ആണ്‍ലിംഗം എന്ന നാണക്കേട്‌

ലഹരിയുടെ എന്തെല്ലാം പ്രലോഭനങ്ങളാണ്‌ ആണുങ്ങള്‍ക്ക്‌? മദ്യം, പുകവലി, മയക്കുമരുന്ന്‌, ... ലഹരികള്‍ക്ക്‌ അടിമയാകാതെ ജീവിക്കുക ഒരു മനസുറപ്പുതന്നെയാണ്‌. അടിമയാകുക നാണക്കേടാണ്‌. ഷെയിം. മദ്യപിച്ച്‌ തല്ലുകൂടുകയോ, തെരുവില്‍ കിടക്കുകയോ ചെയ്യുമ്പോള്‍ അത്‌ സമൂഹത്തില്‍ അയാള്‍ക്ക്‌ മാനക്കേടുണ്ടാക്കും. രതിയുടെ കാര്യത്തിലായാലും ഇതുതന്നെ. ആസക്തികളുടെ പ്രലോഭനത്തിനുമുന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ട്‌ കീഴടങ്ങി വീഴുന്ന അവസ്ഥ. എങ്ങനെയെങ്കിലും ആസക്തികളെ തൃപ്‌തിപ്പെടുത്തിയാല്‍ മതി എന്ന നിലയിലേക്ക്‌ അത്‌ താഴ്‌ന്നുപോകും. പങ്കാളിയായ ഇണ എന്ന സങ്കല്‍പത്തില്‍ നിന്ന്‌ തെരുവുവേശ്യയില്‍ ഒടുങ്ങുന്നതുവരെ എത്തും അത്‌. ആസക്തികളുടെ മൂര്‍ച്ഛയില്‍ എന്തായാലും മതി ശമിപ്പിക്കാന്‍. ഒരു പോര്‍ണോഗ്രാഫിക്‌ ദൃശ്യം, കൊച്ചുപുസ്‌തകം, ഫോണ്‍ സംഭാഷണം, അല്ലെങ്കില്‍ വെബ്‌ ചാറ്റിങ്‌... അങ്ങനെ എന്തെങ്കിലും. ഇണയോടുള്ള സ്‌നേഹത്തേക്കാള്‍ അത്‌ അവനവന്റെ വൈകാരികമായ വിശപ്പിനായിരിക്കും പ്രാധാന്യം. ബന്ധങ്ങളിലല്ല, ആനന്ദങ്ങളിലാണ്‌ അതിന്റെ വിഹാരം. പങ്കുവെക്കലുകളിലല്ല, കീഴടക്കലിലാണ്‌ ആനന്ദം.
അങ്ങനെയൊരു ചെറുപ്പക്കാരന്റെ കഥയാണ്‌ സ്റ്റീവ്‌ മക്‌ ക്വീനിന്റെ 2011-ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്‌ ചിത്രം `ഷെയിം' പറയുന്നത്‌. ഇദ്ദേഹത്തിന്റെ 2008-ല്‍ പുറത്തിറങ്ങിയ `ഹംഗര്‍' ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്‌. `ഷെയി'മില്‍ ലൈംഗികതയ്‌ക്ക്‌ അടിമയായ ബ്രാന്‍ഡന്‍ സുള്ളിവാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ഐറിഷ്‌ നടനായ മൈക്കല്‍ ഫാസ്‌ബീന്ദര്‍ ആണ്‌. വെനീസ്‌ ഫിലിം ഫെസ്റ്റിവലില്‍ ഫാസ്‌ബീന്ദര്‍ക്ക്‌ മികച്ച നടനുള്ള വോള്‍പി കപ്പ്‌ ലഭിച്ചിരുന്നു. ടൊറന്റോ, ന്യൂയോര്‍ക്ക്‌, ലണ്ടന്‍ ഫെസ്റ്റിവലുകളിലും ഇത്‌ പ്രദര്‍ശിപ്പിച്ചു. അമേരിക്കയില്‍ എന്‍-17(18 വയസിനു മുകളില്‍ മാത്രം) റേറ്റിങ്ങിലാണ്‌ ഈ ചിത്രം പുറത്തിറങ്ങിയത്‌. ബ്രിട്ടനില്‍ കഴിഞ്ഞ ജനവരിയിലാണ്‌ സിനിമ റിലീസ്‌ ചെയ്‌തത്‌.




