ചെറുപ്പക്കാരുടെ രതിദാരിദ്ര്യം


എബ്രഹാം മാത്യുവിന്റെ ഏതോ ഒരു കഥയില്‍ ഇങ്ങനെയൊരു സംഭവമുണ്ട്‌. വിദേശത്തുനിന്നുവരുന്ന, സുഹൃത്തിന്റെ അമ്മയെ കൂട്ടാന്‍ പോയ ചെറുപ്പക്കാരന്റെ കഥ. തിരിച്ചുവരുമ്പോള്‍ കാറില്‍ വല്ലാത്തൊരു പരിമളമുണ്ടായിരുന്നു. സുഹൃത്തിന്റെ അമ്മ ഇടയ്‌ക്കിടെ വിയര്‍ക്കുകയും ടിഷ്യൂപേപ്പര്‍കൊണ്ട്‌ ഇടയ്‌ക്കിടെ മുഖം തുടയ്‌ക്കുകയും ചെയ്യുന്നു. അതില്‍ നിന്നൊരു പേപ്പര്‍ ചെറുപ്പക്കാരനും കൊടുക്കുന്നു. അത്‌ അയാളില്‍ വല്ലാത്തൊരു വികാരമാണ്‌ ഉണ്ടാക്കുന്നത്‌. അടിച്ചമര്‍ത്തിവെച്ച എന്നാല്‍ പെട്ടെന്ന്‌ തിരിച്ചറിയാന്‍ പറ്റാത്ത ഒന്ന്‌. കൃത്യമല്ല ഈ വിവരണം. ഓര്‍മയില്‍ നിന്ന്‌ എഴുതിയതാണ്‌. ഒരു ഗള്‍ഫുകാരി അയാള്‍ക്കുകൊടുക്കുന്ന സമ്മാനമാണത്‌. അവര്‍ക്കതു കൊടുക്കുന്നതുകൊണ്ട്‌ വലിയ ഛേദമൊന്നുമില്ല. ചെറുപ്പക്കാരന്‌ അതൊരു രതി ചിഹ്നമാണ്‌. യഥാര്‍ഥത്തില്‍ രതിയല്ല. പക്ഷേ, രൂക്ഷമായ ദാരിദ്ര്യം അനുഭവിക്കുന്ന ഒരാള്‍ക്ക്‌ കിട്ടുന്ന ഭിക്ഷ പോലെ ഒന്നാണത്‌. അതില്‍ അയാള്‍ സ്വകാര്യമായി ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു.

യഥാര്‍ഥത്തില്‍ ഇന്നത്തെ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം ഇതാണ്‌- ലൈംഗികതയുടെ ദാരിദ്ര്യം. കേരളത്തിലെ ഭൂരിഭാഗം ചെറുപ്പക്കാര്‍ക്കും വിവാഹിതരാകുന്നതിനുമുമ്പ്‌ ലൈംഗികാനുഭവം നേടാനാകുന്നില്ല. ലൈംഗിക വേഴ്‌ച ആവണമെന്നില്ല അത്‌.

പെണ്ണിണയുമായുള്ള സമ്പര്‍ക്കത്തിനുള്ള സാമൂഹ്യമായ തടസങ്ങളും സദാചാര പ്രശ്‌നങ്ങളും അഭിമാന ക്ഷതങ്ങളും നിമിത്തം പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നിന്ന്‌ അകലം പാലിച്ചുനില്‍ക്കേണ്ടി വരുന്നു. ഇത്‌ വലിയ പ്രശ്‌നം തന്നെയാണ്‌. ഇനി ചിലരെങ്കിലും വിവാഹപൂര്‍വകാലത്ത്‌ ലൈംഗികത ആര്‍ജിക്കുന്നുവെങ്കില്‍ അത്‌ ജോലി നേടി പണം സമ്പാദിച്ചതിനുശേഷമാണ്‌. യഥാര്‍ഥത്തില്‍ അത്‌ സാമ്പത്തികമായാണ്‌ കൈമാറപ്പെടുന്നത്‌. ഒരു നിലവാരം കൂടിയ ഹോട്ടലില്‍ സ്വയം വില്‍പനയ്‌ക്കുവെച്ച പെണ്‍കുട്ടിയില്‍ നിന്നോ കൂടെപ്പോരാന്‍ തയാറുള്ള കൂട്ടുകാരിയില്‍ നിന്നോ ആകാം അത്‌. അല്ലെങ്കില്‍ മറ്റാരെങ്കിലും നല്‌കുന്ന ഭിക്ഷ.

