ഗ്രൂപ്പുകളിയും വിഭാഗീയതയും

വാക്കുകള്‍ അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്നതാണെങ്കിലും അവ നിക്ഷ്‌പക്ഷമല്ല എന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌. അവയ്‌ക്ക്‌ രാഷ്ട്രീയമായ ചായ്‌വുകള്‍ പോലുമുണ്ട്‌.
അങ്ങനെ രണ്ടു വാക്കുകളാണ്‌ വിഭാഗീയതയും ഗ്രൂപ്പുകളിയും.
അര്‍ഥം ഒന്നാണെങ്കിലും നമ്മുടെ ദൈനംദിന വര്‍ത്തമാനങ്ങളില്‍ രണ്ടു വാക്കുകളും ഉപയോഗിക്കുന്നത്‌ വ്യത്യസ്‌ത സന്ദര്‍ഭങ്ങളിലാണ്‌. എന്തുകൊണ്ട്‌ വാക്കുകള്‍ പരസ്‌പരം മാറ്റാന്‍ പോലും നാം തയാറാകുന്നില്ല. വിഭാഗീയത എന്ന വാക്കുകേട്ടാല്‍ അത്‌ സി.പി.എം എന്ന പാര്‍ട്ടിയുമായി ബന്ധപ്പെടുത്തി നാം വായിക്കും. ഗ്രൂപ്പുകളി എന്നാല്‍ അത്‌ കോണ്‍ഗ്രസിലായിരിക്കും.
സി.പി.എമ്മില്‍ ആളുകള്‍ വേര്‍തിരിഞ്ഞ്‌ പോരടിക്കുന്നതിനെ വിഭാഗീയത എന്നല്ലാതെ മറ്റൊരു വാക്കുപയോഗിക്കാന്‍ പത്രങ്ങള്‍ ശ്രമിക്കാറില്ല. വായിക്കുന്നവര്‍ക്ക്‌ ഇതെന്തോ വലിയ കാര്യമാണെന്ന്‌ തോന്നും. അതിന്‌ ഒരു ബലം കിട്ടാന്‍ മാര്‍ക്‌സിസ്‌റ്റ്‌ ലെനിനിസം, തിരുത്തല്‍ വാദം, സ്വത്വവാദം എന്നിങ്ങനെ കനത്ത വാക്കുകളും ഉപയോഗിക്കും. പിന്നെ സെക്രട്ടേറിയറ്റ്‌ കൂടി തീരുമാനിക്കും, പോളിറ്റ്‌ ബ്യൂറോ ചേര്‍ന്ന്‌ ചര്‍ച്ച ചെയ്യും. കീഴ്‌ഘടകത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യും എന്നൊക്കെ നെടുങ്കന്‍ പ്രയോഗങ്ങള്‍. കേള്‍ക്കുന്നവര്‍ക്ക്‌ ഇതിനെക്കുറിച്ച്‌ കാര്യമായ ധാരണയൊന്നുമില്ലെങ്കിലും വലിയ എന്തോ ആണ്‌ എന്നൊരു തോന്നല്‍ പത്രവാര്‍ത്തകളിലുണ്ടാകും. നെടുങ്കന്‍ വാക്കുകള്‍ ഇങ്ങനെ പ്രയോഗിക്കുന്നതുകാണുമ്പോള്‍ പണ്ടത്തെ സംസ്‌കൃത മന്ത്രങ്ങളും ശ്ലോകങ്ങളുമൊക്കെയാണ്‌ ഓര്‍മവരിക.

