ചോര പടരുന്ന കൊളംബിയന്‍ മലകള്‍


നിറയെ കുഴിബോംബുകളുള്ള മൈതാനത്തെ ഫുട്‌ബോള്‍ കളി പോലെയാണ്‌ കൊളംബിയയിലെ സമകാലിക ഗ്രാമീണ ജീവിതം. അതാണ്‌ ആര്‍ബേലാസിന്റെ കളേഴ്‌സ്‌ ഓഫ്‌ മൗണ്ടന്‍ എന്ന ചിത്രവും പറയുന്നത്‌. 

 ഒരു ഭാഗത്ത്‌ ആയുധമണിഞ്ഞ്‌ കലാപം നടത്തുന്ന ഗറില്ലകള്‍, മറുഭാഗത്ത്‌ ഗറില്ലാവേട്ടയെന്ന പേരില്‍ പട്ടാളത്തിന്റെ അഴിഞ്ഞാട്ടം. ഇതിനിടയിലാണ്‌ സമകാലിക കൊളംബിയന്‍ ജീവിതം. കര്‍ഷകരുടെ വിമോചനം ആണ്‌ ഇടതുപക്ഷ ആഭിമുഖ്യമുള്ള റെവല്യൂഷണറി ആംഡ്‌ ഫോഴ്‌സസ്‌ ഓഫ്‌ കൊളംബിയ (എഫ്‌.എ.ആര്‍.സി) എന്ന ഒളിപ്പോരാളികളുടെ ലക്ഷ്യം. ആളുകളെ സംഘത്തില്‍ അണിചേര്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌ അവര്‍. പട്ടാളക്കാര്‍ക്ക്‌ നാട്ടിലെ എല്ലാവരെയും സംശയമാണ്‌. സംശയത്തിന്റെ പേരില്‍ അവര്‍ കണ്ണില്‍ കണ്ടവരെയെല്ലാം ഉപദ്രവിക്കും. ഭരണകൂടം വലതുപക്ഷ സ്വഭാവമുള്ളതാണ്‌. അമേരിക്കന്‍ ആഭിമുഖ്യമുള്ള ബഹുരാഷ്ട്ര സൈന്യവും ഇവിടെയുണ്ട്‌. അവര്‍ക്ക്‌ കൊളംബിയയുടെ ഭൂവിഭവങ്ങളിലാണ്‌ കണ്ണ്‌. മലകളും താഴ്‌വരകളും ഒഴിപ്പിച്ചെടുക്കാന്‍ അവര്‍ വിചാരിച്ചാല്‍ കഴിയും. പട്ടാളത്തിന്റെ ഹെലിക്കോപ്‌റ്ററുകള്‍ നിരന്തരം മലയ്‌ക്കുമുകളില്‍ വട്ടമിട്ടു പറക്കുന്നുണ്ടാകും. ഇവരുടെ കണ്ണില്‍പെടാതെ വീടുകളില്‍ ഭീതിയോടെയാണ്‌ കൊളംബിയയിലെ ഗ്രാമീണര്‍ ജീവിക്കുന്നത്‌. പട്ടാളത്തിന്റെ ഹെലികോപ്‌റ്ററുകള്‍ മലകളില്‍ ഇറങ്ങാതിരിക്കാന്‍ ഗറില്ലകള്‍ കുഴിബോംബ്‌ വെച്ചിട്ടുണ്ട്‌. ഭൂഭാഗങ്ങളില്‍ ബോംബുകള്‍ കുഴിച്ചിടുമ്പോള്‍ നഷ്ടപ്പെടുന്ന ഒന്നുണ്ട്‌. കൊളംബിയക്കാര്‍ ഹൃദയം കൊണ്ടറിയുന്ന ലഹരി-ഫുട്‌ബോള്‍. ഫുട്‌ബോള്‍ മൈതാനങ്ങളിലും കുഴിബോംബുകള്‍ ഉണ്ടാകും. കുട്ടികള്‍ മൈതാനങ്ങളില്‍ നിന്ന്‌ അകറ്റപ്പെടുന്നു. ഒരുകാലത്ത്‌ ലോക ഫുട്‌ബോളിലെ അതികായന്മാരായിരുന്നു കൊളംബിയന്‍ ടീം. 