അത്‌ എല്ലാവരും സ്വീകരിക്കുന്ന മാര്‍ഗമല്ല. 16 മുതല്‍ 30 വയസുവരെയുള്ള യുവാക്കളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നത്‌ ലൈംഗികമായ ദാരിദ്ര്യത്തെ മറികടക്കാനാണ്‌. വിവാഹം കഴിക്കുന്നതുവരെ സ്‌ത്രീ ശരീരം എന്നത്‌ അപ്രാപ്യമായ ഒന്നാണ്‌. ശരീരത്തിനും ലൈംഗികതയ്‌ക്കും ഉള്ള ഉയര്‍ന്ന വിനിമയമൂല്യമാണ്‌ ഇതിന്‌ കാരണം. കന്യകാത്വം നശിക്കാത്ത പെണ്‍കുട്ടി എന്നത്‌ അച്ഛന്റെ മൂലധനമാണ്‌. ഇതിന്‌ വിവാഹ കമ്പോളത്തില്‍ നല്ല മൂല്യം ലഭിക്കും. ഇതു തന്നെയാണ്‌ കൈമാറ്റം ചെയ്യുന്നതിന്റെ ആധാരം. വിവാഹം വരെ പെണ്‍കുട്ടിയുടെ കന്യകാത്വം സൂക്ഷിക്കുകയാണ്‌ പിതാവിന്റെ പ്രധാന ചുമതല. പെണ്‍ശരീരത്തില്‍ തൊടുന്നതുപോലും പരമാവധി ഒഴിവാക്കാന്‍ അവര്‍ ശ്രമിക്കും. ചെറുപ്പക്കാര്‍ക്ക്‌ ഇതില്‍ കുറെക്കൂടി മാറ്റം വരുത്താന്‍ പറ്റും. വിവാഹം കഴിക്കുന്ന പെണ്‍കുട്ടി കന്യകയായിരിക്കണമെന്ന്‌ വാശിപിടിക്കാതിരിക്കുക.


യഥാര്‍ഥത്തില്‍ സ്‌ത്രീ ലൈംഗികത എന്നത്‌ ഒരു മൂലധനം തന്നെയാണ്‌. മാര്‍ക്‌സിസ്റ്റ്‌ ചിന്തകനായ പിയറി ബോര്‍ദ്യൂ മൂലധനത്തിന്റെ ആറു രൂപങ്ങളെ കുറിച്ച്‌ അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ പറയുന്നുണ്ട്‌. അതുപോലെ മൂലധനമാണ്‌ രതിയും. രതിഅനുഭവങ്ങളുടെ സൂക്ഷിപ്പുകാര്‍ എന്ന നിലയില്‍ പെണ്‍കുട്ടികള്‍ സമ്പന്നരാണ്‌.

എന്നാല്‍ ആണുങ്ങള്‍ അങ്ങനെയല്ല. മൂലധന വിതരണത്തിലെ അസമത്വം പരിഹരിക്കുക അവരുടെ ലക്ഷ്യമല്ല. അടിസ്ഥാന ആവശ്യങ്ങളെങ്കിലും പരിഹരിക്കപ്പെടാനുള്ള ശ്രമമാണ്‌ അവര്‍ നടത്തുന്നത്‌. അതേ സമയം പെണ്‍കുട്ടികള്‍ സാമൂഹ്യമായ വിലക്കുകള്‍ കാരണം അത്‌ കൈമാറാന്‍ തയാറുമല്ല. ഒരു സാധനം കൈമാറാതെ പിടിച്ചുവെച്ചാല്‍ എന്തു ചെയ്യും. കവരുക തന്നെ. ലൈംഗികതയുടെ കവര്‍ച്ച- റോബറി ഓഫ്‌ സെക്‌സ്‌.

