1.
കളിയരങ്ങ് എന്ന വാക്കുകേട്ടാല്‍ കഥകളി, നൃത്തം തുടങ്ങിയ രൂപങ്ങളാണ് മനസിലേക്ക് ആദ്യം ഓടിയെത്തുക. കുറച്ചുകൂടി ആധുനികരായ ആളുകള്‍ നാടകം കൂടി അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയേക്കും.
ഫുട്‌ബോള്‍ എന്നോ ക്രിക്കറ്റ് എന്നോ ഉള്ള അര്‍ഥം ഗ്രഹിക്കുന്നവര്‍ അപൂര്‍വമായിരിക്കും.
പൊതുവെ പൂര്‍വനിശ്ചിതമായ ആഖ്യാനഘടനയ്ക്കുള്ളില്‍ നില്‍ക്കുന്നതും നിയതമായ ചലനക്രമങ്ങളുള്ളതുമാണ് ആദ്യം പറഞ്ഞ ഗണത്തിലെ ആസ്വാദനരൂപങ്ങള്‍.. ....മനോധര്‍മത്തിന്റെ അംശം മാറ്റിനിര്‍ത്തിയാല്‍ ഏറെക്കുറെ ഒരേ രീതിയില്‍ ആവര്‍ത്തിക്കുന്നവയാണ് ഇവ. എന്നാല്‍ കായികവിനോദങ്ങളുടെ ഗണത്തില്‍പെടുന്ന കളികള്‍ അങ്ങനെയല്ല. അപ്രവചനീയമായ അവതരണമാണ് അതിന്റെ പ്രത്യേകത. അതുതന്നെയാണ് അതിലെ ഉദ്വേഗവും. അരങ്ങിന്റെ അതിരുകള്‍ക്കുള്ളില്‍ ചലനനിയമങ്ങളുടെ എല്ലാ സാധ്യതകളും പരീക്ഷിച്ചുകൊണ്ടാണ് അവയുടെ ആഖ്യാനം മുന്നേറുന്നത്. അതുകൊണ്ട് ഒരു കളിയും ആവര്‍ത്തിക്കപ്പെടുന്നില്ല. 1986-ല്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും കളിച്ച ഫുട്‌ബോള്‍ മത്സരം അതേ വേദിയില്‍ അതേ കളിക്കാരെ ഉപയോഗിച്ച് വീണ്ടും കളിപ്പിച്ചാലും ആദ്യത്തെ മത്സരം ആവര്‍ത്തിക്കാനാവില്ല.

ഓരോ കളിയും പുതിയതാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഓരോ കളിയും സര്‍ഗാത്മക സൃഷ്ടിയാണ്. കലാരൂപങ്ങള്‍ക്ക് ഈ നൂതനത്വം അവകാശപ്പെടാനാവില്ല. 500 വേദികളില്‍ അവതരിപ്പിച്ച നാടകമോ നൂറുവേദികള്‍ പിന്നിട്ട നൃത്തശില്പമോ അടുത്ത വേദിയില്‍ പുതിയൊരു അവതരണം വാഗ്ദാനം ചെയ്യുന്നില്ല.
സങ്കേതങ്ങള്‍ക്ക് നിയതസ്വഭാവം ഉള്ളതുകൊണ്ട് എളുപ്പം പഠനത്തിന് വഴങ്ങും എന്നതിനാലോ ഉത്കൃഷ്ടതയുള്ള ആസ്വാദനരൂപം എന്ന പരിവേഷം ഉള്ളതുകൊണ്ടോ ആവാം കലയുടെ കളിയരങ്ങുകളാണ് നമ്മുടെ സംസ്‌കാര ചര്‍ച്ചകളില്‍ മിക്കപ്പോഴും നിറഞ്ഞുനില്‍ക്കാറ്.
ജനകീയമായ ആസ്വാദനത്തിന് വഴങ്ങുന്നതും ആസ്വാദകര്‍ ഏറെയുള്ളതുമായ കായിക വിനോദങ്ങളെക്കുറിച്ചോ അവയുടെ പ്രാധാന്യത്തെക്കുറിച്ചോ നാം അത്രയൊന്നും ആലോചിക്കാറില്ല. പത്രങ്ങളിലെ സ്‌പോര്‍ട്‌സ് പേജില്‍ വരുന്ന റിപ്പോര്‍ട്ടുകളിലും വിശകലനങ്ങളിലും ഒതുങ്ങുന്നു അവ.