ഗ്രൂപ്പുകളി എന്നാല്‍ ഒന്നുമില്ല. അത്‌ കളിയാണ്‌. കാര്യമൊന്നുമില്ല. കളിയായതു കൊണ്ടുതന്നെ രസത്തിനാണ്‌ പ്രാധാന്യം. ആളുകള്‍ക്ക്‌ ചിരിക്കാനുള്ള ഒരു സംഭവമാണ്‌. പൊതുവെ ചിരിക്കാനുള്ളതെന്തും താഴ്‌ന്നതാണെന്ന നമ്മുടെ പൊതുബോധം കൊണ്ട്‌ ഗ്രൂപ്പുകളികളെ നാം ചിരിച്ചുതള്ളാറാണ്‌ പതിവ്‌. മറ്റേതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ ഇത്‌. ഒറ്റ നേതാവും എതിരാളിയും എന്ന സങ്കല്‌പം ഇതിലില്ല. ഒരു പാടുനേതാക്കളാണ്‌. പറയേണ്ടത്‌ മുഖത്തുനോക്കി പറയും. വിലക്കും കെട്ടിയിടലുമൊന്നും ഇവിടെ പ്രശ്‌നമല്ല.
വിഭാഗീയതയില്‍ ഇത്‌ നടക്കില്ല. പോകരുത്‌ എന്നു പറയുന്നിടത്ത്‌ പോകരുത്‌. പോയാല്‍ നടപടി. അവിടെന്ന്‌ പുറത്താക്കും. ഇവിടെനിന്ന്‌ സസ്‌പെന്‍ഷന്‍..അങ്ങനെ പോകും. അതുകൊണ്ട പറയേണ്ടത്‌ നേരെ പറയില്ല. ഉപമയും ഉത്‌പ്രേക്ഷയും രൂപകവും ഒക്കെയുണ്ടാകും. അതുതാനല്ലയോ ഇത്‌-പിയുടെ വീട്ടില്‍ കല്യാണത്തിനുപോയതുപോലല്ലയോ ബെര്‍ലിനെക്കണ്ടത്‌, പാര്‍ട്ടി കടലാണെങ്കില്‍ നേതാവ്‌ ബക്കറ്റാണ്‌....ഇങ്ങനെ സ്‌കൂള്‍ മാഷന്‍മാര്‍ക്ക്‌ അലങ്കാര പ്രകാരം വ്യാഖ്യാനിക്കാനുള്ളത്‌. അതുകൊണ്ടുതന്നെ മാഷന്മാര്‍ക്ക്‌ ഇവിടെ നല്ല വിലയാണ്‌.
ഇതിന്റെയൊന്നും ആവശ്യമില്ല. പറയാനുള്ളതു നേരെ പറയുക. കവിതയുടെ ആവശ്യമില്ല. അതിനാല്‍ കോണ്‍ഗ്രസില്‍ കവികള്‍ കുറവാണ്‌. വ്യാഖ്യാനിക്കാന്‍ മാഷന്‍മാരും. സാംസ്‌കാരിക നായകരും. പറയുന്നത്‌ എല്ലാവര്‍ക്കും മനസിലാകുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ്‌ വ്യാഖ്യാതാക്കള്‍. എന്നാല്‍ നേരെ പറയുന്നതും അതിന്‌ അനുവദിക്കുന്നതും എന്തോ വിലകുറഞ്ഞ ഏര്‍പ്പാടാണ്‌. അതിനെ ഗ്രൂപ്പുകളി എന്നേ പറയാവൂ.
പക്ഷേ എല്ലാവര്‍ക്കും അറിയാവുന്ന ചില കാര്യങ്ങളുണ്ട്‌. കളി ആരോഗ്യകരമാണ്‌. ഒരുതരം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ ഉണ്ട്‌ അതില്‍. കളിക്കളത്തിന്‌ പുറത്ത്‌ നമുക്ക്‌ എതിരാളികളില്ല. ആ പാഠം മനസിലാക്കിയാല്‍ പാര്‍ട്ടികളുടെ കുടുസുകളില്‍ നിന്ന പുറത്തുകടന്ന്‌ വിവാഹത്തിനോ മരണത്തിനോ പോകുന്നതിനെ ചോദ്യം ചെയ്യാന്‍ ആരും തുനിയുകയുമില്ല.

Comments

Viju V V said…
ഗ്രൂപ്പുകളി കളിയാണ്‌. കാര്യമൊന്നുമില്ല. കളിയായതു കൊണ്ടുതന്നെ രസത്തിനാണ്‌ പ്രാധാന്യം. ആളുകള്‍ക്ക്‌ ചിരിക്കാനുള്ള ഒരു സംഭവമാണ്‌. പൊതുവെ ചിരിക്കാനുള്ളതെന്തും താഴ്‌ന്നതാണെന്ന നമ്മുടെ പൊതുബോധം കൊണ്ട്‌ ഗ്രൂപ്പുകളികളെ നാം ചിരിച്ചുതള്ളാറാണ്‌ പതിവ്‌. മറ്റേതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ ഇത്‌. ഒറ്റ നേതാവും എതിരാളിയും എന്ന സങ്കല്‌പം ഇതിലില്ല. ഒരു പാടുനേതാക്കളാണ്‌. പറയേണ്ടത്‌ മുഖത്തുനോക്കി പറയും. വിലക്കും കെട്ടിയിടലുമൊന്നും ഇവിടെ പ്രശ്‌നമല്ല.
വിഭാഗീയതയില്‍ ഇത്‌ നടക്കില്ല. പോകരുത്‌ എന്നു പറയുന്നിടത്ത്‌ പോകരുത്‌. പോയാല്‍ നടപടി. അവിടെന്ന്‌ പുറത്താക്കും.