കാക്കാം നമുക്കീ മാടായിപ്പാറ



ചരിത്രസ്‌മാരകങ്ങളും ജൈവവൈവിധ്യവും ആരാധനാലയങ്ങളും അതിലുമേറെ സാംസ്‌കാരിക വൈവിധ്യവും കൊണ്ട്‌ സമ്പന്നമാണ്‌ മാടായിപ്പാറ. നാവികസേനാ ആസ്ഥാനമായ ഏഴിമലയുടെ ഇപ്പുറത്തെ കുന്ന്‌ എന്ന നിലയില്‍ തന്ത്രപ്രധാനവും. ആ സമ്പന്നതയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന്‌ നീക്കം തുടങ്ങി. മാടായിപ്പാറ തീര്‍ഥാടക സഞ്ചാരത്തിനുള്ള ഭൂമിയാക്കണമെന്ന ആവശ്യവുമായി ടി.വി.രാജേഷ്‌ എം.എല്‍.എ. ടൂറിസം മന്ത്രിക്ക്‌ നിവേദനം നല്‍കി അതിന്‌ തുടക്കമിട്ടു. ഏറെക്കാലമായി ഈ ആവശ്യം ഉന്നയിച്ച നാട്ടുകാരുടെ പ്രതീക്ഷകള്‍ തളിരിടുകയാണ്‌. പാറയില്‍ ശുചീകരണത്തിന്‌ തുടക്കമിട്ട്‌ പഞ്ചായത്ത്‌ അധികൃതരും പിന്തുണയുമായി രംഗത്തെത്തി. ഇനി വികസനത്തിനുള്ള കൂട്ടായ ശ്രമം വേണം. അതിനായി ജനപ്രതിനിധികളുടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും വിവിധമേഖലയിലെ വിദഗ്‌ധരുടെയും നാട്ടുകാരുടെയും യോഗം ചേരുകയാണ്‌. പെട്ടെന്നൊരു പദ്ധതിയല്ല മാടായിപ്പാറയില്‍ വേണ്ടത്‌. അതിന്റെ പ്രത്യേകതകള്‍ സംരക്ഷിച്ച്‌, പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ, അവര്‍ക്കുകൂടി ഗുണകരമാകുന്ന രീതിയില്‍ ആകണം അതിന്റെ വികസനം. അതിനുള്ള ചര്‍ച്ചകളില്‍ പരിഗണിക്കേണ്ട വിഷയങ്ങളിലേക്ക്‌...

ഒരുഫ്‌ളാഷ്‌ബാക്ക്‌
നേരത്തെ കെ.സി.വേണുഗോപാല്‍ ടൂറിസം മന്ത്രിയായിരുന്നപ്പോഴാണ്‌ 2.22 കോടി രൂപ ചെലവില്‍ മാടായിപ്പാറയില്‍ ഒരു പൈതൃക ടൂറിസം പദ്ധതിക്ക്‌ ആലോചന തുടങ്ങിയത്‌. ഇതിനായി ഒരു പദ്ധതി കേന്ദ്രത്തിന്‌ സമര്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ആ വര്‍ഷം തന്നെ അഞ്ചുകോടി രൂപയുടെ ടൂറിസം പദ്ധതിക്ക്‌ അനുമതിയാവുകയും ചെയ്‌തു. പരമ്പരാഗതശൈലിയില്‍ 10 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു പദ്ധതി. മാടായിക്കാവും വടുകുന്ദശിവക്ഷേത്രവും ഉള്‍പ്പെടുന്ന തീര്‍ഥാടക ടൂറിസം പദ്ധതിയും ഇതിലുണ്ടായിരുന്നു. എന്നാല്‍ ഇത്‌ യാഥാര്‍ഥ്യമായില്ല.