2.
'കളിയും കാര്യവും' എന്നത് ചേര്‍ത്തുപറയാറുള്ള ഭാഷാപ്രയോഗമാണ്. കളിയുടെ എതിര്‍പദമാണ് കാര്യം. കാര്യം പറയുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ പ്രയോജനകരമായ എന്തോ വിവരം അതില്‍ ഉണ്ട് എന്ന് നമ്മള്‍ മനസിലാക്കും. എന്നാല്‍ കളിവാക്ക്, കളിപറയല്‍, കളിപ്പിക്കുക, കളിയാക്കുക തുടങ്ങിയ പ്രയോഗങ്ങളില്‍ വിവരത്തിനല്ല, വിനോദത്തിനും രസിപ്പിക്കലിനുമാണ് മുന്‍തൂക്കം.
പക്ഷേ കാര്യമില്ലാത്തതാണോ കളി? വ്യക്തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയില്‍ കളികള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തില്‍ കളികള്‍ക്കുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ല. കളിക്കളം എന്നത് സമൂഹത്തിന്റെ ഒരു രൂപകമായി കരുതിയാല്‍ വ്യക്തികളെ സാമൂഹ്യകൂട്ടായ്മയുടെ ഭാഗമാക്കുന്നതിലും നിയമങ്ങളനുസരിച്ച് ജീവിക്കാന്‍ പ്രാപ്തമാക്കുന്നതിലും ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിലുമെല്ലാം കളികള്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

'അച്ഛനുമമ്മയും കളി'യിലൂടെ കുട്ടികള്‍ മുതിര്‍ന്നവരുടെ ഉത്തരവാദിത്തങ്ങള്‍ ആര്‍ജിക്കുന്നുവെന്ന് ഫോക്‌ലോര്‍ എന്ന പുസ്തകത്തിലെ നാടന്‍കളികളെക്കുറിച്ചുള്ള വിവരണത്തില്‍ രാഘവന്‍ പയ്യനാട് പറയുന്നുണ്ട്. കുട്ടികളുടെ കളികളില്‍ മാത്രമല്ല, മുതിര്‍ന്നവരുടേതിലും ഇതുണ്ട്. പൊതുവെ കളികള്‍ വൈയക്തികം, മാനസികം, സാമൂഹികം എന്നിങ്ങനെയാണ് സ്വഭാവരൂപീകരണത്തില്‍ ഇടപെടുന്നത്. വേഷമാടല്‍(റോള്‍ പ്ലേ)ആണ് ഇതില്‍ പ്രധാനം.
കളിയില്‍ ഏര്‍പ്പെടുന്നയാള്‍ക്ക് അതിലെ സ്ഥാനമനുസരിച്ച് ഓരോ വേഷം കെട്ടേണ്ടിവരും. ജീവിതത്തിലും നാം അതുതന്നെയാണ് ചെയ്യുന്നത്. ഫുട്‌ബോളില്‍ ഡിഫന്‍ഡര്‍, ഫോര്‍വേഡ്, വിങ്ബാക്ക് തുടങ്ങിയ പൊസിഷനുകളില്‍ കളിക്കുന്ന ഓരോ ആള്‍ക്കും ഓരോ ചുമതലയാണ്. ഡിഫന്‍ഡര്‍ക്ക് പ്രതിരോധമാണ് ചെയ്യേണ്ടത്. ഫോര്‍വേഡിന് ഗോള്‍ നേടുകയും. ഈ വേഷമാടല്‍ കഥകളിയും നാടകവും പോലുള്ള കലാരൂപങ്ങളിലും ഉണ്ട്. പരിശീലനം നേടുന്നുണ്ടെങ്കിലും നാടകത്തിലെയോ കഥകളിയിലെയോ അഭിനേതാക്കളെപ്പോലെ റിഹേഴ്‌സല്‍ നടത്തി അതേപടി വേഷം അവതരിപ്പിക്കാന്‍ ഒരു ഫുട്‌ബോള്‍ കളിക്കാരന് പറ്റില്ലെന്നതാണ് വ്യത്യാസം. റിഹേഴ്‌സലില്ലാത്ത ജീവിതമാണിത്. അതിനാല്‍ കുറെക്കൂടി മുന്തിയതരം ആട്ടമാണ് കളികളിലേത് എന്നു പറയാം.