കടുത്ത ഏകാന്തതയും നിസാരതാ ബോധവും മറികടക്കാനുള്ള അഭിവാഞ്ചയാണ്‌ ലൈംഗിക അടിമത്വത്തില്‍ പെട്ടുപോയവരുടെ സ്വഭാവ സവിശേഷതയായി പറയുന്നത്‌. ബ്രാന്‍ഡനും അങ്ങനെ തന്നെയാണ്‌. ന്യൂയോര്‍ക്ക്‌ നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചു താമസിക്കുന്ന ചെറുപ്പക്കാരനാണ്‌ ഇയാള്‍. അയാള്‍ ജോലി ചെയ്യുന്നതും ആണുങ്ങള്‍ കൂടുതലുള്ള ഒരു ഓഫീസിലാണ്‌. ഏകാന്തമായ അയാളുടെ വീട്ടില്‍ പലപ്പോഴും വേശ്യകളുണ്ടാകും. അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ സെക്‌സ്‌ ചാറ്റിങ്ങിലോ പോണ്‍ സൈറ്റുകളിലോ മുഴുകിയാകും അയാളുണ്ടാകുക. ഒന്നുമില്ലെങ്കില്‍ ബാത്ത്‌റൂമിലെ മൂന്നുമിനിറ്റ്‌ ആത്മരതിയെങ്കിലും വേണം. ഓഫീസിലും അയാള്‍ പോണ്‍ സൈറ്റുകള്‍ കാണാറുണ്ട്‌. ഒരിക്കല്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ സര്‍വീസ്‌ ചെയ്യാന്‍ വന്നപ്പോള്‍ കമ്പ്യൂട്ടര്‍ നിറയെ രതിചിത്രങ്ങളുണ്ടായിരുന്നത്‌ ഓഫീസ്‌ മേധാവിയായ ഡേവിഡ്‌ കണ്ടെത്തിയിരുന്നു. എന്നാല്‍ പുതുതായി വന്ന പിള്ളേരാരെങ്കിലും നോക്കിയതായിരിക്കും എന്നാണ്‌ ഡേവിഡ്‌ ബ്രാന്‍ഡനോട്‌ പറഞ്ഞത്‌. ഓഫീസിലെ ടോയ്‌ലറ്റ്‌ ക്യുബിക്കിളില്‍ പോലും ചിലപ്പോള്‍ അയാള്‍ കാമം ശമിപ്പിക്കാറുണ്ട്‌. സബര്‍ബന്‍ ട്രെയിനിലെ ബ്രാന്‍ഡന്റെ യാത്രയിലാണ്‌ സിനിമ തുടങ്ങുന്നത്‌. അയാളുടെ എതിര്‍വശത്ത്‌ ഇരിക്കുന്ന സുന്ദരിയായ യുവതിയുടെ നോട്ടത്തില്‍ അയാള്‍ മോഹിതനാകുന്നുണ്ട്‌. ആ നോട്ടത്തിന്റെ പ്രലോഭനം അയാള്‍ക്ക്‌ ചെറുക്കാന്‍ കഴിയുന്നില്ല. ട്രെയിന്‍ ഒരിടത്തെത്തിയപ്പോള്‍ യുവതി എഴുന്നേറ്റ്‌ ഇറങ്ങാനെന്ന മട്ടില്‍ തൂണില്‍ പിടിച്ചു നില്‍ക്കുന്നു. അവരുടെ കൈയിലെ ക്ലോസപ്പ്‌ ഷോട്ടില്‍ മാംഗല്യമോതിരം അണിഞ്ഞിരിക്കുന്നതായി കാണാം. അടുത്തുതന്നെ അവളുടെ വിവാഹം നടക്കും. ബ്രാന്‍ഡനും ഇതേ സമയം എഴുന്നേറ്റ്‌ അതേ തൂണില്‍ പിടിച്ച്‌ അവരുടെ പിറകെ നിന്നു. സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ബ്രാന്‍ഡനും പിന്നാലെയിറങ്ങി. പക്ഷേ ഇടയ്‌ക്ക്‌ തിരക്കില്‍ യുവതി അയാളുടെ കണ്ണില്‍ നിന്നുമറഞ്ഞു. നിരാശനായി മടങ്ങി. ബ്രാന്‍ഡന്റെ സ്വഭാവം അങ്ങനെയാണ്‌.