ഖനനം എന്ന ശാപം
മാടായിപ്പാറയിലെ ഖനനം അവസാനിപ്പിക്കണമെന്ന ആഗ്രഹമാണ്‌ വിനോദ സഞ്ചാര പദ്ധതിയെ ഒരു കൂട്ടം ആള്‍ക്കാരെങ്കിലും അനുകൂലിക്കാന്‍ കാരണം. ഇപ്പോള്‍ വടുകുന്ദ ശിവക്ഷേത്രത്തിനടുത്തുവരെയെത്തിയിരിക്കുന്നു ഖനനം. പ്രശാന്തതയും ശുചിത്വവും സവിശേഷതയാകേണ്ട പില്‍ഗ്രിം ടൂറിസത്തിന്‌ ഖനനം വിഘാതമാകും. കമ്പനി പുറത്തുവിടുന്ന മാലിന്യങ്ങള്‍ സമീപവാസികളുടെ ജീവിതത്തില്‍ ഉണ്ടാക്കിയ ദുരിതം ചെറുതല്ല. ഖനനം നിര്‍ത്താന്‍ കഴിഞ്ഞവര്‍ഷം വരെയും ശക്തമായ സമരങ്ങള്‍ നാട്ടുകാരുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്‌. ഇപ്പോള്‍ ഭരണത്തിലെത്തിയ മുന്നണിയിലെ ചില കക്ഷികള്‍ അന്ന്‌ ചൈനാക്‌ളേ കമ്പനിക്കെതിരായ സമരത്തെ പിന്തുണച്ചിരുന്നു. കമ്പനിക്ക്‌ പുതിയ ഭരണനേതൃത്വം വരുമ്പോള്‍ നാട്ടുകാരുടെ ആവശ്യങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കാന്‍ ഇത്‌ സഹായമാകുമെന്ന്‌ നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.

യുവ എം.എല്‍.എയുടെ സ്വപ്‌നം

മാടായിപ്പാറ മാലിന്യമുക്തമാക്കാന്‍ നാട്ടുകാരെയും അധികൃതരെയും ജനപ്രതിനിധികളെയുമെല്ലാം ഉള്‍പ്പെടുത്തി സമഗ്രവും സ്ഥിരവുമായ പദ്ധതിയാണ്‌
തയാറാക്കേണ്ടത്‌. പലയിടങ്ങളിലായി പരിസ്ഥിതിക്ക്‌ ഇണങ്ങുന്ന രീതിയിലുള്ള മാലിന്യക്കൊട്ടകള്‍ സ്ഥാപിച്ചാല്‍ പാറയിലെത്തുന്നവര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും കുപ്പികളുമൊക്കെ ശേഖരിക്കുന്നത്‌ എളുപ്പമാകും. അതേ സമയം പുറത്തുനിന്നെത്തി അവശിഷ്ടങ്ങള്‍ തള്ളിപ്പോകുന്നവരെ പിടികൂടി പിഴയിടാനും സംവിധാനം വേണം. അതിനായി ജാഗ്രതാ സമിതികള്‍ രൂപവത്‌കരിക്കാം.
പകലും രാത്രിയും മദ്യപിക്കാനായി ഇവിടെയെത്തുന്നവര്‍ കുപ്പികള്‍ എറിഞ്ഞുടയ്‌ക്കുന്നതും വലിച്ചെറിയുന്നതും കാല്‍നടയാത്രക്കാര്‍ക്ക്‌ വന്‍ഭീഷണിയാകുന്നുണ്ട്‌. രാത്രിയില്‍ യാത്രക്കാര്‍ക്ക്‌ നടന്നുപോകാന്‍ വഴിവിളക്കുകള്‍ പോലും സ്ഥാപിക്കാതെയാണ്‌ ഇവിടെ ടൂറിസത്തിന്‌ ആലോചിക്കുന്നതെന്നത്‌ വേറൊരു കാര്യം.

ശുചിത്വത്തെക്കുറിച്ചും മാടായിപ്പാറ വൃത്തിയായി സംരക്ഷിക്കേണ്ട ആവശ്യത്തെക്കുറിച്ചും നാട്ടുകാര്‍ക്കും സഞ്ചാരികള്‍ക്കും ബോധവത്‌കരണം നടത്തുകയാണ്‌ പ്രാഥമികമായി ചെയ്യേണ്ടത്‌. ജൂതക്കുളവും വടുകുന്ദതടാകവും അവിടവിടെയായി ഉള്ള കുളങ്ങളും എല്ലാം വൃത്തിയോടെ സംരക്ഷിക്കുമ്പോള്‍ അവ ജലതീര്‍ഥങ്ങളാകും. അവ സമീപവാസികള്‍ക്ക്‌ ഉപയോഗപ്രദമാകുകയും ചെയ്യും. അങ്ങനെയാണ്‌ മാടായിപ്പാറ ടൂറിസത്തിന്‌ ഒരുങ്ങേണ്ടത്‌.

സഞ്ചാരികള്‍ക്കായി...

അലസമായി പ്രകൃതിഭംഗി ആസ്വദിച്ചുനടക്കുക എന്ന പഴയ കാഴ്‌ചപ്പാടല്ല മാടായിപ്പാറയില്‍ വേണ്ടത്‌. ഓരോ ഋതുവിലും ഓരോ മുഖമുള്ള ഈ കുന്നുകളിലെ പ്രകൃതിയുടെയും ജൈവസമ്പത്തിന്റെയും പ്രത്യേകതകള്‍ സൂക്ഷ്‌മമായി മനസ്സിലാക്കി ഒരാള്‍ക്ക്‌ കൂടുതല്‍ നേരം ചെലവഴിക്കാനാകണം. 250 ഇനം സസ്യങ്ങള്‍, നൂറോളം ഇനം പൂമ്പാറ്റകള്‍, ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 150 ഇനം പക്ഷികള്‍, 43 ഇനം തുമ്പികള്‍ അങ്ങനെ പോകുന്നു ഇവിടത്തെ ജൈവസമ്പത്ത്‌. പ്രകൃതിസ്‌നേഹിയായ ഒരാള്‍ക്ക്‌ ജൈവവൈവിധ്യം തൊട്ടറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. ഉദാഹരണത്തിന്‌ ശലഭങ്ങളെക്കുറിച്ചറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ മാടായിപ്പാറയിലെ ശലഭവൈവിധ്യത്തെകുറിച്ചും അവയുടെ പ്രത്യേകതകളെകുറിച്ചും പരിസ്ഥിതിയിലുള്ള പ്രാധാന്യത്തെക്കുറിച്ചുമെല്ലാം മനസ്സിലാക്കാന്‍ കഴിയണം. ഫോട്ടോയെടുക്കാനും വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കാനും അവരെ സഹായിക്കാനാകണം.
സസ്യനിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ അതാകാം. ഇരപിടിയന്‍ സസ്യം, കൃഷ്‌ണകേസര തുടങ്ങിയ അപൂര്‍വ സസ്യങ്ങളുടെ ആവാസമാണ്‌ ഇവിടം. പൂക്കള്‍ വിരിയുന്ന കാലത്ത്‌ പുഷ്‌പനിരീക്ഷണം നടത്താം. പലതരം പൂക്കള്‍ കൊണ്ട സമ്പന്നമാണ്‌ ഈ ഭൂമി. ഇതുപോലെ തുമ്പികളെയും പക്ഷികളെയും ഉഭയജീവികളെയും ഒക്കെ നിരീക്ഷിക്കുന്നത്‌ ഓരോ പ്രോജക്ടാക്കാം. ഇതുവഴി ആദായമുണ്ടാക്കാനും കുറച്ചുപേര്‍ക്ക്‌ തൊഴില്‍ നല്‍കാനും പറ്റും. അതേ സമയം ജൈവവൈവിധ്യത്തിന്‌ കേടുപറ്റാതെയിരിക്കുകയും വേണം.
എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഏറെയും ചില ശാസ്‌ത്രജ്ഞരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സംഘടനകളുടെയും കൈകളില്‍ മാത്രമാണ്‌. ഇവ ക്രോഡീകരിക്കണം. അത്‌ ജനങ്ങളിലേക്ക്‌ പകരുകയും വേണം. അവയെക്കുറിച്ച്‌ ബോധവാന്മാരാക്കുകയും വേണം. അതിനായി ഒരു ജൈവവൈവിധ്യരേഖ തയാറാക്കണം.
മഴക്കാലത്ത്‌ നിരവധി സംഘടനകള്‍ മാടായിപ്പാറയില്‍ മഴക്യാമ്പുകള്‍ നടത്താറുണ്ട്‌. ഇത്തരം മഴയുത്സവങ്ങളും വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കാം.