ടീം എന്ന കൂട്ടായ്മയില്‍ ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയാലേ കളിയില്‍ നേട്ടമുണ്ടാകൂ. ഇതില്‍ വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം പ്രധാനമാണ്. നല്ല ധാരണയോടെ കളിക്കുന്ന ടീമിനാണ് മികച്ച പ്രകടനം കാഴ്ചവെക്കാനാകുക. ധാരണ പരസ്പരം ആശയങ്ങള്‍ കൈമാറാനും ഗ്രഹിക്കാനുമുള്ള കഴിവാണ്. നല്ല കളിക്കാര്‍ നല്ല ആശയവിനിമയശേഷിയുള്ളവരും ആയിരിക്കും. വാക്കുകള്‍ കൊണ്ടുമാത്രമല്ല, ശരീരഭാഷകൊണ്ടും. അതിനാല്‍ വ്യക്തികളുടെ ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതില്‍ കളികള്‍ക്ക് പങ്കുണ്ടെന്ന് പറയാം. കളിക്കാര്‍ കളിനിയമങ്ങളെ കുറിച്ചും ബോധവാന്മാരായിരിക്കും. നിയമങ്ങള്‍ക്കകത്തുനിന്ന് നിയമലംഘനം നടത്താനും വിരുതുണ്ട് ഇവര്‍ക്ക്. കളിയെ ബാധിക്കുന്ന രീതിയിലുള്ള നിയമലംഘനം കുറ്റകരമാണ്. ഒരു റെഡ് കാര്‍ഡ്- അതുവഴി അയാള്‍ കളിക്കളത്തില്‍ നിന്ന് പുറന്തള്ളപ്പെടും. സമൂഹത്തിലായാലും ഇങ്ങനെ തന്നെയാണ്. ക്രിക്കറ്റില്‍ ഔട്ടാകുന്നതില്‍ നിന്ന് രക്ഷപ്പെട്ടാല്‍ 'ലൈഫ് കിട്ടി' എന്നല്ലേ പറയാറ്.

കളിക്കളത്തില്‍ ഒരാള്‍ സ്ഥിരമായി കെട്ടുന്ന വേഷം അയാളുടെ മാനസികാവസ്ഥയിലും മാറ്റം വരുത്തുന്നുണ്ടെന്ന് സാന്‍ഡിയാഗോ ചാര്‍ജേഴ്‌സ് ഫുട്‌ബോള്‍ ടീമിലെ മനശ്ശാസ്ത്രജ്ഞനായിരുന്ന ആര്‍നോള്‍ഡ് ജെ. മാന്‍ഡല്‍ പറയുന്നു. മുന്നേറ്റ നിരയിലെ കളിക്കാര്‍ പൊതുവെ ഉത്സാഹികളും സൂക്ഷ്മദൃക്കുകളും വൃത്തിയായി കാര്യങ്ങള്‍ ചെയ്യുന്നവരുമാണ്. ഡ്രസിങ്ങ് റൂമില്‍ ലോക്കറുകള്‍ അടുക്കും ചിട്ടയോടും വൃത്തിയായും സൂക്ഷിക്കുന്നവരാണ് ഇവര്‍. എന്നാല്‍ ഡിഫന്‍ഡര്‍മാര്‍ അങ്ങനെയല്ല. ക്ഷമയില്ലാത്തവരും പരുക്കന്മാരും ആണ്. ഡ്രസിങ് റൂമില്‍ ഇവരുടെ ലോക്കറുകള്‍ വലിച്ചുവാരിയിട്ട നിലയിലായിരിക്കും. കളിയിലെ പെരുമാറ്റത്തിന്റെ അംശം കളിക്കളത്തിനു പുറത്തും നിലനില്‍ക്കുന്നതുകൊണ്ടാകാം ഇവരുടെ പാരുഷ്യം എന്ന് മാന്‍ഡല്‍ പറയുന്നു.