ഈ രീതിയിലുള്ള വാര്‍ത്തകള്‍ എത്രയാണ്‌ ദിനംപ്രതി നാം വായിക്കുന്നത്‌. സമ്പത്ത്‌ കൊള്ളയടിക്കുന്നതുപോലെ തന്നെ സ്‌ത്രീശരീരത്തെ കബളിപ്പിച്ചോ കീഴടക്കിയോ രതി മോഷ്ടിച്ചു കൊണ്ടുപോകുക. അത്‌ ചെറിയ തോതിലോ വന്‍തോതിലോ ആകാം. സ്‌ത്രീ ശരീരത്തിലേക്കുള്ള തുറിച്ചുനോട്ടം മുതല്‍ ബലാത്സംഗം വരെ അത്‌ നീളും. അറിയാതെ തൊടല്‍, യാത്രയ്‌ക്കിടയിലും മറ്റുമുള്ള മുട്ടിയുരുമ്മല്‍, ലൈംഗിക പീഡനം അങ്ങനെ നീളുന്നു. മോഷണമുതല്‍ ബ്ലാക്കില്‍ മറിച്ചു വില്‍ക്കുന്ന പരിപാടിയാണ്‌ സ്ഥലങ്ങളുടെ പേരില്‍ ഇപ്പോള്‍ പ്രസിദ്ധിയാര്‍ജിക്കുന്ന പീഡനങ്ങള്‍.

രതിദാരിദ്ര്യം മറികടക്കാനുള്ള മറ്റൊരു ശ്രമമാണ്‌ പ്രണയം. എല്ലാ പ്രണയത്തിന്റെയും അടിസ്ഥാന വികാരം രതി തന്നെയാണ്‌. `എനിക്ക്‌ നിന്നെ ഇഷ്ടമാണ്‌' എന്ന്‌ ആണായാലും പെണ്ണായാലും പറയുന്നതില്‍ പോലും ലൈംഗികതയുടെ രുചികള്‍ ഒളിച്ചുകിടപ്പുണ്ട്‌. പെങ്ങളോടോ സുഹൃത്തിനോടോ പറയുമ്പോള്‍ ആ വികാരം ഉണ്ടാകുന്നില്ലല്ലോ. പ്രണയം പൊതുവെ സമൂഹത്തില്‍ സ്വീകാര്യമായ ഒരിടപാടാണ്‌. നമ്മള്‍ എന്ത്‌ വിപ്ലവവും ഫിലോസഫിയും പറഞ്ഞാലും പ്രേമിച്ചാല്‍ കല്യാണം കഴിക്കണം എന്ന മുന്‍ ഉടമ്പടി എല്ലാ പ്രണയത്തിന്റെയും ആമുഖത്തില്‍ തന്നെ എഴുതിവെക്കപ്പെട്ടിട്ടുണ്ട്‌. ആണുങ്ങള്‍ക്ക്‌ പ്രണയം ഒരു ഔദാര്യമാണ്‌. അങ്ങനെയെങ്കിലും ഖനി തുറന്നുകിട്ടുമല്ലോ. എല്ലാമൊന്നും ഇവിടെ പങ്കുവെക്കപ്പെടില്ല. എന്നാലും വളരെ നിര്‍ദോഷമെന്നു തോന്നുന്ന ചില കേളികള്‍. അതുമതിയാകും ആണിന്റെ അവശ്യമായ അഭിലാഷങ്ങളെ തൃപ്‌തിപ്പെടുത്താന്‍.



ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഭൂരിപക്ഷം ചെറുപ്പക്കാരും ലൈംഗികമായ ഭിക്ഷ പ്രതീക്ഷിച്ചുകഴിയുന്നവരാണ്‌. എവിടെയെങ്കിലും വെച്ച്‌ ഏതെങ്കിലും ഒരു സ്‌ത്രീ അയാള്‍ക്കതു സമ്മാനിക്കുമെന്ന്‌ പ്രതീക്ഷിച്ചാണ്‌ ചെറുപ്പക്കാര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്‌. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ `ലൈംഗിക തെണ്ടികള്‍.'

കൂടുതല്‍ പേരും ഇതിനെ പകരംവെപ്പുകള്‍ കൊണ്ടാണ്‌ പരിഹരിക്കുന്നത്‌. ലൈംഗികബിംബങ്ങളുടെ ആസ്വാദനത്തിലൂടെ. കൊച്ചുപുസ്‌തകം വായിച്ചോ നീലച്ചിത്രം കണ്ടോ മൊബൈല്‍ ഫോണിലെ ലൈംഗികച്ചുവയുള്ള വര്‍ത്തമാനങ്ങള്‍ കൈമാറ്റം ചെയ്‌തോ ക്ലിപ്പിങ്ങുകള്‍ കണ്ടോ അവര്‍ കാര്യം പരിഹരിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങളും സമൂഹ വിരുദ്ധമായാണ്‌ നമ്മൂടെ സമൂഹം കാണുന്നത്‌. ഇതൊക്കെ എന്തോ സാമൂഹ്യവിപത്താണെന്ന മട്ടില്‍. അതിനേക്കാള്‍ വലിയ അഴിമതിയും സാമ്പത്തിക തട്ടിപ്പുകളും അസമത്വവും ഒന്നും അവര്‍ക്ക്‌ പ്രശ്‌നമല്ല. സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ രതി ദൃശ്യങ്ങള്‍ സൂക്ഷിക്കുകയും കാണുകയും ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്കെന്താണ്‌? ശരിക്കും പറഞ്ഞാല്‍ ലൈംഗികതയും ലൈംഗികതയുടെ പകരംവെപ്പുകളും അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിലാണ്‌ ഞാനുള്‍പ്പെടെയുള്ള ചെറുപ്പക്കാര്‍ ജീവിക്കുന്നത്‌. പട്ടാളനിയമം നിലനില്‍ക്കുന്ന സ്ഥലം.

