിയിലൂടെ നടന്നുപോകുമ്പോള്‍ ഹനീഫ അതിലേ വന്ന കാറിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു. വല്ലാത്ത അവസ്ഥയിലായ അദ്ദേഹം ജോണിന്റെ മുന്നിലെത്തി വയലന്റായി. ജോണ്‍ ഹരിയെ ബാംഗ്‌ളൂരിലെ നിംഹാന്‍സ്‌ മനോരോഗാസ്‌പത്രിയിലാക്കി-അറുപതുരോഗികളുടെ കൂടെ. ഹനീഫയുടെ സംഭവമാണ്‌ അമ്മ അറിയാനില്‍ വിഷയമായത്‌.


ആസ്‌പത്രിയില്‍ നിന്ന്‌ പുറത്തുവന്നപ്പോഴാണ്‌ ഈ സിനിമയില്‍ അഭിനയിക്കുന്ന കാര്യം ഹരി അറിയുന്നത്‌. ഒരു കലാകാരന്റെ മരണത്തിലൂടെ കേരളത്തിലെ ചെറുപ്പക്കാരുടെ ആത്മഹത്യയെക്കുറിച്ച്‌ പറയുകയായിരുന്നു ലക്ഷ്യം. രണ്ടരവര്‍ഷത്തോളം ഇതിന്റെ പണപ്പിരിവുമായി ബന്ധപ്പെട്ട്‌ പോയി. ഓരോ ജില്ലയിലും യൂണിറ്റുകള്‍ ഉണ്ടാക്കി. ഏഴുലക്ഷം രൂപ പിരിച്ചെടുത്തു. അതാണ്‌ സിനിമയുടെ നിര്‍മാണച്ചെലവ്‌. അന്നത്തെക്കാലത്ത്‌ മലയാള സിനിമയ്‌ക്ക്‌ അത്‌ വലിയ തുകയാണ്‌. 1986 ജനവരി പത്തിനാണ്‌്‌ ഷൂട്ടിങ്‌ തുടങ്ങിയത്‌. പിന്നീട്‌ സിനിമയുമായി അലച്ചില്‍. ഇടയ്‌ക്ക്‌ പൈസയ്‌ക്ക്‌ വേണ്ടി മാത്രം ചില സംഗീത പരിപാടികള്‍. 1987-ല്‍ സിനിമ റിലീസ്‌ ചെയ്‌തു. ആ വര്‍ഷം സെപ്‌തംബര്‍ 30നു മുമ്പ്‌ റിലീസ്‌ ചെയ്‌താലേ പനോരമയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടൂ. കോഴിക്കോട്‌ രണ്ടു തിയറ്ററുകളില്‍ പ്രിവ്യൂ നടത്തി. രണ്ടിടത്തും ഹൗസ്‌ഫുള്‍ ആയിരുന്നു. അമ്മ അറിയാന്‍ ഞങ്ങള്‍ക്ക്‌ സിനിമയെക്കാളേറെ ഒരു മൂവ്‌മെന്റ്‌ ആയിരുന്നു. അക്കാലത്തെ ചെറുപ്പക്കാരുടെ വികാരം അതിലുണ്ട്‌.

അമ്മ അറിയാനിലെ ഹരി എന്‍ജിനിയറിങ്‌ കോളേജ്‌ ഡ്രോപ്പ്‌ ഔട്ട്‌ ആയിരുന്നു. പിന്നീട്‌ മയക്കുമരുന്നിലേക്കും തീവ്രവാദത്തിലും എത്തി. 1970 മുതല്‍ 85 വരെയുള്ള കാലയളവില്‍ ഒരുപാട്‌ ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ട്‌. ഒരു കാലഘട്ടത്തിലെ സമര്‍ഥരായ ചെറുപ്പക്കാരെ വഴിതെറ്റിച്ചതിന്റെ ഉത്തരവാദിത്തം കെ.വേണു ഏറ്റെടുക്കണമെന്ന്‌ അന്ന്‌ ജോണ്‍ പറഞ്ഞിരുന്നു. സിനിമ കഴിഞ്ഞിട്ടും ഹാങ്‌ഓവര്‍ മാറാന്‍ കുറെക്കാലമെടുത്തു. അയ്യപ്പനെപ്പോലുള്ളവര്‍ അപ്പോഴേക്കും ഭ്രാന്തിന്റെ അവസ്ഥയിലെത്തിയിരുന്നു.