ചരിത്രകൗതുകങ്ങള്‍...
മാടായിപ്പാറയില്‍ ചരിത്രസ്‌മാരകങ്ങള്‍ ഏറെയുണ്ടെങ്കിലും ആദ്യമായി എത്തുന്ന ഒരാള്‍ക്ക്‌ അവയെക്കുറിച്ചറിയാന്‍ ഒരു സാധ്യതയും ഇപ്പോഴില്ല. പതിനാറാം നൂറ്റാണ്ടില്‍ കോലത്തിരിയുടെ ഭരണകാലത്ത്‌ നിര്‍മിച്ചതെന്നു കരുതുന്ന കോട്ട പുരാവസ്‌തുവകുപ്പ്‌ പുനരുദ്ധരിച്ചിട്ടുണ്ടെങ്കിലും ഇത്‌ പാതിയിലാണ്‌. ടിപ്പുവും കോലത്തുരാജാവും ഏറ്റുമുട്ടിയ പാളയം ഗ്രൗണ്ട്‌, ജൂതക്കുളം, ജൂതക്കിണര്‍, ചതുരക്കിണറുകള്‍, ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതെന്നുകരുതുന്ന വടുകുന്ദ ശിവക്ഷേത്രവും തടാകവും തുടങ്ങി ഒട്ടേറെ നിര്‍മിതികള്‍ ഇവിടെയുണ്ട്‌. മാടായിയില്‍ ജൂതക്കോളനി ഉണ്ടായിരുന്നതായി പോര്‍ച്ചുഗീസുകാരനായ ബാര്‍ബോസ രേഖപ്പെടുത്തിയിട്ടുണ്ട്‌.


മാടായിപ്പാറയുടെ ചരിവുകളിലുള്ള പറങ്കിമാവുകള്‍ പോര്‍ച്ചുഗീസുകാര്‍ വെച്ചുപിടിപ്പിച്ചതാണെന്ന്‌ പറയാറുണ്ട്‌. മാലിക്‌ ദിനാര്‍ സ്ഥാപിച്ച മാടായിപ്പള്ളിയും ചരിത്രപ്രാധാന്യമുള്ളതാണ്‌.
ഇവയുടെ അടിസ്ഥാനവിവരങ്ങളും ചരിത്രപ്രാധാന്യവും ഉള്‍പ്പെടുത്തി അവയുടെ ഭംഗിക്ക്‌ കോട്ടം തട്ടാത്ത രീതിയില്‍ സൂചനാഫലകങ്ങള്‍ സ്ഥാപിക്കണം.

കളിയാട്ടങ്ങളുടെ വേനല്‍ക്കാലം
വേനല്‍ക്കാലം മാടായിപ്പാറയുടെ ഓരങ്ങളിലെ കാവുകളില്‍ കളിയാട്ടത്തിന്റെ സമയമാണ്‌. തെയ്യങ്ങള്‍ കാണാന്‍ താല്‍പര്യമുള്ളവര്‍ക്കായി അവയുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ഇവിടെയെത്തുന്നവര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ടൂറിസം പദ്ധതിയിലൂടെ കഴിയണം.

തകര്‍ച്ചയിലായ കാവുകളുടെയും ക്ഷേത്രങ്ങളുടെയും പുനരുജ്ജീവനത്തിന്‌ ഇത്‌ പ്രോത്സാഹനമാകും. കൂടാതെ സമീപപ്രദേശങ്ങളിലെ അന്യം നിന്നുതുടങ്ങിയ ചിമ്മാനക്കളി, കോതാമ്മൂരിപ്പാട്ട്‌, കുത്ത്‌റാത്തീബ്‌ പോലുള്ള നാടന്‍കലകളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു പൈതൃക- നാട്ടറിവു പഠനകേന്ദ്രവും തുടങ്ങണം. ലോഹ-മണ്‍ കരകൗശലവിദ്യകള്‍, നാടന്‍ ഭക്ഷണരീതികള്‍, കൃഷിരീതികള്‍, മത്സ്യബന്ധനരീതികള്‍ എന്നിവയെല്ലാം ഇവയുടെ ഭാഗമാക്കാം. സഞ്ചാരികള്‍ക്ക്‌ നമ്മുടെ നാടിന്റെ തനതായ ഭക്ഷണം നല്‍കുക എന്നത്‌ ഇപ്പോള്‍ പലയിടത്തും ടൂറിസത്തിന്റെ ഭാഗമാണ്‌. പ്രാചീനമായ മുസ്ലിം സംസ്‌കാരം നിലനില്‍ക്കുന്നതും മുസ്ലിങ്ങള്‍ ഏറെയുള്ളതുമായ പ്രദേശങ്ങളാണ്‌ മാടായിയുടെ ചുറ്റുമുള്ളത്‌. മുസ്ലിം- ദളിത്‌ സംസ്‌കാരപഠനത്തിനും പ്രാധാന്യം നല്‍കണം.

