ഏകലവ്യന്റെ പൂമ്പാറ്റകള്‍

മീനുകളും പൂമ്പാറ്റകളുമാണ്‌ ഏകന്റെ കൂട്ടുകാര്‍. വീട്ടുമുറ്റത്ത്‌ ചില്ലുഭരണിയില്‍ മീനുകളെയും പൂമ്പാറ്റകളെയും സൂക്ഷിച്ചിട്ടുണ്ട്‌. ചായ കുടിക്കുമ്പോള്‍ പൂമ്പാറ്റകള്‍ക്കും ഒഴിച്ചുകൊടുക്കും. ഏകന്‍ എന്ന ഏകലവ്യന്‍ അങ്കണവാടിക്കുട്ടിയാണ്‌. ശ്രവണസഹായിയില്ലാതെ ഒന്നും കേള്‍ക്കാനാവില്ല. അങ്കണവാടി വിട്ടാല്‍ പിന്നെ പൂമ്പാറ്റകളും മീനുകളുമാണ്‌ അവന്റെ ലോകം. രാത്രിയിലാണെങ്കില്‍ നിറയെ സ്വപ്‌നങ്ങളാണ്‌. ഏകന്‍ എന്ന നാലുവയസുകാരന്റെ ഉണര്‍വിലും ഉറക്കത്തിലുമുള്ള കാഴ്‌ചകളാണ്‌ ഷെറി സംവിധാനം ചെയ്‌ത `ആദിമധ്യാന്തം' എന്ന സിനിമ.


തിരുവനന്തപുരത്ത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുകയും പിന്നീട്‌ വിവാദമാകുകയും ചെയ്‌ത മലയാളത്തില്‍ നിന്നുള്ള ചിത്രമാണിത്‌. മലയാളത്തില്‍ നിന്നുള്ള മറ്റൊരു ചിത്രമായ `ആദാമിന്റെ മകന്‍ അബു'വും ആദിമധ്യാന്തവും ഒടുവില്‍ മത്സരവിഭാഗത്തില്‍ നിന്ന്‌ ഒഴിവാക്കുകയാണ്‌ ചെയ്‌തത്‌. പ്രദര്‍ശനവിഭാഗത്തില്‍ ഇത്‌ ഉള്‍പ്പെടുത്തി. നേരത്തെ മികച്ച ടെലിഫിലിമുകള്‍ ഒരുക്കിയ ഷെറിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ്‌ ഇത്‌. `കടല്‍ത്തീരത്ത്‌', `ദി റിട്ടേണ്‍', `ദി ലാസ്റ്റ്‌ ലീഫ്‌', `സൂര്യകാന്തി', `ഗീതഗോവിന്ദം' എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ ഹ്രസ്വചിത്രങ്ങള്‍.

വടക്കേ മലബാറില്‍ തെയ്യംകെട്ടി ജീവിക്കുന്ന മലയകുടുംബത്തിന്റെ പശ്ചാത്തലത്തിലാണ്‌ കഥ നടക്കുന്നത്‌. വയലുകള്‍ക്ക്‌ നടുവിലെ ഒറ്റവീടാണ്‌ ഏകന്റേത്‌. അച്ഛന്‍ ദാസന്‍ തെയ്യക്കാലം കഴിഞ്ഞപ്പോള്‍ നാടുവിട്ടു. എവിടെയാണെന്ന്‌ ഒരു വിവരവുമില്ല. അലച്ചിലാണ്‌ അയാളുടെ ഭ്രമം. അമ്മ ജാനകി(സജിത മഠത്തില്‍) ഒമ്പതുമാസം ഗര്‍ഭിണിയാണ്‌. വീട്ടില്‍ ഏകന്റെ അമ്മമ്മ മാധവി(കോഴിക്കോട്‌ ശാരദ)യും മരണം കാത്തുകിടക്കുന്ന മുതുമുത്തശ്ശന്‍ പെരുമലയച്ചനും മുതുമുത്തശ്ശി നാണിയമ്മയും ഉണ്ട്‌. ഒപ്പം കുറെ പൂച്ചകളും. ഇവര്‍ക്കുനടുവിലാണ്‌ ഈ നാലുവയസുകാരന്റെ ജീവിതം.