ലൈംഗിക ബിംബങ്ങളുടെ സമൃദ്ധി തിരിച്ചുകൊണ്ടുവരിക എന്നാല്‍ വിപ്ലവപ്രവര്‍ത്തനമായി ഏറ്റെടുക്കേണ്ട കാലമായിരിക്കുന്നു. സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ വിപ്ലവം വേണമെന്നു പറഞ്ഞതുപോലെ നമുക്കൊരു ലൈംഗിക വിപ്ലവം കൂടി വേണം. യഥാര്‍ഥത്തില്‍ ഇക്കാര്യങ്ങളൊക്കെ മനസിലാക്കേണ്ട മാര്‍ക്‌സിസ്റ്റുകാര്‍ ലൈംഗികത റദ്ദുചെയ്യുന്നതിനെക്കുറിച്ചാണ്‌ ഇപ്പോള്‍ സംസാരിക്കുന്നത്‌. കേരളീയര്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുകയാണെന്ന്‌ സക്കറിയ പറഞ്ഞിട്ടുണ്ട്‌. ആ പറച്ചിലിന്‌ ആധാരമായതും അദ്ദേഹം കൈയേറ്റം ചെയ്യപ്പെട്ടതും ഇതുമായി ബന്ധപ്പെട്ട ഒരു അഭിപ്രായ പ്രകടനത്തിനിടെയാണ്‌.

വിവാഹം കഴിക്കുക എന്നാല്‍ പലരും കാണുന്നത്‌ ലൈംഗികതയെ പൂരിപ്പിക്കാനുള്ള ഒരു ശ്രമം എന്ന നിലയിലാണ്‌. എന്നാല്‍ യഥാര്‍ഥത്തില്‍ അങ്ങനെയല്ല. വിവാഹത്തില്‍ സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ ഘടകങ്ങളുണ്ട്‌. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുമുണ്ട്‌.
പെണ്‍കുട്ടികള്‍ ഇക്കാലയളവില്‍ എങ്ങനെയാണ്‌ പെരുമാറുന്നത്‌ എന്നതിനെക്കുറിച്ച്‌ നമുക്ക്‌ വലിയ അറിവൊന്നുമില്ല. നിലവിലുള്ള ധാരണകളുടെ സമ്മര്‍ദത്തിനുവഴങ്ങി അവര്‍ ജീവിക്കുന്നുണ്ടാകാം.

painting courtesy: http://www.josephinewall.co.uk/peacock.html

Comments

Viju V V said…
ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഭൂരിപക്ഷം ചെറുപ്പക്കാരും ലൈംഗികമായ ഭിക്ഷ പ്രതീക്ഷിച്ചുകഴിയുന്നവരാണ്‌. എവിടെയെങ്കിലും വെച്ച്‌ ഏതെങ്കിലും ഒരു സ്‌ത്രീ അയാള്‍ക്കതു സമ്മാനിക്കുമെന്ന്‌ പ്രതീക്ഷിച്ചാണ്‌ ചെറുപ്പക്കാര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്‌. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ `ലൈംഗിക തെണ്ടികള്‍.'
Uyir said…
Haai Viju

"Super" Nammal yadarthathil anu bhavikkunna laingika daridryam thanne yanu ee peedanangalude ellam moola karanam
Uyir said…
Haai Viju