ഓണ്‍ലൈന്‍ വിവരശേഖരം
ടൂറിസം പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ആളുകള്‍ക്ക്‌ ലഭ്യമാക്കാന്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണം. മാടായിപ്പാറയെക്കുറിച്ച്‌ അറിയാനെത്തുന്നവര്‍ക്ക്‌ വിവരങ്ങള്‍ ലഭ്യമാക്കാനും എത്തിയവര്‍ക്ക്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും വിവരങ്ങള്‍ പങ്കുവെക്കാനും സംവിധാനം വേണം. അവര്‍ എടുക്കുന്ന ഫോട്ടോകളും ശേഖരിച്ച വിവരങ്ങളും നമ്മുടെ വെബ്‌സൈറ്റിലേക്ക്‌ അവര്‍ക്കുതന്നെ അപ്‌ലോഡ്‌ ചെയ്യാനുള്ള സംവിധാനവും വേണം.

ജനകീയമാകണം
ഏതു പദ്ധതിയായാലും അവിടെ ജീവിക്കുന്നവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിലായിരിക്കണം. അവരെ അന്യരാക്കാത്ത പദ്ധതികളാണ്‌ വേണ്ടത്‌. അവരുടെ സഞ്ചാരം തടയുകയോ, വിശ്രമസ്ഥലം ഇല്ലാതാക്കുകയോ ചെയ്യുന്നതാവരുത്‌ പദ്ധതികള്‍. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി, അവരുടെ അഭിപ്രായം പരിഗണിച്ച്‌, ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാകണം ശ്രമിക്കേണ്ടത്‌. പ്രദേശവാസികളാകണം ഇതിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളും. അല്ലാതെ കുറെ കെട്ടിടങ്ങളാകരുത്‌ ടൂറിസം.

Comments

Viju V V said…
മാടായിപ്പാറയിലെ ഖനനം അവസാനിപ്പിക്കണമെന്ന ആഗ്രഹമാണ്‌ വിനോദ സഞ്ചാര പദ്ധതിയെ ഒരു കൂട്ടം ആള്‍ക്കാരെങ്കിലും അനുകൂലിക്കാന്‍ കാരണം. ഇപ്പോള്‍ വടുകുന്ദ ശിവക്ഷേത്രത്തിനടുത്തുവരെയെത്തിയിരിക്കുന്നു ഖനനം. പ്രശാന്തതയും ശുചിത്വവും സവിശേഷതയാകേണ്ട പില്‍ഗ്രിം ടൂറിസത്തിന്‌ ഖനനം വിഘാതമാകും. കമ്പനി പുറത്തുവിടുന്ന മാലിന്യങ്ങള്‍ സമീപവാസികളുടെ ജീവിതത്തില്‍ ഉണ്ടാക്കിയ ദുരിതം ചെറുതല്ല. ഖനനം നിര്‍ത്താന്‍ കഴിഞ്ഞവര്‍ഷം വരെയും ശക്തമായ സമരങ്ങള്‍ നാട്ടുകാരുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്‌. ഇപ്പോള്‍ ഭരണത്തിലെത്തിയ മുന്നണിയിലെ ചില കക്ഷികള്‍ അന്ന്‌ ചൈനാക്‌ളേ കമ്പനിക്കെതിരായ സമരത്തെ പിന്തുണച്ചിരുന്നു. കമ്പനിക്ക്‌ പുതിയ ഭരണനേതൃത്വം വരുമ്പോള്‍ നാട്ടുകാരുടെ ആവശ്യങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കാന്‍ ഇത്‌ സഹായമാകുമെന്ന്‌ നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.
നല്ല പോസ്റ്റ് വിജു. ഇതു ഒന്നു നോക്കു
http://shivam-thanimalayalam.blogspot.com/2010/08/blog-post_4957.html