പ്രജിത്ത്‌ ആണ്‌ ഏകനെ അവതരിപ്പിക്കുന്നത്‌. തെയ്യത്തെ സ്വപ്‌നം കണ്ട്‌ ഏകന്‍ പായയില്‍ മൂത്രമൊഴിക്കുന്ന കാഴ്‌ചയോടെയാണ്‌ സിനിമ തുടങ്ങുന്നത്‌. ട്രൗസറില്‍ മൂത്രമൊഴിക്കുന്നത്‌ ഇടക്കിടെയുള്ളതാണ്‌. പേടിയാണ്‌ അവന്റെ പ്രധാന പ്രശ്‌നം. `അന്തിയായാല്‍ സകലതിനേം പേടിയാണ്‌' എന്നാണ്‌ അമ്മമ്മ മാധവി പറയുന്നത്‌. മരണത്തെ കുറിച്ച്‌ കേള്‍ക്കുന്നതും പേടിയാണ്‌. ഉറങ്ങിയെഴുന്നേറ്റ പാടെ പെരുമലയച്ചനും നാണിയമ്മയും ജീവിച്ചിരിപ്പുണ്ടോ എന്നു നോക്കും അവന്‍. ഉള്ളം കാലില്‍ മാന്തിയോ തൊട്ടോ മരിച്ചില്ല എന്ന്‌ ഉറപ്പുവരുത്തും. അനങ്ങുന്നതു കാണുമ്പോഴാണ്‌ ഏകന്‌ സന്തോഷം. ഒരു ദിവസം മലയച്ചന്‍ മരിച്ചെന്ന്‌ എല്ലാവരും കരുതി. കോടി പുതച്ച്‌ ശവമെടുക്കാന്‍ തുടങ്ങുമ്പോഴുണ്ട്‌ ഞരങ്ങി ഉണരുന്നു. ചിത്രത്തിലെ രസകരമായ ഒരു രംഗമാണിത്‌. ഒരിക്കല്‍ ശവഘോഷയാത്ര കണ്ട്‌ പനിച്ചു കിടന്നിട്ടുണ്ട്‌ അവന്‍. പനിമാറ്റാന്‍ അമ്മമ്മ വീട്ടില്‍ മന്ത്രവാദവും നടത്തി. പിതൃക്കള്‍ പേടിപ്പിക്കുന്നതാണെന്നാണ്‌ മന്ത്രവാദി പറയുന്നത്‌.

തെയ്യങ്ങളും വിശ്വാസങ്ങളുമായി എപ്പോഴും ഭീതി നിറഞ്ഞതാണ്‌ ഏകന്റെ വീട്ടിലെ അന്തരീക്ഷം. കാറ്റ്‌ വീശുന്നതും മഴപെയ്യുന്നതും പിതൃക്കള്‍ കനിയുന്നതുകൊണ്ടാണെന്നാണ്‌ മാധവിയുടെ പക്ഷം. സന്ധ്യയ്‌ക്ക്‌ കിണറ്റിന്‍കരയിലേക്ക്‌ പോകുന്ന ജാനുവിനോട്‌ `കരുകലക്കിയും കരിഞ്ചാമുണ്ടിയും നടക്കുന്ന സമയമാണ്‌. സൂക്ഷിക്കണം' എന്നു പറയുന്നതുകേട്ട്‌ രാത്രി സ്വപ്‌നം കണ്ട്‌ പേടിച്ച്‌ മൂത്രമൊഴിച്ചു ഏകന്‍.

അങ്കണവാടിയില്‍ പോകുന്ന വഴിയില്‍ പ്രാണികളുടെ ശവകുടീരം തീര്‍ത്ത്‌ കാവലിരിക്കുന്ന ഉപ്പൂപ്പ(മാമുക്കോയ)യുണ്ട്‌. ഉറുമ്പുകളും ഉപ്പൂപ്പയും ഒരേ പാത്രത്തിലാണ്‌ ഭക്ഷണം കഴിക്കുക. `ഇത്രേം ഉള്ള മനുഷ്യന്റെയും അത്രേം വലിയ ആനേന്റേം പ്രാണന്‌ ഒരേ വലുപ്പാ. ഇത്രേം ചെറിയ ഉറുമ്പിന്റേം കൊതൂന്റേം പാറ്റയുടെയും ഒക്കെ ജീവന്‌ ഒരേ വലിപ്പം, ഒരേ വില' എന്ന്‌ ഏകലവ്യനോട്‌ പറഞ്ഞത്‌ ഉപ്പുപ്പയാണ്‌. അതുകൊണ്ട്‌ പൂമ്പാറ്റകള്‍ ചത്തപ്പോള്‍ അവന്‍ അവയ്‌ക്ക്‌ മണ്ണുകൊണ്ട്‌ ശവകുടീരം ഉണ്ടാക്കി. കാരണോക്കാവില്‍ വേടരൂപംകെട്ടി തോണിയില്‍ പോകുമ്പോള്‍ ജമ്മാരി എന്നയാള്‍ മരണത്തെക്കുറിച്ചു പറയുമ്പോള്‍ അവന്റെ ശ്രവണ സഹായി വെള്ളത്തില്‍ വീഴുന്നുണ്ട്‌. വീണത്‌ അറിയിക്കാനോ തിരിച്ചെടുക്കാനോ ഏകന്‍ ശ്രമിച്ചില്ല. മരണം അത്രയ്‌ക്ക്‌ പേടിപ്പിക്കുന്നു കുട്ടിയെ. ഗര്‍ഭിണിയായ അമ്മയുടെ വയറ്റില്‍ മുഖം ചേര്‍ത്ത്‌ വാവയുടെ അനക്കം കേള്‍ക്കുന്നതാണ്‌ അവന്‌ സന്തോഷമുള്ള കാര്യം. വാവ ജനിക്കുന്നതിനാണ്‌ അവന്റെ കാത്തിരിപ്പ്‌. വഴിയിലെ കാഴ്‌ചകളും മഴവില്ലും എല്ലാം അവനെ ആനന്ദിപ്പിക്കുന്നു. ഇതിനിടയിലെ സംഭവങ്ങളാണ്‌ ചിത്രത്തിന്റെ വിഷയം.