1996ലും 2002ലും ഫിഫ റാങ്കിങ്ങില്‍ നാലാംസ്ഥാനത്തായിരുന്നു ഇവര്‍. സാഹസികനായ ഗോളി ഹിഗ്വിറ്റയുടെ, `മുടിയനാ'യ ക്യാപ്‌റ്റന്‍ വാള്‍ഡരമയുടെ, സെല്‍ഫ്‌ ഗോളടിച്ചതിന്റെ പേരില്‍ ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ വെടിയേറ്റു മരിക്കേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ, ആസ്‌പ്രില്ലയുടെ കൊളംബിയ കഴിഞ്ഞവര്‍ഷത്തെ റാങ്കിങ്ങില്‍ 54-ാം സ്ഥാനത്താണ്‌. ഇതാണ്‌ 2011-ല്‍ പുറത്തിറങ്ങിയ `കളേഴ്‌സ്‌ ഓഫ്‌ മൗണ്ടന്‍'(Los colores de la montana) എന്ന ചിത്രത്തിന്റെ പശ്ചാത്തലം. തിരുവന്തപുരത്തുനടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം നേടിയിരുന്നു കാര്‍ലോസ്‌ സെസാന്‍ അര്‍ബേലാസ്‌ സംവിധാനം ചെയ്‌ത ഈ ചിത്രം. അര്‍ബേലാസിന്റെ കന്നിച്ചിത്രവുമാണിത്‌. സലിം അഹമ്മദിനെപ്പോലെ കന്നിച്ചിത്രത്തിലൂടെ തന്നെ ഓസ്‌കര്‍ നോമിനേഷന്‍ നേടാനും കഴിഞ്ഞു. സാന്‍ സെബാസ്‌റ്റിയന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനും ആര്‍ബേലാസ്‌ അര്‍ഹനായി. കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ചു ചിത്രങ്ങള്‍ തെരഞ്ഞെടുത്താല്‍ അതില്‍ ഈ സിനിമ ഉള്‍പ്പെടുത്താതിരിക്കാനാവില്ല. രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തെ കുറിച്ചു മനസിലാക്കാത്ത ഒരാള്‍ എന്തുസിനിമയാണിത്‌ എന്ന്‌ ചോദിച്ചാല്‍ തെറ്റില്ല. കളിക്കിടെ കുഴിബോംബുകള്‍ നിറഞ്ഞ ഒരു കുന്നിന്‍ ചെരിവില്‍ ഫുട്‌ബോള്‍ പോകുന്നതും അത്‌ വീണ്ടെടുക്കാന്‍ കുട്ടികള്‍ ശ്രമിക്കുന്നതും മാത്രമായി അത്‌ വിലയിരുത്തപ്പെട്ടേക്കും. രാഷ്ട്രീയ സൂചനകളാണ്‌ ഇതിനെ മികച്ച ചിത്രമാക്കുന്നത്‌. ലാ പ്രഡേറ ജില്ലയാണ്‌ കഥയ്‌ക്ക്‌ പശ്ചാത്തലമായ സ്ഥലം. ആന്‍ഡിയന്‍ മേഖലയിലെ അന്ത്യോക്യ എന്ന മലകള്‍ നിറഞ്ഞ വിദൂരഗ്രാമത്തിലാണ്‌ ഇത്‌ ചിത്രീകരിച്ചത്‌. ഫുട്‌ബോള്‍ തലയ്‌ക്കുപിടിച്ച മാനുവല്‍ (ഹെര്‍നാന്‍ മൗറീഷ്യോ ഒകാമ്പോ) എന്ന ഒമ്പതുവയസുകാരനാണ്‌ കേന്ദ്ര കഥാപാത്രം. കര്‍ഷകനായ ഏണസ്‌റ്റോ(ഹെര്‍നാന്‍ മെന്‍ഡസ്‌)വിന്റെയും മിറിയ(കാര്‍മെന്‍ ടോറസ്‌)ത്തിന്റെയും മകനാണ്‌ അവന്‍. ജൂലിയന്‍ (നോര്‍ബര്‍ട്ടോ സാഞ്ചസ്‌), വെളുമ്പനായ പൊക്കാ ലൂസ്‌ ( ജെനറോ അരിസ്‌റ്റിസബാല്‍) എന്നിവരാണ്‌ അവന്റെ സുഹൃത്തുക്കള്‍. കട്ടിക്കണ്ണടയുള്ള പാവത്താന്‍ പൊക്കാ ലൂസിന്റെ നിഷ്‌കളങ്കതയെ മാനുവലും ജൂലിയനും കൂടി പരമാവധി മുതലെടുക്കും. തന്റെ പഴയ ഫുട്‌ബോളുമായി വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ മാനുവല്‍ മൈതാനത്തേക്കോടുന്നിടത്താണ്‌ സിനിമയുടെ തുടക്കം. കുറെ കൂട്ടുകാരുണ്ട്‌ അവിടെ കളിക്കാന്‍. പൊക്കാ ലൂസിന്‌ പെട്ടെന്ന്‌ കിതയ്‌ക്കും. മൈതാനത്ത്‌ രണ്ട്‌ തവണ ഓടുമ്പോഴേക്കും അവന്‍ പുറത്തുപോയി ഇരിക്കും. അവന്‌ അര്‍ജന്റീനയുടെ നീലയും വെള്ളയുമുള്ള ജഴ്‌സിയുണ്ട്‌. അത്‌ ഒറിജിനലാണ്‌ പോലും. അതവന്‍ ആര്‍ക്കും കൊടുക്കില്ല. പൊക്കാ ലൂസിന്റെ കിതപ്പു കണ്ടിട്ട്‌ ജൂലിയനും കൂട്ടാളിയും അവനെ പേടിപ്പിക്കും. വെളുമ്പന്മാര്‍ക്ക്‌ (ആല്‍ബിനോ) ആയുസുകുറവാണെന്നും വേഗം ചത്തുപോകുമെന്നും. എവിടെയെങ്കിലും വയസായ വെളുമ്പനെ കണ്ടിട്ടുണ്ടോ എന്നാണ്‌ അവരുടെ ചോദ്യം. ഇത്‌ കേട്ട്‌ പൊക്കാലൂസിന്‌ സങ്കടമായി. പക്ഷേ മാനുവലിന്‌ അവനോട്‌ സഹതാപമുണ്ട്‌. `സാരമില്ല, നിന്നെ ഗോളിയാക്കാം. അന്നേരം അധികം ഓടേണ്ടി വരില്ലെ'ന്ന്‌ പറഞ്ഞാണ്‌ അവന്‍ ആശ്വസിപ്പിക്കുന്നത്‌. അങ്ങനെയിരിക്കെ മാനുവലിന്റെ അച്ഛന്‍ അവന്‌ പിറന്നാള്‍ സമ്മാനമായി പുതിയൊരു ഫുട്‌ബോള്‍ സമ്മാനിക്കുന്നു. ഒപ്പം ഗോളികള്‍ ഉപയോഗിക്കുന്ന കൈയുറകളും. ആ പന്തുമായി മൈതാനത്ത്‌ കളിക്കുന്നതിനിടെയാണ്‌ അതുണ്ടായത്‌. ജൂലിയന്‍ അടിച്ച പന്ത്‌ കുന്നുകള്‍ക്കിടയിലെ താഴ്‌ന്ന സ്ഥലത്തേക്ക്‌ പോയി. അതേനേരത്ത്‌ ജൂലിയന്റെ അച്ഛന്‍ അതിലൂടെ പന്നിയെ കൊണ്ടുപോകുന്നുണ്ടായിരുന്നു. കുതറിയോടിയ പന്നി പന്തുള്ള സ്ഥലത്തേക്കാണ്‌ ഓടിയത്‌. പകുതിവഴിയെത്തിയപ്പോള്‍ പന്നിയുടെ കാലുകൊണ്ട്‌ ഒരു കുഴിബോംബു പൊട്ടി. പന്നി ചത്തു. മൈനുകള്‍ നിറഞ്ഞ സ്ഥലമായിരുന്നു അത്‌. ഇതോടെ മാനുവലിന്റെ പന്ത്‌ എടുക്കാന്‍ എല്ലാവര്‍ക്കും പേടിയായി. ഫുട്‌ബോള്‍ മൈതാനത്ത്‌ അപകട സൂചനയായി ചുവന്ന കൊടി സ്ഥാപിക്കുകയും ചെയ്‌തു. പക്ഷേ ഫുട്‌ബോള്‍ ഉപേക്ഷിക്കാന്‍ മാനുവലിന്‌ പറ്റില്ല. അത്‌ എടുക്കാനുള്ള ശ്രമം മാനുവല്‍ തുടര്‍ന്നു കൊണ്ടിരുന്നു. സമാന്തരമായി ചില സംഭവങ്ങളും ചിത്രത്തില്‍ നടക്കുന്നുണ്ട്‌. അവിടത്തെ സ്‌കൂളിലേക്ക്‌ കാര്‍മെന്‍ എന്ന പുതിയ ടീച്ചര്‍ വരുന്നതാണ്‌ അതിലൊന്ന്‌. കൊളംബിയന്‍ സ്‌കൂള്‍ പഠനത്തിലെ പ്രതിസന്ധി ഇതിലുണ്ട്‌. ആ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കൂടി ഒരു ടീച്ചറേയുള്ളു. പല പ്രായത്തിലുമുള്ള കുട്ടികള്‍ ഒരു ക്ലാസിലാണിരിക്കുക. ഇവിടെ മുമ്പുണ്ടായിരുന്ന ടീച്ചര്‍ ഒരു ദിവസം ആരോടും പറയാതെ പോകുകയായിരുന്നു. അവിടെ ടീച്ചര്‍ക്ക്‌ ഒരു അസിസ്‌റ്റന്റ്‌ കൂടിയുണ്ട്‌. അവിടേക്കാണ്‌ കാര്‍മെന്റെ വരവ്‌. പഠനം പ്രതിസന്ധിയിലാകാന്‍ ഒരു കാരണമുണ്ട്‌. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ്‌ ഗറില്ലകളുടെ പ്രവര്‍ത്തനം. അധ്യാപിക എന്നാല്‍ ഭരണകൂടത്തിന്റെ പ്രതിനിധിയാണ്‌. അവര്‍ പഠിപ്പിക്കുന്നതും അത്തരം ആശയങ്ങളായിരിക്കും. സ്‌കൂളിന്റെ ചുമരില്‍ ഗറില്ലകള്‍ ഒരു വാചകം എഴുതിവെച്ചിട്ടുണ്ട്‌. `ആയുധമെടുക്കുക, വിജയമാണെങ്കിലും മരണമാണെങ്കിലും'. അവധി ദിവസങ്ങളില്‍ ഗറില്ലകളുടെ ഒത്തുചേരല്‍ സ്‌കൂളിലാണ്‌. സ്‌കൂളില്‍ കുട്ടികളുടെ എണ്ണം ദിനംപ്രതി കുറയുകയാണ്‌. ആദ്യ ദിവസം അറ്റന്‍ഡന്‍സ്‌ എടുത്ത മറിയ സിസിലിയെ പിന്നീട്‌ കാണുന്നില്ല. അവരുടെ കുടുംബം അവിടം വിട്ടു പോയി. അത്‌ ആ നാട്ടിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്‌. പട്ടാളത്തിന്റെയും ഗറില്ലകളുടെയും ഇടയില്‍ ജീവിതം ദുസ്സഹമായപ്പോള്‍ സുരക്ഷിതമായ സ്ഥലം തേടി പോകുകയാണ്‌ അന്നാട്ടുകാര്‍. കണ്‍സല്‍ട്ടന്‍സി ഓഫ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ ആന്‍ഡ്‌ ഡിസ്‌പ്ലേസ്‌മെന്റ്‌ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അമ്പതുലക്ഷം പേരാണ്‌ കൊളംബിയയിലെ ആഭ്യന്തരപോരാട്ടത്തിന്റെ ഭാഗമായി പലായനം ചെയ്‌തത്‌. ചിത്രംവരയാണ്‌ മാനുവലിന്റെ മറ്റൊരിഷ്ടം. ക്ലാസെടുക്കുമ്പോള്‍ ചിത്രം വരച്ചതിന്‌ അവനെ ഒരിക്കല്‍ ടീച്ചര്‍ പിടിച്ചിട്ടുണ്ട്‌. പക്ഷേ പിന്നീടൊരു ദിവസം അവര്‍ മാനുവലിന്‌ ഒരു പെട്ടി ചായപ്പെന്‍സിലുകള്‍ സമ്മാനിച്ചു. അവ ഉപയോഗിച്ച്‌ മാനുവല്‍ ഒരു പ്രകൃതിദൃശ്യം വരയ്‌ക്കുന്നു. അപ്പോള്‍ മലകള്‍ക്ക്‌ എന്തു നിറങ്ങളാണ്‌ കൊടുക്കുക?