വ്യക്തിയുടെ ആന്തരികചോദനകളും സാമൂഹ്യബോധവും തമ്മിലുള്ള സംഘര്‍ഷം എന്ന രീതിയിലാണ് മാധ്യമ വിശകലന വിദഗ്ധനായ ആര്‍തര്‍ ആസ ബെര്‍ഗര്‍ കളികളെ കാണുന്നത്. ആളുകളിലെ അക്രമവാസനയെ പരമാവധി പ്രകടിപ്പിക്കാനുള്ള ഇടമാണ് കളിക്കളം. ആക്രമിച്ചുകളിക്കുക എന്നത് മിക്ക കളികളിലെയും പ്രയോഗമാണ്. അക്രമത്തിന്റെ പകരംവെപ്പുകളാകുന്ന പ്രവൃത്തികള്‍ മിക്ക കളികളിലും ഉണ്ട്. ഫുട്‌ബോളില്‍ ഇത് പ്രകടമായിത്തന്നെ കാണാം-ബ്ലോക്ക്, ഹിറ്റ്, ടാക്കിള്‍ അങ്ങനെ. പരുക്കന്‍ ഫൗളുകളായും ഇത് പ്രത്യക്ഷപ്പെടുന്നത് നാം കാണാറില്ലേ. കളിക്കളത്തിലെ അക്രമത്തിനോ നിയമലംഘനത്തിനോ കിട്ടുന്ന ശിക്ഷയാണ് പെനല്‍ട്ടി. ആ ഒരു തെറ്റിലൂടെ കളി തന്നെ നഷ്ടപ്പെട്ടേക്കാം. പക്ഷേ, കളിക്കളത്തിന് പുറത്തേക്ക് അക്രമം നീളുന്നില്ല. അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഭാഗമാണ്. കളിക്കളത്തിന് പുറത്ത്, അക്രമവാസന ഒതുക്കി നിര്‍ത്തിയ, നല്ല പൗരന്മാരായി അവര്‍ ജീവിക്കുന്നു. അതിനാല്‍ ആളുകളിലെ അക്രമവാസനയെ പുറന്തള്ളി സാമൂഹ്യ ജീവിതത്തിനായി ഒരുക്കുന്നതിലും കളികള്‍ക്ക് പങ്കുണ്ട്.

സാമൂഹ്യബന്ധങ്ങള്‍ രൂപപ്പെടുന്നതിന് കളികളും അവയുടെ വിശേഷങ്ങളും ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. തീരെ പരിചയമില്ലാത്ത ആളുകളുമായുള്ള യാത്രകളില്‍ പോലും 'സ്‌കോറെത്രയായി?', 'സച്ചിന്‍ പോയോ?' തുടങ്ങിയ ചോദ്യങ്ങളുമായി ചിലര്‍ വര്‍ത്തമാനത്തിന് തുടക്കമിടുന്നത് കാണാം.

സമൂഹത്തെ ആധുനികവത്കരിക്കുന്നതില്‍ കളികള്‍ക്കുള്ള പങ്കാണ് പ്രധാനമായ മറ്റൊരു സംഗതി. മതം, ജാതി, വംശം, കക്ഷിരാഷ്ട്രീയം എന്നിങ്ങനെയുള്ള അതിരുകളെ അപ്രസക്തമാക്കുന്ന കൂട്ടായ്മകള്‍ കളിയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നുണ്ട്. ചിലപ്പോള്‍ പരിഷ്‌കൃത സമൂഹത്തിലെ മറ്റൊരു മതമായും ഇത് മാറുന്നു. മതാരാധനയുടെ പല സവിശേഷതകളും കളിയെ ആധാരമാക്കി രൂപപ്പെടുന്ന കൂട്ടായ്മകളിലും കാണാം. ആരാധന, പ്രാര്‍ഥന, വ്യക്തിപൂജ ഇവയെല്ലാം കളിയിലും ഉണ്ട്. കളിയിലെ താരങ്ങള്‍ ചിലപ്പോള്‍ ദൈവങ്ങളെപ്പോലെ ആകുന്ന അവസ്ഥയുമുണ്ട്. മറഡോണയുടെ ദൈവത്തിന്റെ കൈ തന്നെ ഏറെ പ്രസിദ്ധമാണല്ലോ. കൈകൊണ്ടാണ് ഗോളടിച്ചത് എന്നു തെളിഞ്ഞിട്ടും അദ്ദേഹത്തില്‍ ആരാധകര്‍ക്കുള്ള വിശ്വാസത്തിന് മങ്ങലേറ്റില്ല. അര്‍ജന്റീനയുടെ തന്നെ മറ്റൊരു കളിക്കാരനായ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയെ ഗബ്രിയേല്‍ മാലാഖ എന്ന് അക്കാലത്ത് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. മാലാഖ ദൈവത്തിന്റേതാണല്ലോ.