പഴയകാലത്തെ വെള്ളരി നാടകങ്ങളെ ഓര്‍മിപ്പിക്കുന്ന മാധവന്‍ കൊറോന്‍ എന്ന കഥാപാത്രമാണ്‌ ഇന്ദ്രന്‍സ്‌ അവതരിപ്പിക്കുന്നത്‌. അങ്കണവാടി ടീച്ചറായി ശ്രീകല ശശിധരനും വേഷമിടുന്നു.

അഭിനയത്തില്‍ മുന്‍പരിചയമില്ലാത്ത പ്രജിത്തിനെ കൊണ്ട്‌ ഏകന്‍ എന്ന കുട്ടിയെ മനോഹരമായി അവതരിപ്പിക്കാനായി എന്നതാണ്‌ ചിത്രത്തിന്റെ മികവ്‌. വടക്കേമലബാറിലെ ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്‌മഭാവങ്ങള്‍ സ്വാഭാവികതയോടെ പകര്‍ത്താനും ഷെറിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. തെയ്യംകെട്ടും തെയ്യക്കാരുടെ ജീവിതവും സിനിമയിലുണ്ട്‌. ഉത്തരമലബാറില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വേടന്‍കെട്ടും ചിത്രത്തില്‍ വരുന്നുണ്ട്‌. `ചപ്പാകുരിശി'ലേതു പോലെ ഡിജിറ്റല്‍ കാമറ ഉപയോഗിച്ചാണ്‌ ചിത്രീകരണം. ചിത്രത്തിലെ അങ്കണവാടിയിലെ കുട്ടികള്‍ കളിക്കുന്ന രംഗം സ്വാഭാവിക ചിത്രീകരണത്തിന്‌ മനോഹരമായ ഉദാഹരണമാണ്‌. ഏകലവ്യന്‌ ശ്രവണ സഹായി ഇല്ലാത്തപ്പോള്‍ ചിത്രത്തിലും ശബ്ദമില്ല എന്നതാണ്‌ സംവിധായകന്‍ പ്രയോഗിച്ച മറ്റൊരു ടെക്‌നിക്ക്‌. ഭീതിയും ഏകാന്തതയും നിറഞ്ഞ വിഹ്വലമായ അന്തരീക്ഷം ഒരുക്കാന്‍ ചിത്രത്തിലെ പ്രകൃതിദൃശ്യങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്‌. ജലീല്‍ ബാദ്‌ഷ ആണ്‌ ഛായാഗ്രഹണം.

കുല്‍ത്താര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.എ.നൗഷാദ്‌ ആണ്‌ ചിത്രം നിര്‍മിച്ചത്‌.
സജി റാം ആണ്‌ സംഗീതം. എഡിറ്റിങ്‌ സലീഷ്‌ ലാല്‍.
തളിപ്പറമ്പില്‍ കേബിള്‍ ടി.വി. സ്ഥാപനം നടത്തുന്ന ഷെറിയുടെ ദി റിട്ടേണ്‍, സൂര്യകാന്തി എന്നിവയ്‌ക്ക്‌ മികച്ച ഹ്രസ്വചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ ലഭിച്ചിരുന്നു. `കടല്‍ത്തീരത്ത്‌' മുമ്പ്‌ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

Comments

Viju V V said…
ഏകന്‍ എന്ന ഏകലവ്യന്‍ അങ്കണവാടിക്കുട്ടിയാണ്‌. ശ്രവണസഹായിയില്ലാതെ ഒന്നും കേള്‍ക്കാനാവില്ല. അങ്കണവാടി വിട്ടാല്‍ പിന്നെ പൂമ്പാറ്റകളും മീനുകളുമാണ്‌ അവന്റെ ലോകം. രാത്രിയിലാണെങ്കില്‍ നിറയെ സ്വപ്‌നങ്ങളാണ്‌. ഏകന്‍ എന്ന നാലുവയസുകാരന്റെ ഉണര്‍വിലും ഉറക്കത്തിലുമുള്ള കാഴ്‌ചകളാണ്‌ ഷെറി സംവിധാനം ചെയ്‌ത `ആദിമധ്യാന്തം' എന്ന സിനിമ.
Hai

This my site for you

please visit and putt your banner to my website for free
more details :
http://www.themusicplus.com/
admin@themusicplus.com