-കളേഴ്‌സ്‌ ഓഫ്‌ മൗണ്ടന്‍. മാനുവല്‍ അവയ്‌ക്ക്‌ പച്ച നിറം കൊടുത്തു. (പക്ഷേ ഇപ്പോള്‍ മലകളുടെ നിറം അതല്ല. അപകടമുന്നറിയിപ്പിന്റെ ചുവപ്പു നിറമുള്ള ഒരു കൊടിയുണ്ട്‌. പൊട്ടുമ്പോള്‍ ചോരതെറിക്കുന്ന കുഴിബോംബുകളും). പിന്നീട്‌ സ്‌കൂളിന്റെ ചുവരില്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടികളെല്ലാവരും കൂടി ഒരു ചിത്രം വരച്ചു. ഗറില്ലകളുടെ ചുവരെഴുത്തിനെ മായ്‌ച്ചുകൊണ്ട്‌ മനോഹരമായ പ്രകൃതി ദൃശ്യം. ആ ചിത്രം വരയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ സ്‌കൂളിലെ അസിസ്‌റ്റന്റ്‌ ലൂയിസ അവര്‍ക്ക്‌ മുന്നറിയിപ്പു നല്‍കുന്നുണ്ട്‌. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന്‌ കാര്‍മെനോട്‌ എന്തോ പറഞ്ഞു. അപ്പോള്‍ തന്നെ അവര്‍ ആരോടും ഒന്നും പറയാതെ ധൃതിയില്‍ എല്ലാമെടുത്ത്‌ സ്ഥലം വിട്ടു. ഇതിനിടെ ജൂലിയനെ ഒരു ദിവസം അവന്റെ അച്ഛന്‍ വന്നു വിളിച്ചുകൊണ്ടുപോയി. പിന്നീട്‌ അവനെ കണ്ടിട്ടില്ല. ജൂലിയന്‌ ഒരു ഷൂ ഉണ്ട്‌. കളിക്കുമ്പോള്‍ അവനതിടാറുണ്ട്‌. അന്ന്‌ കൂട്ടുകാരനെ തേടി മാനുവല്‍ എത്തിയപ്പോള്‍ അലങ്കോലമായ വീട്ടില്‍ ജൂലിയന്റെ ഒറ്റ ഉപേക്ഷിച്ച ഒറ്റ ഷൂമാത്രം കിടപ്പുണ്ടായിരുന്നു. മാനുവലിന്‌ അതേ പോലെ ഒരു ഷൂ കിട്ടിയിരുന്നെങ്കില്‍ എന്നൊരാഗ്രഹമുണ്ടായിരുന്നു. നിഷ്‌കളങ്കനായ അവന്‍ ആ ഒറ്റ ഷൂ എടുത്തുകൊണ്ടുപോകുന്നുണ്ട്‌. പിന്നീട്‌ ജൂലിയന്റെ അച്ഛന്റെ മൃതദേഹം ആരോ കുതിപ്പുറത്തു കയറ്റി വിട്ട രീതിയില്‍ നാട്ടിലെത്തി. പട്ടാളം ചെയ്‌തതായിരുന്നു അത്‌. ജൂലിയന്റെ ചേട്ടന്‍ ഗറില്ലാസംഘത്തിലായിരുന്നു. അതുകൊണ്ടാണ്‌ ആ കുടുംബത്തെ ഒന്നായി നശിപ്പിച്ചത്‌. ഏണസ്റ്റോവിനോടും ഗറില്ലകള്‍ സംഘത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. പക്ഷേ, വരാം എന്നു പറഞ്ഞ്‌ അയാള്‍ ഒഴിഞ്ഞുമാറുകയാണ്‌ പതിവ്‌. ഇപ്പോഴത്തെ സ്ഥലത്തുനിന്ന്‌ മാറാന്‍ അയാളുടെ ഭാര്യ മിറിയം എപ്പോഴും നിര്‍ബന്ധിക്കും. പക്ഷേ അയാള്‍ കൂട്ടാക്കാറില്ല. ഒടുവില്‍ അയാളെയും തേടി പട്ടാളമെത്തി. കുളിമുറിയില്‍ ഒളിച്ചിട്ടും പട്ടാളം അയാളെ കണ്ടെത്തി കൊന്നു. ഒടുവില്‍ മിറിയം മാനുവലുമായി മറ്റൊരിടത്തേക്ക്‌ രക്ഷപ്പെട്ടു. ഇതിനിടെ പൊക്കാ ലൂസിനെ ഉപയോഗിച്ച്‌ പന്തു വീണ്ടെടുക്കാനുള്ള ശ്രമവും ഉണ്ട്‌. പാവത്താനായ പൊക്കാലൂസിനെ മാനുവലും ജൂലിയനും കൂടി കയറില്‍ കെട്ടി പന്തുള്ള സ്ഥലത്തേക്ക്‌ ഇറക്കുന്നതും കയറുകെട്ടിയ മരം പൊട്ടി അവന്‍ വീണുപോകുന്നതും പൊക്കാലൂസിന്റെ കണ്ണട തെറിച്ചുപോകുന്നതുമായ രംഗങ്ങള്‍ രസകരമാണ്‌. കണ്ണട നഷ്ടപ്പെട്ടപ്പോള്‍ അവന്‍ മാനുവലിന്റെ പേരു പറഞ്ഞില്ല. പശു കുത്തിയതാണെന്നാണ്‌ പറഞ്ഞത്‌. പിന്നീട്‌ അമ്മാവന്റെ പഴയ കണ്ണടയിട്ടാണ്‌ പൊക്കാ ലൂസ്‌ സ്‌കൂളില്‍ പോകുന്നത്‌. ചിത്രത്തിനൊടുവില്‍ അമ്മയോടൊപ്പം മറ്റൊരിടത്തേക്ക്‌ പോകുന്നതിനുമുമ്പ്‌ രണ്ടും കല്‌പിച്ച്‌ മാനുവല്‍ ഫുട്‌ബോള്‍ വീണ്ടെടുക്കുന്നുണ്ട്‌. കുട്ടിയിലൂടെ ഫുട്‌ബോള്‍ വീണ്ടെടുക്കപ്പെടുന്നതിന്റെ പ്രതീക്ഷയോടെയാണ്‌ സംവിധായകന്‍ ചിത്രം അവസാനിപ്പിക്കുന്നത്‌. കുട്ടികളുടെ കഥയില്‍ തുടങ്ങി വളരെ തീവ്രമായ രാഷ്ട്രീയത്തിലേക്ക്‌ എത്തുന്ന രീതിയിലാണ്‌ ചിത്രത്തിന്റെ ഘടന. ഒറ്റയായി പോകുന്ന മാനുവല്‍ വീട്ടിലെ പശുക്കളെ കറക്കുന്ന രംഗം ഹൃദയത്തെ വല്ലാതെ സ്‌പര്‍ശിക്കും. അതുവരെ അവന്റെ അച്ഛന്‍ ചെയ്‌തിരുന്ന ജോലിയാണത്‌. കുട്ടികളുടെയും മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെയും സാന്നിധ്യം കൊണ്ട്‌ ഇറാനിയന്‍ സിനിമകളെ കളേഴ്‌സ്‌ ഓഫ്‌ മൗണ്ടന്‍ ഓര്‍മിപ്പിക്കും. ഇറാന്‍ സിനിമകള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ ആര്‍ബേലാസും പറയുന്നു.

Comments

Viju V V said…
നിറയെ കുഴിബോംബുകളുള്ള മൈതാനത്തെ ഫുട്‌ബോള്‍ കളി പോലെയാണ്‌ കൊളംബിയയിലെ സമകാലിക ഗ്രാമീണ ജീവിതം. അതാണ്‌ ആര്‍ബേലാസിന്റെ കളേഴ്‌സ്‌ ഓഫ്‌ മൗണ്ടന്‍ എന്ന ചിത്രവും പറയുന്നത്‌.
കൊള്ളാം...നല്ല വിവരണം.