"Super" Nammal yadarthathil anu bhavikkunna laingika daridryam thanne yanu ee peedanangalude ellam moola karanam
VANIYATHAN said…
അങ്ങയുടെ ആശയത്തോട്‌ യൊജിയ്ക്കാൻ കഴിയുന്നില്ല. പത്മനാഫ ക്ഷേത്രത്തിലെ സമ്പത്ത്‌ സ്വായത്തമാക്കാൻ ചിലർ നടത്തുന്ന വാചകക്കസർത്ത്‌ പോലെ(ജനങ്ങളുടെ സ്വത്തു് ജനങ്ങൾക്കായി ചിലവഴിക്കണം) ഒരു സ്ത്രീയുടെ സ്വത്ത്‌, അവളുടെ കുടുംബ ജീവിതത്തിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ട സംശുദ്ധമായ സ്വത്ത്‌, സൃഷ്ടികർത്താവ്‌ സീൽ ചെയ്ത്‌ നൽകിയിരിക്കുന്ന അവളുടെ എല്ലാമായ ആ സ്വത്ത്‌ ( അത്‌ നശിപ്പിക്കപ്പെടുമ്പോൾ സ്ത്രീയെ നശിപ്പിച്ചൂ എന്നാണു് നാം പറയാറുള്ളത്‌), താൻ ആരുടെ വാരിയെല്ലാണോ അയാളിൽ അവൾ എത്തപ്പെടുന്നതു വരെ അത്‌ കാത്തു സൂക്ഷിക്കാൻ അവളേക്കാൾ അവളുടെ മാതാപിതാക്കളും ശ്രദ്ദിക്കുന്നൂ. അല്ലാതെ കല്ല്യാണവീട്ടിൽ സധ്യ ഊണുകഴിയുമ്പോൾ, ഇലകളിൽ ബാക്കിവന്നത്‌ വിളമ്പി മുന്നിൽ വച്ചുകൊടുക്കുമ്പോൾ തിന്നിട്ടുപോകുന്ന ഒരു തെണ്ടിയുടെ സ്ഥാനമല്ല അവളിലൂടെ ഒരു തലമുറയുടെ നാഥനായിത്തീരേണ്ട അവളുടെ ഭർത്താവിനുള്ളത്‌. മാതൃകയുള്ള അമ്മയിൽ നിന്നും മാതൃകയുള്ള മക്കൾ ജനിക്കും.ആണുങ്ങൽക്കും ഇത്‌ ബാധകമാണു്. എന്തൊക്കെ യുക്തിപറഞ്ഞിട്ടായാലും ശരി, കന്യകയായി ജീവിതത്തിൽ പ്രവേശിക്കാനുള്ള അവളുടെ അവകാശം ഒരു പുരുഷനും കവർന്നെടുക്കരുത്‌. ഇത്‌ എന്റെ സ്വന്തം ചിന്താഗതിയാണു്.
Viju V V said…
വിശ്വാസങ്ങളില്‍ കയറി അഭിപ്രായം പറയാന്‍ ഞാനില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ പലരും അഭിപ്രായം പറയാത്തതുപോലെ. പിന്നെ പെണ്ണുങ്ങള്‍ക്കുമുണ്ടാകുമല്ലോ കന്യകയായിരിക്കുന്നതിലെ വിഷമം പറയാന്‍.
സ്വകാര്യസ്വത്ത് ഇല്ലാതാവുകയും ഭക്ഷണം വസ്ത്രം പാർപ്പിടം തൊഴിൽ എന്നിവ സ്റ്റേറ്റിന്റെ ഉത്തരവാദിത്തം ആകുകയും ചെയ്യുന്ന കാലത്ത് ഈ സ്വാതന്ത്ര്യങ്ങളൊക്കെ തനിയെ ഉണ്ടാകും. പണമുള്ളവർ ഇപ്പോൾ തന്നെ ലൈംഗീക സ്വാതന്ത്ര്യം ആഘോഷിക്കുന്നുണ്ടല്ലോ. അപ്പോൾ പാവങ്ങൾ സാമൂഹ്യക മാറ്റത്തിന് പടപൊരുതിയെ പറ്റു.


Viju V V said…
ശരിക്കും ലൈംഗികത ഭക്ഷണം കഴിക്കുന്നതുപോലെയോ വസ്ത്രം ധരിക്കുന്നതുപോലെയോ ആയി മാറണം. ലൈംഗികതയിലെ ഊന്നല്‍ ഇല്ലാതാകുമ്പോള്‍ മറ്റുമേഖലകളില്‍ നമുക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റും. നമ്മുടെ ചെറുപ്പം പാഴായിപ്പോകുന്നത് ഇതുകൊണ്ടാണ്.
Alfred julius said…
Illa. .Ithinu Marxist viplavam alla ..oshayude viplavam aanu vendath ..communisathil pranayaviplavam und ennu vivaram illathavar parayunnath pole ..it's not a spick