ഇങ്ങനെയൊരു ജീവിതത്തിനിടയിലേക്കാണ്‌ പെങ്ങള്‍ സിസ്സി എത്തുന്നത്‌. അവര്‍ക്ക്‌ ബ്രാന്‍ഡനൊപ്പം താമസിക്കണം. സംരക്ഷണവും പരിഗണനയുമൊക്ക അവള്‍ ആഗ്രഹിക്കുന്നു. ഒരു ദിവസം ബ്രാന്‍ഡന്‍ വരുമ്പോള്‍ വീടിനുള്ളില്‍ ആരോ കയറിയതായി മനസിലായി. കുളിമുറിയില്‍ നിന്ന്‌ വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാം. ഒരു സോഫ്‌റ്റ്‌ബോള്‍ ബാറ്റുമായി കരുതലോടെയാണ്‌ ബ്രാന്‍ഡന്‍ അങ്ങോട്ടേക്ക്‌ നീങ്ങിയത്‌. പെട്ടെന്ന്‌ അടിക്കാനോങ്ങുമ്പോഴാണ്‌ അത്‌ പെങ്ങളാണെന്ന്‌ തിരിച്ചറിയുന്നത്‌. നഗ്നയായാണ്‌ സിസ്സി അയാള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്നത്‌. അതില്‍ അവര്‍ക്ക്‌ ഒരു ചമ്മലുമില്ല. അങ്ങനെയൊരു ബന്ധം അവര്‍ക്കിടയിലുണ്ട്‌. എന്നാലും വീട്ടില്‍ താമസിപ്പിക്കാന്‍ അയാള്‍ക്ക്‌ താല്‍പര്യമില്ല. ഓര്‍ക്കാനിഷ്ടമില്ലാത്ത ഭൂതകാലം അവര്‍ക്കിടയിലുണ്ട്‌. `നമ്മള്‍ വന്നത്‌ മോശം സ്ഥലത്തുനിന്നാകാം, പക്ഷേ നമ്മള്‍ മോശം മനുഷ്യരല്ല'- എന്ന്‌ ഒരിടത്ത്‌ സിസി ബ്രാന്‍ഡനോട്‌ പറയുന്നുണ്ട്‌. ഒരിക്കല്‍ വീട്ടില്‍ വെച്ച്‌ ബ്രാന്‍ഡന്‍ സ്വയംഭോഗം ചെയ്യുന്നതിനിടയിലാണ്‌ സിസ്സി കയറി വരുന്നത്‌. അത്‌ കണ്ടിട്ടും ഒരു ചിരിയോടെയാണ്‌ സിസ്സി പോകുന്നത്‌. ആ സമയത്ത്‌ ലാപ്‌ടോപ്പില്‍ ഏതോ യുവതിയുടെ ശീല്‍ക്കാരം കേള്‍ക്കാം. സിസി അതും നോക്കുന്നുണ്ട്‌. പുറത്തുവന്ന ബ്രാന്‍ഡന്‍ തന്റെ വീട്ടിലെ പോണ്‍ കലക്ഷനും ലാപ്‌ടോപ്പും എടുത്ത്‌ വീട്ടിനു പുറത്തേക്ക്‌ എറിയുന്നു. ഒരിക്കല്‍ സിസിയുടെ ശല്യം സഹിക്കാതായപ്പോള്‍ അരയില്‍ ഒരു ബാത്‌റൂം ടവല്‍ മാത്രം ധരിച്ച ബ്രാന്‍ഡന്‍ കിടക്കയില്‍ സിസ്സിയുടെ ദേഹത്തു കയറിയിരിക്കുന്നുണ്ട്‌. ഇത്‌ അവരുടെ ഭൂതകാലബന്ധത്തിന്റെ സൂചനയായി വരുന്നുണ്ടെങ്കിലും കൂടുതല്‍ വിശദീകരിക്കാന്‍ സംവിധായകന്‍ തുനിയുന്നില്ല. കാരി മുള്ളിഗന്‍ ആണ്‌ സിസ്സിയെ അവതരിപ്പിക്കുന്നത്‌.