അറം പറ്റിയതുപോലെയായിരുന്നു ജോണിന്റെ മരണം. സിനിമയില്‍ ഹരി കിടന്നതുപോലെ ആരും തിരിച്ചറിയാതെ മോര്‍ച്ചറിയില്‍. രാവിലെ അഞ്ചുമണിക്ക്‌ വീട്ടിലേക്ക്‌ ഫോണ്‍ വന്നു. ഞാന്‍ വണ്ടിയെടുത്ത്‌ ആസ്‌പത്രിയിലെത്തി മോര്‍ച്ചറിയില്‍നിന്ന്‌ ശരീരം തിരിച്ചറിഞ്ഞു. ബ്രൗണ്‍ പാന്റ്‌സായിരുന്നു ജോണിന്‌. തലേദിവസം ഞാന്‍ കണ്ടിരുന്നു.
ജോണിന്റെ മരണം വലിയ ശൂന്യതയാണുണ്ടാക്കിയത്‌. പ്രസ്ഥാനത്തിന്‌ നേതാവ്‌ നഷ്ടപ്പെടുന്നതുപോലെ. ബാക്കിയുള്ളവരെ പരിഹാസത്തോടെയാണ്‌ ആളുകള്‍ കണ്ടത്‌. വെറുതെ ജോണിനെപ്പോലെ വേഷം കെട്ടി നടക്കുന്നവര്‍. ജോണിന്റെ മരണം കുറെക്കൂടി പഠിപ്പിച്ചു.
സുഹൃത്ത്‌ എന്നതിലുപരി കുറെ വാതിലുകള്‍ തുറന്നു തന്നയാളാണ്‌ ജോണ്‍. ഒരുതരം പ്രവാചകസ്വഭാവമുണ്ടായിരുന്നു.
സിനിമ കഴിഞ്ഞ്‌ തിരുവനന്തപുരത്ത്‌ തുമ്പമണില്‍ പെങ്ങളുടെ വീട്ടിലായിരുന്നു അദ്ദേഹം. ആ വീട്ടില്‍ വെച്ചാണ്‌ കാത്തിരിപ്പ്‌ എന്ന കഥ എഴുതുന്നത്‌. എം.കൃഷ്‌ണന്‍ നായര്‍ ബോര്‍ഹസിനോടുപമിച്ച കഥയാണത്‌. ഒരു ദിവസം ആകാശവാണിയില്‍ റെക്കോഡിങ്‌ കഴിഞ്ഞ്‌ ഞാന്‍ ജോണിന്റെ അടുത്തേക്ക്‌ പോയി. ആകാശവാണിയില്‍ നിന്ന്‌ കിട്ടിയ ചെക്ക്‌, അപ്പോഴേക്കും ദരിദ്രനായിക്കഴിഞ്ഞ ജോണിന്‌ കൊടുത്തു. പിന്നെ ഇരുവരും കൂടി വഴിയില്‍ മുഴുവന്‍ ഇറങ്ങി മദ്യപിച്ച്‌ കോഴിക്കോട്ടേക്ക്‌. തോപ്പുംപടിയെത്തിയപ്പോള്‍ ജോണും ഞാനും തെറ്റി. യു ആര്‍ ഓണ്‍ലി പപ്പെറ്റ്‌ ടു മീ എന്ന്‌ അവന്‍ പറഞ്ഞു. അങ്ങനെ വഴക്കായി. ജോണ്‍ തിരിച്ചുപോയി. തിരിച്ചുപോരുമ്പോള്‍ കാലടിക്കും അങ്കമാലിക്കും ഇടയില്‍ ഒരിടത്ത്‌ ട്രെയിനില്‍ നിന്ന്‌ ഞാന്‍ തെറിച്ചുവീണു. ചോരവാര്‍ന്നു കിടന്നിരുന്ന ശരീരം സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലെ കുട്ടികളാണ്‌ തിരിച്ചറിഞ്ഞത്‌. സ്റ്റേഷനിലെത്തിച്ചപ്പോള്‍ ബോധം വീണ്‌ ഫോണ്‍ നമ്പര്‍ പറഞ്ഞതായി മാത്രം ഓര്‍മയുണ്ട്‌. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌ കോഴിക്കോട്ടേക്ക്‌ മാറ്റി. 18 ദിവസം അബോധാവസ്ഥയിലായിരുന്നു.

ജോണ്‍ അപ്പോള്‍ ഇതറിയാതെ കെ.ജി.ജോര്‍ജിന്റെ ഇരകളുടെ സെറ്റിലായിരുന്നു. ആയിടെ കാത്തിരിപ്പ്‌ എന്ന കഥ കോഴിക്കോട്‌ മാതൃഭൂമിയില്‍ കൊടുത്ത്‌ എന്റെ വീട്ടിലെത്തി. അതിലെ അവസാനവാചകം ഇങ്ങനെയായിരുന്നു: തീവണ്ടിയില്‍ നിന്ന്‌ വീണിട്ടും അവന്‍ ചത്തില്ലല്ലോ എന്ന സമാധാനത്തില്‍ ഞാനെന്റെ മനസിന്റെ താളക്രമങ്ങള്‍ ക്രമീകരിച്ചു.