സച്ചിന്‍ തെന്‍ഡുല്‍ക്കറെക്കുറിച്ച് അടുത്തകാലത്തിറങ്ങിയ പുസ്തകത്തിന്റെ പേരുതന്നെ 'ഇഫ് ക്രിക്കറ്റ് ഈസ് റിലിജിയന്‍, സച്ചിന്‍ ഈസ് ഗോഡ്' എന്നാണ്. ആമുഖത്തില്‍ തന്നെ ക്രിക്കറ്റിന്റെ മതപരതയെ വിശകലനം ചെയ്തുകൊണ്ടുള്ള, സച്ചിന്റെ ജീവചരിത്രമാണിത്. ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുടെ ഓഫ് സൈഡിലുള്ള ഡ്രൈവുകള്‍ കണ്ട് സഹകളിക്കാരനായ രാഹുല്‍ ദ്രാവിഡ് ഓഫ് സൈഡിലെ ദൈവം എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.

അത് കളിക്കാരുടെ കാര്യം. കളികള്‍ നടക്കുന്ന സ്‌റ്റേഡിയത്തിന് പ്രാര്‍ഥനാവേദിയുടെ അന്തരീക്ഷമുണ്ട്. കളികളുടെ നിര്‍ണായക ഘട്ടത്തില്‍ ആരാധകര്‍ പ്രാര്‍ഥനയോടെ സ്‌റ്റേഡിയത്തിലിരിക്കുന്നത് നാം കാണാറില്ലേ. ആവേശപൂര്‍ണമായ ഒരു കളിയുടെ സ്‌റ്റേഡിയം കരിസ്മാറ്റിക് ധ്യാനവേദി പോലെയായിരിക്കും. തിരപോലെ ആളുകള്‍ കൈവീശുകയോ ഉയര്‍ത്തുകയോ ചെയ്യുന്നുണ്ടാകും. ആര്‍പ്പുവിളികള്‍ ഉണ്ടാകും. സംഗീതവും ബാന്‍ഡ്‌മേളവുമുണ്ടാകും. കളി കാണുന്നയാളുടെ മനസ് അതില്‍ മാത്രമായിരിക്കും. ആ സമയത്ത് മറ്റൊന്നും അയാളുടെ മനസില്‍ വരില്ല. ഏകാഗ്രമായ ഒരു ധ്യാനം പോലെയാണ് നല്ല ഒരു കളി കണ്ടുനില്‍ക്കല്‍. കളി കഴിഞ്ഞിറങ്ങുമ്പോള്‍ നവീകരിക്കപ്പെട്ട മനസുമായാകും കാണികള്‍ പുറത്തിറങ്ങുക. ഇതു തന്നെയാണ് സ്റ്റേഡിയത്തില്‍ കളി കാണുന്നതിന്റെ രസം.

ആള്‍ക്കൂട്ടത്തോടൊപ്പം ചേരുന്നത് ഒരു സാമൂഹ്യമായ ഒരു പ്രവൃത്തി കൂടിയാണ്. അല്ലെങ്കില്‍ സാങ്കേതിക വിദ്യ ഇത്രത്തോളം മുന്നേറിയ, നഷ്ടപ്പെട്ട കാഴ്ചകള്‍ പോലും റീപ്ലേകളിലൂടെ വീണ്ടും മുന്നിലെത്തിക്കുന്ന ടെലിവിഷനിലെ കാഴ്ച വേണ്ടെന്നുവെച്ച് ആളുകള്‍ സ്റ്റേഡിയത്തിലെ ആരവത്തില്‍ ചേരുന്നതെന്തിനാണ്.
Comments