ന്യൂയോര്‍ക്കിലെ സ്‌റ്റാന്‍ഡേര്‍ഡ്‌ ഹോട്ടലിലെ നൈറ്റ്‌ ക്ലബില്‍ സിസ്സി ഒരുദിവസം `ന്യൂയോര്‍ക്ക്‌, ന്യൂയോര്‍ക്ക്‌' എന്ന മധുരവിഷാദഗാനം പാടുന്നു. ഹോട്ടലിലുണ്ടായിരുന്ന ബ്രാന്‍ഡനെ ആ പാട്ട്‌ വല്ലാതെ ആകര്‍ഷിച്ചു. അയാള്‍ക്കൊപ്പം ബോസായ ഡേവിഡും ഉണ്ടായിരുന്നു. അയാള്‍ വിവാഹിതനാണ്‌. പാട്ടുകഴിഞ്ഞപ്പോള്‍ ഡേവിഡും സിസ്സിയും ബ്രാന്‍ഡനും ഒന്നിച്ചാണ്‌ അപ്പാര്‍ട്‌മെന്റില്‍ എത്തുന്നത്‌. തന്റെ മുറിയില്‍ ഡേവിഡുമൊത്ത്‌ പെങ്ങള്‍ ശയിക്കുന്നു. അതിന്റെ ശബ്ദങ്ങള്‍ അലോസരപ്പെടുത്തിയപ്പോള്‍ ബ്രാന്‍ഡന്‍ ഇറങ്ങിപ്പോവുകയാണ്‌. സിസിയുടെ സാന്നിധ്യം അയാളുടെ നേരത്തെയുണ്ടായിരുന്ന ജീവിതത്തെ തകിടം മറിച്ചിരിക്കുന്നു. ഇതിനിടെ തന്റെ ഓഫീസിലെ കറുത്ത വര്‍ഗക്കാരിയായ മരിയാനുമായി ബ്രാന്‍ഡന്‍ ഡേറ്റിങ്‌ നിശ്ചിയിക്കുന്നു. നഗരത്തിലെ ഒരു വിലകൂടിയ ഹോട്ടലിലാണ്‌. അതിന്‌ കാരണമായ ഒരു ദൃശ്യമുണ്ട്‌. മുമ്പ്‌ രാത്രി നഗരത്തിലൂടെ നടക്കുമ്പോള്‍ കണ്ടത്‌. ഹോട്ടലിലെ തെരുവിനഭിമുഖമായി നില്‍ക്കുന്ന മുറിയിലെ ചില്ലുചുമരില്‍ കൈയമര്‍ത്തി രണ്ടുപേര്‍ മൈഥുനം നടത്തുന്നു. അത്‌ ഒരു ടെലിവിഷന്‍ വില്‌പനശാലയിലെ സ്‌ക്രീന്‍ പോലെയാണ്‌ അയാള്‍ക്ക്‌ തോന്നുന്നത്‌. ആ ദൃശ്യം അയാള്‍ നോക്കിനിന്നുപോകുന്നു. ഇവിടെയാണ്‌ മരിയാനുമായി ബ്രാന്‍ഡന്‍ എത്തുന്നത്‌. അതിനുമുമ്പ്‌ റസ്റ്റോറന്റില്‍ അവര്‍ സംസാരിച്ചിരുന്നത്‌ പ്രണയികളെപ്പോലെയാണ്‌. മരിയാനുമായി ഒരു ബന്ധം രൂപപ്പെടുന്നതായി തോന്നുന്നു. സംസാരത്തിനിടെ മരിയാന്‍ ചോദിക്കുന്ന ചോദ്യം രസകരമാണ്‌. `നിങ്ങളുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബന്ധം ഏതായിരുന്നു? എന്ന്‌. `നാലുമാസം'-അതായിരുന്നു ബ്രാന്‍ഡന്റെ മറുപടി. കൂടുതല്‍ ഈടുള്ള ബന്ധങ്ങള്‍ക്ക്‌ ആത്മാര്‍ഥമായി ശ്രമിക്കണമെന്നായിരുന്നു മരിയാന്റെ ഉപദേശം. ആ രാത്രിയില്‍ അവര്‍ ഇണചേരുന്നു. പക്ഷേ അത്‌ പൂര്‍ത്തിയാകുന്നതിനുമുമ്പ്‌ ബ്രാന്‍ഡന്‍ തളര്‍ന്നുപോകുന്നു. മരിയാന്‍ പോയതിനുശേഷം മറ്റൊരു കാള്‍ഗേളിനെ വിളിച്ച്‌ കൊണ്ടുവന്ന്‌ തന്റെ കാമം ശമിപ്പിക്കുന്നുമുണ്ട്‌. മുമ്പ്‌ പുറത്തുനിന്ന്‌ നോക്കിനിന്ന അതേ ദൃശ്യത്തെ അനുകരിച്ച്‌.
