കാരണം, അവള്‍ ചോദിക്കുന്നു എന്തിനാണെന്നെ സ്‌നേഹിച്ചതെന്ന്‌

ക്രിസ്‌റ്റഫര്‍ ബ്രണ്ണന്‍

അന്വേഷണങ്ങള്‍ നമ്മെ ബുദ്ധിമാനാക്കുമെങ്കില്‍
കണ്ണുകളൊന്നും കണ്ണുകളില്‍ നോക്കിയിരിക്കില്ല
എല്ലാ കഥയും പറഞ്ഞുതീര്‍ക്കാനാവുമെങ്കില്‍
ചുണ്ടുകളൊന്നും ചുണ്ടുകള്‍ തേടി അലയില്ല

മൃത്യുവിന്റെ വലയില്‍ നിന്ന്‌ ആത്മാവുകള്‍ സ്വതന്ത്രമായിരുന്നെങ്കില്‍,
സ്‌നേഹം മാംസത്തിന്റെ ഹൃദയങ്ങളില്‍ കൊരുത്തിരുന്നില്ലെങ്കില്‍
നോവുന്ന മാറിടങ്ങളൊന്നും സമാഗമം കൊതിക്കില്ല
അവയുടെ നിര്‍വൃതി പൂര്‍ണത കണ്ടെത്തുകയുമില്ല

വളര്‍ച്ചയിലെ രഹസ്യശക്തികളെ അറിയാതെ
ജീവിക്കുന്ന ആരാണ്‌ ഇവിടെയുള്ളത്‌
എല്ലാം അറിവുകളാണ്‌, ത്രസിക്കാനും നിപതിക്കാനും മധുരമായ്‌
ചോരയൊലിക്കാനും ഉള്ള നമ്മുടെ ആഗ്രഹങ്ങളില്‍ നിന്നുള്ളത്‌

അപ്പോള്‍ പ്രിയേ, `എങ്കില്‍' എന്നോ `എന്തുകൊണ്ടെ'ന്നോ തിരയരുത്‌,
ഞാന്‍ നിന്നെ സ്‌നേഹിക്കുമ്പോള്‍, മരണംവരെയും
എനിക്ക്‌ സ്‌നേഹിക്കണം, കാരണം ഞാന്‍ ജീവിക്കുന്നു
എന്നിലെ ജീവന്‍ നീ തന്നതാണ്‌

(ഓസ്‌ട്രേലിയന്‍ കവിയാണ്‌ ക്രിസ്‌റ്റഫര്‍ ബ്രണ്ണന്‍(1870-1932). മികച്ച കവിയായിട്ടും ജീവിതകാലത്ത്‌ അദ്ദേഹത്തിന്‌ അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിരുന്നില്ല. കാത്തലിക്‌ സ്‌കൂളുകളില്‍ പഠിച്ച ബ്രണ്ണന്‌ ലാറ്റിനിലും ഗ്രീക്കിലും നല്ല പ്രാവീണ്യമായിരുന്നു. അങ്ങനെയാണ്‌ തത്വചിന്തയില്‍ ഒരു സ്‌കോളര്‍ഷിപ്പു കിട്ടി ബെര്‍ലിനിലേക്ക്‌ പോയത്‌. ഫ്രഞ്ച്‌ കവിയായ സ്‌റ്റെഫാന്‍ മല്ലാര്‍മെയുടെ ആരാധകനാകുന്നത്‌ അവിടെ വെച്ചാണ്‌. അക്കാലത്താണ്‌ കവിതയില്‍ സജീവമാകാന്‍ തീരുമാനിച്ചത്‌. ഭാവി വധുവായ അന്ന എലിസബത്ത്‌ വെര്‍ത്തിനെ കണ്ടുമുട്ടുന്നതും അവിടെ നിന്നുതന്നെ. പിന്നീട്‌ നാട്ടിലേക്ക്‌ മടങ്ങി. സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനാകുന്നതിനുമുമ്പ്‌ ഒരു പബ്ലിക്‌ ലൈബ്രറിയില്‍ കാറ്റലോഗറായി ജോലി ചെയ്‌തു. അന്നയുമായുള്ള ബന്ധം പിന്നീട്‌ തകര്‍ന്നു. വിവാഹമോചനത്തോടെ അദ്ദേഹം കടുത്ത മദ്യപാനിയായി. അങ്ങനെ യൂണിവേഴ്‌സിറ്റിയിലെ അധ്യാപക ജോലിയില്‍ നിന്ന്‌ പുറത്തായി. ഇക്കാലത്ത്‌ വയലറ്റ്‌ സിങ്ങര്‍ എന്നൊരു സ്‌ത്രീയുടെ കൂടെയാണ്‌ ജീവിച്ചിരുന്നത്‌. പക്ഷേ ഒരു അപകടത്തില്‍ വയലറ്റ്‌ മരിച്ചു. അതോടെ അദ്ദേഹത്തിന്റെ താളം തെറ്റിയിരുന്നു. അവസാന കാലത്ത്‌ ദാരിദ്യത്തിലായിരുന്നു ജീവിതം. 1932-ല്‍ കാന്‍സര്‍ ബാധിച്ചാണ്‌ മരിച്ചത്‌.
അദ്ദേഹത്തിന്റെ മികച്ച കൃതിയായ പോയംസ്‌ 1913 സാമൂഹ്യപ്രശ്‌നങ്ങള്‍ വിഷയമാക്കാതിരുന്നതിനാല്‍, ഇറങ്ങിയ കാലത്ത്‌ അത്രയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. പക്ഷേ ഇന്ന്‌ ഓസ്‌ട്രേലിയയില്‍ ഏറ്റവും മികച്ച കവി ബ്രണ്ണനാണ്‌.)

Comments

Viju V V said…
അന്വേഷണങ്ങള്‍ നമ്മെ ബുദ്ധിമാനാക്കുമെങ്കില്‍
കണ്ണുകളൊന്നും കണ്ണുകളില്‍ നോക്കിയിരിക്കില്ല
എല്ലാ കഥയും പറഞ്ഞുതീര്‍ക്കാനാവുമെങ്കില്‍
ചുണ്ടുകളൊന്നും ചുണ്ടുകള്‍ തേടി അലയില്ല
നന്ദി ക്രിസ്‌റ്റഫര്‍ ബ്രണ്ണനെ പരിചയപ്പെടുത്തിയതിന്. അഭിനന്ദനങ്ങള്‍ നല്ലൊരു തര്‍ജ്ജമ നടത്തിയതിന്....