അമ്മ അറിയാന്‍ കഴിഞ്ഞപ്പോള്‍ ജോണ്‍ പറഞ്ഞു: നീയിനി ആത്മഹത്യ ചെയ്യില്ല. ദുര്‍മരണവും സംഭവിക്കില്ല.


ജോണിന്റെ മരണശേഷം ഞാന്‍ മദ്രാസിലേക്ക്‌ വണ്ടി കയറി. നില്‍ക്കണമെങ്കില്‍ കലയില്‍ കുറെക്കൂടി കരുത്തനാകണമെന്ന്‌ മനസിലായി. അവിടെ മൃദംഗത്തിന്റെ ചക്രവര്‍ത്തിയായി അറിയപ്പെട്ടിരുന്ന കാരക്കുടി മണിയുടെ കീഴില്‍ മൃദംഗപഠനം. ഒപ്പം സിനിമാ റെക്കോഡിങും. സംഗീത പഠനം എട്ടാം വയസില്‍ തുടങ്ങിയതാണ്‌. പാലക്കാട്‌ മണി അയ്യരുടെ പ്രഥമശിഷ്യനും ആകാശവാണിയില്‍ മൃദംഗം പ്ലയറുമായിരുന്ന എസ്‌.കൃഷ്‌ണയ്യരുടെ കീഴില്‍. ക്ഷുഭിത യൗവ്വനം ആവേശിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്‌. സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട ഹരി ചാലപ്പുറം ഗണപത്‌ ഹൈസ്‌കൂളിലാണ്‌ എസ്‌.എസ്‌.എല്‍.സി എഴുതിയത്‌. ഭാഷാവിഷയങ്ങള്‍മാത്രം. അറിയാത്ത വിഷയങ്ങള്‍ എഴുതില്ലെന്നതുകൊണ്ട്‌ സബ്‌ജക്ട്‌ എഴുതിയില്ല. പിന്നീട്‌ കലാമണ്ഡലത്തില്‍. അവിടത്തെ ഏറ്റവും സമ്പന്നമായ കാലത്താണ്‌-ഒളപ്പമണ്ണ ചെയര്‍മാന്‍. ഇന്ദുചൂഢന്‍, സുമംഗല, നീലകണ്‌ഠന്‍ നമ്പീശന്‍ എന്നിവര്‍ ഫാക്കല്‍റ്റി. സ്റ്റൈപ്പന്‍ഡ്‌ വര്‍ധിപ്പിക്കാന്‍ സമരം നടത്തി അവിടെനിന്നും പുറത്തായി. ഇതിനുശേഷം സുരാസുവിന്റെ മൊഴിയാട്ടത്തിനു സംഗീതം നല്‍കി.(സുരാസുവിന്റെ ജീവചരിത്രത്തില്‍ ഈ നാടകത്തെക്കുറിച്ച്‌ ഒരു വാചകം പോലും പറഞ്ഞില്ല.) നക്‌സലിസവുമായി ബന്ധപ്പെട്ട കാലമായിരുന്നു അത്‌. അന്ന്‌ ചെറുപ്പക്കാര്‍ താടിവെച്ചു നടക്കുക പതിവാണ്‌. ഒരു ദിവസം പോലീസ്‌ പിടിച്ചുകൊണ്ടുപോയി. എന്താടാ പണി എന്നുചോദിച്ചു. തബല വായിക്കുകയാണ്‌ എന്നു പറഞ്ഞപ്പോള്‍ വിരലില്‍ ചവിട്ടിയൊടിച്ചു. താടിവെച്ചവര്‍ കൂടിയിരുന്നാല്‍ ഗൂഢാലോചന നടത്താനാണ്‌ എന്നായിരുന്നു ധാരണ.
കവിയൂര്‍ ബാലന്റെ കല്യാണത്തിനാണ്‌ ആദ്യമായി സോളോ വായിച്ചത്‌. അജിതയുടെ അമ്മ മാജി ഇടയ്‌ക്ക്‌ മൃദംഗം വായിപ്പിക്കും.