സിസിയുടെ വരവോടെ അസ്വസ്ഥനായ ബ്രാന്‍ഡന്‍ കാമം തേടി തെരുവുകളില്‍ അലയുകയാണ്‌. ഒരിക്കല്‍ ബാറില്‍ ഒരു യുവതിയോട്‌ അപമാനകരമായ അശ്ലീല സംഭാഷണം നടത്തുന്നു. വഷളന്‍ വാക്കുകള്‍ കൊണ്ടുള്ള ഒരു ആക്രമണം തന്നെയാണ്‌ അത്‌. ഇതിന്റെ ഭാഗമായി അയാള്‍ക്ക്‌ ഇടി കൊള്ളുന്നുണ്ട്‌. പിന്നെ സ്വവര്‍ഗാനുരാഗിയുമായും മറ്റൊരിക്കല്‍ ഒന്നിലധികം സ്‌ത്രീകളുമായും ബന്ധപ്പെടുന്നു. ഇതിനിടെ സിസി ആത്മഹത്യയിലേക്ക്‌ നീങ്ങുന്നു. വൈകിയെത്തിയ ബ്രാന്‍ഡന്‌ അവളെ രക്ഷിക്കാനായിരുന്നു. അത്‌ അവരുടെ കൂടിച്ചേരലായിരുന്നു. ഒരു പക്ഷേ കുടുംബം എന്ന സങ്കല്‌പത്തിലേക്കുള്ള അനുരഞ്‌ജനം. ആദ്യം കാണിച്ച സബര്‍ബന്‍ ട്രെയിനില്‍ ബ്രാന്‍ഡന്റെ യാത്രയോടെയാണ്‌ സിനിമ അവസാനിക്കുന്നത്‌. വശ്യമായ നോട്ടമുള്ള യുവതി അപ്പോഴും അവിടെയുണ്ട്‌. പക്ഷേ അവര്‍ ഇറങ്ങുമ്പോള്‍ ബ്രാന്‍ഡന്‍ പിന്നാലെ പോകുന്നില്ല.
ആഴത്തിലുള്ള വിശകലനത്തില്‍ ലൈംഗികതയ്‌ക്ക്‌ അടിമയായ പുരുഷന്റെ കഥയല്ല ഷെയിം. അയാളെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോഴാണ്‌ അങ്ങനെയാകുന്നത്‌. ചികിത്സിക്കപ്പെടേണ്ട രോഗമായി സംവിധായകന്‍ ഈ അവസ്ഥയെ വിലയിരുത്തുന്നുമില്ല. അക്രമണോത്സുകവും നൈസര്‍ഗികവുമായ ആണ്‍ലൈംഗികതയാണ്‌ ചിത്രത്തിലെ വിഷയം. തുടക്കത്തില്‍, ബ്രാന്‍ഡന്റെ നഗ്നതയുടെ മുന്നില്‍ നിന്നുള്ള ദൃശ്യം രണ്ടുതവണ തുടക്കത്തില്‍ തന്നെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്‌. തനിച്ചു താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ്‌ പുരുഷകാമനകളുടെ സ്വകാര്യമായ ഒരിടമാണ്‌. ഇണയെന്ന രീതിയില്‍ സ്‌ത്രീലൈംഗികതയോട്‌ അത്‌ ഒത്തുതീര്‍പ്പുകള്‍ നടത്തുന്നില്ല. സന്താനോല്‍പാദനത്തിനപ്പുറം സ്‌ത്രീയുടെ ലൈംഗിക സംതൃപ്‌തി പുരുഷന്റെ ബാധ്യതയല്ല. ബ്രാന്‍ഡന്‍ അങ്ങനെ പെരുമാറുന്ന ആളാണ്‌. പ്രത്യേകിച്ച്‌ ഗേ, ലെസ്‌ബിയന്‍ ലൈംഗികത സമൂഹത്തില്‍ പ്രബലമായി വരുമ്പോള്‍ അത്‌ പരിഗണിക്കേണ്ട ആവശ്യമില്ല. ദീര്‍ഘകാലമുള്ള ബന്ധങ്ങളില്‍ അയാള്‍ വിശ്വസിക്കുന്നില്ല. ഒറ്റ ഇണയില്‍ അയാള്‍ തൃപ്‌തിപ്പെടുന്നില്ല. പെങ്ങള്‍ എന്ന നിലയില്‍ സിസിയുടെ വരവ്‌ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സദാചാര നിയമങ്ങളുടെയും കടന്നുവരവായാണ്‌ കാണേണ്ടത്‌. ഈ യാഥാര്‍ഥ്യത്തോട്‌ പൊരുത്തപ്പെടാനുള്ള ശ്രമമാണ്‌ ബ്രാന്‍ഡന്‍ നടത്തുന്നത്‌. ഈ പരാക്രമങ്ങള്‍ക്കിടയില്‍ നാണക്കേടുവരെയെത്തുന്ന ആണ്‍ലൈംഗികതയെക്കുറിച്ചാണ്‌ ചിത്രം. സറ്റയര്‍ ഒഴിവാക്കിയ അമേരിക്കന്‍ മനസുതന്നെയാണ്‌ ഈ സിനിമയിലും ഉള്ളതെന്ന്‌ നേരത്തെ ചിത്രത്തെക്കുറിച്ച്‌ ഇറങ്ങിയ റിവ്യൂവില്‍ വിലയിരുത്തുന്നുണ്ട്‌. ഇതില്‍ കൊലപാതകങ്ങള്‍ക്ക്‌ പകരം ഭോഗമായി എന്നുമാത്രമേയുള്ളൂ എന്നാണ്‌ അതില്‍ പറയുന്നത്‌. അങ്ങനെയും വിലയിരുത്തല്‍ സാധ്യമാണ്‌. നൂറുമിനിറ്റാണ്‌ ചിത്രത്തിന്റെ ദൈര്‍ഘ്യം. ഫോക്‌സ്‌ സേര്‍ച്ച്‌ലൈറ്റ്‌ നാലു ലക്ഷം ഡോളറിനാണ്‌ ഇതിന്റെ അമേരിക്കയിലെ വിതരണാവകാശം ഏറ്റെടുത്തത്‌.

Comments

Viju V V said…
ആസക്തികളുടെ പ്രലോഭനത്തിനുമുന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ട്‌ കീഴടങ്ങി വീഴുന്ന അവസ്ഥ. എങ്ങനെയെങ്കിലും ആസക്തികളെ തൃപ്‌തിപ്പെടുത്തിയാല്‍ മതി എന്ന നിലയിലേക്ക്‌ അത്‌ താഴ്‌ന്നുപോകും. പങ്കാളിയായ ഇണ എന്ന സങ്കല്‍പത്തില്‍ നിന്ന്‌ തെരുവുവേശ്യയില്‍ ഒടുങ്ങുന്നതുവരെ എത്തും അത്‌. ആസക്തികളുടെ മൂര്‍ച്ഛയില്‍ എന്തായാലും മതി ശമിപ്പിക്കാന്‍. ഒരു പോര്‍ണോഗ്രാഫിക്‌ ദൃശ്യം, കൊച്ചുപുസ്‌തകം, ഫോണ്‍ സംഭാഷണം, അല്ലെങ്കില്‍ വെബ്‌ ചാറ്റിങ്‌... അങ്ങനെ എന്തെങ്കിലും. ഇണയോടുള്ള സ്‌നേഹത്തേക്കാള്‍ അത്‌ അവനവന്റെ വൈകാരികമായ വിശപ്പിനായിരിക്കും പ്രാധാന്യം. ബന്ധങ്ങളിലല്ല, ആനന്ദങ്ങളിലാണ്‌ അതിന്റെ വിഹാരം. പങ്കുവെക്കലുകളിലല്ല, കീഴടക്കലിലാണ്‌ ആനന്ദം.

അങ്ങനെയൊരു ചെറുപ്പക്കാരന്റെ കഥയാണ്‌ സ്റ്റീവ്‌ മക്‌ ക്വീനിന്റെ 2011-ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്‌ ചിത്രം `ഷെയിം' പറയുന്നത്‌.
valare nannayi paranju..... aashamsakal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane.........
Unknown said…
നല്ല അവലോകനം..