രാജന്‍ കാക്കനാടനാണ്‌ സംഗീതത്തെക്കുറിച്ച്‌ ഹരിയുടെ കാഴ്‌ചപ്പാടുകള്‍ മാറ്റിമറിച്ചത്‌. ഇന്ത്യയിലെ പലഭാഗത്തുമുള്ള ദരിദ്രരായ ആളുകളുടെ ജീവിതം കാണിച്ചുതന്നത്‌ അദ്ദേഹമാണ്‌. ഇവര്‍ക്കൊക്കെ മുന്നില്‍ എന്തു സംഗീതമാണ്‌ നീ അവതരിപ്പിക്കുക? ബനാറസിലെ ഒരു തെരുവില്‍ വച്ച്‌ രാജന്‍ എന്നോട്‌ ചോദിച്ചു. വന്‍കിട ഷോ കാട്ടി മാര്‍ക്കറ്റില്‍ പീസായി നില്‍ക്കുന്നവരുടെ പൊള്ളത്തരങ്ങള്‍ മനസിലാകുക ഈ സമയത്താണ്‌. മിണ്ടാതിരുന്ന എന്നോട്‌ അദ്ദേഹം പറഞ്ഞു: ഒരുകാറ്റുപോലും വീശരുത്‌. ഒരില പോലും അനങ്ങരുത്‌. എന്റെ മുംതാസ്‌ ഉറങ്ങുകയാണ്‌. സൈലന്‍സ്‌ ഈസ്‌ ദി ഹൈയസ്‌റ്റ്‌ ഓഫ്‌ മ്യൂസിക്‌.
ദാരിദ്ര്യം കലയാക്കാമെന്ന്‌ തോന്നുന്നത്‌ ഇക്കാലത്താണ്‌. മദ്രാസില്‍ നിന്ന്‌ നജ്‌മല്‍ബാബുവിന്റെ സഹായത്തോടെ മസ്‌കറ്റിലെത്തി. അവിടെ നിന്നാണ്‌ പണത്തിനുവേണ്ടിയുള്ള മലയാളിയുടെ ആര്‍ത്തി കണ്ടത്‌. ഡാല്‍ഡ ടിന്നിന്റെ ഇരുവശത്തും പോളിത്തീന്‍ പേപ്പര്‍ കെട്ടി മൃദംഗം പഠിപ്പിക്കുന്ന ഒരാളെ കണ്ടു. നാല്‍പതു റിയാല്‍ മാസം ശമ്പളം വാങ്ങുന്നു. ഗള്‍ഫില്‍ നിരവധി വേദികള്‍ കിട്ടി. ലാവിഷ്‌ ആയി മൂന്നരവര്‍ഷം അവിടെ കഴിഞ്ഞു. പിന്നീട്‌ ഏകാംഗ സംഗീതവുമായി മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍.
ജോണിന്റെ കൂടെ വര്‍ക്ക്‌ ചെയ്‌തയാള്‍ക്ക്‌ ഇന്‍ഡ്‌സ്‌ട്രിയില്‍ സ്ഥാനമില്ല. സംഗീതജ്ഞരും കൂടെക്കൂട്ടില്ല. ഒരിക്കല്‍ വളരെ മുമ്പ്‌ എം.ഗോവിന്ദന്‍ പറഞ്ഞിരുന്നു: നീയൊരു ബഹിഷ്‌കൃതനാകാന്‍ സാധ്യതയുണ്ടെന്ന്‌. അതിന്റെ അര്‍ഥം പിന്നീടാണ്‌ മനസിലായത്‌. സാധാരണ മനുഷ്യന്‌ കിട്ടേണ്ട ബഹുമാനം പോലും കിട്ടില്ല. ഇതൊക്കെ എനിക്ക്‌ വളമായിട്ടുണ്ട്‌. എന്റെ രംഗത്ത്‌ കൂടുതല്‍ കരുത്തുനേടാന്‍ ഇത്‌ സഹായിച്ചു. സിനിമാരംഗത്ത്‌ സമകാലികരായ ഒട്ടുമിക്ക സംഗീത സംവിധായകരുമായും ഹരി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംഗീതം കൊണ്ടുള്ള സാമൂഹ്യ ഇടപെടലുകളുമുണ്ട്‌. മുമ്പ്‌ മാറാട്‌ കലാപം കഴിഞ്ഞ്‌ മൂന്നാംദിവസം പ്രദേശവാസികളെ സംഘടിപ്പിച്ച്‌ സംഗീത പരിപാടി സംഘടിപ്പിച്ചത്‌ ഹരിയായിരുന്നു. ഒരിക്കല്‍ ബൂട്‌സിട്ട്‌ ഞെരിച്ച ഭരണകൂടം അന്ന്‌ ഹരിയുടെ സമാധാന ശ്രമത്തെ പ്രശംസിച്ചു. പിന്നീട്‌ പല സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കുവേണ്ടിയും പരിപാടി അവതരിപ്പിച്ചെങ്കിലും പലതിനും സംഘാടകര്‍ക്കു തന്നെ ആത്മാര്‍ഥതയുണ്ടായിരുന്നില്ല. 2006-ല്‍ ഹരിയെത്തേടി ഇറ്റലിയില്‍ നിന്ന്‌ ഒരാളെത്തി-ഫബ്രീസിയോ സൗദിനോ എന്ന ഫബ-മൂന്നാം ലോക സംഗീതത്തെക്കുറിച്ചറിയാനുള്ള യാത്രയ്‌ക്കിടെ. അവര്‍ ചേര്‍ന്ന്‌ തബലയില്‍ ഒരാല്‍ബം(വാദ്യ-ദൃശ്യ സമന്വയം) പുറത്തിറക്കി. അത്‌ സ്‌കള്‍പ്‌റ്റിങ്‌ നോയ്‌സ്‌ എന്ന പേരില്‍ യൂ-ട്യൂബിലുണ്ട്‌. യാത്രയുടെയും പ്രകൃതിയുടെയും മഴയുടെയും യാത്രയുടെയും ഒക്കെ താളം അനുഭവിപ്പിക്കുന്ന കണ്ടംപ്ലേഷന്‍സ്‌, ട്രിബ്യൂട്ട്‌ ടു മാസ്റ്റേഴ്‌സ്‌, ട്രിബ്യൂട്ട്‌ ടു മദേഴ്‌സ്‌ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്‌ അതിന്‌. അമ്മ ബാലമീനാക്ഷിയാണ്‌ ഹരിയുടെ ജീവിതത്തില്‍ എന്നും പ്രചോദനം. നടുവട്ടത്തെ വീട്ടില്‍ അവരാണ്‌ ഹരിക്ക്‌ കൂട്ട്‌. ഇപ്പോഴും വീട്ടില്‍ മണിക്കൂറുകളോളം പ്രാക്ടീസ്‌ ചെയ്യും. സ്ഥിരമായി കച്ചേരിക്കും പോകും. സി-ഡിറ്റിന്റെ കോഴ്‌സുകള്‍ക്കു വേണ്ടി ഡോക്യുമെന്ററികളും ചെയ്‌തു. ഒഡേസ സത്യന്റെ മോര്‍ച്ചറി ഓഫ്‌്‌ ലവ്‌ എന്ന ഡോക്യൂമെന്ററിക്കാണ്‌ അടുത്തിടെ സംഗീതം നല്‍കിയത്‌.


പടങ്ങള്‍ കടപ്പാട്‌-മാതൃഭൂമി

Comments

Viju V V said…
അറം പറ്റിയതുപോലെയായിരുന്നു ജോണിന്റെ മരണം. സിനിമയില്‍ ഹരി കിടന്നതുപോലെ ആരും തിരിച്ചറിയാതെ മോര്‍ച്ചറിയില്‍. രാവിലെ അഞ്ചുമണിക്ക്‌ വീട്ടിലേക്ക്‌ ഫോണ്‍ വന്നു. ഞാന്‍ വണ്ടിയെടുത്ത്‌ ആസ്‌പത്രിയിലെത്തി മോര്‍ച്ചറിയില്‍നിന്ന്‌ ശരീരം തിരിച്ചറിഞ്ഞു. ബ്രൗണ്‍ പാന്റ്‌സായിരുന്നു ജോണിന്‌. തലേദിവസം ഞാന്‍ കണ്ടിരുന്നു.
Viju V V said…
മൃദംഗവും തബലയും വായിക്കുന്ന ഹരിനാരായണന്‍. കോഴിക്കോട്‌ ബേപ്പൂരിനടുത്തെ നടുവട്ടംഅങ്ങാടി ഓംശക്തിയില്‍ സംഗീതത്തിന്റെ ലഹരിയില്‍ അദ്ദേഹമുണ്ട്‌. ജോണിന്റെ ജീവിതത്തിന്റെ തുടര്‍ച്ചയെന്ന പോലെ.
ബാലമുരളീകൃഷ്‌ണയടക്കമുള്ള പ്രമുഖരുടെ കൂടെ മൃദംഗം വായിക്കുന്നതിനിടെയാണ്‌ ഹരി സിനിമയില്‍ എത്തുന്നത്‌.
യുവാക്കളുടെ രതിദാരിദ്ര്യത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ തീക്ഷണമാണ്‌